മാപ്പിളകലകളും പുതിയ പ്രവണതകളും

മാപ്പിളമാരുടെ നൂറ്റാണ്ടുകള്‍ നീണ്ട ജീവിതവഴിയില്‍ തുടിച്ചുനില്‍ക്കുന്ന മാപ്പിളപ്പാട്ടുകളെ തങ്ങളുടെ ജീവിതം ഉന്നയിച്ച സന്ദേശത്തില്‍നിന്നും മാറിവേറിട്ടൊരു ധാരയായിട്ടല്ല പരിഗണിക്കാനാവുക. സാമുദായിക സമുദ്ധാരണത്തിനും ആത്മീയ കെട്ടുറപ്പിനും സാമൂഹിക സുരക്ഷിതത്വത്തിനും വേണ്ടുന്ന സംവിധാനങ്ങളെ എങ്ങനെയെല്ലാം ഒരുക്കാം എന്നതിന്റെ ആലോചനയായി മാത്രമേ മാപ്പിളമാരുടെ പാട്ടെഴുത്തിനെയും പാട്ടാലാപനത്തെയും കാണാനാവൂ. മതം പഠിക്കാനും പഠിപ്പിക്കാനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് സമുദായത്തെ സജ്ജരാക്കാനും പൂര്‍വ്വികരുടെ പ്രധാന സാഹിത്യവഴി പാട്ടായിരുന്നു. പതിറ്റാണ്ടുകള്‍പരം മാപ്പിളയുടെ കര്‍മവും ചിന്തയും ഉടക്കിനിന്ന അറബി-മലയാള ലിപി അതിന്റെ മാധ്യമവുമായി നിലകൊള്ളുകയും ചെയ്തു. കണ്ടുകിട്ടിയതില്‍വെച്ച് ആദ്യത്തെ മാപ്പിളരചനയായ മുഹിയിദ്ദീന്‍ മാല മുതല്‍ തുടങ്ങുന്നു അതിന്റെ സുകൃതങ്ങള്‍. കൊളോണിയല്‍ കാലത്തെ ഉമ്മത്തിന്റെ അസ്ഥിത്വപ്രതിസന്ധിയെ നേരിടാന്‍ ആത്മീയ ലാവണ്യത്തില്‍ ചാലിച്ചെഴുതിയ ഖാളി മുഹമ്മദിന്റെ മുഹിയിദ്ദീന്‍മാലക്കു ശേഷം നൂറ്റിമുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞുവന്ന അറബി മലയാള കൃതിയും കാവ്യം തന്നെയായിരുന്നു- കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ട്. ഖാളി മുഹമ്മദിനെ പോലെ വ്യത്യസ്ത ശൈഖന്മാരുടെ മുരീദന്മാരും തങ്ങളുടെ ശൈഖിനെ പ്രകീര്‍ത്തിച്ച് കാവ്യങ്ങളെഴുതി. രിഫാഈ മാല, ശാദുലി മാല, ശാഹുല്‍ ഹമീദ് മാല, സുഹ്‌റവര്‍ദി മാല, മമ്പുറം മാല, ജിഫ്രി മാല, മഖ്ദൂം മാല എന്നിവയൊക്കെ ആത്മീയതയുടെ അപാരമായ ഉള്‍ക്കരുത്തുകൊണ്ട് പിറവിയെടുത്തവയായിരുന്നു. അതുപോലെ ഒട്ടേറെ മദ്ഹ് ഗാനങ്ങളും ഖിസ്സ പാട്ടുകളും മാപ്പിള സമുദായത്തില്‍നിന്ന് രൂപംകൊണ്ടു. ദീനിനെ നന്നായി അറിയുകയും ജീവിതാനുഭവമാക്കുകയും ചെയ്തിരുന്ന ദാര്‍ശനികരായ സ്വാതികരായിരുന്നു മാപ്പിള മലയാളത്തിന്റെ പുതിയ പരിസരങ്ങള്‍ സൃഷ്ടിച്ചിരുന്നത്. പാട്ടെഴുത്തിലെ മുസ്‌ലിയാര്‍ സാന്നിധ്യം തന്നെ അക്കാലത്തെ പാട്ടിന്റെ മതകീയത ഓര്‍മപ്പെടുത്തുന്നു. അടച്ചിട്ട മുറിയില്‍ സംഗീതസംവിധായകന്റെ ഇംഗിതത്തിനനുസരിച്ച് ആധുനികന്‍ മാപ്പിളപ്പാട്ടെഴുതുമ്പോള്‍, പള്ളിച്ചെരുവിലിരുന്നും ദര്‍സ് ചൊല്ലിക്കൊടുക്കുന്നതിന്റെ ഒഴിവുവേളകളിലുമാണ് പൂര്‍വ്വികര്‍ പേനയെടുത്തത്. ജനതയുടെ നിരന്തരമായ സമ്പര്‍ക്കമുള്ള പള്ളിപ്പരിസരങ്ങളില്‍ ആശയകൃത്യതയുടെ വിസ്മയം പകര്‍ത്തിവെച്ച് നവോത്ഥാന - സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തുരുത്തുകൂടി അവര്‍ കാണിച്ചുതന്നു. മമ്പുറം തങ്ങള്‍(റ) ഔക്കോയ മുസ്‌ലിയാരോട് കവിത പള്ളി മിഹ്‌റാബില്‍ കുറിച്ചുവെക്കാന്‍ പറഞ്ഞതും നല്ലളം ബീരാന്‍ കവിത ഹൗളിന്റെയടുത്ത് എഴുതിവെച്ചതും ഏതുകാലത്തെ ജനതയുടെ ബോധത്തിലും തങ്ങളുടെ സന്ദേശവാക്യം ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കടമേരി പ്രദേശത്ത് ഒരു പള്ളിയുണ്ട്. അതിന്റെ ഇരുപുറം ചുമരും നിറയെ കവിത എഴുതിവെച്ചതു കാണാം. മസ്ജിദുല്‍ അബിയാത് (പാട്ടുകളുടെ പള്ളി) എന്നാണ് അതിന്റെ പേരുതന്നെ. പ്രാര്‍ത്ഥനകളും ദര്‍ശനങ്ങളും ചരിത്രകൗതുകങ്ങളും നിറഞ്ഞതായിരുന്നു അവരുടെ വരികള്‍. ദാര്‍ശിക ജീര്‍ണതകള്‍ക്ക് എതിരായും ചുറ്റുപാടിന്റെ അരുതായ്മകള്‍ക്ക് എതിരായും അക്ഷരങ്ങളുടെ വിപ്ലവ ഭൂമിക തീര്‍ത്തു അവര്‍. കാവ്യാരംഭത്തിലും അവസാനത്തിലും ദുആകള്‍ എഴുതിവെച്ച് തങ്ങളുടെ ജീവിതനിര്‍വ്വഹണം ഏതു നിമിഷവും ദൈവിക അര്‍പ്പണത്തിലായിരിക്കണമെന്ന വിശുദ്ധമനസ്സ് കാത്തുവെച്ചു. സാഹിത്യപരമായി അതൊരു അധികപ്പറ്റാണെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെപ്പോലോത്തവര്‍ പറയുമെങ്കിലും മതപരമായ ഒരു അനുഷ്ഠാനമായി അതിനെ പുലര്‍ത്തിയ അവര്‍ക്ക് അത് അനിവാര്യതയായിരുന്നു. പാട്ടെഴുതാന്‍ വിഷയം നന്നായി പഠിക്കുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്ത് മഹിതമായ ഒരു ലക്ഷ്യത്തെ അര്‍ത്ഥപൂര്‍ണമാക്കി മാപ്പിളപ്പാട്ടിന്റെ കുലപതി മോയിന്‍കുട്ടി വൈദ്യര്‍ ഉഹ്ദ് പടപ്പാട്ട് രചിച്ചത് മൂന്നുമാസത്തോളം കോഴിക്കോട് മുച്ചുന്തിപ്പള്ളിയില്‍ താമസിച്ച് കിത്സിങ്ങാന്റെ കത്ത് അബൂബക്കര്‍ കുഞ്ഞിഖാളിയില്‍ നിന്നും ഉഹ്ദ് യുദ്ധത്തിന്റെ ചരിത്രം പഠിച്ചിട്ടായിരുന്നു. മലപ്പുറം പടപ്പാട്ടെഴുതാനും വൈദ്യര്‍ മാസങ്ങളോളം അന്വേഷണവും ഗവേഷണവും നടത്തി. സംഗീതത്തിന്റെ മുഖരിതകൊണ്ടല്ല പാട്ടുകളും മാലകളും മുസ്‌ലിം ഹൃദയങ്ങളില്‍ കടന്നുകയറിയത്. ശബ്ദവും അര്‍ത്ഥവും നന്നായി ഉള്‍ച്ചേര്‍ന്നാല്‍ പാട്ട് തന്നെ സംഗീതസാന്ദ്രമാകുന്നതിന്റെ ഉത്തമ സാക്ഷ്യങ്ങളാണ് മാപ്പിളയുടെ പാട്ടുകള്‍. വ്യാകരണ നിയമങ്ങള്‍ മറികടന്ന് അക്ഷരങ്ങള്‍കൊണ്ട് സംഗീതവിസ്മയം തീര്‍ത്ത മോയിന്‍കുട്ടി വൈദ്യര്‍, ബദ്ര്‍ പടയില്‍ യുദ്ധ രംഗത്തെ ഒരുക്കങ്ങള്‍ ഇങ്ങനെ ചിത്രീകരിക്കുന്നു. ഇടയില്‍ കൈമണി കിണിലുകിണില്‍കിണിലു തൊടര കിണ്ണാരം കിണിലുകിണില്‍കിണിലു തൊടര കിണ്ണാരം ചെലക്കചെല ചെല ദുടികള്‍ ബെമ്പലു ബെമ്പല്‍ ബെമ്പലു ദഫ്ദന്‍ ദലി ദില്‍ ദല്‍ ദില്‍ ദിലു ആരുടെയും മനസിന്റെ അകങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഇങ്ങനെയുള്ളവരികള്‍ ചരിത്രകൗതുകത്തിന്റെയും ദര്‍ശനത്തിന്റെയും മേന്മയോടൊപ്പം ആസ്വാദനത്തിന്റെ പാരമ്യതയും കൈവരുമെന്ന് പറഞ്ഞുതരുന്നു. അര്‍ത്ഥങ്ങളിലൂടെയും പാഠങ്ങളിലൂടെയും സഞ്ചരിച്ച അന്നത്തെ മാപ്പിള സമൂഹത്തിന് ജീവിതത്തിന്റെ അനുഷ്ഠാന താളമായി തന്നെയാണ് മാലകളും പാട്ടുകളും അനുഭവപ്പെട്ടത്. സുഖപ്രസവത്തിന് നഫീസത്ത് മാലയും സര്‍പ്പദോശത്തില്‍നിന്നുള്ള രക്ഷയ്ക്ക് രിഫാഈ മാലയും ഓതുക പതിവായിരുന്നു. രോഗശമനത്തിനും ബാധകള്‍ ഒഴിയുന്നതിനും കോട്ടപ്പള്ളിമാല (കുഞ്ഞിമരക്കാര്‍ ശഹീദ്, അഥവാ കോട്ടപ്പള്ളി നേര്‍ച്ചപ്പാട്ട്) ഓതിയിരുന്ന ആളുകള്‍ അന്നുണ്ടായിരുന്നു. ചികിത്സക്കുവേണ്ടി മാത്രമല്ല, അറിവിന്റെയും സന്ദേശങ്ങളുടെയും അമൂല്യകലവറയായും മാപ്പിളസാഹിത്യത്തെ ജനത കണ്ടു. മാനക്കാന്റെകത്ത് കുഞ്ഞിക്കോയ തങ്ങള്‍ രചിച്ച നസ്വീഹത്ത് മാല അക്കാലത്തെ മുസ്‌ലിംകള്‍ മതപഠനത്തിന് ഉപയോഗിച്ചിരുന്നു. തലശ്ശേരിയിലെ മൊയ്തുബ്‌നു അബ്ദുറഹിമാന്റെ കര്‍മശാസ്ത്രത്തിലെ ആയിരം മസ്അലകള്‍ക്കുള്ള മറുപടി അടങ്ങിയ ആയിരം മസ്അലപ്പാട്ട് മുസ്‌ലിംകള്‍ ആദരപൂര്‍വ്വം സമീപിച്ച ഒരു ഗ്രന്ഥമാണ്. പൊന്നാനിയിലെ കോടിയത്ത് കുഞ്ഞിസീതിക്കോയ തങ്ങള്‍ എഴുതിയ നിസ്‌കാരത്തിന്റെ ശര്‍ഥും ഫര്‍ളും വിവരിക്കുന്ന നിസ്‌കാരപ്പാട്ട് ഏറെ പാരായണം ചെയ്യപ്പെട്ടു. വരികള്‍ക്കിടയില്‍ സംശയങ്ങള്‍ ഉന്നയിക്കുകയും യുക്തികൊണ്ട് വ്യാഖ്യാനം തേടുകയും ചെയ്ത് പാട്ടുകളെയും മാലകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയുമായിരുന്നില്ല മാപ്പിള ജീവിതങ്ങള്‍. 'കശമേറും രാവില്‍ നടന്നുപോകുമ്പോള്‍ ചൂട്ടാക്കിയോവര്‍' എന്ന് ഖാളി മുഹമ്മദ് പാടിയപ്പോള്‍ മനുഷ്യക്കൈ എങ്ങനെ ചൂട്ടാക്കാന്‍ കഴിയും എന്ന് ചോദിക്കാന്‍മാത്രം ആധുനിക - ആധുനികോത്തര ബോധം അവരെ കീഴടക്കിയിട്ടില്ലായിരുന്നു. നൂറ്റാണ്ടുകളോളം ഒരു ജനതയെയും ഒരു സംസ്‌കാരത്തെയും മികവിന്റെ ആകാശത്തേക്ക് ഉയര്‍ത്തുകയും തലമുറകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊടുക്കുകയും ചെയ്ത മാപ്പിളപ്പാട്ടുകള്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ അനുഷ്ഠാന വിധാനത്തിലൂടെ കണ്ട പാട്ടെഴുത്തുകാരില്‍നിന്നും പാഠവും താക്കീതും ജീവിതത്തോടു ചേര്‍ത്തുവെച്ച ആസ്വാദകരില്‍നിന്നും ഏറെ അകന്നുപോയിരിക്കുന്നുവെന്നത് നമ്മുടെ മുന്നിലെ ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. 18,19 നൂറ്റാണ്ടുകളില്‍ അറബ് - മുസ്‌ലിം ലോകത്ത് വ്യാപകമായ യുക്ത്യാധിഷ്ഠിത ബോധം 19-ാം നൂറ്റാണ്ടിലെ അവസാനങ്ങളിലായി കേരള മുസ്‌ലിംകള്‍ക്കിടയിലും കടന്നുവന്ന പശ്ചാത്തലം ഈ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. വരികള്‍ അര്‍ത്ഥം വെച്ച് അത് ഖുര്‍ആനിലുണ്ടോ ഹദീസിലുണ്ടോ എന്നിങ്ങനെ ചോദിച്ച് മാപ്പിള സാഹിത്യത്തിലെ പ്രഥമ കൃതിയെ ചോദ്യം ചെയ്തു തുടങ്ങുന്നു അതിന്റെ പ്രയാണം. തുടര്‍ന്നുവന്ന പാട്ടെഴുത്തുകാരില്‍ പഴയ തലമുറയുടെ ആത്മീയാനുഷ്ഠാന ബോധം ഉണ്ടായില്ല. കലാകാരന്മാരും സാഹിത്യകാരന്മാരും ജീവിത്തില്‍ ഒന്നും സൂക്ഷിക്കേണ്ടവരല്ലെന്ന വര്‍ത്തമാനബോധത്തോടൊപ്പം തന്നെ മാപ്പിള കലാസാഹിത്യസമൂഹവും സഞ്ചരിച്ചു. ഉബൈദിന്റെയും പി.ടി. അബ്ദുറഹിമാന്റെയും ഒക്കെ കൈകളിലൂടെ കടന്നുപോകുമ്പോള്‍ ആത്മീയാംശം മാറ്റിവെച്ച് സാഹിത്യം മാത്രമായിരുന്നു ചര്‍ച്ചാവിഷയം. അതിന്റെ രൂപീകരണലക്ഷ്യത്തില്‍ നിന്ന് ഒന്നു നഷ്ടപ്പെട്ടു എന്ന് ചുരുക്കം. മുഹിയിദ്ദീന്‍മാല ഒരു സാഹിത്യ സൃഷ്ടിയായി അംഗീകരിച്ച സി.എന്‍. അഹ്മദ് മൗലവിയുടെ മര്യാദപോലും പില്‍ക്കാല വിമര്‍ശകര്‍ കാണിച്ചില്ല. ആദ്ധ്യാത്മികത ഉള്‍കൊണ്ടവര്‍ ചരിത്രവും പൈതൃകവും ഉള്‍ചേര്‍ന്ന അവയുടെ വിപുലീകൃത ദര്‍ശനവും കാണാതെപോയി. പാട്ടിന്റെ സന്ദേശത്തേക്കാള്‍ മുന്തി നില്‍ക്കുന്ന ദൃശ്യാവിഷ്‌കാരം ഈ രംഗത്തെ ഇന്ന് കൂടുതല്‍ പാപ്പരാക്കിയിരിക്കുന്നു. മാപ്പിളപ്പാട്ടിന്റെ താവഴിയും തനിമയും നശിപ്പിക്കാനുള്ള ശ്രമങ്ങളാണിവിടെ ദ്രുതഗതിയില്‍ നടക്കുന്നത്. സമൂഹത്തിന് ബലം നല്‍കുന്ന ഒരു വരിപോലും ഇന്ന് എവിടെ നിന്നും കേള്‍ക്കാനാകുന്നില്ല. അറബി എഴുതാനും വായിക്കാനും അറിയാത്തവര്‍ വരെ മാപ്പിളപ്പാട്ടെഴുതുകയും പാടുകയും ചെയ്യുന്നു. അതുകൊണ്ട് അറബി ഉച്ചാരണവും ധ്വനിയും പിഴച്ച് വലിയ അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്നു. ഒരു പ്രമുഖ മാപ്പിളഗാന രചയിതാവ് ഒരിക്കല്‍ പറഞ്ഞു: ''പാഠപുസ്തകത്തിലോ മറ്റോ മുഹമ്മദ് നബിയെ ഇസ്‌ലാംമത സ്ഥാപകനായി ചിത്രീകരിച്ചാല്‍ അതിനെതിരെ കലാപക്കൊടി ഉയര്‍ത്താന്‍ നമ്മുടെ സംഘടനകളും നേതാക്കളും ഉണ്ടാകും. മാപ്പിളപ്പാട്ട് രംഗത്ത് ഇതിലും വലിയ ആരോപണങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായെങ്കിലും നമുക്കാര്‍ക്കും മിണ്ടാട്ടമില്ല.'' പ്രകടിത ആവിഷ്‌കാരങ്ങളുടെ പരിഗണന മാപ്പിള കലകളുടെ പ്രകടിത രൂപങ്ങളായി പൊതുസ്വീകാര്യത നേടിയ കലകളാണ് ഒപ്പന, ദഫ്, അറബന, കോല്‍ക്കളി എന്നിവ. ഇവയില്‍ ദഫും അറബനയും ഭക്തിപ്രസ്ഥാനവുമായും അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. അറബന കേരളീയ പശ്ചാത്തലത്തില്‍ നിന്നും വികാസം പ്രാപിച്ച കലാരൂപമാണ്. ചില ഉറൂസുകളില്‍ അറബനമുട്ട് ഒരു ആചാരമാണ്. കുത്ത് റാതീബ് ചടങ്ങുകള്‍ അറബന മുട്ടിയാണ് നടക്കുന്നത്. പണ്ടുകാലങ്ങളില്‍ വസൂരി പോലോത്ത മാറാവ്യാധികളുണ്ടായാല്‍ രിഫാഈ മാലയോതി അറബന മുട്ടി ആശ്വാസം കണ്ടെത്തുമായിരുന്നു. ദഫ്മുട്ടിന് കേരളത്തിനപ്പുറത്തേക്ക് നീളുന്ന വേരുകളുണ്ട്. പ്രവാചകരുടെ കാലത്ത് അറേബ്യയിലുണ്ടായിരുന്ന ഈ കലാരൂപം, ലക്ഷദ്വീപ് വഴിയാണ് കേരളത്തിലെത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. ഇന്നുകാണുന്ന ദഫും അറബനയും അതിന്റെ തനിമയും പാരമ്പര്യവും എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാസറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് പോലെ നൃത്തം ചവിട്ടുന്ന രീതി ചില ദഫ്മുട്ട് വേദികളില്‍ കാണുന്നുണ്ട്. മദ്‌റസകളിലെ നബിദിനാഘോഷങ്ങളില്‍ ദഫ് അവതരിപ്പിക്കുമ്പോള്‍ മാപ്പിളയുടെ പാരമ്പര്യവേഷം അടയാളപ്പെടുത്തുന്ന കാര്യത്തില്‍ തീരെ ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍, സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ വേഷത്തിലെ പൈതൃകം സംരക്ഷിച്ചുകാണുന്നുണ്ട്. (92 മുതലാണ് അറബനയും ദഫും സ്‌കൂള്‍ യുവജനോത്സവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.) വര്‍ത്തമാന പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയ ഒപ്പനയെ അന്വേഷിക്കുമ്പോള്‍ മാപ്പിള കലകള്‍ക്കുവന്ന രൂപാന്തരങ്ങളെ കുറിച്ച് നാം ആശ്ചര്യപ്പെട്ടുപോകും. യഥാര്‍ത്ഥത്തില്‍ മാപ്പിളപ്പാട്ടിലെ ഒരു ഇശലിന്റെ പേരാണ് ഒപ്പന. രണ്ടുപേര്‍ മുന്‍പാട്ടുപാടുകയും സംഘത്തിലെ മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന വിധത്തിലാണ് ഒപ്പനവെക്കുന്നത്. അഥവാ പാടുന്നത്. ഒപ്പന പാടുമ്പോള്‍ കൈ മുട്ടുകയും മുട്ടാതിരിക്കുകയും ചെയ്യാമെന്നത് അഭിപ്രായവ്യത്യാസമുള്ള കാര്യമായിരുന്നു. കൈമുട്ടുന്നത് അനുവദനീയമല്ലെന്നായിരുന്നു വാദം. ഒപ്പന എന്ന പേരുവന്നത് 1945-നു ശേഷമാണെന്ന് വി.എം. കുട്ടി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനു മുമ്പ്, കല്യാണപ്പാട്ടുകള്‍, വട്ടപ്പാട്ടുകള്‍, മൊഗത്തളാന്‍ പാട്ടുകള്‍ എന്നിങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത്. മാപ്പിളമാര്‍ തങ്ങളുടെ ആഘോഷവേളകളെ ആഹ്ലാദകരമാക്കാന്‍ മറ്റെവിടെയും പോയി നോക്കാതെ സ്വന്തം ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജമെടുത്ത് രൂപങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു. വിവാഹത്തിനും മാര്‍ക്കകല്യാണത്തിനും നാല്പതു കുളിക്കും മുടികളച്ചിലിനുമെല്ലാം ഒപ്പനപ്പാട്ട് മാപ്പിളഗൃഹങ്ങളില്‍ അരങ്ങേറി. കല്യാണത്തിന് പുരുഷ പന്തലിലിരുന്ന് പുരുഷന്മാരും മണവാട്ടിയുടെ അടുത്തിരുന്ന് പെണ്ണുങ്ങളും പാടുകയായിരുന്നു പതിവ്. തൃക്കല്യാണപ്പാട്ടുകളാണ് ആലപിക്കുക. നബിയുടെ ജനനം മുതല്‍ മരണംവരെയുള്ള സംഭവങ്ങള്‍ അതില്‍ കടന്നുവരുന്നു. ഏതായാലും നൃത്തചുവടുകള്‍ ഇല്ല, ബൈതുകളായിരുന്നു ഒപ്പനയുടെ കാതല്‍ എന്നു ചുരുക്കം. ചലച്ചിത്രങ്ങളിലും മത്സരവേദികളിലും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ രൂപമാറ്റം സംഭവിച്ച ഒപ്പന നൃത്തമാണ് ഇന്നു നമുക്ക് മുന്നിലുള്ളത്. വേദി, സദസ് എന്നിങ്ങനെ വികേന്ദ്രീകരിക്കപ്പെടാതെ ഒരൊറ്റ മനസ്സായി ബൈതുകളില്‍ ലയിച്ചിരുന്ന ഒപ്പനപ്പാട്ടിന്റെ നാളുകളില്‍ നിന്ന്, പ്രയോക്താവും പ്രേക്ഷകനും രണ്ടു തലങ്ങളിലാകുന്ന ഒപ്പനനൃത്തത്തിന്റെ കാലത്തെത്തിയതോടെ സാമൂഹികാനുഷ്ഠാനത്തിന്റെ ആത്മാവാണ് ചോര്‍ന്നുപോയത്. ഫാഷന്‍ വസ്ത്രങ്ങളും കൃത്രിമ ആഭരണങ്ങളും ധരിച്ച പെണ്‍കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ പാട്ടാലപിക്കുന്നില്ല ഇന്ന്, കൈ കൊട്ടുകയും നടനം നടത്തുകയും മാത്രമാണ് ചെയ്യുന്നത്. മത്സരങ്ങളില്‍ ടീമില്‍ എണ്ണാത്ത കുട്ടികള്‍ പിന്നണിയിലിരുന്ന് പാടുന്നു. യഥാര്‍ത്ഥത്തില്‍ നടനത്തിനാണ് അവിടെ പോയിന്റ് നല്‍കുന്നത്. മുതിര്‍ന്ന പെണ്‍കുട്ടികളുടെ പ്രവേശവും നടനവും കൂടിയാവുമ്പോള്‍ പാരമ്പര്യസമൂഹത്തിന്റെ അടയാളം ബാക്കിയുള്ള ഒരു കലാരൂപമായി ഇതിനെ ഇനി എഴുതിവെക്കാനാകുമോ എന്നാണ് സംശയം. കോല്‍ക്കളി മാപ്പിളമാര്‍ക്കിടയില്‍ ഏറെ പ്രചാരം കിട്ടിയ ഒരു ആയോധനകലയാണ്. ശരീരമെയ്‌വഴക്കത്തിന്റെയും ശക്തിയുടെയും അഭ്യാസങ്ങള്‍ ഏറെ വശമുള്ള ഒരു വിഭാഗമായിരുന്നു മാപ്പിളമാര്‍. സാമൂതിരിയുടെ സൈനികരായും അധിനിവേശവിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളികളായും മാപ്പിളയെ നമുക്ക് കാണാനാകുന്നു. അതിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ് കോല്‍ക്കളി വികാസം പ്രാപിച്ചതെന്ന് പറയാനുള്ള തെളിവുകളൊന്നുമില്ലെങ്കിലും അഭ്യാസം ജീവിതത്തോടു ചേര്‍ന്നുപോയ മാപ്പിളമാര്‍ക്കിടയില്‍ കോല്‍ക്കളി പോലുള്ള ഒരു ആയോധനകല സ്വീകാര്യമാകാന്‍ തടസ്സങ്ങളൊന്നുമുണ്ടായില്ലെന്നു പറയാം. മധ്യകേരളത്തിലെ അവര്‍ണ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരം കിട്ടിയിരുന്ന കലയായിരുന്നു കോല്‍ക്കളി. പക്ഷേ, മാപ്പിള കോല്‍ക്കളി അവരില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു. പാരമ്പര്യത്തനിമ ഈ മേഖല ഏറെക്കുറെ കൈവെടിയാതെ സൂക്ഷിക്കുന്നുണ്ട്. കൈയിലേന്തുന്ന കോലില്‍ ശബ്ദമുണ്ടാക്കുന്ന ചിലമ്പ ഉണ്ടാകരുതെന്ന കര്‍മശാസ്ത്ര നിര്‍ദേശമുണ്ട്. പ്രസിദ്ധ സൂഫിവര്യന്‍ ബീരാന്‍ ഔലിയ തന്റെ സാന്നിധ്യത്തില്‍ കോല്‍ക്കളി അവതരിപ്പിക്കാന്‍ പറഞ്ഞിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഹൈന്ദവ ഉത്സവങ്ങളിലെ പഞ്ച വാദ്യങ്ങള്‍ക്കു ബദലായി ചില ഉറൂസുകളില്‍ ചീനിമുട്ട് അഥവാ മുട്ടും വിളിയും (മാപ്പിള ഷഹനായ്) മാപ്പിള കലകളുടെ അനുബന്ധമായി ചേര്‍ത്തുപറയാറുണ്ട്. ചെണ്ട (ഒറ്റ), ചെറിയ ചെണ്ട (മുരശ്), ചീനി (കുഴല്‍) തുടങ്ങിയവയാണ് അതിലെ ഉപകരണങ്ങള്‍. കൊണ്ടോട്ടി നേര്‍ച്ചയില്‍ മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ ആലപിച്ചാണ് ചീനിമുട്ട് നടക്കാറ്. ഇസ്‌ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ നിഷിദ്ധമാക്കിയ മിസ്മാറ് (കുഴല്‍വിളി) ഇതില്‍ ഉള്ളതുകാരണം പാരമ്പര്യ മാപ്പിള കലാരൂപത്തിന്റെ പരിധിയില്‍ എങ്ങനെ ഉള്‍പ്പെടുമെന്ന സന്ദേഹമുണ്ട്. പുനരുജ്ജീവനത്തിന്റെ വഴി ജീവിതത്തില്‍ സൂക്ഷ്മതയും സാത്വികതയും പുലര്‍ത്തി അതിന്റെ പിന്‍ബലത്തില്‍ സമുദായ സമുദ്ധാരണം നടത്തിയ പൂര്‍വ്വികരുടെ നിഷ്‌കളങ്കതയില്‍ തലോടി വളര്‍ന്ന കലാ-സാഹിത്യ രൂപങ്ങളെന്ന കടപ്പാട് മാപ്പിള കലകളോട് നാം സ്വീകരിക്കുന്നു. ജീവിതത്തിന്റെ പല സമുദ്ധാരണവഴികളിലൊന്നില്‍ മാപ്പിള കലകളും നമ്മുടെ പരിഗണനയില്‍ വരണം. കലാകാരന്റെ മതവും മതപണ്ഡിതന്റെ കലയും ദുര്‍ബലമായതിന്റെ സാമൂഹിക പശ്ചാത്തലം പരിസരങ്ങളിലെ ഉള്‍വിളികളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനു പകരം ഓരോരോ വിഭാഗങ്ങളും അവനവരുടെ ലോകത്തു ചുരുങ്ങി എന്നതാണ്. അര്‍ഹരുടെ അഭാവം കാരണം ഓരോന്നും മറ്റൊരു രീതിയിലേക്ക് രൂപാന്തരപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങി എന്ന ദുരന്തമുണ്ടായി. സംസ്‌കൃതിയോടു ചേര്‍ന്നുനിന്ന ഭാഷയും അതിന്റെ താളം പ്രദര്‍ശിതമായ പ്രകടനങ്ങളും വികസിച്ച് വികസിച്ച് നാട്യങ്ങളിലേക്കും ദൃശ്യാവിഷ്‌കാരങ്ങളിലേക്കും മാറിയതോടെ, ഈ രംഗത്തെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മാപ്പിള സംസ്‌കാരത്തെ തിരിച്ചറിയാനും അനുഭവിക്കാനും കഴിയാത്തവരില്‍ നിന്നും ഇതു തിരിച്ചുപിടിക്കുന്നതില്‍ തുടങ്ങേണ്ടിയിരിക്കുന്നു നമ്മുടെ മാപ്പിള കലാസാഹിത്യ പ്രവര്‍ത്തന പോരാട്ടം. സമുദായത്തിന് ആത്മീയതയും വിദ്യാഭ്യാസവും സംസ്‌കാരവും പഠിപ്പിച്ചും പറഞ്ഞും കൊടുക്കുന്ന പാരമ്പര്യ പ്രസ്ഥാനങ്ങള്‍ അതിനു ഈ വഴിയില്‍ ആലോചനകള്‍ എടുത്തേ മതിയാകൂ.

ശഫീഖ് വഴിപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter