അല്‍ ഫാറാബി (എ.ഡി 870-950)
    മുസ്‌ലിം തത്ത്വജ്ഞാനി മുഹമ്മദ് ബിന്‍ തര്‍ഖാന്‍ ബിന്‍ ഉസലാഗ് അല്‍ ഫാറാബി എ.ഡി 870 ല്‍ തുര്‍ക്കിസ്ഥാനിലെ ഫാറാബിനടുത്ത വാസിജ് ഗ്രാമത്തില്‍ ടര്‍ക്കിഷ് ദമ്പദികളുടെ മകനായി പിറന്നു. ഉസ്ബക്കിസ്ഥാനിലാണ് ഈ പ്രദേശം ഇന്ന് നിലകകൊള്ളുന്നത്. അബൂ നസ്‌റുല്‍ ഫാറാബി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. പേര്‍ഷ്യന്‍ പാരമ്പര്യമുള്ളവരായിരുന്നു തന്റെ കുടുംബം. മാതാപിതാക്കള്‍ തുര്‍ക്കിസ്ഥാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഒരു സൈനിക വേധാവിയായിരുന്നു ഫാറാബിയുടെ പിതാവ്. ഫാറാബ്, ഖുറാസാന്‍ എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക പഠനം നടത്തി. ഉന്നത വിദ്യാഭ്യാസത്തിനായി ബാഗ്ദാദിലേക്കു തിരിച്ചു. അവിടെനിന്ന് സുരിയാനീ ക്രിസ്ത്യന്‍ അദ്ധ്യാപകരുടെ സഹായത്തോടെ യവന തത്ത്വചിന്ത സ്വായത്തമാക്കി. എ.ഡി 901-942 കാലയളവില്‍ പഠനവും പ്രവര്‍ത്തനങ്ങളുമായി അവിടെത്തന്നെ നിലകൊണ്ടു. ഈ കാലയളവിലാണ് ഫാറാബി അനവധി ഭാഷകളിലും വിവിധ ജ്ഞാനശാഖകളിലും പരിജ്ഞാനം നേടുന്നത്. യവന സ്വാധീനത്തിന്റെ ഫലമായി, മുസ്‌ലിം ലോകത്തേക്ക് ആദ്യമായി പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്തകള്‍  കൊണ്ടുവന്ന മുസ്‌ലിംതത്ത്വജ്ഞാനികളിലൊരാളായിരുന്നു ഫാറാബി. ഇത് മുസ്‌ലിം തത്ത്വജ്ഞാനികളായ ഇബ്‌നു സീന (അവിസെന്ന), ഇബ്‌നു റുശ്ദ് (അവിറോസ്) പോലെയുള്ളവരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. യുക്തിചിന്തയുടെ വെളിച്ചത്തില്‍ ഒരു പരമ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ഫാറാബി വിശ്വസിച്ചിരുന്നു. ഈ യുക്തിചിന്ത മനുഷ്യരിലും കുടികൊള്ളുന്നതായി അദ്ദേഹം മനസ്സിലാക്കി. മാത്രമല്ല, ഇത് അവരിലാണ് കൂടുതല്‍ അനശ്വരമായി നിലകൊള്ളുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രഥമ ലക്ഷ്യം, ഈ ധൈഷണിക തലം വികസിപ്പിക്കുകയെന്നതാണെന്ന് അദ്ദേഹം പറയുന്നു. വിദ്യ തേടിക്കൊണ്ട് ഫാറാബി വിദൂര ദേശങ്ങളിലൂടെ യാത്രകള്‍ നടത്തിയിരുന്നു. അതിനിടെ ഈജിപ്തിലും ഡമസ്‌കസിലും കാലങ്ങള്‍ താമസിച്ചതിനുശേഷമാണ് ബാഗ്ദാദിലേക്കു തിരിച്ചിരുന്നത്. ഒടുവില്‍ അദ്ദേഹം അലപ്പോ ഭരണാധികാരി സൈഫുദ്ദൗല (എ.ഡി 916-67) യുടെ കൊട്ടാരത്തിലെത്തി അവിടെ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറുകയും അദ്ദേഹത്തിനവിടെ പ്രിസിദ്ധി വന്നുചേരുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഒരു നിയമാധിപന്‍ (ഖാസി) എന്ന നിലയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ശേഷം, അദ്ധ്യാപന രംഗത്തേക്കു തിരിഞ്ഞു. ഒടുവില്‍ ജീവിത പ്രതിസന്ധികള്‍ വന്നുചേര്‍ന്നതോടെ അദ്ദേഹം അവിടത്തെ തോട്ട പാറാവുകാരന്‍ വരെ  ആയി. ലോകത്ത് ഒന്നടങ്കമുള്ള തത്ത്വജ്ഞാന വസ്തുതകള്‍ എല്ലാം ഒന്നുതന്നെയാണെന്ന് സ്ഥാപിച്ച പ്രഥമ മുസ്‌ലിം ഫിലോസഫറായിരുന്നു ഫാറാബി. മതകീയ അടിത്തറയില്‍തന്നെയാണ് അവയെ അദ്ദേഹം ക്രമീകരിച്ചിരുന്നത്. ലോകത്തുള്ള സര്‍വ്വ മതങ്ങളും മാതൃകായോഗ്യമായ ഒരു പ്രാപഞ്ചിക മതത്തിന്റെ കേവലം പ്രതീകാത്മക പ്രകടനങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സാഹിതീയ സംഭാവനകള്‍ വിപുലമായ അനവധി രചനകള്‍ നടത്തിയ ഒരു എഴുത്തുകാരനായിരുന്നു ഫാറാബി. 117-ാളം രചനകള്‍ അദ്ദേഹത്തിന്റെതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ, കാലത്തിന്റെയും ചരിത്രത്തിന്റെയും തിരിമറികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ അനവധി രചനകള്‍ നഷ്ടപ്പെടുകയായിരുന്നു. തര്‍ക്കശാസ്ത്രത്തിലാണ് 43 രചനകള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്. പതിനൊന്നെണ്ണം ആദ്ധ്യത്മിക ജ്ഞാനത്തിലും സദാചാരം, രാഷ്ട്രമീമാംസ എന്നിവയില്‍ ഏഴുവീതവും അദ്ദേഹം രചന നടത്തി. സംഗീതം, വൈദ്യം, സമൂഹശാസ്ത്രം എന്നിവയിലായി 17 പുസ്തകങ്ങളും മറ്റു വ്യാഖ്യാനങ്ങളായി പതിനൊന്ന് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. അരിസ്റ്റോട്ടില്‍ കൃതികള്‍ക്ക് അദ്ദേഹം എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ അദ്ദേഹം 'രണ്ടാം അദ്ധ്യാപകന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ വഴിയൊരുക്കി. അരിസ്റ്റോട്ടിലായിരുന്നു 'ഒന്നാം അദ്ധ്യാപകന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. നൂറ്റാണ്ടുകളോളം മുസ്‌ലിം കലാലയങ്ങളില്‍ ടെക്‌സറ്റു ബുക്കായി പഠിപ്പിക്കപ്പെട്ടിരുന്ന ഫുസൂസുല്‍ ഹികം അദ്ദേഹത്തിന്റെ വിഖ്യാത രചനയാണ്. മുസ്‌ലിം ലോകത്ത് ചില കേന്ദ്രങ്ങളില്‍ ഇന്നുപോലും ഇത് പഠിപ്പിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ആറാഉ അഹ്‌ലില്‍ മദീന അല്‍ ഫാദില രാഷ്ട്രീയ മീമാംസയിലും സാമൂഹ്യ ശാസ്ത്രത്തിലും പുറത്തുവന്ന ആദ്യകാല രചനകളിലൊന്നായിരുന്നു. മൗലിക ഘടകങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രത്തെ വര്‍ഗീകരിച്ചുകൊണ്ട് ഫാറാബി തയ്യാറാക്കിയ മറ്റൊരു പുസ്തകമാണ് ശാസ്ത്ര സൂചിക (Catalogue of Sciences) എന്നത്. മനുഷ്യന്റെ അറിവുകളെ വ്യവസ്ഥാപിതമായി ക്രമീകരിക്കാനാണ് അദ്ദേഹം ഇതില്‍ ശ്രമിക്കുന്നത്. ഇത്തരമൊരു രചന നടത്തിയ പ്രഥമ മുസ്‌ലിം ചിന്തകനായിരുന്നു അദ്ദേഹം. ഇവക്കുപുറമെ, അല്‍ മൂസീഖുല്‍ കബീര്‍ (Great Book of Music) അക്കാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സാഹിത്യ സംഭാവനകളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ പല രചനകളും ഇന്ന് മദ്ധ്യകാല ലാറ്റിന്‍ വിവര്‍ത്തനങ്ങളില്‍ മാത്രമേ എത്തിക്കപ്പെടുകയുള്ളൂ. തന്റെ രചനകളിലൂടെ ഫാറാബി തത്ത്വചിന്ത, ശാസ്ത്രം,  തര്‍ക്കശാസ്ത്രം, സമൂഹശാസ്ത്രം, വൈദ്യം, സംഗീതം, ഗണിതം   എന്നിവക്ക് സമൃദ്ധമായ സംഭാവനകള്‍ തന്നെ നല്‍കുകയുണ്ടായി. തഖയ്യൂല്‍ (ആശയം), സുബൂത്ത് (തെളിവ്) എന്നിങ്ങനെ രണ്ടായിത്തിരിച്ച് അദ്ദേഹം തര്‍ക്കശാസ്ത്ര പഠനം ഏറെ സരളമാക്കി. ജീവിതം മുഴുക്കെ അവിവാഹിതനായി കഴിച്ചുകൂട്ടിയ ഫാറാബി എ.ഡി 950 ല്‍ ഡമസ്‌കസില്‍ അന്തരിച്ചു. അന്ന് അദ്ദേഹത്തിന് 80 വയസ്സുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter