ശൈഖ് അഹ്മദ് ദീദാത്ത്: വിശുദ്ധ ജീവിതം
 src=ജീവിച്ച വര്‍ഷത്തേക്കാള്‍ വര്‍ഷിക്കുന്ന ജീവിതമുണ്ടാവുക മഹാന്മാര്‍ക്കു മാത്രമാണ്. കാലങ്ങള്‍ എത്ര കടന്നുപോയാലും വലിയ മഹാദാനങ്ങളായി അത് അവശേഷിക്കുകയും ചെയ്യും. ഒരുപക്ഷേ മുസ്‌ലിംകളെക്കാള്‍ ക്രൈസ്തവലോകത്തിന് പരിചയമുള്ള ശൈഖ് അഹ്മദ് ദീദാത്ത്(റ) അങ്ങനെ ഒരു ജീവിതമായിരുന്നു. നൂറ്റാണ്ടില്‍ ഒരിക്കല്‍ ജനിക്കുന്ന ആളുകളുടെ ഗണത്തില്‍പെട്ട അദ്ദേഹം ആയുസ്സ് ജീവിച്ചു തന്നെ തീര്‍ക്കണമെന്ന് പഠിപ്പിച്ച് കടന്നുപോയിട്ട് നാല് ആണ്ട് തികയുന്നു. വേട്ടയാടുന്ന ജീവിതചുറ്റുപാടുകളെ ചടുലമായ മുന്നൊരുക്കങ്ങളും തെറ്റാത്ത മുന്‍ഗണനാക്രമങ്ങളും തിരുത്തുമെന്ന് ശൈഖ് ദീദാത്ത് പറഞ്ഞുതരുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ വളര്‍ച്ചയുടെ നിര്‍ബന്ധവഴിയും സമര്‍പ്പണവുമായി അവിടെന്ന് കണക്കാക്കി.
നൂറ്റാണ്ടുകളേറെയായി ലോകത്തെ വാണുകൊണ്ടിരുന്ന അടിച്ചേല്‍പിക്കലിന്റെ കോളനി സംസ്‌കാര (കുരിശുമതം) ത്തിന് പൊളിച്ചെഴുത്തുകളും അട്ടിമറികളും ഒഴിയാന്‍പറ്റാത്തവിധം ഏല്‍ക്കേണ്ടിവന്നത് ദീദാത്ത് ഇറങ്ങി പുറപ്പെട്ടതോടെയാണ്. ലോകത്തിന്റെ ആംരംഭം മുതല്‍ പകരംവെപ്പുകള്‍ ഒരുനിലക്കും പൂര്‍ണ അര്‍ത്ഥംവരാത്തതാണെന്നത് തിരിച്ചറിയേണ്ടതാണെങ്കില്‍ ശൈഖ് ദീദാത്തിന് മുന്‍പോ ശേഷമോ അദ്ദേഹത്തെപോലെ എന്ന് പറയാന്‍ പാകത്തില്‍ ഒരാള്‍ ഉണ്ടായിട്ടില്ല. പിറന്ന സംസ്‌കാരത്തില്‍ നിന്നും അഭിമാനിച്ച് പോന്ന വിശ്വാസത്തില്‍ നിന്നും ഒരു ജനതയെ ഊരിമാറ്റാനുള്ള കുരിശുശ്രമങ്ങള്‍ നിരന്തരം തുടര്‍ന്നുവന്നെങ്കിലും അതിനൊക്കെ ആഘാതമേല്‍പിച്ചത് ബലമുള്ള ആശയങ്ങൡ നിലയുറപ്പിച്ച ദീദാത്തിന്റെ സംവാദങ്ങളായിരുന്നു. ഇസ്‌ലാം വിശുദ്ധ സത്യമാണെന്നിരിക്കെ അതിന്റെ കാര്യംപറച്ചിലും മറുപടിയും ദീദാത്ത് നടത്തിയപ്പോള്‍ അന്താരാഷ്ട്ര ബഹുമതിവരുന്ന പ്രചരണ ശീലമാണ് മുസ്‌ലിം ലോകത്തിന് പരിചയമായത്. സ്വന്തം ലാഭങ്ങളുടെ എല്ലാ ഉടുപ്പുകളും അഴിച്ചുവെച്ച മാതൃകനിറഞ്ഞ ഇസ്‌ലാം പ്രബോധകനായിരുന്നു അദ്ദേഹം. ജനനം, കുടുംബം,  നിര്‍ബന്ധമാക്കിയ സാമൂഹികതലം ഇന്ത്യയില്‍ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 1918 ജൂലൈ ഒന്നിനായിരുന്നു അഹ്മദ് ദീദാത്തെന്ന മഹാപ്രബോധകന്‍ പിറന്നത്. ബാല്യംപോലും ഇന്ത്യാനാട്ടില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബസ്ഥിതിയും ചുറ്റുപാടും അനുവദിച്ചില്ല. പരമദരിദ്ര കുടുംബത്തിലെ അംഗമായ ദീദാത്ത് ജനിച്ച നാളുകള്‍ കുറച്ച് കഴിഞ്ഞപ്പോഴേക്ക് പിതാവ് അഹമ്ദ് ഹുസൈന്‍ ദീദാത്ത് ഉപജീവനമാര്‍ഗ്ഗം തേടി ദക്ഷിണാഫ്രിക്കയിലേക്ക് പോകുകയായിരുന്നു. തയ്യല്‍ പണിക്കാരനായിരുന്ന തന്റെ പിതാവിനെ കണ്ട അറിവോ ഓര്‍മ്മയോ ഒന്നുമില്ലാതെ 1926 വരെ കാലം അങ്ങനെ കഴിഞ്ഞു. ദാരിദ്ര്യത്തിന്റെ ക്ലേശത വലിച്ചുകൊണ്ടുവന്ന ഇരുട്ട് ഔപചാരിക വിദ്യാപഠനത്തിന്റെ വെളിച്ചം പോലും കയറിവരാന്‍ അനുവദിച്ചില്ല. പിതാവിനെ അനുഭവിക്കാന്‍ കഴിയാത്ത ദീദാത്തിന് എല്ലാമായി സ്‌നേഹമാതാവ് നിലകൊണ്ടതും പിന്തുണയായതുമായിരിക്കണം അദ്ദേഹത്തിന്റെ ബുദ്ധിവളര്‍ച്ചക്കും തീരുമാനങ്ങളിലെ വിശുദ്ധിക്കും നിദാനമായത്. ആ ഉമ്മ തന്നെ ഉപ്പയും അദ്ധ്യാപകനും ശിക്ഷകനും എല്ലാമാവുകയായിരുന്നു. മുലപ്പാലില്‍നിന്ന് മതവും മനസ്സില്‍നിന്ന് വിദ്യാപരിചരണവും സ്വഭാവത്തിലൂടെ ഉള്‍കാഴ്ചയുടെ വെളിച്ചവും ഉമ്മ സമ്മാനിച്ചിരിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ ദാരിദ്ര്യത്തിന്റെ കൈപ്പ് അധികം കടിച്ചിറക്കാന്‍ ശൈഖ് ദീദാത്തിന് ആയില്ല. 1927-ല്‍ വയസ്സ് ഒമ്പതുള്ള അദ്ദേഹം അതുവരെ തന്നെ വളര്‍ത്തിയ മാതാവിനെ അവസാന നോക്ക് നോക്കി പിതാവിനെ തേടി ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ദീദാത്തിന്റെ ഈ യാത്രക്ക് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ആ മാതാവ് മരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെത്തിയ അഹ്മദ് ദീദാത്ത് പഠനം ആരംഭിക്കുകയും ഇംഗ്ലീഷ് ഭാഷ വേഗം പഠിച്ചെടുക്കുകയും ചെയ്തു. അറിവിനോടും വായനയോടും അടങ്ങാത്ത ആത്മബന്ധവും താല്‍പര്യവും കാണിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷക്ക് പുറമെ അറബി, ഉറുദു, ഹിന്ദി, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാവീണ്യം നേടി. സാമ്പത്തിക പ്രയാസംമൂലം പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സിന് കാമ്പും കരുത്തുമുള്ള ശൈഖ് ദീദാത്ത്(റ) മുന്നോട്ടു നോക്കി തന്നെ നടന്നു. 1934-ല്‍ 16-ാം വയസ്സില്‍ ഒരു കടയില്‍ ജോലിക്ക് ചേര്‍ന്നു. തുടര്‍ന്ന് സെയില്‍സ്മാന്‍, സെയില്‍സ് മാനേജര്‍, ഡ്രൈവര്‍, ഡെസ്പാച്ച്, ക്ലര്‍ക്ക് എന്നിങ്ങനെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു. 1936-ല്‍ 18-ാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ നതാല്‍സൗത്ത് കോസ്റ്റിലുള്ള ഒരു സ്റ്റോറില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. നൂറ്റാണ്ടിന്റെ തന്നെ ഇതിഹാസമായി ഉദിച്ചുയര്‍ന്ന ശൈഖ് അഹ്മദ് ദീദാത്ത്(റ) ഇവിടെ നിന്നാണ് ജനിക്കുന്നത്. മുസ്‌ലിം ഉടമസ്ഥതയിലുള്ള ഈ സീറ്റോറിന്റെ സമീപത്തുതന്നെ ഒരു ക്രിസ്ത്യന്‍ സെമിനാരിയുണ്ടായിരുന്നത് ദീദാത്തിന്റെ ജീവിത യാത്രയിലെ വലിയ വഴിത്തിരിവിന് കാരണമായിവന്നു. ഇടക്കിടെ ദീദാത്തിന്റെ കട സന്ദര്‍ശിക്കാറുള്ള ഇവിടത്തെ ക്രിസ്ത്യന്‍ മിഷണറിമാരില്‍ (സുവിശേഷ വിദ്യാര്‍ത്ഥികള്‍) നിന്ന് അദ്ദേഹത്തിന് ഒരുപാട് ചോദ്യങ്ങളും ആക്ഷേപങ്ങളും ഏല്‍ക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. നബി(സ)യുടെ മേല്‍ ഉദ്ധരിക്കാന്‍ പോലും മനസ്സ് വിഷമിക്കുന്നതരം അരുതാത്ത ആരോപണങ്ങള്‍. വാള്‍ ഇസ്‌ലാമിക പ്രചരണത്തിന്റെ മൂല ആശ്രയം, വിശുദ്ധ ഖുര്‍ആന്‍ ജൂത - ക്രൈസ്തവ ഗ്രന്ഥങ്ങളുടെ പകര്‍പ്പ് മുതലായ സ്ഥിരം ദുരാരോപണങ്ങള്‍ ആണ് ഇവിടെനിന്ന് കേട്ടതെങ്കിലും കാര്യമായ പഠനം കുറഞ്ഞ ശൈഖ് ദീദാത്തിനെ ഇത് വിശമിപ്പിച്ചു. ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ള ദീദാത്തിന്റെ ഉള്‍ക്കരുത്ത് പിന്നെ ക്രമേണ ഉണര്‍ന്ന് വരികയായിരുന്നു. ഇവിടെ ആവശ്യമായത് ചെയ്യാതിരിക്കാന്‍ നിഷ്‌ക്രിയത്വത്തേക്കാള്‍ അവരുടേതിന് സമാനമായ ക്രൂരതയാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വീണ്ടും വീണ്ടും അത് കേട്ടുനില്‍ക്കാന്‍ ആ മനസ്സ് സമ്മതിച്ചില്ല. രണ്ടു മാര്‍ഗങ്ങളാണ് ദീദാത്തിന്റെ മുമ്പില്‍ ഉയര്‍ന്ന് വന്നത്. ഒന്നുകില്‍ പഠനം നടത്തി ഇവര്‍ക്കെതിരെ ആശയസമരത്തിനൊരുങ്ങുക. അല്ലെങ്കില്‍ സ്വന്തം വിശ്വാസ സൂക്ഷിപ്പിന് അവിടം വിടുക. ആത്മാവിന്റെ കരുത്തും മനസ്സിന്റെ തെളിമയും കൈമുതലുള്ള ശൈഖ് ദീദാത്ത്(റ) പേടിച്ചു പിന്തിരിഞ്ഞുവെന്ന് ആക്ഷേപിക്കാന്‍ പഴുതു കൊടുക്കുന്ന രണ്ടാമത്തെ മാര്‍ഗ്ഗം ഒഴിവാക്കി ഒന്നാമത്തേത് തന്നെയാണ് തന്റെ ഇനിയുള്ള വഴിയെന്ന് കരുതിയുറപ്പിച്ചു. താന്‍ കടന്നുവന്ന വഴിയും വിശ്വാസവും ഇനിയും ഇളക്കംവരാതെ നിലനിര്‍ത്താന്‍ എന്ന് ആദ്യം ലക്ഷ്യവെച്ച ദീദാത്തിന്റെ ഈ പുറപ്പാട് കൂടുതല്‍ വിശാലമാകുന്നതാണ് പിന്നെ കണ്ടത്. തന്റെ ഈമാന്‍ കാത്ത അദ്ദേഹം മറ്റുള്ളവര്‍ക്ക് ഈമാന്‍ വരുത്താന്‍ ആയുസിനെ നീക്കിവെക്കുകയായിരുന്നു. ഇള്ഹാറുല്‍ ഹഖിന്റെ സ്വാധീനം ഉറങ്ങിക്കിടക്കുന്ന സിംഹത്തെ തോണ്ടിയുണര്‍ത്തുന്നതിനേക്കാള്‍ പ്രത്യാഘാതമാകും അടിച്ചുണര്‍ത്തുമ്പോള്‍. ഇതിന്റെ കൃത്യമായ രീതി അനുഭവിക്കുകയായിരുന്നു മിഷണറിമാര്‍. ഉണര്‍ന്ന ശൈഖ് അഹ്മദ് ദീദാത്തില്‍നിന്ന് കാപട്യത്തിന്റെ ളോഹ അഴിഞ്ഞുവീണപ്പോള്‍ അതിനകത്ത് മറച്ചുപിടിച്ചിരുന്ന ക്രൂരതയുടെ കുരിശ് ലോകം പുറത്ത് കണ്ടു. പൊതുവെ വായനപ്രിയനായിരുന്ന ദീദാത്ത് ഇവരെ ഉള്ള് അഴിച്ച് പഠിക്കണമെന്ന് തന്നെ വെച്ചു. ഇനിയുള്ള തന്റെ ഭൂമിലോകത്തെ നിര്‍ണയിച്ച അദ്ദേഹം അവിടെ ജീവിക്കാനുള്ള സന്നാഹങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ പഠനം നടത്താനും ഇസ്‌ലാമിനും ഖുര്‍ആനും നബിക്കുമെതിരെ അവര്‍ നടത്തിയ ആരോപണങ്ങളുടെ വിശുദ്ധി വിലയിരുത്താനും ദീദാത്ത് നിരന്തരം ശ്രമിച്ചു. ആയിടക്കാണ് ലോകപ്രശസ്ത ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതന്റെ വിശ്രുത ഗ്രന്ഥം ഇള്ഹാറുല്‍ ഹഖ് (സത്യത്തിന്റെ പ്രകാശനം) ലഭിക്കുന്നത്. ബൈബിളിനെയും ക്രിസ്ത്യാനിറ്റിയേയും ഉള്ളുതുറന്ന് വിമര്‍ശന പഠനം നടത്തുന്ന ഈ ഗ്രന്ഥം ഒട്ടധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മാസ്റ്റര്‍ പീസാണ്. ഖുര്‍ആനിനും ബൈബിളിനും കൂടെ ഇത് കൂടിയായപ്പോള്‍ ദീദാത്തിന്റെ ദഅ്‌വത്ത് പറയുന്നിടത്തൊക്കെ ആദ്യം ഇള്ഹാറുല്‍ ഹഖ് കടന്നുവരുന്ന ഗതി രൂപപ്പെടുന്നതു കാണാനായി. ഇന്ത്യയിലെ ബ്രിട്ടീഷ് കോളനികാലത്ത് ഭരണത്തിന്റെ ബലത്തില്‍ കുരിശ് മിഷണറിയുടെ വിളയാട്ടം കാടിളക്കി നടന്ന സാഹചര്യത്തില്‍ സമരത്തിന് ഔര്‍ജ്ജം നല്‍കി ഡസനിലധികം ഗ്രന്ഥങ്ങള്‍ വിരചിതമായ നാട്ടില്‍ കുരിശ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ രചിച്ച ഇള്ഹാറുല്‍ ഹഖ് ഇന്നും സമാനമായ നാടുകളില്‍ പ്രയോജനകരമാകും വിധത്തിലാണ്. ദീദാത്തിനെ സംബന്ധിച്ചിടത്തോളം തന്റെ ദക്ഷിണാഫ്രിക്കയില്‍ തീര്‍ത്തും അനുയോജ്യകരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മറ്റു മതസ്ഥര്‍ക്കെതിരെ മിഷണറിമാര്‍ ശീലിച്ചുപോന്നിരുന്ന തെറ്റായ പ്രചാരണങ്ങളുടെയും പീഡനങ്ങളുടെയും വേദനിപ്പിക്കുന്ന പുരാവൃത്തങ്ങള്‍ ഉള്ളടക്കമാക്കിയ ഈ ഗ്രന്ഥം തന്നെ അത് അവസാനിപ്പിക്കാനുള്ള ചെറുത്ത് നില്‍പ്പിന്റെ വഴിയും പറഞ്ഞുതരുന്നു. മിഷണറിമാരെ നേരിടാനുള്ള കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി ഇള്ഹാറുല്‍ഹഖ് ദീദാത്ത് അനുഭവിച്ച് പോന്നു. ഇതിന്റെ രചയിതാവ് ശൈഖ് റഹ്മത്തുല്ലാഹിബ്‌നു ഖലീലുറഹ്മാന്‍ അല്‍ കീറാനവി അല്‍ ഉസ്മാനി(റ) (വഫ. ഹി. 1308, ക്രി. 1891) യുടെ ജീവിതകാലത്ത് തന്നെ (ഹി. 1284) ഗ്രന്ഥത്തിന്റെ ഒന്നാം പ്രതി പ്രസിദ്ധീകരിച്ചിരുന്നു. അറബിയാണ് മൂലഭാഷ. ഇതിന് അനുബന്ധ പഠനങ്ങളും വിശദീകരണക്കുറിപ്പുകളും തയ്യാറാക്കിയത് മലേഗാവിലെ ഡോ. മുഹമ്മദ് അഹ്മദ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പണ്ഡിതനാണ്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ആധിപത്യത്തിന് നൂറ്റാണ്ടുകള്‍ നടന്ന ഈ കുരിശ് മനസ്സുകള്‍ക്ക് ഒളിപ്പിച്ചുവെച്ച അജണ്ടകളുണ്ടായിരുന്നു. ഇസ്‌ലാം മതത്തെ ആക്ഷേപിക്കുകയും മുസ്‌ലിം സാധാരണക്കാരെ സംശയം ജനിപ്പിച്ച് അവരുടെ ലക്ഷ്യത്തിലേക്ക് കടത്തിക്കൊണ്ടുപോവുകയും ഇവര്‍ ചെയ്തുവന്നു. ഇതിന് പ്രത്യേക പാഠശാലകളും യൂണിവേഴ്‌സിറ്റികളും സ്ഥാപിച്ചു. എന്നിട്ട് അവിടെന്ന് മുസ്‌ലിം ഭാഷ കൈകാര്യം ചെയ്യുന്ന ഇസ്‌ലാമിക കാര്യങ്ങളില്‍ പഠനം നടത്തിയ ഓറിയന്റലിസ്റ്റുകളെ മുസ്‌ലിംകളെ വഴിപിഴപ്പിക്കാനും അവരുടെ മതത്തില്‍നിന്ന് ദൂരെയാക്കാനും പുറത്ത് വിട്ടു. മുസ്‌ലിം നാടുകളുടെ മേല്‍ ആധിപത്യം വരുത്താന്‍ വന്ന മിഷണറിമാര്‍ കുറച്ചെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ള സ്ഥലത്ത് പ്രത്യേകം കയ്യുവെച്ചു. പരിപാടികള്‍ സംഘടിപ്പിച്ചും യോഗങ്ങള്‍ കൂടിയും ഗ്രന്ഥരചന നടത്തിയും അവര്‍ നാട് ചുറ്റി നടക്കല്‍ വിനോദമാക്കി. അവരുടെ ചിന്തകള്‍ക്ക് വിത്ത് പാകലും ഇസ്‌ലാം, ഖുര്‍ആന്‍, നബി എന്നിവയില്‍ സംശയം ഉണ്ടാക്കലും ശീലമായി ഏറ്റെടുക്കുകയായിരുന്നു മിഷണറിമാര്‍. ഈ ഒഴുക്കില്‍ ജനത അകപ്പെടുന്നത് അപകടമാണെന്ന് ആ കാലത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ തിരിച്ചറിഞ്ഞു. മിഷണറിമാരുടെ അജണ്ടകള്‍ തുറന്നു കാണിക്കാനും ഇസ്‌ലാമിനെതിരെയുള്ള അവരുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാനും അവര്‍ രംഗത്തുവന്നു. കുരിശ്മതത്തെ ഗഹനമായി പഠിച്ച് വസ്തുതകളില്‍ പിഴവുകള്‍ കലര്‍ത്തുന്ന മിഷണറി ശീലം ജനത്തെ ബോധിപ്പിച്ചു. അന്ന് ശോഭിച്ച പണ്ഡിതന്മാരില്‍ പ്രധാനിയാണ് ശൈഖ് റഹ്മത്തുല്ല ബ്‌നു ഖലീല്‍(റ). ഹി. 13-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഇന്ത്യയിലേക്ക് സുവിശേഷ പ്രചാരകരുടെ നേതാവായിരുന്ന ഫാദറുമായി നിരന്തര വാദസംവാദങ്ങളിലേര്‍പ്പെട്ട് തെറ്റും സത്യവും സമ്മതിപ്പിച്ചു. (ഇള്ഹാറുല്‍ ഹഖ് ഭാഗം 1, പുസ്. 5-6) ഇങ്ങനെയുള്ള ഈഗ്രന്ഥം ദീദാത്തിന്റെ ദഅ്‌വ വളര്‍ച്ചക്ക് വലിയ സഹായകമായി. ആ വിശുദ്ധ മനസ്സിന്റെ വിജയഫലങ്ങള്‍ ലോകത്തോളം വികസിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നിര്‍മിച്ചുനല്‍കിയത് ഇള്ഹാറുല്‍ ഹഖ് തന്നെ എന്ന് പറയാം. ദഅ്‌വത്തും ദീദാത്തും ചോദിക്കാനും പറയാനും ആളില്ല എന്ന്‌തോന്നിപ്പിക്കുന്നതായിരുന്നു, അല്ലെങ്കില്‍ പ്രതികരിക്കാന്‍ ആരുമില്ലെന്ന ധൈര്യമായിരുന്നു ദീദാത്ത് വരുന്ന നേരത്തെ മിഷണറി വിളയാട്ടത്തിന്. കുറച്ചുകൂടി കൃത്യമാക്കിയാല്‍ ആളില്ലാത്ത പോസ്റ്റിലേക്ക് നിരന്തരം ഗോളടിച്ച് വിജയഭേരി മുഴക്കി നൃത്തംവെക്കുന്ന വിലകുറഞ്ഞ ലളിത ഉഷിര്. ഇവിടെ പഠിച്ച ദീദാത്തിന്റെ വരവ് അവര്‍ പ്രതീക്ഷിച്ചുകാണില്ല. മുമ്പോട്ട് കാല്‍വെച്ച അദ്ദേഹം ഒന്നു വിശ്രമിക്കാന്‍പോലും മനസ്സുവെച്ചിരിക്കുക അഞ്ചു ദശാബ്ദങ്ങള്‍ക്കുശേഷമായിരിക്കും. അതും പക്ഷാഘാതം വരുത്തിയ ക്ഷീണത്തിന്റെ മറ്റു നിര്‍വാഹമൊന്നുമില്ലാത്ത ഘട്ടത്തില്‍. വിഷയങ്ങള്‍ കൃത്യമായി പഠിച്ച് അഹ്മദ് ദീദാത്ത്(റ) ആദ്യം സെമിനാരി വിദ്യാര്‍ത്ഥികളുമായി സംവാദ സ്ഥിരീകരണം നടത്തി. തുടര്‍ന്ന് അവിടത്തെ അദ്ധ്യാപകന്മാരുമായും ശേഷം അടുത്ത കേന്ദ്രങ്ങളിലെ പുരോഹിതന്മാരെയും അങ്ങനെ അവസാന അറ്റം വരെയും സമ്മതിപ്പിച്ചു മുന്നേറി. ആ കാലയളവില്‍ കുരിശുമിഷണറിയുടെ ചൂഷണറി മുഖം ലോകം നേരില്‍ കണ്ടു. ആഗോളാടിസ്ഥാനത്തില്‍ നിലവിലുള്ള ഇസ്‌ലാംവിരുദ്ധ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ചടുലമായ അജണ്ടകള്‍ അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പാക്കി. മുസ്‌ലിംകളെ രക്ഷിക്കുക എന്ന പ്രഥമ ഉദ്ദേശ്യം കുരിശന്‍മേല്ക്ക് തന്നെ പിറന്നവരോ അതില്‍ കുടുങ്ങിയവരോ ആയ ജനതയെ കരകയറ്റുക എന്ന ഫലപ്രദമായ സമഗ്രലക്ഷ്യത്തിലേക്ക് വികസിച്ചു. വിലയ ബൈബിള്‍ പണ്ഡിതന്മാരുമായിപ്പോലും വളരെ സുതാര്യമായി തുറന്ന ചര്‍ച്ചക്ക് അദ്ദേഹം മുന്നിട്ട് വന്നു. രണ്ട് മതങ്ങള്‍ തമ്മിലെ കൃത്യമായ താരതമ്യ പഠനത്തിലൂടെയായിരുന്നു മിഷണറിമാരെ ദീദാത്ത് അടിയറവ് പറയിപ്പിച്ചത്. കുരിശ് സാമ്രാജ്യത്തിന്റെ മുന്നിലെത്തിയ ദീദാത്തിന്റെ ആവനാഴിയില്‍ ചെറുത്ത് നില്‍ക്കാനും ഉപരോധിക്കാനും നിറഞ്ഞുനിന്നത് ഖുര്‍ആനിക വചനങ്ങളും നബിവാക്യങ്ങളും ക്രൈസ്തവ മതപ്രമാണങ്ങളും തന്നെയായിരുന്നു. തന്റെ നാവിന്റെ സത്യബന്ധവും തൂലികയുടെ മൂര്‍ച്ചയും കുരിശ് മനക്കോട്ടകളെ മറിച്ചിടാന്‍ പോന്നതാണെന്ന് അദ്ദേഹംതന്നെ തിരിച്ചറിഞ്ഞിരിക്കണം. ഏത് എതിരാളിയേയും തിരുത്താനും അരമനകളിലേക്കും അധികാരഭവനങ്ങളിലേക്കുപോലും കയറിച്ചെല്ലാനും ദീദാത്തിന് ധൈര്യമായത് ആ മനസ്സിലെ കരുതിവെപ്പുതന്നെയായിരിക്കും. അക്കാലമത്രയും പരമോന്നതവും പരിശുദ്ധവുമായി അധിപന്‍ വാണ ബിംബങ്ങള്‍ എല്ലാം അതോടെ ഉടഞ്ഞുവീണു. ഏതു നിലക്കും എതിരാളികളുടെ സജ്ജീകരണങ്ങളോട് സമരം ചെയ്യാന്‍ കെല്‍പ്പുകൊടുക്കുന്നതായിരുന്നു ദീദാത്തിന്റെ വാദസന്നാഹങ്ങള്‍. പ്രമാണബന്ധിയായി കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയ അദ്ദേഹം മിഷണറിമാരെ പരസ്യസംവാദങ്ങള്‍ക്ക് വെല്ലുവിളിച്ചു. ആത്മാഭിമാനം നഷ്ടമാവാതിരിക്കാന്‍ ആദ്യമൊക്കെ വെല്ലുവിളി സ്വീകരിച്ചവര്‍ അദ്ദേഹത്തിനു മുന്നില്‍ കൃത്യമായി അടിയറവു പറയേണ്ടിവന്നു എന്നതിനപ്പുറം തങ്ങള്‍ ഭയന്ന കാലിന്നടിയിലെ മണ്ണ് മാറിപ്പോക്ക് മണല്‍ ചെറ കെട്ടിയാലും തടഞ്ഞുനിര്‍ത്താനാവാത്തവിധം ശക്തമായി രൂപപ്പെടുന്നത് അവര്‍ തന്നെ കണ്ടു. ലോകത്തിലെ വലിയതും എന്നത്തേതുമായ സത്യങ്ങള്‍ക്കെതിരെ നിരാകരണവും തിരസ്‌കരണവും കൊണ്ട് കണ്ണടച്ചുപിടിച്ചപ്പോള്‍ അപഹരിച്ച സ്‌നേഹപ്പുറമയില്‍ പ്രതീക്ഷയുടെ കൊളുത്ത് അമര്‍ത്തിവെക്കുകയായിരുന്നല്ലോ മിഷണറി ലോബികള്‍. ദഅ്‌വത്തിന്റെ ഉയര്‍ച്ചയില്‍ കാലുവെച്ച ദീദാത്തിന്റെ വളരെ ശ്രദ്ധിക്കപ്പെട്ട മുന്നേറ്റമായിരുന്നു ജിമ്മിസ്വഗാര്‍ട്ട്, പ്രൊഫ. ഫ്‌ളോയിസ് ഇ. ക്ലര്‍ക്ക്, റോബര്‍ട്ട് ഡൗഗ്‌ലസ്, പ്രൊ. ഡീന്‍ കിന്‍സ് എന്നിവരുമായി നടത്തിയ സംവാദങ്ങള്‍. വിജയകരമായ ഈ സംവാദത്തില്‍ ഏറ്റവും മികച്ചതായിരുന്നു അമേരിക്കയിലെ പ്രമുഖ ബൈബില്‍ പണ്ഡിതനും ക്രൈസ്തവ  സുവിശേഷകനുമായ ജിമ്മി സ്വഗാര്‍ട്ടുമായി നടത്തിയത്. അന്തര്‍ദേശീയ ടിവി ചാനലുകള്‍ മണിക്കൂറുകളോളം അത് സംപ്രേഷണം ചെയ്തു. അതിന്റെ കാസറ്റുകള്‍ ദീദാത്തിന്റെ മാസ്റ്റര്‍ പീസാണ്. ദീദാത്തിന്റെ അസാധാരണമായ ബൈബിള്‍ പാണ്ഡിത്യവും യുക്തിസഹമായ സമര്‍ത്ഥനരീതിയും അനുഭവിച്ച് പതറിയ ജിമ്മി സ്വഗാര്‍ട്ട് താനിപ്പോഴും ഒരു ബൈബിള്‍ വിദ്യാര്‍ത്ഥിയാണെന്ന് സമ്മതിക്കുന്നതുവരെയെത്തി. ഭാഷണ ശൈലിയും അവതരണ രീതിയും പ്രത്യേകം ശ്രദ്ധിച്ച ദീദാത്തിന്റെ ഖണ്ഡനമുന്നേറ്റങ്ങള്‍ ആരെയും ആകര്‍ഷിപ്പിക്കുന്നതായിരുന്നു. സംവാദങ്ങള്‍ അവസാനിക്കുമ്പോഴേക്ക് എതിര്‍വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ ബെളിപ്പെടുത്തുന്നതിനപ്പുറം അവരെ കാര്യങ്ങള്‍ അംഗീകരിപ്പിക്കുകയായിരുന്നു ദീദാത്ത്(റ). കാര്യങ്ങളെ വേര്‍തിരിച്ച് അപഗ്രഥിക്കുന്ന കാസറ്റും ലഘുലേഖകളും പുസ്തകങ്ങളും മറ്റു പ്രചരണ പരിപാടികളും ദീദാത്ത് ജീവിതത്തിന്റെ അനിവാര്യ ഭാഗമാക്കി നെഞ്ചേറ്റുകയായിരുന്നു. ഈ ദൗത്യം വിശാലപ്പെടുത്തി. ലോകത്തിന്റെ വിവിധ നാടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചപ്പോള്‍ കുരിശു മേലാളന്മാര്‍ തന്നെ വറങ്ങലിച്ചുനിന്നു. മതം മനുഷ്യന് വേണ്ടിയെണെങ്കില്‍ അവന് ആവശ്യമായതൊക്കെ ഉള്ളടക്കമാക്കിയിരിക്കണമെന്ന ആരും അധികം പറയാതിരുന്ന വലിയ സത്യം വിളിച്ചുപറയാന്‍ ഊക്ക് കാണിക്കുകയായിരുന്നു അഹ്മദ് ദീദാത്തിന്റെ ദഅ്‌വത്തി ചലനങ്ങള്‍. മതപ്രചരണങ്ങളുടെ മത്സരമുഖങ്ങള്‍ സംഘട്ടന മണ്ഡലങ്ങളിലേക്ക് മാറിപ്പോയതിന്റെ അര്‍ത്ഥക്കേടുകള്‍ എന്തായിരിക്കുമെന്ന് ഇവിടെ അധികം അന്വേഷിക്കേണ്ടിവരില്ല. ആശയത്തിനകത്ത് അര്‍ത്ഥവും ആയുധവും ഒരുമിക്കുമെങ്കിലേ നിലനില്‍പ്പിന്റെ വഴിതെളിഞ്ഞുവരികയുള്ളൂവെന്നു സംഘട്ടനക്കാര്‍ മനസ്സിലാക്കിയിരിക്കണം. കുരിശ് എന്നത് ക്രൈസ്തവ സിദ്ധാന്തത്തിന്റെ സിംബലില്‍നിന്ന് കടന്നുകയറ്റ കീഴടക്കലിന്റെ ക്രൂരയടയാളമായി വന്നതിന്റെ രക്തം വാര്‍ന്ന വര്‍ത്തമാനങ്ങള്‍ ഇതോട് ചേര്‍ത്തുവെക്കണം. ആശയത്തിന് ആയുധവുമായുള്ള അരുതാത്ത ഇണക്കം രൂക്ഷമായി തുടരുമ്പോള്‍ അതിനെതിരെ തീക്ഷ്ണമായ തിരിച്ചറിവിന്റെ കരുത്ത് ഒലിച്ചിറങ്ങുകയായിരുന്നു ദീദാത്തിലൂടെ. അധികാരത്തിന്റെയും മീഡിയയുടെയും അകമ്പടിയില്‍ വ്യാപകമായതും വിലകുറഞ്ഞതുമായ പ്രലോബനങ്ങളിലൂടെ മതത്തിലേക്ക് ആളെ കൂട്ടുന്ന ഇന്നത്തെ സജീവ ശീലം ദീദാത്ത് കൃത്യമായി പ്രയോജനകരമായ വഴിയിലേക്ക് തിരുത്തുകയായിരുന്നു. കഷ്ടപ്പാട് കടിച്ചിറക്കുന്നയാള്‍ക്ക് വറുതിയില്‍നിന്ന് അറുതിയുടെ കര കാണിക്കുന്നയാള്‍ പടച്ചവനാകും. അവന്റെ വഴിയും ചിന്തയും മതവും വിശക്കുന്നവന് മുമ്പില്‍ അപ്പം ദൈവത്തിന്റെ രൂപത്തിലാണ് വരുന്നതെന്ന് വിവേകാനന്ദ സ്വാമി പറഞ്ഞുവെച്ചിട്ടുണ്ട്. അപ്പം കാട്ടി, വീട് കാട്ടി, ജോലി കാട്ടി മതം നീട്ടികൊടുക്കുമ്പോള്‍ അഹ്മദ് ദീദാത്ത്(റ) അവിടെയൊക്കെ ആശയത്തിന്റെ വെളിച്ചത്തില്‍ ജയിക്കുകയായിരുന്നു. വിജയം ഒരു യാത്രയാണ് എന്ന പോലെ. ഇതിഹാസകരമായ കര്‍മഫലങ്ങള്‍ അഹ്മദ് ദീദാത്തിനെ അറിഞ്ഞവരെ വീണ്ടും അറിയാന്‍ വെമ്പല്‍കൊള്ളുന്നു. അദ്ദേഹത്തിന്റെ വിജയം മുഴുവന്‍ ഇതിഹാസമായി നിന്ന വിശ്വാസം ഫലമാക്കിയതാണെന്ന് കണ്ടെത്തുന്നു. മുസ്‌ലിം ലോകത്തിന്റെ പ്രതീക്ഷയുടെ പുതിയ ആകാശവും ചൂഷണറികള്‍ക്ക് ഭീതിയുടെ ഇടിമുഴക്കവുമായി അദ്ദേഹം വാഴുന്ന നീണ്ട കാലത്ത് സംവാദങ്ങളിലെ ഓരോ വിജയവും ഇസ്‌ലാം പ്രചരിപ്പിക്കാനുള്ള വിശ്വാസത്തിന് വീണ്ടും വീണ്ടും കെല്‍പ്പുകൂട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ തുടങ്ങി ഈ ദൗത്യമുന്നേറ്റം ലോകത്തോളം വിപുലപ്പെടുന്ന പ്രതിഫലനങ്ങളെ കൊണ്ടുവന്നത് ദീദാത്തിന് അവകാശപ്പെടാവുന്ന ദുനിയാവിലെ ജീവിതത്തിന്റെ ഉപയുക്ത ലക്ഷ്യത്തിന്റെ മികവാണ്. ഇങ്ങനെ ഒറ്റയാന്‍പടനീക്കം വിജയകരമായി നടത്തിയ ശൈഖ് അഹ്മദ് ദീദാത്ത്(റ)ന്റെ വാദവും വെല്ലുവിളിയും വത്തിക്കാനിലെ പോപ്പിന്റെ അടുത്തേക്ക് പോലും കയറിച്ചെന്നു. ക്രൈസ്തവ സഭയുടെ പരമോന്നതാധ്യക്ഷനും അവസാനവാക്കുമായ ജോണ്‍പോണ്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി 1984-ല്‍ പരസ്യ സംവാദത്തിന് സന്നദ്ധനായെങ്കിലും ക്രൈസ്തവ ലോകം ഒഴിഞ്ഞുമാറുകയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈബിള്‍ പഠനം നടത്തേണ്ടതെന്ന് നിലപാടുള്ള അഹ്മദ് ദീദാത്ത് ബൈബിള്‍ പഠന ക്ലാസുകളും പ്രഭാഷണ സംവാദങ്ങളും പ്രബോധനത്തിന്റെ മുഖ്യമാര്‍ഗമായി കണ്ടു. സൗത്ത് ആഫ്രിക്കയിലുള്ള ദര്‍ബനിലെ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്ററിനു കീഴില്‍ അമേരിക്ക, കാനഡ, സിംബാബ്‌വേ, സാംബിയ, ലിബിയ, കെനിയ, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ അദ്ദേഹം പ്രഭാഷണ പര്യടനങ്ങള്‍ നടത്തി. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കലാണ് ബുദ്ധിയെന്ന് ക്രൈസ്തവ ഇവാഞ്ചലിസ്റ്റുകള്‍ മനസ്സിലാക്കിയത് ദീദാത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്ന നിവര്‍ത്തികേട് കാരണമാണ്. ഖുര്‍ആനിന് വിരുദ്ധമായ ബൈബിള്‍ പരാമര്‍ഷങ്ങള്‍ പിന്നീട് എഴുതിച്ചേര്‍ത്ത പൊള്ളത്തരങ്ങളാണെന്ന് പ്രമാണസഹിതം യുക്തമായി ദീദാത്ത് അവതരിപ്പിച്ചു. അല്ലെങ്കിലും ഖുര്‍ആന്‍ ബൈബിളിന്റെ പകര്‍പ്പാണെന്ന് പറയുന്നവര്‍ തന്നെ അതു രണ്ടിനെയും തമ്മില്‍ വിരുദ്ധമാക്കുന്നത് വങ്കത്തം തന്നെയല്ലേ. ഇങ്ങനെ അദ്ദേഹം പിന്‍വലിയാതെ അവരെ പിന്തുടരുകായായിരുന്നു. ദീദാത്തിനെ ക്രമേണ മുസ്‌ലിംലോകം ഏറ്റെടുക്കുന്ന അവസ്ഥ വന്നു. അദ്ദേഹത്തിന്റെ കാസറ്റുകളും വീഡിയോ പോഗ്രാമുകളും പുസ്തകങ്ങളും ലഘുലേഖകളും അറബ് മുസ്‌ലിം ലോകത്തിന്റെ സാമ്പത്തിക സഹായത്തോടെ ലോകമെമ്പാടും ദശലക്ഷക്കണക്കിനാണ് സൗജന്യമായി അയച്ചുകൊടുത്തത്. ഇവ്വിധം ദീദാത്തിന്റെ വിശ്വാസത്തിന്റെ ഇതിഹാസഫലങ്ങള്‍ എന്നും അനുഭവിക്കാനാവുന്നതായി. Resurrection or Rewsulitation the choice, islam, and christianity, cracificxiion or crucifictionb what is his name? christ in the holy quran, what says the bible on  myhamemd? who removed the ston? Al Quran, the miracle of mircalcels, the sing of johna തുടങ്ങിയ ഇരുപതില്‍പരം ഗ്രന്ഥങ്ങളും ആയിരക്കണക്കിന് ഓഡിയോ കാസറ്റുകളും നൂറോളം വീഡിയോ കാസറ്റുകളും ശൈഖ് ദീദാത്തിനെ മരിച്ചാലും മരിക്കാത്ത അവസ്ഥയിലേക്ക് രൂപപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഏകദേശം ഗ്രന്ഥങ്ങളൊക്കെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അധിക രചനകളും അറബി, ഉറുദു, ബംഗാളി, ഫ്രഞ്ച്, ചൈനീസ്, ജാപ്പാനീസ്, ഡച്ച്, ആഫ്രിക്കന്‍സ്, റഷ്യന്‍സ്, ഇന്തോനേഷ്യന്‍സ്, തുളു, നോര്‍വീജിയന്‍ തുടങ്ങിയ ഭാഷകളിലേക്ക് കൂടി വിവര്‍ത്തനം ചെയ്തതോടെ ദീദാത്തിയന്‍ വീക്ഷണങ്ങള്‍ ലോകത്തോളം വിപുലപ്പെടുന്ന സാശ്വതാവസ്ഥ വന്നു. ജീവിതം തന്നെ സൂക്ഷ്മവിശുദ്ധമായതിനാല്‍ നല്ല സന്ദേശങ്ങള്‍ നല്‍കിയ അദ്ദേഹം ആയിരക്കണക്കിന് ആളുകള്‍ പിഷകിന്റെ വഴിയും ബോധവും വലിച്ചെറിഞ്ഞ് ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് ശരീരവും മനസ്സും കയറ്റിവെക്കാന്‍ കാരണമായി. നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയ അദ്ദേഹത്തിന് 1986-ല്‍ ലഭിച്ച മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ പുരസ്‌കരാമായ കിംഗ് ഫൈസല്‍ അവാര്‍ഡ് തന്റെ ഇസ്‌ലാമിക സേവനത്തിനുള്ള ദുനിയാവിലെ സമ്മതങ്ങളുടെ ആമുഖമായിരുന്നു. അതിലെ മുഴുവന്‍ തുകയും സൗജന്യമായി ഖുര്‍ആന്‍ പരിഭാഷ വിതരണത്തിന് നീക്കിവെക്കാന്‍ മുന്നോട്ടുവന്ന ദീദാത്ത് കത്തുന്ന വിളക്കിന്റെ വെളിച്ചവും എണ്ണയും തീരാതിരിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണ സംവാദങ്ങള്‍ സൗജന്യമായി വിവിധ നാടുകളിലേക്ക് എത്തിക്കല്‍ ഒരു അജണ്ടയായി നടപ്പില്‍ വരുത്തിയ ദര്‍ബനിലെ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ ഇന്റര്‍നാഷണല്‍ തന്റെ നായകത്വത്തിലുള്ളതായിരുന്നു. അതിന്റെ സ്ഥാപകാംഗവും ആജീവനാന്ത പ്രസിഡണ്ടുമായിരുന്നു ദീദാത്ത്. തന്റെ ശേഷവും ഇസ്‌ലാമിക ചലനങ്ങള്‍ ചടുലമായി തുടരണമെന്ന് ദീര്‍ഘലക്ഷ്യത്തോടെ പ്രബോധകരെ വളര്‍ത്തിയെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം ആരംഭിച്ച അസ്സലാം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്നും അഭിമാനകരമായ മുന്നേറ്റം കാഴ്ചവെക്കുന്നു. അതിന്റെ കീഴിലെ പള്ളിയടക്കമുള്ള കെട്ടിടങ്ങള്‍ തന്റെയും കുടുംബത്തിന്റെയും ചെലവിലാണ് നിര്‍മിച്ചതെന്ന് വരുമ്പോള്‍ നിസ്വാര്‍ത്ഥമായ നീക്കങ്ങള്‍ക്ക് കാത്തുനില്‍ക്കുന്ന പടച്ചവന് സംതൃപ്തി തോന്നിയിരിക്കും. മതത്തിനുവേണ്ടി ജീവിക്കലും ജീവിക്കാന്‍ മതത്തെ ഉപയോഗിക്കലും രണ്ടാണെന്ന് പഠിപ്പിക്കുകയാണ് ദീദാത്ത്. എവിടെയും സ്വന്തം ലാഭങ്ങള്‍ക്ക് മതം വ്യവസായമാക്കുന്നവരിലൂടെ തനിക്കുള്ളത് തടിച്ചുകൊടുക്കുകയും മതം ക്ഷയിച്ച് ചുരുങ്ങുകയുമാണല്ലോ. ഏതുകാലത്തും ഇഖ്‌ലാസ് ജീവിക്കുന്ന ജയമാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ദീദാത്തിന്റെ ജീവിതം. ഈ ഉമ്മത്തില്‍ ഇങ്ങനെ വേറിട്ട ദഅ്‌വത്തിന്റെ മാര്‍ഗം അതിവിശാലമായി തുറന്നിട്ട അദ്ദേഹത്തെ ഇന്നും അറിഞ്ഞവരില്‍ അറിയാന്‍ വൈകി എന്ന ഒരു വിളി ഉയരുന്നത് പുതിയ കാലത്തെ ബഹളമുഖങ്ങള്‍ക്ക് കൃത്യമായ തിരുത്താകുന്നുണ്ട്. പഠിച്ചവരെ പോലും വിലകുറഞ്ഞ അടവില്‍ പിടിച്ചുകൊണ്ടുപോകുന്ന ഈ കുരിശുവ്യാപനം സാധാരണ മുസ്‌ലിംകള്‍ കഴുത്തിലും ഖല്‍ബിലും കുരിശ് ചുമക്കുന്ന അവസ്ഥ വരെയെത്തിരുന്നു. ഇവിടെ കുരിശ് ക്രൂരമോ സ്‌നേഹമോ എന്ന് വ്യക്തമാക്കുന്ന ധീരയത്‌നങ്ങള്‍ നടത്തിയ ദീദാത്ത് കുനിയുകപോലും വേണ്ടാതിടത്ത് മുട്ടിലിഴയുന്ന സ്ഥിതിയില്‍നിന്ന് മുസ്‌ലിംകളെ രക്ഷിക്കുന്ന മോചകനായി. അങ്ങനെ കുരിശുവഴിയുടെ അപഹരിച്ചതോ അനര്‍ഹമായി കൊണ്ടുനടക്കുന്നതോ ആയ സ്‌നേഹമുഖം യഥാര്‍ത്ഥ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു ശൈഖ് ദീദാത്ത്(റ). മിഷണറിമാര്‍ നിലനില്‍പ്പിനുവേണ്ടി വഴിമാറി നടന്നപ്പോള്‍ അവരെ നിലക്കുനിര്‍ത്തുക എന്ന പരാജയം സമ്മതിപ്പിക്കല്‍ കൂടിയാവുകയായിരുന്നു. ഇസ്‌ലാമികമായതെല്ലാം കുടഞ്ഞ് കുരിശ് മതത്തിലേക്ക് മാമോദീസ മുക്കിയെടുക്കാന്‍ വന്ന മിഷണറിമാരൊക്കെ എല്ലാവര്‍ക്കുംവേണ്ടി വെയിലും വേദനയും സഹിക്കാനും വിയര്‍ക്കാനും ഒരുക്കമുള്ള സ്‌നേഹത്തിന്റെ മതമാണിതെന്നാണല്ലോ പറഞ്ഞുനടന്നത്. നമുക്ക് ബലിപെരുന്നാള്‍ ആഘോഷിക്കാം, വിഷു ആഘോഷിക്കാം, ഈസ്റ്ററും ക്രിസ്തുമസ്സും ആഘോഷിക്കാം. ക്രിസ്തുമതം മതേതരത്വത്തിന്റെയും സ്‌നേഹത്തിന്റെയും മതമാണ്. (കുരിശു വരക്കുന്ന ഗ്രാമങ്ങള്‍, ഡോ. പി.എ. ദസ്തകീര്‍, പു. 54) ഒഴുക്ക് ഏറിയ ഈ സ്‌നേഹച്ചോലയില്‍പെട്ടവരെ പിന്നെ ചര്‍ച്ച് വിഴുങ്ങലാണ് പതിവ്. ഏതുനിലക്കും അഭിമാനകരമായ വഴിയും വീക്ഷണവുമുണ്ടായിരുന്നവര്‍ അതോടെ എല്ലാതും അപഹരിക്കപ്പെട്ടവരാകുന്നു. പൗലോ കൊയ്‌ലോ സഹീറില്‍ പ്രതിപാദിക്കുന്ന ഞങ്ങളുടെ കടലും അവര്‍ മുരുഭൂമിയാക്കി എന്നു പറയേണ്ട അവസ്ഥ വരെ കാര്യം എത്തുകയാണ്. ഇതിനെതിരെ ഇസ്‌ലാമിന്റെ സൗന്ദര്യവും പ്രകടമാക്കി നമുക്ക് നഷ്ടപ്പെട്ട ദഅ്‌വ രീതി തിരിച്ച് കൊണ്ടുവന്ന ദീദാത്ത്(റ) മിഷണറിമാരെ പിന്തള്ളാന്‍ ഊക്കുള്ള ശക്തമായ ഇസ്‌ലാമിക മിഷണറി പ്രസ്ഥാനത്തിന് രൂപം നല്‍കി. ചിട്ടയായ അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി മുന്നേറി. ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് മുസ്‌ലിം ലോകത്തിന്റെ യശസ്സുള്ള പുതുലോകപ്പിറവി നിര്‍മിച്ചെടുത്ത ശൈഖ് അഹ്മദ് ദീദാത്ത് വെളിച്ചവും തണലും തന്ന് മാതൃകയുടെ മിനാരം പണിതിരിക്കുന്നു. ഭൂമിയില്‍ 87 വര്‍ഷം ജീവിച്ച അദ്ദേഹത്തിന്റെ (2005 ഓഗസ്റ്റ് 9 ചൊവ്വ, 1426 റജബ് 4) വിയോഗം ദുഃഖവും സന്തോഷവും വിശേഷണമാകുന്ന രണ്ടു കരച്ചില്‍ ലോകത്ത് സൃഷ്ടിച്ചിരിക്കും. ലോക മുസ്‌ലിംകള്‍ക്ക് തറവാട്ടുകാരണവരായി ജ്വലിച്ച നെഞ്ചൂക്കുള്ള ഈ നാഥന്‍ നഷ്ടപ്പെട്ടതില്‍ അവര്‍ കണ്ണു കലങ്ങി വിതുമ്പിയിരിക്കും. മനസ്സും ശരീരവും മറച്ചുപിടിച്ച കപടത മാന്തി പുറത്തുകാണിച്ച ദീദാത്ത് കുരിശു മിഷണറിമാര്‍ക്ക് അസ്വസ്ഥവും ആഘാതവുമായിരുന്നല്ലോ? അവരെ ആ വിയോഗം ആശ്വാസത്തിന്റെ കരച്ചിലിലേക്ക് തള്ളിയിട്ടിരിക്കും. ദീദാത്തിന്റെ വിയോഗത്തിന് നാലു ആണ്ടു തികയുന്ന ഈ കാലത്ത് കൂടെ നിന്നു കൊണ്ടുപോകുന്ന കുരിശു ശീലം തിരിച്ചുവരുന്നത് കാണാതിരുന്നുകൂടാ. വെച്ചൊപ്പിച്ച ചിറകില്‍ വീണ്ടും ഉയര്‍ന്നുപറക്കാന്‍ അണിയറയില്‍ കോപ്പുകൂട്ടുന്നുവെന്ന് നാം തിരിച്ചറിയണം. ആശയമില്ലാത്തവര്‍ ആകാശത്തിനു താഴെ നിലയുറപ്പിക്കാന്‍ അരുതാത്ത അഭയസ്ഥാനങ്ങള്‍ തേടുമ്പോള്‍ ആ വലിയ മനുഷ്യന്റെ വഴിയില്‍ ഇനിയും കാല്‍പെരുമാറ്റമുണ്ടാവണം. ലോകത്തിന്റെ ആദ്യം മുതല്‍ ഇന്നുവരെ പകരംവെപ്പുകള്‍ ഒന്നും പൂര്‍ണമായിട്ടില്ലെന്ന സത്യമുണ്ടെങ്കിലും മഹാനായ ദീദാത്തിന്റെ ആത്മാവ് ഇങ്ങനെ വിളിച്ചുപറയുന്നുണ്ടാവും. ചരിത്രം നല്ല ജീവിതങ്ങളുടെ ആവര്‍ത്തനമാണ്. ജീവിക്കുന്നവന്റെ ഊര്‍ജ്ജവും മരിച്ചവന്റെ സ്മാരകവുമാണ്.
ഉമര്‍ റഹ്മാനി പുല്ലൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter