അല്‍ബിറൂനി
 width=മധ്യകാലത്ത് പ്രകൃതി ശാസ്ത്രരംഗത്ത് വന്‍ സംഭാവനകള്‍ നല്‍കിയ മുസ്‌ലിം ശാസ്ത്ര വിശാരദനാണ് അല്‍ബിറൂനി. മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബിറൂനി എന്നു പൂര്‍ണ നാമം. 973 ല്‍ അഫ്ഗാനിലെ ഖവാറസ്മിനടുത്ത് ജനിച്ചു. ഗണിതശാസ്ത്രം, ഗോളശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ നല്ല കഴിവുണ്ടായിരുന്ന അദ്ദേഹം അതില്‍ അനവധി ഗ്രന്ഥ രചനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, തുര്‍ക്കി, സിറിയക്, ഹിബ്രു, സംസ്‌കൃതം, അറബി തുടങ്ങിയ ഭാഷകളിലും അദ്ദേഹം വ്യുല്‍പത്തി നേടിയിരുന്നു. പക്ഷെ, ഇസ്‌ലാമിക നാഗരികതയുടെ വളര്‍ച്ചാ ഘട്ടത്തില്‍ അനിവാര്യതയായി മാറിയ ഗ്രീക്ക് ഭാഷയില്‍ കഴിവുണ്ടായിരുന്നില്ല.
ഗോളശാസ്ത്രത്തില്‍ പാശ്ചാത്യലോകത്തെ പോലും അമ്പരപ്പിച്ച അനവധി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അല്‍ബിറൂനി. 1030 ല്‍ രചിക്കപ്പെട്ട ഖാനൂനുല്‍ മസ്ഊദി ഫില്‍ ഹൈഅത്തി വന്നുജൂം എന്ന ഗ്രന്ഥം ഈ മേഖലയിലെ അദ്ദേഹത്തിന്റെ അതി മഹത്തായ സംഭാവനയാണ്. അന്നത്തെ ഭരണാധികാരി അല്‍ മസ്ഊദിക്കാണ് ഈ കൃതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വാനലോകത്തെ അതിഗഹനമായി പഠനവിധേയമാക്കുന്ന ഈ കൃതി യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍വരെ പഠിപ്പിക്കപ്പെട്ടിരുന്നു.
മഹ്മൂദ് ഗസ്‌നി ഇന്ത്യ കീഴടക്കിയപ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ച മഹാന്മാരില്‍ ഒരാളായിരുന്നു അല്‍ ബിറൂനി. ഇവിടെനിന്നും ഹൈന്ദവ ദര്‍ശനങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം ഇവിടത്തെ തന്റെ അനുഭവങ്ങളും പഠനങ്ങളും സമാഹരിച്ച് അല്‍ ഹിന്ദ് എന്ന പേരില്‍ ഒരു ഗ്രന്ഥമെഴുതി. ഹൈന്ദവ വിശ്വാസങ്ങളും അനുവര്‍ത്തന-അനുഷ്ഠാന മുറകളും സവിശദം പ്രതിപാദിക്കുന്ന ഈ കൃതിയില്‍ ഇന്ത്യ, പാക്കിസ്താന്‍ പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര വിശേഷങ്ങള്‍ അതീവ സൂക്ഷ്മമായിതന്നെ വിവരിക്കുന്നുണ്ട്. അനവധി പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇതിന്റെ രചന പൂര്‍ത്തിയാക്കിയിരുന്നത്.
പ്രകൃതിയെ വല്ലാതെ സ്‌നേഹിച്ച അല്‍ബിറൂനി ഒരു നാച്വറല്‍ സയന്റിസ്റ്റ് കൂടിയായിരുന്നു. പ്രകൃതി നിരീക്ഷണത്തില്‍ ആനന്ദം കണ്ടെത്തിയ അദ്ദേഹം പല വിധ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും പഠനം നടത്തി.  ആകാശ രാശികളെ കുറിക്കുന്ന രാശി ചിത്രപ്രഭയും വേലിയേറ്റ-വേലിയിറക്ക സംബന്ധമായ മാറ്റങ്ങളും അദ്ദേഹം പഠിച്ചു. വസന്ത കാലങ്ങളില്‍ ജലാശയങ്ങളിലെ വെള്ളം വര്‍ദ്ധിക്കുന്നതിന്റെ കാരണവും അദ്ദേഹത്തിന്റെ നിരീക്ഷണ വിഷയമായിരുന്നു. കൂടാതെ, സിന്ധുനദീതടം ആദ്യം സമുദ്രത്തിന്റെ ഭാഗമായിരുന്നുവെന്നും ക്രമേണ ജലപ്രവാഹം ദിശമാറി തീരം ജന്മമെടുത്തതാണെന്നും അദ്ദേഹം തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിച്ചു. ചോദ്യോത്തര ശൈലിയില്‍ രചിക്കപ്പെട്ട തന്റെ കിത്താബുത്തഫ്ഹീം ലി അവാഇലി സ്സ്വിനാഅത്തി ത്തന്‍ജീം എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ഇത്തരം ആശയങ്ങള്‍ പുറത്തു വിടുന്നത്.
ഊര്‍ജതന്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവയായിരുന്നു അല്‍ബിറൂനിയുടെ പഠനങ്ങളും ചിന്തകളും കടന്നുപോയ മറ്റു മേഖലകള്‍. ഈ വിഷയങ്ങളിലും അദ്ദേഹത്തിന്റെ രചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ പല സ്ഥലങ്ങളിലൂടെ അദ്ദേഹം നടത്തിയ പഠന യാത്രകളായിരുന്നു ഇവക്കെല്ലാം സ്രോതസുകളായി വര്‍ത്തിച്ചിരുന്നത്. ധാതുഖനന സംബന്ധമായും അദ്ദേഹം രചനകള്‍ നടത്തി. ഒരേ സമസയം വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ അഗാധമായ ജ്ഞാനമുള്ള പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഭൂമി സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നിനെക്കുറിച്ചും ഭൂമിയുടെ അക്ഷാംശ-രേഖാംശങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പഠനങ്ങള്‍ വളരെ കൃത്യമായിതന്നെ വിവരം നല്‍കുന്നുണ്ട്.
അല്‍ ഖാസിനീസ് മീസാനുല്‍ ഹികം എന്ന കൃതിയിലൂടെ പല വിധ ലോഹങ്ങളെക്കുറിച്ചും പ്രകൃതിയിലെ രത്‌നങ്ങളെക്കുറിച്ചും വിവരം നല്‍കുന്നു. വര്‍ഷങ്ങളോളം ഇന്ത്യയില്‍ തങ്ങി പഠനം നടത്തിയ അദ്ദേഹം ഒരു ശാസ്ത്ര കാരന്‍ എന്നതിലുപരി ഒരു പണ്ഡിതനും പണ്ഡിതസ്‌നേഹിയും തികഞ്ഞ ഭക്തനുമായിരുന്നു. വിവിധ മേഖലകളിലായി 120 ലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അല്‍ അമലു ബില്‍ അസ്തുര്‍ലാബ്, മഫാതീഹു ഇല്‍മില്‍ ഹൈഅ, അദ്ദസ്തൂര്‍ തുടങ്ങിയവ സുപ്രധാനമായ ചില രചനകളാണ്.
ഡോ. സാര്‍ട്ടണ്‍ന്റെ ഭാഷയില്‍ ഗവേഷകനും ദാര്‍ശനികനും ഗണിതജ്ഞനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു അല്‍ ബിറൂനി. മുസ്‌ലിം പണ്ഡിത നിരയില്‍ സമ്മുന്നതമായ ഒരു സ്ഥാനം തന്നെ അദ്ദേഹം അലങ്കരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter