The First Muslim; മുഹമ്മദ് നബിയെ കുറിച്ച് ജൂതന്‍റെ പുസ്തകം. ഗ്രന്ഥകര്‍ത്താവുമായി അഭിമുഖം
The First Muslim: The Story of Muhammad. മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് ജൂതനും മിഡിലീസ്റ്റ് റിപ്പോര്‍ട്ടറുമായ Lesley Hazleton തയ്യാറാക്കിയ ഗ്രന്ഥം. Riverhead Books  ആണ് പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത്. മുഹമ്മദ് നബിയെ കുറിച്ച് മുമ്പും പുസ്തക രചന നടത്തിയിട്ടുണ്ട് നിരവധി ആഗോളമാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യമായ Hasleton. പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തെയും പശ്ചാത്തലത്തെയും കുറിച്ച് ആര്‍.ഡി മാഗസിന് അനുവദിച്ച അഭിമുഖം. പ്രസക്തഭാഗങ്ങളുടെ വിവര്‍ത്തനം.  width=The First Muslim ന് പിന്നിലെ സാഹചര്യം എന്തായിരുന്നു? പ്രധാനമായും നിരാശ തന്നെ. ഞാന്‍ നേരത്തെ After the prophet എന്ന പുസ്തകം എഴുതിയപ്പോള്‍ അതിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ വായിച്ചിരുന്നു. അവയെല്ലാം ഏറെ അറിവുകള്‍ മുഹമ്മദ് നബിയെ കുറിച്ച് പങ്കുവെക്കുന്നുവെന്നത് ശരി തന്നെ. എന്നാല്‍ നബിയെന്ന് വ്യക്തിത്വത്തിന്റെ യാഥാര്‍ഥ്യം തുറന്ന് കാട്ടുന്നതിന്, അത്യാവശ്യമായും പരാമര്‍ശിക്കേണ്ട ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചു കണ്ടില്ല. മാത്രമല്ല, അവയെല്ലാം വിഷയാവതരണത്തിന് സമാനവും സാമ്പ്രദായികവുമായ ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. അങ്ങനെയാണ് കുറച്ച് പ്രയാസമേറിയതാണെങ്കിലും ഇത്തരമൊരു ശ്രമവുമായി മുന്നോട്ട് വരാന് തീരുമാനിച്ചത്. പ്രവാചകന്‍റേത് വിചിത്രമായൊരു ജീവിതകഥയാണ്. അവഗണിക്കപ്പെട്ട ഒരു അനാഥ ഒരു ജനനായകനാകുന്നതിന്‍റെ കഥയാണത്. പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിപ്പെട്ടവന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരാളായി പില്‍ക്കാലത്ത് മാറുന്ന അവിശ്വസനീയമായ കഥ. എല്ലാത്തിലുമുപരി, ഇവയുടെ തത്വവും പ്രയോഗവും തമ്മലുള്ള, വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള, സംഘര്‍ഷം ഈ വിഷയങ്ങളുടെ തുടര്‍ച്ചയെ കൂടുതല്‍ നാടകീയമാക്കുന്നു. വിഷയാവവതരണത്തിന് അവലംബിച്ചിരിക്കുന്ന രീതി? നബിയിലെ സങ്കീര്‍ണവും ബഹുമുഖവുമായ വ്യക്തിത്വത്തെ മനസ്സിലാക്കാനായിരുന്നു ഈ പുസ്തകത്തിലൂടെ ശ്രമിച്ചത്. കടുത്ത ആദരവോടെയോ അല്ലെങ്കില് മുന്‍വിധിയോടെയോ മാത്രം നബിയെ മനസ്സിലാക്കിവന്ന നിലവിലെ ദ്വിമുഖമായ പഠന രീതിയില്‍ നിന്ന് ഭിന്നമായ ഒരു വായന. മക്കയിലും മദീനയിലും അവിടന്ന് ജീവിച്ചു തീര്‍ത്ത ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെയും ജൈവികതയോടെയും പകര്‍ത്താനാണ് എന്‍റെ ശ്രമം. പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം ഇസ്ലാം അവിടത്തെ മാധ്യമങ്ങളിലെ നിത്യാവര്‍ത്തകളില്‍ പെട്ട ഒരു ഇനമാണ്. എന്നിട്ടും യഥാര്‍ഥ ഇസ്‌ലാമിനെ എന്തുമാത്രം ലഘുവായിട്ടാണ് പാശ്ചാത്യകാര്‍ മനസ്സിലാക്കിയിരിക്കുന്നതെന്ന ചിന്ത എന്‍റെ ദുഖിപ്പിക്കാതിരുന്നില്ല. മനുഷ്യനായ പ്രവാചകന്‍ ലോകത്തായെ മാറ്റി. ഇപ്പോഴും ആ പരിവര്‍ത്തനത്തിന്റെ തുടര്‍ച്ച നമ്മുടെ ചുറ്റിലും നടകന്നു. അതു കൊണ്ട് തന്നെ മുഹമ്മദ് നബിയെ കുറിച്ചുള്ള സാമ്പ്രദായികമായ അഭിപ്രായരീതികള്‍ക്കും ചിന്താസ്വഭാവങ്ങള്‍ക്കും ബദല്‍ രൂപീകരിക്കേണ്ടിയിരിക്കുന്നുവെന്ന ബോധം എന്നില്‍ ശക്തിപ്പെട്ടു വന്നു. മുഹമ്മദ് നബിയെ കുറിച്ച് നിലവിലുള്ള പ്രധാനപ്പെട്ട തെറ്റുധാരണകള്‍ എന്തെല്ലാമാണ്? പ്രധാനമായും പ്രചാരത്തിലുള്ള രണ്ട് വാദഗതികളെ നമുക്ക് പരിശോധിക്കാം. ഒന്നാമത്തെത് പ്രവാചകന് നിരവധി സ്ത്രീകളെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ തെറ്റുധാരണ പ്രവാചന്‍ ഒരു യുദ്ധക്കൊതിയനായിരുന്നുവെന്ന തരത്തിലുള്ളതാണ്. ആദ്യത്തേതിലേക്ക് വരാം. പ്രഥമഭാര്യ ഖദീജബീവിയുമായി 24 വര്‍ഷത്തെ ദാമ്പത്യജീവിതം പ്രവാചകന്‍ നയിക്കുന്നുണ്ട്. ഖദീജബീവിയുടെ മരണം വരെ ആ ബന്ധം തുടരുന്നുമുണ്ട്. അക്കാലത്തൊന്നും പ്രവാചകന് മറ്റു ഭാര്യമാരുണ്ടായിരുന്നില്ല. ഒമ്പത് ഭാര്യമാരുമായി പ്രവാചകന്‍ നടത്തിയ വിവാഹവും അവിടത്തെ ഡിപ്ലോമസി (നയതന്ത്രം)യുടെ ഭാഗമായി ചെയ്തതാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്. അക്കാലങ്ങളിലെ ഏതൊരു രാഷ്ട്രീയ നേതാവിന്‍റെയും രീതിയുമായിരുന്നത്. അതിലുപരി എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. പ്രഥമഭാര്യയില്‍ നാലുപെണ്ണും ഒരാണുമായി അഞ്ചു കുഞ്ഞുങ്ങളുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാല ഭാര്യമാരിലൊന്നും പ്രവാചകന് കുഞ്ഞുങ്ങളില്ല തന്നെ. ഇനി യുദ്ധക്കൊതിയനെന്ന ആരോപണം നോക്കാം. പ്രവാചകത്വത്തിന്‍റെ തുടക്കത്തിലെ പന്ത്രണ്ട് വര്‍ഷക്കാലം ഒരര്‍ഥത്തില്‍ ഗാന്ധിയന്‍ തത്വമായിരുന്നു അവിടന്ന് സ്വീകരിച്ചിരുന്നത്; അക്കാലങ്ങളില്‍ നടന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരില്‍ അഹിംസയുടെയും സഹനത്തിന്റെയും പാതയാണ് അവിടന്ന് സ്വീകരിച്ചത്. അങ്ങനെയാണ് മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വരെ വരുന്നത്. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ആ വര്‍ഷങ്ങളിലാണ് പ്രവാചന്‍ സായുധമായ പോരാട്ടവുമായി രംഗത്തുവരുന്നത്, ഒരു പക്ഷേ പുറത്താക്കപ്പെടലിന്റെ മനശാസ്ത്രം കൂടി നമ്മളിവിടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് ഏറെ വിജയകരവുമായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കകം പ്രവാചകന്‍ മക്കയിലേക്ക് അജയ്യനായി തിരിച്ചുവരികയും അവിടം കീഴടക്കുകയും ചെയ്തുവെന്ന് ചരിത്രം. അപ്പോള്‍ പോലും ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനാണ് അവിടുന്ന് ശ്രമിക്കുന്നതെന്ന് കാണാം. മുഹമ്മദ് നബിയെ കുറിച്ചുളള എന്തെങ്കിലും കാര്യങ്ങള്‍ മനപൂര്‍വം രചനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ? പല ഗ്രന്ഥങ്ങളിലും ചില ഭാഗങ്ങള്‍ മനപൂര്‍വം ഒഴിവാക്കപ്പെടുന്നതായി കാണുന്നുണ്ട്. മദീനയിലെ ജുതരുമായി പ്രവാചകന്റെ ബന്ധം വഷളാകുന്നതിനെ കുറിച്ച് പ്രത്യേകിച്ചും, പലേടത്തും പരാമര്‍ശിക്കുന്നില്ല. വ്യക്തിപരമായി ഞാനും ഒരു ജൂതമതവിശ്വാസിയായതിനാല്‍ ഇക്കാര്യത്തെ കുറിച്ചെഴുതെന്ന് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാലും ഒരു വിഷയത്തോട് നീതി പാലക്കണമെങ്കില്‍ അതുസംബന്ധമായ മുഴുവന് ‍കാര്യങ്ങളും പറയണമല്ലോ. സാധ്യമായ അത്ര കൃത്യമായി ജീവിതം അടയാളപ്പെടുത്തുകയാണല്ലോ ഒരു ജീവചരിത്രകാരന്‍റെ കടമ തന്നെ. യാഥാര്‍ഥ്യവുമായി കൂട്ടിയിണക്കി കാര്യങ്ങളെ പൂര്‍ണമായി വിശദീകരിക്കുമ്പോള്‍ മാത്രമെ, കൈകാര്യം ചെയ്യുന്ന വിഷയവുമായി നിങ്ങള്‍ക്ക് നീതി പുലര്‍ത്തനാകൂ. ഈ പുസ്തകത്തിന് ഇപ്പോള് The First Muslim എന്നാണ് നാമകരണം നടത്തിയിരിക്കുന്നത്. മറ്റേതെങ്കിലും പേരിടുകയായിരുന്നുവെങ്കില്.... ? Seeing Muhammad Whole എന്നോ A Man in Full എന്നോ മറ്റോ പേരിടാം. പക്ഷേ, ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖുര്‍ആന്‍ മൂന്ന് പ്രവശ്യമെങ്കിലും മുഹമ്മദ് നബിയോട് ആവശ്യപ്പെടുന്നുണ്ട്, സ്വന്തത്തെ പ്രഥമമുസ്‌ലിമെന്ന് വിളിക്കാന്‍. അതു കൊണ്ട് ഈ പുസ്തകത്തിന്റെ പേര് The First Muslim ആകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വായിക്കുന്നവര്‍ക്ക് പ്രത്യകമായി വല്ല സന്ദേശവും? സത്യം പറയാമല്ലോ. ഇതൊരു സന്ദേശം കൈമാറാനുള്ള പുസ്തകമല്ല. കാരണം ഞാനീ വിഷയത്തെ സമീപിക്കുന്നത് തന്നെ സംശയത്തോടെയായിരുന്നു. ഇതിനെ വേണമെങ്കില്‍ സംശയാലു ആയ ഒരാള്‍ നബിയെ കുറിച്ചെഴുതിയ ജീവിതകഥ എന്ന് വിളിക്കാം. അതു കൊണ്ട് തന്നെ മുഹമ്മദ് നബിയെ തിന്മയുടെ അവതാരമായി മാത്രം മനസ്സിലാക്കിയവര്‍ക്ക്, ഒരുപക്ഷേ, നന്മയുടെ പ്രതീകമായി മാത്രം ചിന്തിക്കുന്നവര്‍ക്ക് പോലും, ഈ പുസ്തകം അത്ര പെട്ടെന്ന ദഹിച്ചു കൊള്ളണമെന്നില്ല. പക്ഷേ, സാമൂഹിക സമത്വത്തിന് വേണ്ടി പ്രവാചകന്‍ നടത്തിയ സമരങ്ങള്‍ വായനക്കാരെ അത്ഭുതപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. അഴിമതിക്കും അത്യാര്‍ത്തിക്കുമെതിരെ അദ്ദേഹം എന്നും ശബ്ദിച്ചു. ഏകത്വത്തിന് വണ്ടിയുള്ള- സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും- നബിയുടെ ശ്രമങ്ങളും ഏറെ വിജയം കണ്ടു. ഈ സത്യങ്ങളെല്ലാം ഉള്‍ചേര്‍ന്നാണ് ഇസ്‌ലാമിന്‍റെ പൊതുസ്വഭാവം രൂപപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter