ഇറാഖിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ചില വിശേഷങ്ങള്‍
പതിമൂന്നോ പതിനാലോ വയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചു ബാലനാണ് ഇബ്രാഹീം. ഓടിച്ചാടി നടക്കേണ്ട പ്രായം. വെള്ളപ്പാത്രം എനിക്ക് നേരെ നീട്ടി കിട്ടാവുന്ന ഇംഗ്ലീഷില്‍ അവന്‍ തപ്പിപ്പിടിച്ചു സംസാരിക്കാന്‍ തുടങ്ങി. ഇബ്രാഹീമിനെ പോലെയുള്ള പതിനാലായിരം സിറിയന്‍ അഭയാത്ഥികളാണത്രെ ഈ ക്യാമ്പില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത്. സന്നദ്ധ സംഘടനകളുടെ ചെറിയ ചെറിയ സഹായങ്ങളാണ് ജീവിതത്തില്‍ ഇപ്പോഴിവരുടെ കൈത്താങ്ങ്.
എന്നാലും ഈ ക്യാമ്പിലെ മുഴുവന്‍ താമസക്കാരിലും പൊതുവായി കാണപ്പെടുന്ന ഒരു വിശേഷ സ്വഭാവം ഈ കൊച്ചു കുട്ടിയിലും ഞാന്‍ ശ്രദ്ധിച്ചു. അവന്‍ എനിക്കു നേരെ നീട്ടിയ വെള്ളപ്പാത്രം അവന്‍ പ്രതിനിധീകരിക്കുന്ന സംസ്‍കാരത്തിന്റെ പ്രതീകമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഏതു ഇല്ലായ്‍മയിലും അതിഥിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും സല്‍കരിക്കുകയും ചെയ്യണമെന്ന് പഠിപ്പിക്കുന്ന ഒരു സംസ്‍കാരം. ഇബ്രാഹീമിനെ സംബന്ധിച്ചിടത്തോളം ഞാനൊരു അതിഥിയായിരുന്നു.
“വെല്‍ക്കം, വെല്‍ക്കം” അറിയാവുന്ന ഇംഗ്ലീഷില്‍ അവനെന്നെ സ്വാഗതം ചെയ്തു കൊണ്ടിരുന്നു.
അവന്‍ നീട്ടിപ്പിടിച്ച വെള്ളപ്പാത്രം വാങ്ങി ഞാന്‍ ‘താങ്ക് യൂ’ പറഞ്ഞു. അപ്പോള്‍ അവന്റെ മുഖത്ത് നിഷ്‍കളങ്കമായ പുഞ്ചിരിയുടെ മിന്നലാട്ടം. മുറിയന്‍ ഇംഗ്ലീഷില്‍ ഞങ്ങള്‍ രണ്ടു പേരും കുറച്ചു നേരം സംസാരിച്ചിരുന്നു. ഫുട്‍ബോളായിരുന്നു വിഷയം.
അവന്റെ മഹാമനസ്‍കത കാരണം ഞാന്‍ ഏറെ വിനയാന്വിതനും അത്ഭുത പരതന്ത്രനും ആകുമായിരുന്നു. പക്ഷേ അതൊന്നുമുണ്ടായില്ല. കൌതുകത്തിനും സഹതാപത്തിനും അപ്പുറമുള്ള എന്തോ വികാരമാണ് എനിക്കപ്പോള്‍ അനുഭവപ്പെട്ടത്. ശരിക്കുംപറഞ്ഞാല്‍ ഞാന്‍ ലജ്ജിക്കുകയായിരുന്നു. ഇത്ര കഠിനമായ ചുറ്റുപാടില്‍ അവന്ന് ജീവിക്കേണ്ടി വന്നല്ലോ എന്നോര്‍ത്താണ് എനിക്ക് ലജ്ജ തോന്നിയത്. ഇബ്രാഹീമിനെ പോലെയുള്ള നിരവധി കുട്ടികളെ ഇളംപ്രായത്തിലേ ദുരന്തമുഖത്ത് ഉപേക്ഷിച്ച് സിറിയയിലെ ആഭ്യന്തര യുദ്ധം നീണ്ടു പോവുന്നത് നടുക്കമുണ്ടാക്കുകയാണ്.
ക്യാമ്പിലെ ജീവിതം കൂടുതല്‍ ദൂരിതപൂര്‍ണമാവുന്ന നാളുകളായിരിക്കം ഇനി. ശൈത്യ കാലം അടുത്തെത്തിയിരിക്കുന്നു. കനത്ത മഞ്ഞും മഴയുമൊക്കെയായി പരീക്ഷണങ്ങളുടെ ദിവസങ്ങളാണ് വരാനിരിക്കുന്നത്.
തണുത്തു വിറക്കുന്ന കൂടാരങ്ങള്‍
ശൈത്യ കാലത്തെ നേരിടാന്‍ തക്ക സജ്ജീകരണങ്ങള്‍ ക്യാമ്പിലൊരുക്കാന്‍ സഹായ സംഘടനകള്‍ ശ്രമിച്ചു വരുന്നുണ്ട്. വെള്ളം ഒഴുകിപ്പോവാനുള്ള ചാലുകള്‍ കീറുകയും ടെന്റുകളില്‍ പുതിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ മേയുകയും കമ്പിളി വസ്‍ത്രങ്ങള്‍ വിതരണം നടത്തുകയും ചെയ്‍തിട്ടുണ്ട്.
പക്ഷേ, തമ്പ് ഒരുക്കുന്നത് ഒരു വിഭാഗവും അവിടെ താമസിക്കേണ്ടത് മറ്റൊരു വിഭാഗവുമാണ്. സന്നദ്ധ പ്രവര്‍ത്തകരും ജേര്‍ണലിസ്റ്റുകളും രാഷ്ടീയ നേതാക്കളും വൈകുന്നേരമായാല്‍ സ്വന്തം വീടുകളിലേക്ക് മടങ്ങും.രാത്രി സമയങ്ങളില്‍ കിഴക്ക് വെള്ള കീറും വരെ മജ്ജ മരവിപ്പിക്കും വിധം വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് ടെന്റുകളില്‍ കിടന്നുറങ്ങാന്‍ നമ്മളാരുമുണ്ടാവില്ല. ദുര്‍ഗന്ധം വമിച്ച് മാലിന്യം നിറഞ്ഞൊഴുകുന്ന ഒരൊറ്റ കക്കൂസിന് മുന്നില്‍ ഇരുപത് പേര്‍ ഊഴം കാത്തു നില്‍ക്കേണ്ട ഗതികേട് നമുക്കില്ല.
സന്നദ്ധ സംഘാംഗങ്ങളെ കുറ്റം പറയാനാവില്ല. അതീവ ദുര്‍ഘടമായ സാഹചര്യങ്ങളെ വകവെക്കാതെ ഇത്രയെങ്കിലും നല്ല കാര്യം ചെയ്യാന്‍ മുന്നോട്ടു വന്നവരാണവര്‍. 14,000 ആളുകള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഉണ്ടാക്കി നടത്തിക്കൊണ്ടു പോവുക എന്നത് നിസ്സാര കാര്യമല്ല.
കഴിഞ്ഞ വേനല്‍ കാലം ഞാനിവിടെ വന്നപ്പോള്‍ ക്യാമ്പിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മാസത്തിനിടയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മാലിന്യം കയറ്റിപ്പോവുന്ന വാഹനങ്ങള്‍..വെള്ളമെടുക്കാനുളള ടാപ്പുകള്‍.. ഒരു ചെറിയ നഗരത്തിന്റെ പ്രതീതി ജനിപ്പിക്കും വിധം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കടകള്‍.. ക്യാമ്പിന്റെ ഒരു വശത്തള്ള കടയില്‍ ഷവര്‍മ കിടന്ന് തിരിയുന്നു. സാന്‍ഡ്‍വിച്ച് വാങ്ങാനായി വരി നില്‍ക്കുന്ന കുട്ടികള്‍ മറ്റൊരു വശത്ത്. കുറച്ചപ്പുറത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് സംഗീതം കാതില്‍ വന്നലക്കുന്നു. ഒരു ഫ്രൂട്ട് വില്‍പനക്കാരന്‍ നിര തെറ്റിയ പഴങ്ങള്‍ ശരിയാക്കി വെക്കുന്നുണ്ട്. എന്നാലും കൂടാരങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ നിങ്ങള്‍ക്കാവില്ല.
ഇതിനിടയിലും ഇവിടെയുള്ള മറ്റു പലരെയും പോലെ ആവാനായിരുന്നു എന്റെ ശ്രമം. ഇത്ര പ്രതിസന്ധി നിറഞ്ഞ സമയത്തും അവരുടെ മുഖത്ത് പുഞ്ചിരിയും പ്രത്യാശയും കാണാം. ക്യാമ്പ് ചുറ്റിനടന്നു കാണുന്നതിനിടെയില്‍ എങ്ങനെയാണ് ഈ കാന്‍വാസ് ടെന്റുകളെ ആളുകള്‍ വീട് പോലെ പരിചരിക്കുന്നതെന്ന് അത്ഭുതത്തോടെ ആലോചിക്കുകയായിരുന്നു ഞാന്‍. ചില ടെന്റുകളുടെ മുന്നില്‍ ചരല്‍ കല്ലുകള്‍ പാകി വെടിപ്പാക്കിയിരിക്കുന്നു. ചിലര്‍ കൂടാരത്തിന് പുറത്ത് സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലായിടത്തും വൈദ്യുതിയുണ്ട്. ധാരാളമാളുകള്‍ ഇവിടെ നിന്ന് പുറംനാടുകളിലേക്ക് ജോലിക്ക് പോയി കുടുംബത്തിലേക്ക് ഇടക്കിടെ പണയമച്ചു കൊടുക്കുന്നു. സാധാരണ ജീവിതത്തിന്റെ അന്തരീക്ഷം നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതൊക്കെ.
പക്ഷേ, വീടിന്റെ എന്തൊക്കെ അനുഭൂതി ഇവിടെ പുനഃസൃഷ്‍ക്കാന്‍ ശ്രമിച്ചാലും ഏതു വിധേനെയുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചാലും അത് കൃത്രിമ ജീവിതമായി ശേഷിക്കും. കാരണം, വിശാലമായ വയലില്‍ വിവിധ സ്വഭാവക്കാരായ ആയിരക്കണക്കന് ആളുകളോട് ഇടകലര്‍ന്നാണിവിടത്തെ താമസം. എന്നാണ് സിറിയയിലെ സ്വന്തം ജന്മദേശത്തേക്ക് തിരിച്ചു പോവുക എന്നതിനെ കുറിച്ച് ഇവര്‍ക്ക് യാതൊരു ധാരണയും ഇല്ല. ഇനി ഒരിക്കലും തിരിച്ചു പോയില്ല എന്നും വരാം.
-ഇമ്രാന്‍ ഖാന്‍
(ബ്ലോഗ്‍സ് അല്‍ജസീറ. കോം)



Leave A Comment