ഈജിപ്ത് കലങ്ങി; ഇസ്റായേലിന് ഇനി തങ്ങളുടെ ജനാധിപത്യത്തെ കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയാമല്ലോ
അത് സൈനിക അട്ടിമറി അല്ലത്രെ! ഈജിപ്തിലെ പട്ടാള അട്ടിമറിയെ ആരും അട്ടിമറിയെന്ന് വിളിക്കാന്‍ ധൈര്യപ്പെടുന്നില്ല. ലോകരാഷ്ട്രീയ ചരിത്രത്തിലാദ്യമാണ് കൃത്യമായി നടന്ന ഒരു പട്ടാളഅട്ടിമറിയെ കുറിച്ച് അട്ടിമറിയല്ലെന്ന് പറയുന്നത്. പിന്നെന്താണത്? ഒരു രാജ്യം മൊത്തം അവിടത്തെ സൈന്യം സ്വന്തമായി ഏറ്റെടുക്കുന്നു. അവിടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനെ അയാളുടെ കീഴിലുള്ള സൈന്യം തന്നെ പുറത്താക്കുന്നു, അധികം കഴിയും മുമ്പ് തടങ്കലിലാക്കുന്നു. നിലവിലുള്ള ഭരണഘടന അസാധുവാക്കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നു. രാജ്യത്തെ തല്സ്ഥാന നഗരിയില്‍ തന്നെ സൈന്യം ആയുധവും ഉപയോഗിക്കുന്നു. എന്നിട്ടും ഈ സംഭവത്തെ പട്ടാള അട്ടിമറിയെന്ന് വിശദീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബാറക് ഒബാമക്ക് ആകുന്നില്ല. എന്തിന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ പോലും പട്ടാളത്തിന്‍റെ ഈ അട്ടിമറിയെ കുറിച്ച് മൌനം പാലിക്കുന്നു! എല്ലാവരുടെയും നാക്കിന്‍ തുമ്പത്ത് നിന്നും അട്ടിമറിയെന്ന് പദം പെട്ടെന്ന് മാഞ്ഞു പോയിരിക്കുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് ഒബാമക്ക് ഈജിപ്തിലെ സംഭവവികാസങ്ങളെ കുറിച്ച് അറിയാഞ്ഞിട്ടാണോ? 2009 ല്‍ ആദ്യമായി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ മുസ്‌ലിം ലോകത്തെ ഒബാമ അഭിസംബോധന ചെയ്തിരുന്നു. അറബ് ലോകത്തെ അഭിസംബോധന ചെയ്ത് പ്രസിദ്ധമായ ആ പ്രസംഗം അദ്ദേഹം നടത്തിയത് ഈജിപ്തില്‍ വെച്ചായിരുന്നു. അന്നദ്ദേഹം പ്രസംഗിക്കാന്‍ എണീറ്റുനിന്ന യൂനിവേഴ്സിറ്റിക്കകത്താണ് കഴിഞ്ഞ ദിവസം 15ഓളം പേര്‍ മരിച്ചു വീണത്, സംഘര്‍ഷത്തിനിടെ.
ലോകശക്തികളുടെ സമീപനത്തിലെ ഈ മാറ്റത്തിന് കാരണമെന്താണ്. പട്ടാളം സ്വന്തമായി അട്ടിമറി നടത്തുന്നതിന് മുന്നെ ഈജിപ്തിലെ ഒരു വിഭാഗം അട്ടിമറി നടത്തണമെന്ന് പട്ടാളത്തോട് ആവശ്യപ്പെട്ടിരുന്നു. അതാണോ ലോകരാജ്യങ്ങള്‍ ഈ അട്ടിമറിയെ ജനാധിപത്യവിരുദ്ധമായി കാണാതിരിക്കാനുള്ള കാരണം? അതോ അട്ടിമറിക്കാര്‍ക്ക് മേല് ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന പൊതുതത്വമാണോ ഈജിപ്തിലെ അട്ടിമറി മനപ്പൂര്‍വം വിസ്മരിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്? പ്രദേശത്തെ തങ്ങളുടെ അടുത്ത സുഹൃത്തായ ഇസ്റായേലിന് കൂടുതല്‍ സഹായകരമാകുക മൂര്‍സിയെ തടങ്കലിലാക്കിയതിന് ശേഷമുള്ള പുതിയ ഈജിപ്താണല്ലോ!
‘ചില ആളുകളുണ്ട്. അവര്‍ അധികാരത്തിന് പുറത്താകുമ്പോള് ജനാധിപത്യത്തെ കുറിച്ച് വാതോരാരതെ സംസാരിച്ചു കൊണ്ടിരിക്കും. അധികാരത്തിന്‍റെ ചെങ്കോല് കൈയിലെത്തിയാല്‍ പിന്നെ അവര്‍ സ്വേഛാധിപതികളായി മാറും. അന്യന്‍റെ അവകാശങ്ങളെ ഹനിക്കും. വെറും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ ജയിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ ജനാധിപത്യത്തിലെ നേതാവാകില്ല. ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാനാകണം. അതിന് അവിടത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കാതിരിക്കണം’- 2009 ലെ ഒബാമയുടെ പ്രസിദ്ധമായ കൈറോ പ്രസംഗത്തിലെ ചില വാചകങ്ങളാണിത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം മൂര്‍സി നിസ്സാഹയനായി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് കാണുമ്പോള്‍ ഈ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ഥങ്ങള്‍ വന്ന പോലെ, വെറുതെ. (തുടര്‍ന്ന് മൂര്‍സി തന്‍റെ ഭരണകാലത്ത് വരുത്തി വെച്ച ചില അബദ്ധങ്ങളെ കുറിച്ചാണ് റോബര്‍ട്ട് ഫിസ്ക് സംസാരിക്കുന്നത്. രാജ്യത്തെ ക്രിസ്തീയ വിശ്വാസികളുടെ അവകാശങ്ങള്‍ വേണ്ടപോലെ സംരക്ഷിക്കുന്നതിലെ മൂര്‍സിയുടെ പരാജയം, ബ്രദര്‍ഹുഡിന് വേണ്ടി തന്‍റെ ഭരണപദവിയെ അടിയറ വെച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ പരാമൃഷടമാകുന്നു- വിവര്‍ത്തകന്‍)
എന്നാല്‍ ഈജിപ്ത് ജനാധിപത്യത്തിലേക്കുള്ള വഴിയിലാണെന്നും സൈന്യത്തിന്‍റെത് താത്കാലിക ഭരണകൂടവുമാണെന്നും നിവര്‍ന്ന് വാദിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം.മൂര്‍സി ജനാധിപത്യപരമായി ആ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയാണ്, പാശ്ചാത്യരാജ്യങ്ങള്‍ കൊട്ടിഗ്ഘോഷിക്കുന്ന ഒരു ജനാധിപത്യ രീതിയില്ലേ. പ്രസ്തുത രീതിയില്‍ തന്നെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണാധികാരി. ആകെ വോട്ടുകളിലെ 52 ശതമാനം മാത്രമെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂവെന്നത് ശരി തന്നെ. എന്നാലും പാശ്ചാത്യമൂല്യങ്ങള്‍ക്കനുസരിച്ച് തന്നെയായിരുന്നു അദ്ദേഹം നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടത്.
തന്‍റെ ആദ്യതെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഒബാമക്ക് എത്ര ഭൂരിപക്ഷമുണ്ടായിരുന്നു? ഡേവിഡ് കാമറൂണിന് ലഭിച്ചതിലേറെ പൊതുവോട്ടുകള്‍ മൂര്‍സിക്ക് ലഭിച്ചിട്ടുണ്ടെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ പ്രസിഡണ്ടായതിന് ശേഷം, തനിക്ക് വോട്ട് ചെയ്തവരെയെല്ലാം കൂടെ നിറുത്താനായില്ലെന്നത് മാത്രമാണ് മൂര്‍സിയുടെ തെറ്റായി പറയാനുള്ളത്. അദ്ദേഹത്തിന്‍റെ ചില ഭരണപരമായ നയങ്ങളാണ് അതിന് കാരണമായത്. ഭൂരിപക്ഷം വരുന്ന ഈജിപ്തുകാരുടെ അഭിപ്രായം മാനിക്കുന്നതിന് പകരം ബ്രദ്ര്‍ഹുഡ് പോലുള്ള ചില പാര്‍ട്ടീ നയങ്ങളെ അദ്ദേഹം കൂടുതല്‍ പിന്താങ്ങി. ഒരു ഭരണാധികാരിയെന്ന നിലയില്‍ മൂര്‍സിക്ക് പറ്റിയ പിഴവ്. അത് കൊണ്ട് മാത്രം ജനാധിപത്യപരമായി അദ്ദേഹത്തിലേല്‍പിക്കപ്പെട്ട ഭരണകൂടത്തെ അദ്ദേഹത്തിന് കീഴിലുള്ള സൈന്യത്തിന് അട്ടിമറിക്കാന്‍ എന്തവകാശമാണുള്ളത്?
തങ്ങളുടെ രാജ്യത്തെ മഹാഭൂരിപക്ഷത്തിനും എതിരായ നയങ്ങള്‍ സ്വീകരിക്കുന്ന ഭരണകൂടങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളിലെ സൈന്യം സ്ഥാനഭ്രഷ്ടരാക്കിയാല്‍ എങ്ങനെയിരിക്കും? അവിടങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്ക് പില്‍ക്കാലത്ത് പൊതുജന പിന്‍ബലം നഷ്ടപ്പെട്ട് സൈന്യം അട്ടിമറി നടത്തിയാല്‍ അതിനെയും ഇവരൊന്നും സൈനിക അട്ടിമറിയെന്ന് വിളിക്കില്ലെന്നോ? അതനുസരിച്ചുള്ള തുടര്‍നടപടികളുമായി മുന്നോട്ട് പോകില്ലെന്നോ?
ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഇനി ഈ നടപടിയെ അംഗീകരിച്ചാല്‍ തന്നെ വരാനിരിക്കുന്നുവെന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ അവസ്ഥയെന്തായിരിക്കും? തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമോ? ഇല്ല എന്നാണെങ്കില്‍ അവര്‍ തന്നെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചാല്‍ എന്തു ചെയ്യും? മറ്റൊരു അട്ടിമറിക്ക് വീണ്ടും അംഗീകാരം നല്‍കുമോ? ഇതിനെല്ലാം കൃത്യമായ മറുപടി പറയേണ്ടിയിരിക്കുന്നു അന്താരാഷ്ട്രരാജ്യങ്ങള്‍.
ഇസ്റായേലിന് ഏതായാലും സന്തോഷമായിക്കാണണം. ഒരു പട്ടാള അട്ടിമറി എന്താണെന്ന് അറിയാത്തവരൊന്നുമല്ല അവിടെയുള്ള ഭരണാധികാരികള്‍. ഈജിപ്തിലെ സംഭവ വികാസങ്ങള്‍ അവര്‍ കാണാത്തതുമല്ല. എന്നാല്‍ തത്കാലം അതിനെ എതിര്‍ത്ത് ഒരക്ഷരം മിണ്ടേണ്ടതില്ലെന്ന നിലപാടിലാണ് അവര്‍. അതിന് കാരണവുമുണ്ട്. മിഡിലീസ്റ്റിലെ ഏക അചഞ്ചല ജനാധിപത്യ രാജ്യം തങ്ങളാണെന്ന് മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അവര്‍ക്ക് ഇനി പേര്‍ത്തും പേര്‍ത്തും പറയാമല്ലോ.
വിവര്‍ത്തനം: മന്‍ഹര്‍ യു.പി കിളിനക്കോട്



Leave A Comment