നിരക്ഷരരായ കര്‍ഷകരെ സഹായിക്കാന്‍ പുതിയ സോഫ്റ്റ്‌വെയര്‍
വായന അറിയാത്ത കര്‍ഷകര്‍ക്ക് കാര്‍ഷിക സംബന്ധമായ എസ്.എം.സുകളും മറ്റും കേട്ടു മനസ്സിലാക്കാന്‍ സഹായിക്കുന്ന പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തു. മുംബൈ സി-ടാക്, മദ്രാസ് ഐ.ഐ.ടി, ഹൈദരാബാദ് ഐ.ഐ.ഐ.ടി, ഖരഗ്പൂര്‍ ഐ.ഐ.ടി, തിരുവനന്തപുരം സി-ടാക് എന്നിവ ചേര്‍ന്നാണ് സന്ദേശ് പഥക് എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ മൊബൈല്‍ സേവാ പദ്ധതിയുടെ ആപ്‌സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയറുപയോഗിച്ച് ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളിലുള്ള സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയും. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനും ശബ്ദവേഗത ആവശ്യാനുസരണം കൂട്ടാനും കുറക്കാനും ഇതില്‍ സൗകര്യമുണ്ട്. ഇന്ത്യന്‍ കര്‍ഷകരിലെ മഹാഭൂരിഭാഗവും നിരക്ഷരരായതിനാല്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കാര്‍ഷിക സംബന്ധമായും മറ്റും അയക്കുന്ന സന്ദേശങ്ങള്‍ ഇവരിലേക്കെത്തിക്കാന്‍ സഹായിക്കുന്ന ഈ സോഫ്റ്റ്വെയര്‍ ഇന്ത്യന്‍ ലാംഗ്വേജ് ടി.ടി.എസ് കണ്‍സോര്‍ഷ്യം വികസിപ്പിച്ചെടുത്ത ടെക്സ്റ്റ്-ടു-സ്പീച്ച് സിന്തസിസ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, കന്നട, രാജസ്ഥാനി, അസ്സാമീസ്, മണിപ്പൂരി, ഒഡിയ, ബോഡോ എന്നീ ഭാഷകളും 13-ഓളം പ്രാദേശിക വകഭേദങ്ങളോടെ ഇംഗ്ലീഷ് ഭാഷയും ഉള്‍പ്പെടുത്തി പദ്ധതിയുടെ രണ്ടാം ഘട്ടമായി സോഫ്റ്റ്വെയറിന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനായി പദ്ധതിയുടെ നടത്തിപ്പുകാര്‍ ഐ.ഐ.ടി ഗുവാഹത്തിയും ഐ.ഐ.ടി മാണ്ഡിയുമടക്കമുള്ള കൂടുതല്‍ സ്ഥാപനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter