തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വീഡിയോഗെയിം.....
സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു മെഡിക്കല്‍ ലബോറട്ടറിയില്‍ ഗവേഷകര്‍ കൗതുകകരമായ ഒരു അന്വേഷണത്തിലാണ്. കമ്പ്യൂട്ടര്‍-സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളിലെ എന്ത് ഘടകമാണ് അവയ്ക്കടിമപ്പെടുന്നതിലേക്ക് നമ്മെ നയിക്കുന്നത് എന്നതിനെക്കുറിച്ചാണത്. ഇത് കണ്ടെത്താനായാല്‍ അതുപയോഗിച്ച് നമ്മുടെ തലച്ചോറുകളുടെ കരുത്തും കാര്യശേഷിയും പ്രവര്‍ത്തന ക്ഷമതയും വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് ഗവേഷകരുടെ പക്ഷം. ഇതു കണ്ടെത്തുന്നതിനായി തലച്ചോറിനകത്തെ പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ന്യൂറോ ഇമേജിംഗ് സംവിധാനമുപയോഗിച്ച് ഗെയിമില്‍ മുഴുകിയവരുടെ ഉള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുകയും അവയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ശേഖരിച്ച് നമ്മുടെ പ്രകടനത്തിനനുസരിച്ച് എളുപ്പമായും കടുപ്പമായും സ്വഭാവം മാറ്റാന്‍ കഴിയുന്ന ഗെയിമുകള്‍ നിര്‍മ്മിക്കുകയുമാണ് ഗവേഷകരുടെ പദ്ധതി. ഇതിന്‍റെ സാദ്ധ്യത അനന്തമാണെന്നും ഒരു പക്ഷേ വിഷാദരോഗവും ഹൈപ്പര്‍ ആക്ടിവിറ്റിയാലും മറ്റും ഉണ്ടായിത്തീരുന്ന ശ്രദ്ധക്കുറവുമടക്കം ധാരാളം മാനസിക പ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കാമെന്നും അവര്‍ അവകാശപ്പെടുന്നു. കൂടാതെ നമ്മുടെ ഓര്‍മ്മ ശക്തിയും ഗ്രാഹ്യ ശക്തിയും വര്‍ദ്ധിപ്പിക്കുന്ന ഗെയിമുകള്‍ നിര്‍മ്മിക്കാനും ഇപ്രകാരം സാധിക്കുമെന്നാണ് അവര്‍ പറയുന്നത്. ഗെയിമുകള്‍ കൂടുതല്‍ ആകര്‍ഷകവും മനോഹരവും സര്‍വ്വോപരി ജനങ്ങള്‍ക്ക് പ്രയോജനപ്രദവുമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ന്യൂറോസയന്‍സ് ഇമേജിംഗ് സെന്‍ററിലെ ഡയറക്ടറുമായ ഡോ. ആദം ഗസ്സാലി പറയുന്നു. ‘ഒരുപക്ഷേ ഒരഞ്ചു വര്‍ഷം കൂടി കഴിയുമ്പോള്‍ ഡോക്ടറെ സമീപിക്കുന്ന രോഗിക്ക് ചിലപ്പോള്‍ വീഡിയോ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് രണ്ടാഴ്ച കളിക്കാനാവും നിര്‍ദ്ദേശം ലഭിക്കുക.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter