മംഗള്‍യാന് പിന്നിടാന്‍ ഇനി നാലിലൊന്ന് ദൂരം മാത്രം
ഇന്ത്യയുടെ ദേശീയ ബഹിരാകാശ സംഘടനയായ ഐ.എസ്.ആര്‍.ഒയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ 300 ദിവസം നീളുന്ന യാത്രയുടെ 75 ശതമാനവും പൂര്‍ത്തിയാക്കിയതായി സംഘടന ഔദ്യോഗികമായി പുറത്തു വിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. വരുന്ന സെപ്റ്റംബര്‍ 24ന് ചൊവ്വയിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പേടകം ആകെ സഞ്ചരിക്കേണ്ട 680 ദശലക്ഷം കിലോമീറ്ററില്‍ 510 കിലോമീറ്ററും ഇതിനോടകം താണ്ടിയതായി കുറിപ്പില്‍ പറയുന്നു. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രയാണമാരംഭിച്ച മംഗള്‍യാന്‍ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തുകയാണെങ്കില്‍ ഗ്രഹ ഗവേഷണ രംഗത്ത് ഭീമമായൊരു കുതിച്ചു ചാട്ടത്തിന് അത് വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. ചൊവ്വാ ദൌത്യത്തില്‍ ഏര്‍പ്പെടുന്ന അഞ്ചാമത്തെ ലോകരാജ്യമെന്ന ബഹുമതി ഇതിനോടകം നേടിക്കഴിഞ്ഞ ഇന്ത്യ ദൌത്യം വിജയകരമായിത്തീര്‍ന്നാല്‍ ബഹിരാകാശ ഗവേഷണ രംഗത്തെ അവഗണിക്കാനാവാത്ത ശക്തിയായിത്തീരാമെന്ന പ്രതീക്ഷയിലാണ്. 450 കോടി രൂപയോളം ചിലവ് വരുന്ന ഈ പദ്ധതിയില്‍ ആഗസ്റ്റില്‍ നടക്കാന്‍ പോകുന്ന ഗതി ശരിയാക്കല്‍ പ്രകിയ മാത്രമാണ് ഇനി ശാസ്ത്രജ്ഞര്‍ക്ക് നേരിയ ആശങ്ക ഉയര്‍ത്തുന്നത്. എങ്കിലും ഇതിനു മുമ്പ് ജൂണ്‍ 11ന് നടന്ന ഗതി ശരിയാക്കല്‍ പ്രക്രിയ വിജയകരമായി കലാശിച്ചത് അവര്‍ക്ക് ആത്മവിശ്വാസം പകരും. ചൊവ്വയുടെ ഭൌതിക ഘടകങ്ങളെക്കുറിച്ചും ഗ്രഹത്തിന്‍റെ അന്തരീക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമാണ് മംഗള്‍യാന്‍ പഠനം നടത്തുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter