മൂന്നു യുദ്ധങ്ങള്‍ പ്രായമായ ഗസ്സയിലെ കുഞ്ഞുങ്ങള്‍:  ഇതോടെ തീരുന്നതല്ല ഗസ്സയില്‍ അതിജീവനത്തിനായുള്ള പോരാട്ടം
ഗസ്സയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഗസ്സയുടെ വര്‍ത്തമാനത്തിലൂടെയും ഭാവിയിലൂടെയും സഞ്ചരിച്ച് ഗസ്സയുടെ ചരിത്ര-പൈതൃക സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന യാസ്മീന്‍ അല്‍ ഖൌദരി അല്‍ ജസീറയില്‍ എഴുതിയ ലേഖനം ga2014 ഗസ്സയിലെ ഒരു കുട്ടിയോട് നിനക്കെത്ര വയസ്സുണ്ട്? മൂന്ന് യുദ്ധങ്ങള്‍, ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്നു -സാറ നാഇം ഖാതിബ് 2012 നവംബര് 21ന്, ഇസ്രായേലിന്റെ രണ്ടാം ഗസ്സാ അധിനിവേശ വേളയില്‍, 'ഓര്‍മ്മയുടെ മണല്‍ത്തരികളില്‍ നിന്നും കടലിന്റെ നീലിമയില്‍ നിന്നും നിങ്ങള്‍ കട്ടെടുക്കാവുന്നത് കട്ടെടുത്തോളൂ' എന്ന തലവാചകത്തില്‍ ഞാനൊരു എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഇന്ന്, കുടുംബങ്ങളുടെയും കുട്ടികളുടെയും പേരുകളിലും ചില ചിത്രങ്ങളിലും മാത്രം മാറ്റം വരുത്തി അതേ ലേഖനം പുനഃപ്രസിദ്ധീകരിക്കാന്‍ എനിക്ക് അല്‍ ജസീറയോട് ആവശ്യപ്പെടാമായിരുന്നു. അന്നും, ചരിത്രം തനിയാവര്‍ത്തനം നടത്തുന്നു എന്ന സങ്കല്‍പത്തിന്റെ നേര്‍സാക്ഷ്യമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. പക്ഷേ ഇന്ന് ആ പതിവു പല്ലവിക്കും അതിന്റെ സാധാരണയില്‍ കവിഞ്ഞ അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. അനന്തമെന്ന് തോന്നിക്കുമാറ് നീണ്ടു പോകുന്ന ഉപരോധം, ദയനീയമായ രാഷ്ട്രീയ സാമ്പത്തിക പരിതസ്ഥിതി, പുതിയ ഈജിപ്ഷ്യന്‍ നേതൃത്വത്തിന്റെ ഇടപെടല്‍, വഷളായിക്കൊണ്ടിരിക്കുന്ന അറബ് നിഷേധാത്മകത, ഫലസ്തീനിയന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ്ണ നിസ്സംഗതയും ഇസ്രായേലിനെതിരെയുള്ള ദയനീയ നിലപാടും തുടങ്ങിയവയെല്ലാം അടങ്ങുന്ന സമാന സാഹചര്യങ്ങളില്‍ ഓരോ വര്‍ഷവും ഇസ്രായേലിന്റെ അതിക്രമത്തിന് വിധേയമാകുന്ന ഗസ്സക്ക് ചരിത്രത്തിന്റെ തനിയാവര്‍ത്തനം എന്ന പ്രയോഗം എല്ലാം കൊണ്ടും അനുപൂരകമായി തോന്നുന്നു. തന്റെ പ്രായത്തിലുള്ള ധാരാളം കുഞ്ഞുങ്ങളെപ്പോലെ, സാറയും മൂന്ന് ഭീതിദമായ ഇസ്രായേല്‍ അധിനിവേശങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആറ് വയസ്സിനു മുകളിലുള്ള ഓരോ ഗസ്സന്‍ ബാല്യവും ഈ ഭീകര ത്രയത്തിന് സാക്ഷികളായിരുന്നവരാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മൂന്നിനെയും തരണം ചെയ്യാന്‍ തക്ക ഭാഗ്യം ലഭിച്ചവരാണ്. ഉസ്മാനിയ്യ ഭരണത്തിനും ബ്രിട്ടീഷ് വാഴ്ചക്കും സയണിസ്റ്റ് അധീനതക്കും നേര്‍സാക്ഷിയായിട്ടുള്ള എന്റെ മുതുമുത്തശ്ശി അവര്‍ അനുഭവിക്കേണ്ടി വന്ന 2008ലെ ഒന്നാം അധിനിവേശത്തിനു ശേഷം പറഞ്ഞത് ഗസ്സക്കു മേല്‍ ഉണ്ടായതില്‍ വെച്ചേറ്റവും ഭീതിദമായ ആക്രമണം അതായിരുന്നുവെന്നാണ്. തങ്ങളുടെ പേരമക്കളോട് സംസാരിക്കുമ്പോള്‍ സാറയും അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളും ഈ അതിക്രമങ്ങളെ എന്തിനോടാകും ഉപമിക്കുക? ഇപ്പോള്‍ നടക്കുന്ന അക്രമണങ്ങളില്‍ ഗസ്സയില്‍ ഇതുവരെ മരണപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണ്. ഹമാസ് ഭരിക്കുന്ന ഗസ്സയില്‍ വസിച്ചതിനുള്ള പ്രതിഫലമായാണ് ഇസ്രായേല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഗസ്സയുടെ 365 ചതുരശ്ര കിലോമീറ്ററില്‍ തിങ്ങിപ്പാര്‍ക്കുന്ന 18 ലക്ഷം പേരില്‍ ആര്‍ക്കും വന്നു ഭവിക്കാവുന്ന തികച്ചും സ്വാഭാവികമായ നിയതി. 18 അംഗങ്ങളുള്ള അല്‍ ബത്സ് കുടുംബം പൂര്‍ണ്ണമായും കൊല്ലപ്പെട്ടു. മറ്റ് ആറു കുടുംബങ്ങള്‍ക്ക് നാലു മുതല്‍ എട്ടു വരെ അംഗങ്ങളെ എന്നെന്നേക്കുമായി നഷ്ടമാകുകയും ചെയ്തു. ഏതു വിശദീകരണമാണ് ഞാന്‍ ഓര്‍ത്തെടുക്കേണ്ടത്? മൃതിയടഞ്ഞവരുടെ നോവ് ലോകത്തിനു പകര്‍ന്നു കൊടുക്കാന്‍ അവരുടെ ഏതു കഥയാണ് ഞങ്ങള്‍ വിളിച്ചു പറയേണ്ടത്? ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ഓരോ ആത്മാവിനുമുണ്ടാവും പറയാന്‍ അവരുടേതായ കഥകള്‍, തങ്ങളുടേതു മാത്രമായ ഓര്‍മ്മച്ചീളുകളും സ്വപ്ന ശകലങ്ങളും. ആരറിഞ്ഞു, ചിലപ്പോള്‍ കൊല്ലപ്പെട്ട ആ തൗജീഹി വിദ്യാര്‍ത്ഥികളിലൊരുവന്‍ തന്റെ ക്യാന്‍സറിനെപ്പോലും അതിജീവിച്ചാവും ഇത്തവണ പരീക്ഷക്കിരുന്നിട്ടുണ്ടാവുക....!!! വെടിനിര്‍ത്തല്‍ സംസാരങ്ങള്‍ സജീവമാകുകയും സിവിലിയന്മാര്‍ കൊല്ലപ്പെടുന്നത് തടയാന്‍ നിര്‍ദ്ദിഷ്ട വെടിനിര്‍ത്തല്‍ ഉപാധികള്‍ സ്വീകരിക്കാന്‍ ഹമാസിനു മേല്‍ സമ്മര്‍ദ്ദമേറുകയും ചെയ്തതോടെ ഞങ്ങളുടെ രക്തസാക്ഷികള്‍ തങ്ങളുടെ ജീവന്‍ നല്‍കിയത് വിവിധ കക്ഷികള്‍ക്ക് വിലപേശാനുള്ള മരണക്കണക്കുകളുടെ നീണ്ട പട്ടികയിലെ എണ്ണങ്ങളായിത്തീരാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകുന്നു. ഏതായാലും, ഇസ്രായേല്‍ മറ്റൊരു അതിക്രമമഴിച്ചു വിടുന്നത് വരെ രണ്ടോ മൂന്നോ വര്‍ഷത്തേക്കു മാത്രം നീണ്ടു നില്‍ക്കുന്നതാണ് ഈ വെടിനിര്‍ത്തല്‍ കരാറുകളെങ്കില്‍ അവ ഞങ്ങള്‍ക്കു വേണ്ട. 2017 ഗസ്സയിലെ ഒരു കുഞ്ഞിനോട്: നിനക്കെത്ര വയസ്സായി? എനിക്ക് എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു ഇത് 2017 ആണ്. യുദ്ധങ്ങളായി ഗണിക്കപ്പെടുന്ന ഞങ്ങളുടെ ജീവിതത്തിലെ ഓരോ ദിനങ്ങളെയും ജ്വലിപ്പിക്കുന്ന തീപ്പൊരിയായ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ശതവാര്‍ഷികം. ഇത് 2107 ആണ്. ഗസ്സ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്ന ഒന്നാം ലോകയുദ്ധത്തിന്റെ ശതവാര്‍ഷികം. എഡ്മണ്ട് അല്ലന്‍ബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ജറുസലേം പ്രവേശത്തിനായി ഗസ്സയുമായി മൂന്ന് യുദ്ധങ്ങളാണ് നയിച്ചത്. ഗസ്സയിലെ ജനങ്ങളും അവരുടെ സ്വന്തമായ കള്ളിമുള്‍ച്ചെടികളും ഉസ്മാനിയ്യാ സൈന്യവും ചേര്‍ന്ന് അവയില്‍ രണ്ടും ജയിച്ചു, ബ്രിട്ടീഷുകാര്‍ക്ക് ഫലസ്തീന്‍ ഒരു കനവ് മാത്രമായി അവശേഷിപ്പിച്ചു കൊണ്ട്. രാജ്യദ്രോഹികളുടെ സഹായത്താല്‍ മാത്രമേ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം യുദ്ധം ജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെയാണവര്‍ ജറുസലേം പിടിച്ചടക്കിയത്. അന്നുമുതല്‍, എവിടെപ്പോയാലും അസംഖ്യം യുദ്ധങ്ങളുടെയും കൂട്ടക്കുരുതികളുടെയും പരീക്ഷണം ഫലസ്തീനികളെ പിന്തുടര്‍ന്നു. gaazaഇത് 2017 ആണ്, യുദ്ധങ്ങളുടെ കലണ്ടറില്‍ പുതിയൊരു ഇസ്രായേല്‍ അതിക്രമണത്തിന്റെ സാദ്ധ്യത നമ്മള്‍ വായിച്ചറിയുന്നുണ്ട്. അത് സംഭവിക്കുമോ ഇല്ലയോ? കഴിഞ്ഞ വര്‍ഷം (2016) ഗസ്സയിലെ കുടിവെള്ളം തീര്‍ന്നു പോയി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു അറബ് രാജ്യത്ത് ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറും. തടസ്സമില്ലാതെ കളി കാണാനെങ്കിലും അന്നേക്ക് ഞങ്ങളുടെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകുമോ? ഓ.... നാം ഗസ്സ2020കാരോട്(ഐക്യരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടന 2020ലെ ഗസ്സയെക്കുറിച്ച് നടത്തിയ പഠനം. ഇതനുസരിച്ച് നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2020ഓടെ ഗസ്സ താമസയോഗ്യമല്ലാത്ത ഇടമായി മാറും) ചോദിക്കണം. ഒരു നിമിഷം നില്‍ക്കൂ; ഒരു അറബ് രാജ്യത്ത് ലോകകപ്പ് അരങ്ങേറുന്നത് കാണാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ഗസ്സ വാസയോഗ്യമല്ലാത്ത ഇടമായി മാറുമെന്നോ....???!! ഗസ്സയില്‍ ഒരു ജല-വൈദ്യുത അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇനി നമുക്കധികം കാത്തിരിക്കേണ്ടി വരില്ല. ഇപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടും അനുഭവിക്കുന്നുണ്ട്. ദ്രുതഗതിയില്‍ വളരുന്ന ജനസംഖ്യയെന്നാല്‍ അതിശ്രീഘ്രം ഇടുങ്ങുന്ന താമസസ്ഥലവും കുറഞ്ഞു വരുന്ന കാര്‍ഷിക-വ്യവസായ ഭൂപ്രദേശവും എന്ന് കൂടി അര്‍ത്ഥമുണ്ടല്ലോ. ഞങ്ങള്‍ ഒരു പക്ഷേ ഈ യുദ്ധത്തില്‍ സജീവ സാന്നിദ്ധ്യമറിയിക്കുന്നത് മറ്റൊന്നിന് വേണ്ടിയുള്ള തയ്യാറെടുപ്പിനു വേണ്ടി മാത്രമാകാം, ശ്വാസം മുട്ടിക്കുന്ന ഇസ്രായേലി-ഈജിപ്ഷ്യന്‍-ഫലസ്തീന്‍ അതോറിറ്റി ഉപരോധത്തിനു കീഴിലുള്ള ഈ ജീവിതം തുടരുന്നിടത്തോളം കാലം. ഇപ്പോള്‍ ഗസ്സയിലും ഫലസ്തീനില്‍ പൊതുവെയും സഹാനുഭാവത്തിന്റെയും ഐക്യത്തിന്റെയും സാമുദായിക പിന്തുണയുടെയും ഒരു നിസ്തുല ചൈതന്യം ഞങ്ങള്‍ക്ക് ദര്‍ശിക്കാനാവുന്നുണ്ട്- തീര്‍ച്ചയായും പരാജയമടഞ്ഞ സഖ്യ സര്‍ക്കാരിനുണ്ടെന്ന് കൊട്ടിഘോഷിച്ച ഐക്യത്തേക്കാള്‍ ആത്മാര്‍ത്ഥമായത്. ഞങ്ങള്‍ക്ക് വേണ്ടത് സ്വയം ലഭ്യമാക്കാനും എല്ലായ്‌പോഴുമെന്ന പോലെ സുശക്തമായി നിലകൊള്ളാനും ഞങ്ങള്‍ക്ക് കഴിയും. ഇസ്രായേല്‍ അതിക്രമം തുടങ്ങി എട്ടു ദിവസം കഴിഞ്ഞ് 'അടിയന്തിര' യോഗം വിളിച്ച അറബ് ലീഗിന്റെയും ഇതര ലോകത്തിന്റെയും പിന്തുണയില്‍ ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഇത് പറയാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഉറക്കമുണരുന്നത്. 'ഞങ്ങള്‍ ഗസ്സക്കാര്‍ക്കിവിടെ സുഖം തന്നെയാണ്. നിങ്ങളുടെ മനസ്സാക്ഷിക്കെങ്ങനെയുണ്ട്?' വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter