മോദി ചരിത്രത്തിനും  കാവിനിറം നല്‍കുന്നു
India Terror Raidപൈതൃകവും പാരമ്പര്യവും കാവിവത്കരിക്കപ്പെടാനുള്ള തിടുക്കാത്തിലാണ് മോദി സര്‍ക്കാര്‍. തീവ്ര ഹിന്ദുത്വ അജണ്ടകളുമായി സധൈര്യം മുന്നോട്ടുപോകാനുള്ള പദ്ധതികളാണ് ദിനംപ്രതി ആവിഷ്കരിക്കുന്നത്. അതുകൊണ്ടാണ് ഇതപര്യന്തം വരെ നിലനിന്നിരുന്ന പൈതൃകങ്ങളെയും ചരിത്രങ്ങളെയുമൊക്കെ ഹൈന്ദവ ഭൂമികയിലൂന്നിയ പുതിയൊരു ചരിത്രനിര്‍മിതിക്ക് ഭരണകൂടം തന്ത്രങ്ങള്‍ മെനയുന്നതും. ചരിത്ര ഗ്രന്ഥങ്ങള്‍ക്കും  പാഠപുസ്തകങ്ങള്‍ക്കുമൊക്കെ കാവിനിറം നല്‍കാനുള്ള വാജ്പേയി സര്‍ക്കാറിന്‍റെ പഴയ തീരുമാനം മറുചിന്തയില്ലാതെ അവതിരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ മോദിയും.  അതായത് ആര്‍.എസ്.എസിന്‍റെ സ്വപ്നത്തിലുള്ള  ഹിന്ദുരാഷ്ട്രത്തിലേക്ക് കുതിക്കുകയാണ് നമ്മുടെ മതേതര ഇന്ത്യ.  ഗുജറാത്തില്‍ പാഠപുസ്തകങ്ങളെ എങ്ങനെ വര്‍ഗീയവത്കരിച്ചുവോ അതേ സ്വഭാവത്തില്‍ രാജ്യമൊട്ടാകെ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ പ്രധാനമന്ത്രി തന്നെ പച്ചക്കൊടി കാട്ടിയിരിക്കുന്നു.  ഏറ്റവും പുതിയ ഉദാഹരണമാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് (എന്‍.ബി.ടി)യിലും ചരിത്ര ഗവേഷണ കൌണ്‍സിലിലുമൊക്കെ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും സഹയാത്രികരായ ചരിത്രകാരന്മാരെ തിരുകികയറ്റിയത്. സംഘപരിവാറിന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ചരിത്രവും രേഖകളും ഉണ്ടാക്കുന്ന അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന (എ.ബി.ഐ.എസ്.വൈ )യുടെ ഭാരവാഹികളെ ഉള്‍പെടുത്തിയുണ്ടാക്കിയ പുതിയ ഗവേഷണ കൌണ്‍സിലും  പ്രമുഖ എഴുത്തുകാരനും സ്വതന്ത്രചിന്താഗതിക്കാരുനുമായ മലയാളിയായ സേതുവിനെ നീക്കി ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്റര്‍ ബല്‍ദേവ് ശര്‍മയെ പുതിയ അധ്യക്ഷനായി നിയമിച്ചതുമൊക്കെ ഇതിന്റെ പുതിയ ഉദാഹരണങ്ങളാണ്. മതേതര ഇന്ത്യയെ ഇരുട്ടിലാക്കാനുള്ള ബി.ജെ.പി തന്ത്രം കണ്ടില്ലെന്ന് നടിക്കാനാവില്ല. മോദിയെ സ്തുതിച്ച് പേനയുന്തുന്നവര്‍ക്കും ഹിന്ദുത്വ സംഘ പക്ഷത്തെ പ്രതിനീധികരിച്ച് സംസാരിക്കുന്നവര്‍ക്കും ഇരിപ്പിടം നല്‍കി അതുവഴി സകല മേഖലകളിലും കാവി പൂശുകയെന്ന തന്ത്രമാണ് മോദി  മുന്നോട്ടുവെക്കുന്നത്.  ചരിത്രവും വര്‍ത്തമാനവും ഹിന്ദുത്വ ആശയങ്ങള്‍ക്കതീതമാക്കുകയും സംസ്കാരിക വിദ്യാഭ്യാസ വകുപ്പുകളില്‍ അത്തരം ചിന്തയുള്ളവരെ തിരുകി കയറ്റുകയുമാണ് ഇതിനു പ്രധാന വഴിയെന്ന ബോധ്യമാണ് ഇത്തരം അജണ്ടകള്‍ക്ക്  പിന്നിലുള്ളതും. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഹന്ദുത്വ വാദികളുടെ ന്യൂനപക്ഷ വിരുദ്ധത തെളിയിക്കുന്ന പരാമര്‍ശങ്ങളും പ്രസ്താവനകളുമൊക്കെ ഇടം പിടിക്കുന്നതും ഇതിന്റെ ഭാഗമാണ്. രാജ്യത്തെ മുസ്‍ലിംകള്‍ക്ക് സംവരണമാവശ്യുമുണ്ടെങ്കില്‍ പാക്കിസ്താനിലേക്ക് കുടിയേറിപോകണമെന്ന് പറയുന്നതും മോദിയെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യം വിടാമെന്ന് പ്രസ്താവിക്കുന്നതുമൊക്കെ ഇതിന്‍റെ പിന്‍ബലത്തിലാണ്.  ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമാക്കാനും ഗോഡ്സെക്ക് സ്മാരകം പണിയാനും ശ്രമിക്കന്ന ബി.ജെ.പി ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ ഹിന്ദു രാജ്യമാക്കണമെന്ന തങ്ങളുടെ ചിരകാല സ്വപ്നത്തിന്‍റെ സാക്ഷാത്കാര വഴിയില്‍ തന്നെയാണിപ്പോള്‍. രാജ്യത്തിന്റെ പാരമ്പര്യ ചരിത്രത്തിന് കാവി നിറം നല്‍കുന്നതിന്റെ ഭാഗമാണ് പാഠപുസ്തക സമിതിയിലും ഗവേഷണ കൌണ്‍സിലുമൊക്കെ  പുനസംഘടിപ്പിച്ച് സംഘ്സഹയാത്രികരെ തിരികികയറ്റുന്നത്. മാനവ വിഭവശേഷി വകുപ്പ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് വിദേശ ഭാഷകള്‍ ഒഴിവാക്കി സംസ്കൃതം നിര്‍ബന്ധമാക്കിയതു മുതലാണ് ഹന്ദുത്വവത്കരണത്തിന‍റെ ആദ്യപടി തുടങ്ങിയത്. ഭാരത ചരിത്രം തിരുത്തണമെന്നാണ് ഇവരുടെ മറ്റൊരു വാദം.   അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ജനറല്‍ സെക്രട്ടറി ബാല്‍ മുകുന്ദ പാണ്ടെയുടെ ഒരിക്കല്‍ പറഞ്ഞത് പുതിയ കാലത്തെ ചരിത്ര വായനയിലൂടെ കുട്ടികള്‍ക്ക് രാജ്യത്തോട് അവമതിപ്പാണുണ്ടാക്കുന്നത്. ഒരിക്കലും സ്വാതന്ത്രത്തിന്റെ  വീരഗാഥകള്‍ അവര്‍ ഓര്ക്കാനാഗ്രഹിക്കുന്നില്ല. എന്നാല്‍ ചരിത്ര വായനയിലൂടെ രാജ്യസ്നേഹമുണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നത്.  1984 മുതല്‍ ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മുപ്പത് വര്‍ഷത്തിനകം 350 ലധികം ഗ്രന്ഥങ്ങള്‍ രചിച്ച് ഭാരതത്തിന്റെ യതാര്‍ഥ ചരിത്രം പ്രസിദ്ധിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. മതേതര ചേരി കെട്ടിപ്പടുക്കുന്നതിന് പകരം രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയ ചിന്ത വളര്‍ത്താനാണ് ഇതുവഴി ബി.ജെ.പിയും ആര്‍എസ്.എസുമൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തെ തിരുത്തിയെഴുതണെമെന്ന് മുമ്പേ ആര്‍.എസ്.എസിന്റെ സ്വപ്നമായിരുന്നു. 1920 കളില്‍ തന്നെ സ്ഥാപകരായ ഗോള്‍വാക്കറും ഹെഡ്ക് വാറുമൊക്കെ ഈ ആശയവുമായി രംഗത്തെത്തിയിരുന്നു. “ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍”, “ഒരു രാജ്യം, ഒരു മതം, ഒരേ ജനം” എന്നീ സങ്കല്‍പങ്ങള്‍ ജന്മം മുതലേ ആര്.എസ്.എസിന്‍രെ സിരകളിലുണ്ടായിരുന്നു. അതായത് രാജ്യത്തെ മുസ്‍ലിംകളും ക്രസ്ത്യാനികളുമൊക്കെ ഈ സങ്കല്‍പത്തോട് ലയിച്ചു ചേരുകയും അവരുടെ സംസ്കാരത്തെ പുല്‍കുകയും വേണം. അല്ലാതെ സംവരണവും പരിഗണനയും ആവശ്യപ്പെടുകയും അതിനായി ശബ്ദിക്കുകയും ചെയ്യരുതെന്നര്‍ത്ഥം. ഹിന്ദു രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതോടെ ഇത്തരം ന്യൂനപക്ഷത്തോട് മുമ്പ് ഹിറ്റ്‍ലര്‍ ജര്‍മനിയിലെ ജൂതന്മാരോടുണ്ടായ സമീപനമാണ് ഇന്ത്യയില്‍ ഇതര മതക്കാരോട് വേണ്ടെതെന്നു അവര്‍ ആഗ്രഹിക്കുന്നു.   സത്യത്തില്‍, സംഘ് പരിവാറിന്റെ സംസ്കാരിക ഫാസിസം നടപ്പിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പ് വാജ്പേയി സര്‍ക്കാറിന്റെ കാലത്തും ഇതേ പല്ലവി ആവര്‍ത്തിച്ചുരുന്നു. 1999 ല്‍ ഇന്ത്യയിലെ ചരിത്ര കയ്യെഴുത്ത് പ്രതികളെ കുറിച്ചു പഠിക്കാനും അതിന്‍റെ  സത്യാവസ്ഥ തിരിച്ചെറിയാനും മൂന്നംഗ സമിതിയെ ഏല്‍പിച്ചത് ഏറെ കോളിളക്കം സൃഷിടിച്ചിരുന്നു.  അതുപോലെ കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രൈനിങ്സിന്റെ തലപ്പത്ത് തീവ്ര ഹിന്ദുവാദികളെ ഇരുത്തി സ്കൂള് പാഠ പുസ്തകങ്ങളിലും മറ്റും ചരിത്ര ഗ്രന്ഥങ്ങളിലുമൊക്കെ  കാവിവത്കരണം നടത്തിയിരുന്നു. അതേ രീതി തന്നെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ മോദി സര്‍ക്കാറും. അതുകൊണ്ടാണ്  ബുക്ക് ട്രസ്റ്റിലും ഗവേഷണ കൊണ്സിലില്‍ നിന്നുമൊക്കെ നിഷ്പക്ഷരെ മാറ്റിനിര്‍ത്തുന്നതും പരിവാര്‍ സേവകര്‍ക്ക് ഇരിപ്പിടം നല്‍കുന്നതും. അതുവഴി അടുത്ത അധ്യയന വര്‍ഷം മുതല് തന്നെ പാഠ പുസ്തകങ്ങളിലും മറ്റു ചരിത്ര ഗ്രന്ഥങ്ങളിലും കാവി നിറം നല്‍കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അത്രതന്നെ പരിചയവും പ്രാവീണ്യവുമില്ലാത്ത സ്മൃതി ഇറാനിയെ മാനവ വിഭവ ശേഷിയുടെ വകുപ്പിലിരുത്തിയതിന്‍റെ പിന്നില്‍ മോദിയെ ലക്ഷ്യവും അതു തന്നെയായിരുന്നു. ഗുജറാത്തിലെ ചരിത്രത്തിന് നല്കിയ  അതേ കാവി നിറം പ്രധാന മന്ത്രിയുടെ ഓഫീസ് വഴി രാജ്യത്തിന്റെ മഹിതമായ ചരിത്രത്തിനും  പകരുകയാണ് ഇതിലൂടെ മോദിയുടെ ലക്ഷ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter