മാധ്യമങ്ങള്‍ മലയാളിയെ വിചാരണ ചെയ്യുകയാണ്
media disപ്രബുദ്ധതയാണ് മലയാളിയോട് ചേര്‍ത്തു പറയുന്ന വിശേഷണങ്ങളിലൊന്ന്.സാംസ്‌കാരിക രാഷ്ടീയ വിഷയങ്ങളില്‍ മലയാളി പുലര്‍ത്തുന്ന അതിശക്തമായ ജാഗ്രതയുടേയും അനിതരസാധാരണമായ സജീവതയുടേയും അത്യാവേശത്തിന്റേയുമൊക്കെ കാരണത്താലാവാം പ്രബുദ്ധതയെന്ന അര്‍ത്ഥവ്യാപ്തിയുളള പദം തന്നെ അവന്റെ ചേര്‍ത്തു വാക്കായി മാറിയത്. സാംസ്‌കാരിക ഔന്നത്ത്യവും രാഷ്ടീയ   സംഘടിതത്ത്വവും വിദ്യാഭ്യാസ പുരോയാനവും മലയാളിയോളം നേടിയ മറ്റെരു സമൂഹം ഇന്ത്യയിലില്ല.പ്രാന്തവത്കൃതര്‍ക്കും പിന്നാക്കകാര്‍ക്കും വരെ അധികാരത്തിന്റെ പച്ചത്തുരുത്തുകള്‍ സ്വാഭിമാനം പ്രാപ്യമാവും വിധം സാമൂഹിക സഹവര്‍ത്തിത്വവും സാമുദായിക സൗഹാര്‍ദ്ധവും രൂപപ്പെടുത്തുന്നതില്‍ മലയാളികള്‍ വിജയിച്ചിട്ടുമുണ്ട്. അസൂയവഹമായ ഈ സാമൂഹിക ഉത്ഥാനക്രിയ സാധ്യമാവും വിധം മലയാളിയെ മാറ്റിയെടുക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക്  അനല്‍പമായ പങ്കുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക രാഷ്ടീയ പുരോഗതിയുടെ നാള്‍വഴികള്‍ അന്വേഷിക്കുമ്പോള്‍ അതിനു രാസത്വരകമായി വര്‍ത്തിച്ച മാധ്യമങ്ങളുടെ സാന്നിധ്യവും സ്വാധീനവും തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ട്. മലയാളിയുടെ സ്വീകരണ മുറിയിലെ അഭിവാജ്യമയ ഒരു ഘടകമായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ അത്ഭുതാവഹമായ വളര്‍ച്ചയുടെ ഫലമായി ലോകത്തിലെ എല്ലാ മാധ്യമങ്ങളും മലയാളിയുടെ തീന്‍മേശക്കു ചുറ്റും കണ്ണുതുറക്കുന്ന കാലമാണിത്.ഗദ്ദാഫിയുടെ അന്ത്യവും സദ്ദാമിന്റെ രക്തസാക്ഷിത്വവും ഒരു നാടകാന്ത്യത്തിന്റെ ക്ലൈമാക്‌സ് പോലെ ആലസ്യത്തോേെട നോക്കികാണാണാവുന്ന മാനസികാവസ്ഥയുളളവരായി മാധ്യമങ്ങള്‍ നമ്മെ മാറ്റി. അനുനിമിഷവര്‍ദ്ധിതമായി വികസിച്ചു കൊണ്ടിരിക്കുന്ന മാധ്യമസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സാധ്യതകളുടെ ആദ്യ ഉപഭോക്താക്കളും ഗുണപോക്താക്കളുമാണ് മലയാളികള്‍. കൈതുമ്പില്‍ നിമിഷാര്‍ദ്ധംകൊണ്ട് ലോകം കാണുകയും സംഗീതം നുണയുകയും ചെയ്യുന്ന മൊബൈല്‍ നമ്മെ കീഴടക്കിയത് നാം തന്നെ അറിയാതെയായിരിന്നു. ഇന്ന് മൊബൈല്‍റൈഞ്ചില്ലാത്ത ലോകത്ത്  ഒരു നിമിഷം പോലും ജീവിക്കാന്‍  കഴിയാത്തവിധത്തില്‍ മാനസിക രോഗഗ്രസ്തരായി നാം മാറിക്കഴിഞ്ഞു. ഫെയ്‌സ്ബുക്കുകളിലും ട്വിറ്ററുകളിലും  സൗഹൃദവും ആഘോഷവും പരിമിതപ്പെട്ടുപോവും വിധത്തില്‍ നാം തോറ്റുപോവുകയും ചെയ്തു.മലയാളിയുടെ രാഷ്ടീയത്തേയും സംസ്‌കാരത്തേയും  മതത്തേയുമൊക്കെ പലതരത്തില്‍ മാധ്യമങ്ങള്‍ സ്വാധീനിച്ചുകഴിഞ്ഞു. പലരും പ്രമേയങ്ങളും പ്രകടനങ്ങളും വരേ നിശ്ചയുക്കുന്നത്  മാധ്യമകവറേജ് നോക്കിയാണ്. ദൃശ്യമാധ്യമങ്ങളാണ് ഇന്നുനമ്മെ ഭരിക്കുന്നത്. പ്രബുദ്ധരെന്നും സംസ്‌കാരസമ്പന്നരെന്നും നാം സ്വയം ഘോഷിക്കുന്നുണ്ടെങ്കിലും നമ്മുടെ ജീവിതത്തിന്റെ ഗൈഡ് ലൈന്‍ നിര്‍ണ്ണയിക്കുന്നത് മാധ്യമങ്ങളാണെന്ന് അംഗീകരിച്ചേമതിയാവൂ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതരീതികളും അവര്‍തീരുമാനിച്ചുകൊണ്ടേയിരിക്കുന്നു. അതിവേഗം വാര്‍ത്തകളെത്തിക്കാന്‍ മത്സരിക്കുന്ന വാര്‍ത്താ ചാനലുകള്‍ക്ക്  മലയാളത്തില്‍ ഒട്ടും കുറവില്ല. വര്‍ഷാവര്‍ഷം പുതിയത് പിറവിയെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനുതകുവിധത്തിലുളള സാങ്കേതിക മികവും വിന്യാസവും എല്ലാ ചാനലുകള്‍ക്കുമുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തത്സമയ വിവരങ്ങള്‍ കൈമാറാനും കാഴ്ചകള്‍ ഒപ്പിയെടുക്കാനുമായി ജാഗ്രതയാര്‍ന്ന ജോലിക്കാരും അവര്‍ക്കുണ്ട്. ലോകത്ത് നടക്കുന്ന മിക്ക  സംഭവങ്ങളു ആദ്യം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു കൂട്ടര്‍ മലയാളികളാണ്.ചാനലുകള്‍ നല്‍കുന്ന വിവരങ്ങളും വിവരണങ്ങളും അറിയാനും കേള്‍ക്കാനും നാം നിര്‍ബന്ധിക്കപ്പെട്ടുകഴിഞ്ഞു. മലയാള വാര്‍ത്താ ചാനലുകളെല്ലാം  വിവരവിതരണത്തിലും വിന്യാസത്തിലും തുല്ല്യ രീതി  അവലംബിക്കുന്നതിനാല്‍ തീര്‍ത്തും വിശ്വസനീയമായ  വാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഒരു ബദല്‍ ചാനല്‍ സംവിധാനവും പുതിയൊരു മാധ്യമസമീപനവും രൂപപ്പെടുത്തിയെടുക്കുകയെന്നത്  ശ്രമകരമായ ദൗത്യമാണ്.വാര്‍ത്താ സ്വീകരണത്തിലേയും മുന്‍ഗണനാക്രമനിശ്ചയത്തിലേയും നടപ്പുരീതികളുടെ നടുവൊടിച്ചാല്‍ മാത്രമേ അതുസാധ്യമാവുകയുളളു.അതിവേഗ ഫ്‌ളാഷ് ന്യൂസ് രീതിയുടെ മറുപുറങ്ങള്‍ തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടതുണ്ട്. വിശ്വസനീയതയേക്കാള്‍ വേഗതക്ക് പ്രാമുഖ്യം നല്‍കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശനം. മറ്റു ചാനലകള്‍ക്കു മുമ്പേ വാര്‍ത്തകള്‍ എത്തിക്കണമെന്ന അനാവശ്യ വാശികാരണം വാര്‍ത്തകളുടെ വിശ്വസനീയതയും സ്രോതസ്സുകളുടെ ആധികാരികതയും ചാനലുകള്‍ക്ക് വിഷയമാവാറേയില്ല. പ്രക്ഷേപണം ചെയ്ത വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ അതു തിരുത്താനുളള സാമാന്യ മര്യാദയും ഇവര്‍ കാട്ടാറില്ല. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വാര്‍ത്തയാക്കാനുളള മത്സരത്തിനിടയില്‍  അകാരണമായി ഹനിക്കപ്പെടുന്ന മനുഷ്യാഭിമാനങ്ങളെ കുറിച്ചും അന്തസിനെകുറിച്ചും ഇവര്‍ ചിന്തിക്കുയും ചെയ്യാറില്ല. മുഖ്യധാരാ മാധ്യമശ്രേണിയില്‍ ഇടം നേടാന്‍ ചില പുതിയ ചാനലുകള്‍ കാട്ടിക്കുട്ടുന്ന കോപ്രായത്തങ്ങള്‍ ഏത് മാധ്യമ നീതിശാസ്ത്രം വെച്ചാണ് നീതികരിക്കാനാവുക? നിരാശ്രയരും നിസ്സഹായരുമായി ജയിലഴികളില്‍ പാര്‍ക്കുന്നവരെ കൊണ്ട് തെറ്റുകള്‍ ചെയ്യിപ്പിച്ചു അവരുടെ യാജാനാസമാനമായ നിസ്സഹായ പ്രകടനങ്ങള്‍ പ്രക്ഷേപണം ചെയ്തു എസ്‌ക്ലൂസിവുകളുണ്ടാക്കന്നത് ഏതു തരം മാധ്യമധര്‍മ്മമാണ്. പൊതുജന താത്പര്യാര്‍ത്ഥം സദുദ്യേശപരമായി രഹസ്യങ്ങള്‍ അന്വേഷിക്കുന്നതും ചോര്‍ത്തുന്നതും മാധ്യമപ്രവര്‍ത്തനമാണ്. എന്നാല്‍ സ്‌ക്രീനില്‍ ഇടം നേടാനായി ചില റിപ്പോര്‍ട്ടര്‍മാര്‍ നല്‍കുന്ന വീഡിയോ ക്ലിപ്പുകള്‍ അതിന്റെ സത്യാവസ്ഥയും  വിശ്വസനീയതയും സ്രോതസ്സുകളുടെ ആധികാരികതയും ഉറപ്പുവരുത്താതെ ദുരുദ്യേശപരമായി പ്രക്ഷേപണം ചെയ്യുന്ന ഏക്‌സ്‌ക്ലൂസീവിസം പുരോഗമന സമൂഹത്തിനുയോജിച്ച മാധ്യമ സംസ്‌കാരമല്ല. അതിനെ എതിര്‍ക്കുന്നവരെ ആവിഷ്‌കാര സ്വതന്ത്ര്യത്തിനെതിരെ വാളോങ്ങുന്നവരായി ചിത്രീകരിച്ചു മൗനമാക്കുകയാണ് ചെയ്യുന്നത്. തെളിച്ചുപറഞ്ഞാല്‍ പകയും പരവിദ്വേഷവും ജന്മസ്വഭാവമായി ലഭിച്ച ചില മുക്കാളിരാഷ്ടീയക്കാര്‍ക്ക് ദാസ്യവേലചെയ്യുന്ന ഏര്‍പ്പാട് പത്രപ്രവര്‍ത്തനമല്ല. പാര്‍ട്ടികളില്‍ നിന്നും അകന്നും കലഹിച്ചും  നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ പ്രതികാര്യജന്യമായ വാക്കുകളെ കൃത്യമായി മുറിച്ചെടുത്ത് ഏക്‌സ്‌ക്ലൂസീവുകളായി അവതരിപ്പിക്കുകയാണിന്ന്. അത്യപൂര്‍വ്വമായി മാത്രം ഉണ്ടാവേണ്ട ഏക്‌സ്‌ക്ലൂസീവുകള്‍ എപ്പിസോഡടിസ്ഥാനത്തിലാണ് പ്രക്ഷേപണം ചെയ്യുന്നത്. വിവാദങ്ങളുണ്ടാവേണ്ടത് രാഷ്ടീയക്കാരേക്കാളും മാധ്യമങ്ങളുടെ ആവശ്യമായിമാറിയിരിക്കുകയാണിന്ന്. അതിനനുസരിച്ച് വാര്‍ത്തകളെ വിവാദങ്ങളാക്കി പര്‍വ്വതീകരിച്ച് പുനരവതരിപ്പിക്കുന്നതില്‍ അവതാരകര്‍ അതിവിദഗ്ദ്ധരാണ്. മുഴുസമയ വാര്‍ത്താചാനലുകള്‍ക്കനുഭവപ്പെടുന്ന വിഷയ ദാരിദ്ര്യത്തെ അനാരോഗ്യകരമായ രാഷ്ടീയ വിവാദവിശകലനത്തിലൂടെ മറികടക്കുന്ന അനുഗുണമായ നിലപാടാണ് മിക്ക ചാനലുകളും പിന്തുടരുന്നത്. വിഷയ സ്വീകരണത്തിലും നിരാകരണത്തിലും ഒരു തരം വൈകാരികമായ നയമാണ് മലയാള മാധ്യമങ്ങള്‍ക്കുളളത്.രാജ്യപുരോഗതിയും സാമൂഹിക നന്മയും ഉദ്ദേശിച്ചുളള വൈചാരികമായ മുന്‍ഗണനാക്രമം പിന്തുടരുന്ന മാധ്യമങ്ങള്‍ ഒന്നു പോലുമില്ല. പക്വതയോടയും ദീര്‍ഘവീക്ഷണത്തോടയും വിഷയങ്ങളെ സമീപിക്കുന്ന മാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍കഴിയാത്ത വിധത്തില്‍ ഈ വൈകാരിക വിഷയ സമീപന രീതി മാധ്യമസമീപനമായി മാറിക്കഴിഞ്ഞു. സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്നവര്‍ക്കും പ്രകടനം നടത്തുന്നവര്‍ക്കും വാര്‍ത്തകളില്‍ ഇടം ലഭിക്കാറില്ല. തച്ചുതകര്‍ക്കുന്ന സമരമുറകള്‍ ഒപ്പിയെടുക്കാനാവട്ടെ കാമറക്കണ്ണുകള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയും ചെയ്യുന്നു. ഇതു ക്രിയാത്മകമായ സമരമുറകള്‍വരെ ചോരചിന്തുന്ന കലുഷിത സമരാഭാസങ്ങായി മാറാന്‍ കാരണമാകുന്നു. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കലാലയങ്ങളെ യുദ്ധക്കളമാക്കുന്ന യുവരാഷ്ടീയപ്പടയുടെ ഉളളിലിരിപ്പ് തച്ചുതകര്‍ത്ത് സ്‌ക്രീനില്‍ ഇടം നേടി ജനകീയരാവുകയെന്ന സ്വാര്‍ത്ഥതയാണ്. അതിനനുസരിച്ച് ചാനലുകള്‍ അവരെ പ്രോത്സാഹിപ്പിച്ചാല്‍ മടയരും സ്വാര്‍ത്ഥരുമായ രാഷ്ടീയ നോതൃത്വം ഭാവിയില്‍ വളര്‍ന്നു വരാന്‍ അതു സഹായമാവും. മാപ്പര്‍ഹിക്കാത്ത മാധ്യമവിചാരണകളാണ് മലയാള ചാനലുകളില്‍ നടക്കുന്നത്.രാഷ്ടീയ സംഭവവികാസങ്ങള്‍ നടന്നയുടനെ നടക്കുന്ന മാധ്യമവിചാരണവേദികള്‍ പലപ്പോഴും കോടതിമുറികള്‍ക്ക് സമാനമാകുന്നു.സാങ്കല്‍പികമായി കുറ്റവാളികളേയും പ്രതികളേയും കണ്ടെത്തി വിധിപ്രസ്താവം നടത്താന്‍ വരെ അവതാരകസമൂഹം ധൈര്യം കാണിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്കും സാസ്‌കാരിക നായകന്‍മാര്‍ക്കും അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കാതെ വിചാരണസമാനമായി സംസാരിച്ചും പ്രസ്താവനകളിലെ സ്വാഭാവിക വാക്ക്പിഴവുകളെ പര്‍വ്വതീകരിച്ചവതരിപ്പിച്ചും പ്രയോഗിത വാക്കുകളുടെ നാനാര്‍ത്ഥങ്ങളും പര്യായപദങ്ങളും നൂലിഴകീറി വ്യാഖ്യനിച്ചും തങ്ങളുടെ വാഗ്വിലാസവും സമര്‍ത്ഥനസാമര്‍ത്ഥ്യവും പ്രകടിപ്പിക്കാനാണ് മിക്ക അവതാരകരും ശ്രമിക്കുന്നത്. ഈയിടെ കേരളത്തിലുണ്ടായ മിക്ക രാഷ്ടീയ വിവാദങ്ങളുടേയും അണിയറശില്‍പികള്‍ മാധ്യമങ്ങളായിരുന്നു. പ്രസംഗപീഠത്തിലെ വികാരവിക്ഷോഭവാക്കുകളെ അടര്‍ത്തിയെടുത്ത് അസ്ഥാനത്ത് ഉദ്ധരിച്ചും അതിലെ പദവിന്യാസങ്ങളുടെ ഭാഷാശാസ്ത്രം വരേ പരിശോധിച്ചും നടത്തുന്ന വാര്‍ത്താവിശകലന പരിപാടികള്‍ അടിസ്ഥാനപരമായ രാഷ്ടീയ വിവാദങ്ങള്‍ക്കുളള അവസരങ്ങളെയാണ് നിരാകരിക്കുന്നതത്.തീര്‍ച്ചയയായും ഈ മാധ്യമ നിലപാട് മാറിവരണം.ജനങ്ങളുടേയും രാജ്യത്തിന്റേയും പുരോഗതിയും വികസനവും വികാസവും മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും പ്രാമുഖ്യം നല്‍കുകയും കാര്യങ്ങളെ വിവേകപൂര്‍വ്വവും വിചാരപൂര്‍വ്വവും സമീപിക്കുകയും ചെയ്യുന്ന വാര്‍ത്തചാനലുകള്‍ പിറവിയെടുക്കണം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter