ഇന്ന് ലോക ആരോഗ്യദിനം: രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്
ജീവിതശൈലീരോഗങ്ങള്‍ രാജ്യത്ത് വ്യാപിക്കുന്നതായി ലോകാരോഗ്യസംഘടന. ആരോഗ്യകാര്യത്തില്‍ ഇന്ത്യക്കാര്‍ കാണിക്കുന്ന ഉദാസീനത പ്രമേഹബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാക്കുന്നതെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. ഇത്തവണത്തെ ലോകാരോഗ്യദിനത്തിലെ പ്രധാന മുദ്രാവാക്യം പ്രമേഹത്തിനെതിരേ ഫലപ്രദമായ പ്രതിരോധം എന്നതാണ്. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ രാജ്യത്ത് പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനവാണ് അടുത്ത കാലത്തായി ഉണ്ടാകുന്നത്. 2013ലെ കണക്ക് പ്രകാരം 63 ദശലക്ഷം പേരാണ് രാജ്യത്ത് പ്രമേഹബാധിതരായിട്ടുള്ളത്. 2030 ആകുമ്പോള്‍ 101.2 ദശലക്ഷം പേര്‍ പ്രമേഹരോഗത്തിന്റെ പിടിയിലാകുമെന്നാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിക്‌സ് ഫെഡറേഷന്‍ കണക്കുകൂട്ടുന്നത്. 2011 മുതല്‍ 2014 വരെ ജീവിതശൈലീരോഗങ്ങള്‍ കാരണം 53 ശതമാനം മുതല്‍ 60 ശതമാനം ആളുകള്‍ മരണമടഞ്ഞതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ രണ്ടുശതമാനം പേരുടെ മരണത്തിനും വഴിയൊരുക്കിയത് പ്രമേഹമാണ്. പുറമേ അപകടകാരിയല്ലെങ്കിലും മരണകാരണത്തിലേക്ക് വഴിതെളിക്കാവുന്ന ഘടകമായി പ്രമേഹം പലപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൃദയരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാല്‍ വലയുന്ന രോഗികള്‍ക്ക് പ്രമേഹം പലപ്പോഴും വില്ലനാണ്. കരള്‍ രോഗവും പ്രമേഹവും ഒരുമിച്ചനുഭവിക്കുന്നവര്‍ക്ക് ചികിത്സ ഏറെ സങ്കീര്‍ണമാകാനും മരണത്തിലേക്ക് നയിക്കാനും പ്രമേഹം കാരണമാകാറുണ്ട്. ഹൃദയം, രക്തധമനികള്‍, കണ്ണുകള്‍, കിഡ്‌നി, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പ്രമേഹം ദോഷകരമായി ബാധിക്കുന്നുമുണ്ട്. ഹൃദയാഘാതം മൂലമെന്നും ശ്വാസതടസത്തെ തുടര്‍ന്നെന്നും പുറത്തുവരുന്ന മരണ വാര്‍ത്തകളില്‍ പലതിനും പിന്നില്‍ പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായ രീതിയില്‍ നിയന്ത്രിക്കാനാകാത്തതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കപ്പെടുന്നതിനു പിന്നില്‍. അതേസമയം കരള്‍ രോഗികളുടെ എണ്ണത്തിലും അപകടകരമായ വര്‍ധനവാണുള്ളത്. കൊളസ്‌ട്രോള്‍,അമിതവണ്ണം, പ്രമേഹം എന്നിവയാണ് കരള്‍ രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ടൈപ്പ് ഒന്ന് പ്രമേഹവും വ്യാപകമായ തോതില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് വരുന്ന ടൈപ്പ് രണ്ട് പ്രമേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 90:10 എന്ന തോതിലാണ് ടൈപ്പ് ഒന്ന് പ്രമേഹബാധിതരുടെ എണ്ണം. ഇന്ത്യയിലെ പ്രമേഹബാധിതരില്‍ നല്ലൊരു പങ്ക് ചികിത്സ തേടാന്‍ മടിക്കുന്നവരാണെന്നതാണ് മറ്റൊരു സത്യം. ലോകത്താകമാനം 350 ദശലക്ഷം ജനങ്ങള്‍ പ്രമേഹബാധിതരാണെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനിടെ ഇത് ഇരട്ടിയിലേറെ വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുട്ടികള്‍ക്കിടയില്‍ അമിതവണ്ണവും വ്യായാമമില്ലായ്മയും പാരമ്പര്യ ഘടകങ്ങളുമാണ് പ്രമേഹത്തിലേക്ക് വഴി തെളിക്കുന്നത്. പ്രമേഹത്തിനെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കാനാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കൊപ്പം തന്നെ പ്രമേഹബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനും ഈ ലോകാരോഗ്യദിനത്തില്‍ സംഘടന ലക്ഷ്യമിടുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter