തലച്ചോറിന്‍റെ സംഘടിത പ്രവര്‍ത്തനത്തിന്‍റെ ചുരുളഴിച്ച് ഇന്ത്യന്‍ വംശജന്‍
കാലങ്ങളായി ശാസ്ത്ര ലോകത്തിന് അജ്ഞാതമായിരുന്ന തലച്ചോറിന്‍റെ സംഘടിത പ്രവര്‍ത്തനങ്ങളുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ഇന്ത്യന്‍-- അമേരിക്കന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പ്രൊഫസറായ കൃഷ്ണ ശേണോയിയും സംഘവും. സഹകരണമാവശ്യമുള്ളപ്പോള്‍ പരസ്പരം സംവദിക്കാനും അല്ലാത്തപ്പോള്‍ അനാവശ്യ ഇടപെടലുകളൊഴിവാക്കാനും തലച്ചോറിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ക്ക് എങ്ങനെയാണ് സാദ്ധ്യമാകുന്നത് എന്ന കാലങ്ങളായുള്ള ചോദ്യത്തിനാണ് പ്രൊഫസര്‍ ശേണോയിയും സംഘവും തങ്ങളുടെ പുതിയ കണ്ടെത്തലിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ശേണോയ് ലാബ് എന്ന പേരില്‍ പ്രസിദ്ധമായ അമേരിക്കയിലെ സ്റ്റാംഫഡിലുള്ള ദ ന്യൂറല്‍ പ്രോസ്തറ്റിക് സിസ്റ്റംസ് ലാബിന്‍റെ കീഴില്‍ തലച്ചോര്‍ നിയന്ത്രിത കൃതിമാവയവങ്ങളുടെ നിര്‍മ്മാണത്തിനായി കാലങ്ങളായി നടന്നു വരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ കണ്ടെത്തല്‍ നടന്നത്. എങ്ങനെയാണ് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ് തലച്ചോറിനെ വേഗത്തിലുള്ളതും കൃത്യവുമായ ചലനങ്ങള്‍ നടത്താന്‍ സഹായിക്കുന്നതെന്ന നിരീക്ഷണത്തിലേര്‍പ്പെട്ടപ്പോഴാണ് ദീര്‍ഘകാലം ശാസ്ത്രലോകത്തിന്‍റെ പിടിയില്‍ നിന്നകന്നു നിന്ന രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞത്. തലച്ചോറിലെ ന്യൂറോണുകള്‍ സദാ പ്രവര്‍ത്തന ക്ഷമവും പരസ്പര ബന്ധിതവുമാണെന്നും അതു കൊണ്ടു തന്നെ അവയെ നിയന്ത്രിക്കാന്‍ ഒരു ഭാഗത്ത് നിന്നും എന്തു സന്ദേശമാണ് മറു ഭാഗത്തേക്ക് വിനിമയം ചെയ്യപ്പെടുന്നതെന്ന് തിരിച്ചറിയല്‍ അത്യന്താപേക്ഷിതമാണെന്നും അവര്‍ മനസ്സിലാക്കി. പരിശീലനം നല്‍കിയ കുരങ്ങുകളുടെ കരചലനം നിരീക്ഷണത്തിന് വിധേയമാക്കിയാണ് ഇതവര്‍ കണ്ടെത്തിയത്. കൃത്യമായ കരചലനങ്ങള്‍ നടത്താന്‍ പരിശീലിപ്പിക്കപ്പെട്ട കുരങ്ങുകളെ ഒരു വസ്തു കൈയ്യെത്തിപ്പിടിക്കുന്നതിന് മുമ്പ് ഒരര്‍ദ്ധവിരാമത്തില്‍ നിര്‍ത്താന്‍ പഠിപ്പിക്കുകയും അത് വഴി ചലനത്തിന് ഒരു നിമിഷം മുമ്പ് അവയുടെ തലച്ചോറുകളെ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്ത ഗവേഷകര്‍ പ്രവര്‍ത്തനത്തിനൊരുങ്ങുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും കുരങ്ങുകളുടെ കൈകളില്‍ വരുത്തുന്ന മാറ്റം മനസ്സിലാക്കാന്‍ കരപേശിയിലെയും കരപേശീ ചലനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ രണ്ട് മോട്ടോര്‍ കോര്‍ട്ടിക്കല്‍ ഭാഗങ്ങളിലെയും ഇലക്ട്രിക്കല്‍ സന്ദേശം പ്രത്യേക സംവിധാനം വഴി അപഗ്രഥനം ചെയ്‌തെടുത്തു. കുരങ്ങന്‍ പ്രവര്‍ത്തനത്തിനൊരുങ്ങി കൈ നിശ്ചലമാക്കി നിര്‍ത്തിയപ്പോള്‍ കരചലനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ രണ്ട് ഭാഗങ്ങളിലെയും ന്യൂറോണുകളുടെ പ്രവര്‍ത്തനത്തില്‍ ഗണ്യമായ മാറ്റമാണ് കാണാന്‍ കഴിഞ്ഞത്. ഈ ഘട്ടത്തില്‍ ചിലവക്ക് വേഗം കൂട്ടിയും ചിലവയുടെ വേഗം നിയന്ത്രിച്ചും തലച്ചോര്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനം സമതുലനപ്പെടുത്തിയപ്പോള്‍ പ്രവര്‍ത്തന വേളയില്‍ അവയില്‍ അനുസൃതമായ മാറ്റം വരുത്തി. അടിസ്ഥാന ശാസ്ത്രത്തിന്‍റെയും എന്‍ജിനീയറിങിന്‍റെയും ഇടയിലുള്ള ബന്ധം തന്നെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്ന് നേചര്‍ ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച തന്‍റെ പേപ്പറില്‍ കൃഷ്ണ ശേണോയ് പറഞ്ഞു. അംഗവൈകല്യമുള്ളവരെ സഹായിക്കാനുള്ള കൃതിമ സംവിധാനങ്ങളില്‍ പലതും ന്യൂറോസയന്‍സിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കില്‍ പല ആഴത്തിലുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകളും ഉല്‍ഭവിക്കുന്നത് എന്‍ജിനീയറിങ് അളവുകളില്‍ നിന്നും മെഡിക്കല്‍ സംവിധാനങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter