ഞാനും നോമ്പ് നോല്‍ക്കുന്നു
കൈപ്രമുഖ കവിയും വര്‍ത്തമാന മലയാളത്തിന്റെ സാംസ്‌കാരിക നായക നിരയിലെ പ്രധാന സാന്നിധ്യമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ സുകൃതസാന്നിധ്യമാണ് അദ്ദേഹം. പ്രൗഢപ്രതാപം നിറഞ്ഞ പാരമ്പര്യ മഹിമ കൊണ്ടും അസാധാരണത്വം നിറഞ്ഞ കലാവൈഭവം കൊണ്ടും അനുഗൃഹീതനാണ് നമ്പൂതിരി. സാംസ്‌കാരിക ജീവിതത്തിലെ സൗഹൃദങ്ങളാണ് തന്നെ താനാക്കിയതെന്ന് നമ്പൂതിരിപ്പാട് അയവിറക്കുന്നുണ്ട്. കണ്ണൂരിലെ കൈതപ്രം ഗ്രാമത്തില്‍ ജനിച്ച് മലയാളത്തോളം വളര്‍ന്നിട്ടും സൗമ്യമായ ഇടപെടലുകള്‍ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഗുണങ്ങള്‍ കൊണ്ടും സാംസ്‌കാരിക രംഗത്ത് അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. മനുഷ്യ സൗഹാര്‍ദ്ദത്തിന്റെ നേര്‍പരിഛേദമാണ് അദ്ദേഹത്തിന്റെ സൗഹൃദ ഇടപെടലുകളും നിലപാടുകളുമൊക്കെ. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ചിട്ടകളും ബന്ധങ്ങളും കോട്ടം തട്ടാതെ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനാണ്. മതങ്ങളുടെ ആന്തരിക മാനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും സ്വതന്ത്രമായ അഭിപ്രായങ്ങളുമുണ്ട് അദ്ദേഹത്തിന്. ആരോടും വിദ്വേഷമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക നിര്‍മാണ പ്രക്രിയയ്ക്ക് ആക്കംകൂട്ടാനായാലേ നാടിന്റെ പ്രതാപചരിത്രം തിരികെ കൊണ്ടുവരാനാകൂ എന്ന് നമ്പൂതിരി പ്രത്യാശിക്കുന്നു. റമദാന്‍ ഓര്‍മകളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ചെറുപ്പകാലത്തെ നോമ്പനുഭവങ്ങള്‍? സ്‌കൂളില്‍ പോകുന്ന കാലത്തു തന്നെ മുസ്‌ലിം സുഹൃത്തുക്കള്‍ നോമ്പു കാലത്ത് നോമ്പനുഷ്ഠിച്ചുവരല്‍ പതിവുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ അവരോടുള്ള ഐക്യദാര്‍ഢ്യമായി പലപ്പോഴും ഒന്നും തിന്നാറില്ലായിരുന്നു. നോമ്പുകാലത്ത് ഞാന്‍ മിഠായി പോലും വാങ്ങാറില്ല. മുസ്‌ലിം സുഹൃത്തിനെ അതു വേദനിപ്പിച്ചാലോ എന്ന് വിചാരിച്ചിട്ടാണ്. ആ ശീലമൊക്കെ എനിക്ക് അച്ഛനും അമ്മയും ജീവിതത്തിലൂടെ കാണിച്ചുതന്നതാണ്. പിന്നെ പെരുന്നാളിനും വിഷുവിനുമൊക്കെ നാട്ടിലെ ഹാജിയാര്‍മാര്‍ ചില്ലിക്കാശ് കൈനീട്ടം തരാറുണ്ടായിരുന്നു. അതു ഞാന്‍ സൂക്ഷിച്ചുവയ്ക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഒരു വര്‍ഷം വരെയൊക്കെ. നോമ്പിന്റെ ആത്മീയ മാനങ്ങളെക്കുറിച്ച്? നോമ്പ്, ഉപവാസം ഇതൊക്കെ എല്ലാ മതങ്ങളിലുമുണ്ട്. നമ്മുടെ ആചാരങ്ങള്‍ പലതിനും പരസ്പരം സാമ്യതകളുണ്ട്. വ്യത്യസ്ത രീതിയാണെന്നു മാത്രം. നാം കഴിയുമ്പോഴൊക്കെ അതു ചെയ്യണം. കാരണം, മാനസികവും ശാരീരികവുമായ നിയന്ത്രണം മനുഷ്യനെ ആത്മീയ തലത്തില്‍ ഉയര്‍ത്താന്‍ പാകമാക്കുന്നു. ഞങ്ങളുടെ ആചാരത്തില്‍ 'മണ്ഡല നോയ്മ്പ്' എന്ന ഒരു നോമ്പുണ്ട്. പക്ഷേ, റമളാന്റെയത്ര കാലദൈര്‍ഘ്യമില്ല. ചില നോമ്പുകള്‍ പകല്‍ മുഴുവന്‍ നിരാഹാരത്തോടെ ഉപവസിക്കലാണെങ്കില്‍, ചിലത് ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രം ഒഴിവാക്കി ഉപവസിക്കുന്നു. എല്ലാത്തിന്റെയും ആത്മീയ വശം ഒന്നുതന്നെയെന്ന് വിശ്വസിക്കുന്നയാളാണു ഞാന്‍. എല്ലാവരെയയും ഉള്‍ക്കൊള്ളാനുള്ള സന്‍മനസ്സാണ് ഈ നോമ്പുകാലത്ത് നാം കൈവരിക്കേണ്ടത്. പിന്നെ, നോമ്പിന്റെ മാസത്തിലാണല്ലോ ഖുര്‍ആന്‍ അവതരിച്ചത്. ആ പുണ്യവും നാം തിരിച്ചറിയണം. നോമ്പനുഷ്ഠിക്കാറുണ്ടോ? തീര്‍ച്ചയായും. പലപ്പോഴും നാം കലഹിച്ച് കഴിയേണ്ടവരല്ല. പരസ്പര സ്‌നേഹവും ഐക്യദാര്‍ഢ്യവും എല്ലാ രംഗത്തും വേണം. നോമ്പുകാലത്ത് നോമ്പുകാരോട് അനുഭാവം പുലര്‍ത്തി ഞാന്‍ നോമ്പെടുക്കാറുണ്ട്. എന്റെ വീട്ടില്‍ ധാരാളം മുസ്‌ലിം ജോലിക്കാരുണ്ട്. എന്റെ കലാകേന്ദ്രത്തിലും അവരൊക്കെ നോമ്പുകാലത്ത് നോമ്പെടുക്കുന്നവരാണ്. അതിനുള്ള എല്ലാ സൗകര്യവും ഞാന്‍ വീട്ടില്‍ ഒരുക്കാറുണ്ട്. ഇസ്‌ലാം മത നിയമപ്രകാരം അനുഷ്ഠാനങ്ങള്‍ ചെയ്യാനും നിസ്‌കരിക്കാനും വരെ ഞാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നു. അവര്‍ക്കുള്ള അത്താഴം വിളമ്പാന്‍ എന്റെ ഭാര്യ നേരത്തേ എണീക്കാറുമുണ്ട്. അതാണു ഞാന്‍ പറയുന്നത് നമുക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയണം. കോഴിക്കോട്ടെ ഇഫ്താര്‍ സംഗമങ്ങള്‍ എന്റെ ജീവിതത്തിലെ മനോഹര സായാഹ്‌നങ്ങളാണ് കോഴിക്കോട്ടെ ഇഫ്താര്‍ സംഗമങ്ങള്‍. ജാതിമത ഭേതമന്യേ എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സൗഹൃദം പങ്കുവയ്ക്കുന്നത് അവിസ്മരണീയ അനുഭവങ്ങളാണ് എനിക്ക്. ജീവിതത്തില്‍ ഇത്തരം സംഗമങ്ങള്‍ എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണു ഞാന്‍. പിന്നെ ഇഫ്താര്‍ സംഗമത്തിനൊക്കെ വലിയ സാമൂഹിക ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇഫ്താറില്‍ സംഗമിക്കുന്നത്. പരസ്പരം അറിഞ്ഞും അറിയിച്ചും ജീവിക്കേണ്ടവരാണല്ലോ നാം. ഈ തിരിച്ചറിവ് സമൂഹമനസ്സാക്ഷിയെ കൂടി ബോധിപ്പിക്കാന്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്കു കഴിയും. പ്രവാസികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ എന്ന നിലയില്‍ വല്ല നോമ്പനുഭവങ്ങളും? ഉണ്ട്. ഞാന്‍ പല പ്രോഗ്രാമുകള്‍ക്കും ഗള്‍ഫ് നാടുകളില്‍ പോവാറുണ്ട്. അവിടെ എനിക്ക് അനവധി മുസ്‌ലിം സുഹൃത്തുക്കളുണ്ട്. പ്രവാസികളുടെ കൂടെയുള്ള നോമ്പുകാലം വേറിട്ട അനുഭവമാണ്. അബൂദാബിയിലൊക്കെയാവുമ്പോള്‍, അവിടെ വലിയൊരു മാളുണ്ട്. പേര്.. ഓര്‍ക്കുന്നില്ല. എല്ലാവരും അവിടെ നോമ്പുതുറക്ക് ഒരുമിച്ചുകൂടും. വലിയ സദ്യതന്നെ ഒരുക്കിയിരിക്കും. വിഭവസമൃദ്ധമായ സദ്യ. നോമ്പുകാലത്ത് ഒരു പ്രത്യേക ഭക്തി തന്നെ അവരുടെ പെരുമാറ്റങ്ങളിലും ചലനങ്ങളിലും നമുക്ക് അനുഭവിക്കാന്‍ കഴിയും. ആചാരങ്ങളിലെ സാമ്യതകളെ കുറിച്ച് ? എല്ലാ മതങ്ങളുടെയും അന്തസത്ത ഏകദൈവവിശ്വാസമാണ്. ദൈവപ്രീതിക്കായി പലരും പലവഴിയും സ്വീകരിക്കുന്നു. ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗം പലതാണ്. ആരും ആരുടെയും മാര്‍ഗം തടയരുത്. ഇസ്‌ലാമിലെ ഹജ്ജ് യാത്രയെ പോലെ ഞങ്ങള്‍ അനുഷ്ടിക്കുന്ന കാശിയാത്രയ്ക്ക് പല സാമ്യതകളുമുണ്ട്. ഒരേ വസ്ത്രം അണിഞ്ഞ് ദൈവിക പ്രീതി മാത്രം ലക്ഷ്യംവച്ച്, ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് പോലും ചിന്തിക്കാതെയാണല്ലോ ഹജ്ജാജിമാര്‍ പുറപ്പെടുന്നത്. അതൊരു ആത്മീയമായ തീര്‍ത്ഥയാത്രയാണ്. കാശിയാത്രയും അങ്ങനെത്തന്നെ. ഞാന്‍ പല ഹജ്ജ് ക്യാമ്പുകളിലും സ്ഥിരസന്ദര്‍ശകനാണ്. ഇസ്‌ലാമിലെ ആചാരങ്ങളില്‍ ഏറ്റവും വൈവിധ്യമായി തോന്നിയത് ഏതായിരുന്നു? ഇസ്‌ലാമിക സാമ്പത്തിക രീതി എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുള്ള കാര്യമാണ്. അന്യനെ പിഴിയാത്ത ഏത് സാമ്പത്തിക ക്രമവും പ്രോത്സാഹിപ്പിക്കപ്പെടണം. ഇസ്‌ലാം പലിശ നിഷിദ്ധമാക്കിയത് അതുകൊണ്ടൊക്കെയാവുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മനുഷ്യനിര്‍മിതമായ എല്ലാ സാമ്പത്തിക സമവാക്യങ്ങളും താല്‍ക്കാലികമാണെന്ന് ചരിത്രം സാക്ഷിപറയുന്നു. പാശ്ചാത്യരൊക്കെ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയിലേക്ക് ശ്രദ്ധിക്കുകയാണല്ലോ. അതു നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ചൂഷണങ്ങള്‍ക്കൊക്കെ അറുതിവരുത്താന്‍ കഴിയും. അക്കാര്യം തീര്‍ച്ചയാണ്. നമ്മുടെ സാമൂഹിക ജീവിതത്തിലെ മതസൗഹാര്‍ദം? നാടിന്റെ പൈതൃകവും പ്രതാപവും സംരക്ഷിക്കല്‍ ഓരോരുത്തര്‍ക്കും ബാധ്യതയുള്ള കാര്യമാണ്. എന്റെ സൗഹൃദങ്ങള്‍ മുഴുവന്‍ മതമൈത്രിയെക്കുറിച്ച് സംസാരിക്കുന്നവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണ്. എല്ലാം ക്ഷമിക്കാനും പൊറുക്കാനും കഴിയണം നമുക്ക്. 'ഇന്നല്ലാഹ മഅസ്സ്വാബിരീന്‍' എന്നല്ലേ ഖുര്‍ആന്‍ പറഞ്ഞത്. പിന്നെ കാലുഷ്യം ചെയ്യുന്നവരോട് എന്നെപ്പോലുള്ളവര്‍ക്ക് ഒന്നും ചെയ്യാനില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറേയില്ല. എന്റെ വീട്ടില്‍ മൂകാംബികയിലെ വിളക്കും മക്കയിലെയും ജറൂസലെമിലെയും മണല്‍തരികളും ഞാന്‍ സൂക്ഷിക്കുന്നു. എല്ലാം ഒരേ പ്രതലത്തില്‍ വച്ചുതന്നെ ഞാന്‍ നിത്യം വന്ദിക്കാറുണ്ട്. പിന്നെ, ജീവിതത്തില്‍ ഞാന്‍ കണ്ട മഹാപുരുഷനായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങളുടെ വാക്കും പ്രവൃത്തിയും എന്തിനേറെ, ആ മൗനത്തില്‍ പോലും മതമൈത്രിയുടെ പ്രവാചകനെ ഞാന്‍ വായിച്ചെടുക്കുന്നു. പാണക്കാട് നമ്മുടെ സുകൃതമാണ്. തങ്ങള്‍ പലപ്പോഴും എന്റെ തിരുവണ്ണൂരിലെ കലാകേന്ദ്രത്തില്‍ അതിഥിയായി എത്തിയിട്ടുണ്ട്. എന്നോട് അടുത്തിരുന്ന് സംസാരിക്കാന്‍ തങ്ങള്‍ എല്ലായപ്പോഴും ശ്രമിക്കാറുണ്ടായിരുന്നു. തങ്ങളുമായുള്ള സമ്പര്‍ക്കങ്ങളൊക്കെ ഒരുതരം ആത്മീയ സായൂജ്യമാണെനിക്ക്. ഒരിക്കല്‍ ഞാന്‍ അവിടുത്തെ സ്‌നേഹത്തിന്റെ നിഷ്‌കളങ്ക സൗന്ദര്യത്തെ കവിതയില്‍ ഇങ്ങനെ ആവിഷ്‌ക്കരിച്ചു. പാണക്കാട്ടേക്കുള്ള വഴി- നന്മകള്‍ പച്ചവിരിച്ച വഴി... തങ്ങളുടെ വിടവ് ജീവിതത്തില്‍ എന്തൊക്കെയോ ശൂന്യതകളാണ് എനിക്കു നല്‍കിയത്. പലപ്പോഴും തങ്ങള്‍ കലാകേന്ദ്രത്തില്‍ വരുമ്പോള്‍ സന്ധ്യാനിസ്‌കാരങ്ങള്‍ അവിടെ നിന്നായിരുന്നു. ആരോടും ലാളിത്യഭാവത്തോടെ പെരുമാറുന്ന ആ വലിയ മനുഷ്യനു മുമ്പില്‍ ഞാന്‍ വിനയാന്വിതനാകുന്നു. ഈ സൗഹൃദങ്ങളും ഇടപെടലുകളുമൊക്കെയാണ് എന്നെ ഞാനാക്കിയത്. എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ വ്രതവിശുദ്ധി ആശംസിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter