യുദ്ധക്കെടുതിയുടെ സിറിയന്‍ മുഖങ്ങള്‍ ഒപ്പിയെടുത്ത പെയ്ന്റിംഗുകള്‍

ഒരു സമൂഹത്തിന്റെ ദു:ഖവും സന്തോഷവും അതേപോലെ ഒപ്പിയെടുത്ത് പുനരവതരിപ്പിക്കാനുള്ള ഒരു കലാകാരന്റെ കഴിവ് അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്. അവരുടെ വേദനയുടെ പിന്നാമ്പുറ ചരിത്രങ്ങളെക്കുറിച്ച് കുറേ പറയുന്നതിനെക്കാളും എഴുതുന്നതിനെക്കാളും ഏറെ ഒരുപക്ഷെ ഈ ചിത്രങ്ങളായിരിക്കും ഫലം ചെയ്യുക. സ്വന്തം നാടിന്റെ ഇന്നലെകളെക്കുറിച്ച് ഒരു പൈന്റര്‍ തന്റെ പെയ്ന്റിംഗുകളിലൂടെ ഓര്‍ത്തെടുക്കുമ്പോള്‍ അതിലേറെ ഹൃദ്യമായിരിക്കും അത്. കനല്‍പഥങ്ങളിലൂടെ കടന്നുവന്ന തന്റെ സ്വന്തം നാട് എന്ന വല്ലാത്തൊരു ഹൃദയ തേങ്ങല്‍ അതില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം.

ഈയിടെ ബൈറൂത്തില്‍ നടന്ന പ്രമുഖ സിറിയന്‍ കലാകാരന്‍ ഹൗമാം സൈദിന്റെ പെയ്ന്റിംഗ് പ്രദര്‍ശനത്തില്‍ അതേറെ നിഴലിച്ചുനിന്നിരുന്നു. നൂറ്റാണ്ടുകളിലൂടെയുള്ള പ്രയാണത്തിനിടയില്‍ സിറിയ അനുഭവിച്ച പീഢനങ്ങളുടെയും അധിനിവേശത്തിന്റെയും കദനകഥകളാണ് അദ്ദേഹം തന്റെ മനോഹരമായ ചിത്രങ്ങളിലൂടെ പുനരവതരിപ്പിക്കുന്നത്. അധിനിവേശ ശക്തികള്‍ സ്വന്തം നാടിനെ കീഴടക്കിവെച്ചതും അതിനു കീഴില്‍ ജനങ്ങള്‍ മൃഗസമാനരായി കഴിഞ്ഞുകൂടേണ്ടിവന്നതും തുടരിലിട്ട മനുഷ്യരെ ചിത്രീകരിച്ച് അദ്ദേഹം അവതരിപ്പിക്കുന്നു.

സിറിയയുടെ കഥ പറയുന്നതിലൂടെ മിഡിലീസ്റ്റ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്താനുഭവങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കുകയാണ് സൈദ് തന്റെ ചിത്രങ്ങളിലൂടെ. ബൂട്ടു ധരിച്ച് ആയുധങ്ങളേന്തി വരുന്ന അധിനിവേശ ശക്തികളുടെ പട്ടാളക്കാര്‍ ഈ നാടുകളിലൂടെ നിറഞ്ഞൊഴുകുന്നതിനെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിഹസിക്കുന്നുണ്ട്.

മുപ്പത്തിയഞ്ച് വയസ്സു മാത്രമുള്ള സൈദ് സിറിയയിലെ മസ്‌യാഫിലാണ് ജനിച്ചത്. 12 ാം നൂറ്റാണ്ടില്‍ വിപ്ലവകാരികളായ ഹശ്ശാശീങ്ങളുടെ നാടായിരുന്നു ഇത്. മലമുകളിലും മറ്റും തമ്പടിച്ചിരുന്ന അവര്‍ സല്‍ജൂഖ് ഭരണകൂടത്തോട് നിരന്തരം യുദ്ധം ചെയ്തിരുന്നു. അതുമുതല്‍ ഇങ്ങോട്ട് നൂറ്റാണ്ടുകളായി ഒരു യുദ്ധഭൂമിയായിതന്നെ നിലകൊള്ളുന്ന മസ്‌യാഫ്.

ഇന്ന് മസ്യാഫ് ഒരു ചെറിയ പട്ടണമാണ്. കശ്ശാശീങ്ങളുടെ കഥ പറയുന്ന ഒരു ചരിത്ര മ്യൂസിയം മാത്രമേ അവിടെയുള്ളൂ.

തന്റെ 17 ാം വയസ്സില്‍ തന്നെ സൈദ് ചിത്രപ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. തന്റെ നാട്ടില്‍നിന്നും 90 കിലോമീറ്ററുകള്‍ അകലെ ലഡാക്കിയയില്‍നിന്നായിരുന്നു സമാരംഭം.

നിസ്സാഹയതയും ദയനീയതയുമാണ് സൈദ് ചിത്രങ്ങളില്‍ നിഴലിച്ചുനിന്നിരുന്നത്. അധിനിവേശങ്ങള്‍ക്കും പീഢനങ്ങള്‍ക്കും മുമ്പില്‍ സിറിയന്‍ ജനത അനുഭവിക്കുന്ന വേദനകളാണ് ഇതിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്.
വിവ. മോയിന്‍ മലയമ്മ
Leave A Comment