ലോകശക്തികളുടെ യുദ്ധ നിലങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയുമില്ലേ?
riiഇന്ന് എനിക്ക് ഒരു സ്‌റ്റേറ്റ് നിയന്ത്രിത റഷ്യന്‍ ടി.വിയില്‍നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. അമേരിക്ക അഫ്ഗാനിലെ ഒരു ഹോസ്പിറ്റലിനുമേല്‍ ബോംബിട്ടത്തിന്റെ വാര്‍ഷികമായതിനാല്‍ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയണമെന്നതായിരുന്നു അവരുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് അഫ്ഗാനിലെ കുണ്ടൂസ് പ്രവിശ്യയിലെ ഒരു ഹോസ്പിറ്റല്‍ യു.എസ് ഒരു മണിക്കൂര്‍ നീണ്ട വ്യോമാക്രമണത്തിലൂടെ തകര്‍ത്തുകളഞ്ഞത്. 24 രോഗികള്‍, 14 മെഡിക്കല്‍ സ്റ്റാഫുകള്‍, 4 സെക്യൂരിറ്റിക്കാര്‍ ഉള്‍പ്പടെ 42 പേര്‍ അതില്‍ കൊല്ലപ്പെട്ടിരുന്നു. ഞാന്‍ അതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു; 'അലപ്പോയിലെ സിറിയന്‍ ഹോസ്പിറ്റലിനു നേരെയുണ്ടായ ബോംബാക്രമണത്തെക്കുറിച്ചും ഗാസാ മുനമ്പിലെ ഫലസ്തീന്‍ ആശുപത്രികളിലുണ്ടായ ഷെല്ലാക്രമണത്തെക്കുറിച്ചും യമനിലെ ഹോസ്പിറ്റലുകളിലുണ്ടായ മിസൈല്‍ ആക്രണത്തെക്കുറിച്ചും എനിക്ക് പറയാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഞാന്‍ ശ്വസമടക്കാതെ സംസാരിക്കുമായിരുന്നു.' റഷ്യന്‍ കാപട്യം മാത്രമല്ല ഈ ഫോണ്‍ കോള്‍ തുറന്നുകാട്ടുന്നത്. മറിച്ച്, യു.എസ്, സൗദി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയം കൂടി ഇത് വ്യക്തമാക്കുന്നു. മാത്രവുമല്ല, സിവിലിയന്‍ പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ തുടങ്ങിയവ ബോംബിട്ടു തകര്‍ക്കുന്നതിനെ നിസ്സാരമായി കാണുന്ന മറ്റനേകം രാജ്യങ്ങളുടെയും ഇരട്ട മുഖം ഇതിലൂടെ പുറത്തുവരുന്നതു കാണാം. ലോകമൊന്നടങ്കം മനുഷ്യാവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോഴും അവര്‍ സ്വന്തം കുഴിച്ചുവെച്ച ചെളിക്കുളത്തിനു ചുറ്റും നീന്തിക്കൊണ്ടിരിക്കുകയാണ് ഇന്ന്. 2018 ല്‍ നക്ബയുടെ എഴുപതാം വാര്‍ഷികം അടുത്തുവരുമ്പോള്‍ ഫലസ്തീനികള്‍ക്ക് നന്നായി ബോധ്യപ്പെട്ട കാര്യമാണ്, സൂപ്പര്‍ പവറുകള്‍ ഇതുവരെ അവരുടെ ജീവിതത്തിന് യാതൊരു പരിഗണനയും നല്‍കിയിട്ടില്ലായെന്നത്. ഇതുതന്നെയാണ് സിറിയയിലെ സാധാരണ ജനങ്ങളും തിരിച്ചറിയാന്‍ പോകുന്നത്. ബശ്ശാറുല്‍ അസദിന്റെ ബാരല്‍ ബോംബുകളില്‍നിന്നും റഷ്യയുടെ മാരകമായ മിസൈലുകളില്‍നിന്നും ഇറാന്റെ തീവ്രതയേറിയ ആധുധങ്ങളില്‍നിന്നും ഓടിയകലുമ്പോഴും ഇതല്ലാതെ മറ്റൊന്നും തന്നെ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല, യു.എസും ബ്രിട്ടനും തുര്‍ക്കിയും ഫ്രാന്‍സും ജര്‍മനിയും തൊടുത്തുവിട്ട ആയുധങ്ങളില്‍നിന്നും ഓടിയകലുകലാനേ അവര്‍ക്ക് കഴിയുകയുള്ളൂ. ഇങ്ങനെയിരിക്കെ, ലോകത്തെ അനേകം രാജ്യങ്ങള്‍ യുദ്ധനിയമങ്ങളെ കാറ്റില്‍പറത്തി, മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ച് മുന്നേറുമ്പോള്‍ അമേരിക്കയുടെ യുദ്ധക്കുറ്റങ്ങളെ മാത്രം എങ്ങനെ എതിര്‍ക്കാനാകും? riഇതെല്ലാം വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. ഏകദേശം 70 വര്‍ഷമായി ഈ വന്‍ ശക്തികള്‍ എന്ന് പറയപ്പെടുന്ന രാഷ്ട്രങ്ങള്‍ ഈ കളി തുടങ്ങിയിട്ട് എന്നതാണത്. ലക്ഷണക്കിന് നിരപരാധികളായ ഫലസ്തീനികളെ തങ്ങളുടെ ജന്മഗൃഹങ്ങളില്‍നിന്നും പിടിച്ചിറക്കിക്കൊണ്ട് ധിക്കാരികളായ സയണിസ്റ്റ് മിലീഷ്യയാണ് ഇതിനു തുടക്കം കുറിച്ചത്. 1948 ഓടെ ലോകം തന്നെ മറ്റൊരു നിലക്ക് ചിന്തിച്ചു തുടങ്ങുകയായിരുന്നു. മനുഷ്യാവകാശങ്ങള്‍ ഒരിക്കലും വീണ്ടെടുക്കാനാകാത്ത വിധം പിച്ചിച്ചീന്തപ്പെടുകയായിരുന്നു അന്നുമുതല്‍. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയിട്ടും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം എന്ന യു.എന്‍ ചാര്‍ട്ടറിന് ഇവിടെ യാതൊന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. യൂ.എന്‍ ലോക സമൂഹങ്ങള്‍ക്കു മുമ്പില്‍ എന്തൊന്നിനെയാണോ പ്രതിനിധീകരിക്കുന്നത് അത് കേവലം പരിഹാസം മാത്രമായി മാറിയിരിക്കുന്നു. നിരന്തരം തങ്ങളുടെ ഡോറില്‍ വന്ന് മുട്ടുന്ന നിരപരാധികളായ സിവിലിയന്‍മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും രക്തമൊഴുകുന്ന ശരീരങ്ങള്‍ കാണുമ്പോള്‍, അവിടങ്ങളിലെ ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അല്‍ഭുതപ്പെട്ടുപോവുകയാണ്. മനുഷ്യന്‍ മനുഷ്യനു നേരെത്തന്നെ കാണിക്കുന്ന മൃഗീയ കടന്നാക്രമണങ്ങളുടെ രൂക്ഷത അത്രമേല്‍ ഭയാനകമായിരുന്നു. പരിമിതമായ മരുന്നുകളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് ഇങ്ങനെ കൊണ്ടുവരപ്പെടുന്നവരുടെ മുറിവുകള്‍ വെച്ചുകെട്ടി ആശ്വസിക്കാന്‍ പോലും അവര്‍ക്കിന്ന് കഴിയാതെ വന്നിട്ടുണ്ട്. കാരണം, അനധികൃതമായി ഹോസ്പിറ്റലുകള്‍ തന്നെ ബോംബ് വെച്ച് തകര്‍ക്കപ്പെടുമ്പോള്‍ അവര്‍ക്ക് ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെ തടസ്സപ്പെട്ടുപോകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഉപരോധിക്കപ്പെട്ട ഫലസ്തീനില്‍ എത്രയെത്ര ഹോസ്പിറ്റലുകളാണ് ഇസ്രയേല്‍ ജെറ്റ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ബോംബിട്ട് നശിപ്പിച്ചത്! അപ്പോഴെല്ലാം ലോക രാജ്യങ്ങള്‍ ഒരക്ഷരം ഉരിയാടാതെ മൗനം വ്രതമാക്കി നില്‍ക്കുകയായിരുന്നു. സയണിസ്റ്റ് രാഷ്ട്രം ഗാസയുടെ മേല്‍ അഴിച്ചുവിട്ട യുദ്ധനിരകളില്‍ ഒന്നു മാത്രമായിരുന്നു ഇത്. ഇന്ന് ഇതേ കഥ തന്നെയാണ് സിറിയയിലെ അലപ്പോയില്‍നിന്നും യമനിലെ വിവിധ സിറ്റികളില്‍നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്. യുദ്ധ സമയത്താവട്ടെ അല്ലാത്ത നേരങ്ങളിലാവട്ടെ പക്ഷപാതിത്തമേതുവില്ലാത്ത വിധത്തിലുള്ള മെഡിക്കല്‍ സുരക്ഷ ലഭിക്കുകയെന്നത് ഏതൊരാളുടെയും മൗലിക അവകാശങ്ങളില്‍ പെട്ടതാണ്. എന്നാല്‍, വൈറ്റ് ഹൗസില്‍നിന്നോ ഡ്രൗണിംഗ് സ്ട്രീറ്റില്‍നിന്നോ തെഹ്‌റാനില്‍ നിന്നോ ടെല്‍ അവീവില്‍ നിന്നോ മറ്റോ ഇടപെടലുകളുണ്ടാകുമ്പോള്‍ ഇത്തരം നിയമങ്ങളെല്ലാം അ്സ്ഥാനത്താവുന്നതാണ് കാണാന്‍ കഴിയുന്നത്. ഇരകളുടെ വേദനകള്‍ ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല. ഇസ്രയേല്‍ ജന്മംകൊണ്ട ദിവസം മുതലാണ് ആഗോള തലത്തില്‍ മനുഷ്യാവകാശങ്ങള്‍ പരസ്യമായി ധ്വംസിക്കപ്പെടുന്ന അവസ്ഥാവിശേഷമുണ്ടായത് എന്നതാണ് സത്യം. ഫലസ്തീനികളുടെ അവകാശങ്ങള്‍ വെച്ച് കളിക്കുകയായിരുന്നു അവര്‍. ഇന്ന് യു.എന്നിന്റെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം (Universal Human Rights Declaration) എന്ന രേഖ അപ്രസക്തമായ ഒന്നായി മാറിക്കഴിഞ്ഞു. കാലിയായ വാഗ്ദാനങ്ങളും ജീര്‍ണിച്ച ശവങ്ങളുടെ ഗന്ധവും മാത്രമാണ് ഇന്നതില്‍ നിഴലിച്ചുനില്‍ക്കുന്നത്. അതുകൊണ്ട്, എന്നോട് ക്ഷമിക്കുക. കുണ്ടൂസ് ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാന്‍ അതിനെ ഗൗനിക്കുന്നില്ലായെന്നല്ല. മറിച്ച്, മനുഷ്യാവകാശങ്ങളെക്കുറിച്ച സംസാരങ്ങളെല്ലാം അപ്രസക്തമായിട്ടുണ്ടെന്ന തോന്നലാണ് എന്നിലുള്ളത്. വിവ. ഇര്‍ശാന അയ്യനാരി അവ: middleeastmonitor.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter