മുസ്‌ലിമായതുകൊണ്ടു മാത്രം ഫൈസ്വലിനെ കൊല്ലുകയായിരുന്നു അവര്‍
f-3മത സൗഹാര്‍ദാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെ ഉണ്ടായ കനത്ത വെല്ലുവിളിയാണ് ഈയിടെ കൊടിഞ്ഞിയില്‍ നടന്ന ഫൈസ്വലിന്റെ വധം വ്യക്തമാക്കുന്നത്. ആറു മാസം മുമ്പ് മുസ്‌ലിമായി എന്നതിലപ്പുറം 32 വയസ്സുള്ള ആ ചെറുപ്പക്കാരന്‍ ആരെയും വേദനിപ്പിക്കുന്ന വിധം യാതൊന്നും ചെയ്തിട്ടില്ലായെന്ന് എല്ലാവരും സമ്മതിക്കുന്നു. ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്ന് സ്വന്തം അമ്മയും തുറന്നുപറയുന്നു. പിന്നെന്തിന് സ്വന്തം ഇഷ്ട പ്രകാരം മതം മാറിയ ഫൈസ്വലിനെ വകവരുത്തിയെന്നത് ഉത്തരമില്ലാത്ത ചോദ്യമായി ശേഷിക്കുകയാണ്. ഒരാളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? രാജ്യത്തിന്റെ ഭരണഘടന പോലും മൗലികാവകാശമായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ, ആര്‍.എസ്.എസ് പോലുള്ള വര്‍ഗീയ വിധ്വംസക ശക്തികള്‍ ഇതിനെതിരെ കലി തുള്ളുന്നത് വ്യക്തിയവകാശങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയായിത്തന്നെവേണം മനസ്സിലാക്കാന്‍. കൊടിഞ്ഞിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഫൈസ്വല്‍ പിറന്നത്. അനില്‍ കുമാര്‍ എന്നായിരുന്നു മുന്‍ പേര്. പിതാവ് കൃഷ്ണന്‍ കുട്ടി നായര്‍, അമ്മ മീനാക്ഷി. ഡ്രൈവര്‍ ജോലി ചെയ്തുവന്നിരുന്ന ഫൈസ്വല്‍ താന്‍ ഓടിച്ചിരുന്ന കാറില്‍നിന്നും ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടാണ് ഇസ്‌ലാമില്‍ ആകൃഷ്ടനാകുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ആറു മാസം മുമ്പ് തന്റെ വിശ്വാസം തുറന്നു പ്രഖ്യാപിച്ചു. ഇസ്‌ലാമിക നിയമ പ്രകാരം ജീവിതവും ക്രമപ്പെടുത്തി. ഈയിടെ ഗള്‍ഫില്‍നിന്നും വന്നതിനു ശേഷം തന്റെ ഭാര്യയെയും മൂന്നു മക്കളെയും ഇസ്‌ലാമിലേക്കു കൊണ്ടുവന്നിരുന്നു. ശേഷം, ഞായറാഴ്ച ഗള്‍ഫിലേക്കു തന്നെ തിരിച്ചുപോകാനിരിക്കെയാണ് ശനിയാഴ്ച പുലര്‍ച്ചേ ചില തീവ്ര ഹിന്ദു കഷ്മലന്മാര്‍ ആ ജീവനെടുത്തത്. ഭാര്യയുടെ മാതാപിതാക്കളെ താനൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടാന്‍ ഓട്ടോയില്‍ പോകുമ്പോഴായിരുന്നു കേരളത്തെ ഞെട്ടിച്ച ദാരുണമായ സംഭവം. f-4മതം മാറിയതിനാല്‍ നേരത്തെത്തന്നെ ചില തീവ്ര ഹിന്ദു വിഭാഗങ്ങളില്‍നിന്നും ഫൈസ്വലിന് ഭീഷണി വന്നിരുന്നു. അതൊന്നും മുഖവിലക്കെടുക്കാതെയാണ് ഫൈസ്വല്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നത്. തന്റെ ലീവ് തീര്‍ന്നിട്ടില്ലെങ്കിലും ഞാന്‍ അടുത്ത ദിവസം പുറപ്പെടുകയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സലാം പറഞ്ഞുകൊണ്ടാണ് അതില്‍ സംസാരംതുടങ്ങുന്നത്. ആ തിരിച്ചുപോക്ക് അല്ലാഹുവിലേക്കായിരിക്കുമെന്നത് അപ്പോള്‍ അദ്ദേഹം പോലും അറിഞ്ഞിരിക്കില്ല. പക്ഷെ, അത് സംഭവിച്ചു. ഭാര്യയും സംഗതികളൊന്നുമറിയാത്ത മൂന്നു കുഞ്ഞുങ്ങളും നിരാലംബരായി. വര്‍ഗീയ വിധ്വേഷം പ്രചരിപ്പിച്ച് സ്വന്തം കാര്യലാഭം നേടുന്ന ആര്‍.എസ്.എസിനു കഴിയുമോ ആ ഭാര്യക്ക് തന്റെ ഭര്‍ത്താവിനെ തിരിച്ചുനല്‍കാന്‍? പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ഉപ്പയെ തിരിച്ചു നല്‍കാന്‍? കേരളത്തില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കലാപം സൃഷ്ടിച്ച് കാര്യം നേടാനുള്ള വ്യഗ്രതയുടെ ഭാഗമായാണ് ചില കുബുദ്ധികള്‍ അതി നീചമായ ഇത്തരം ചെയ്തികള്‍ക്ക് ധൈര്യം കാണിക്കുന്നത്. മലപ്പുറം കൊടിഞ്ഞി പോലെയുള്ള ഒരു സ്ഥലത്ത് ഇത്തരം കൃത്യത്തിന് തെരഞ്ഞെടുത്തത് ചിന്തനീയമാണ്. സ്വേഷ്ട പ്രകാരം നടത്തിയ കേവലം ഒരു മതം മാറ്റത്തിന് എന്തിന് ഇത്രയും വലിയൊരു കടുംകൈ ചെയ്തുവെന്നത് അന്വേഷിക്കപ്പെടേണ്ടതുണ്ട്. മലപ്പുറം പോലുള്ള ഒരു ജില്ലയില്‍ മുസ്‌ലിം സംഘടിത ജീവിതത്തെ വളര്‍ന്നുവരുന്ന ഒരു ഭീഷണിയായി ഉയര്‍ത്തിക്കാണിക്കുക എന്നതുകൂടി ഈ കൃത്യത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ധാരാളമായി ഇവിടങ്ങളില്‍ സംഭവിക്കുന്നുവെന്ന വ്യാജ ചിന്തകള്‍ സൃഷ്ടിച്ച് ഇതിനെതിരെ ഭരണകൂടത്തിന്റെയും ഛിദ്ര ശക്തികളുടെയും ശ്രദ്ധ ക്ഷണിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളും ഇതിനു പിന്നിലുണ്ട്. നിരപരാധികളായ പാവങ്ങളാണ് ഇതിനെല്ലാം ഇരയാകുന്നത് എന്നതാണ് ഏറെ ഖേദകരം. ഇസ്‌ലാം ഭീതി കാരണം തീവ്ര ഹിന്ദു കൂട്ടായ്മകള്‍ നടത്തുന്ന ഇത്തരം ചെയ്തികളെ എന്തു വിലകൊടുത്തും പരാചയപ്പെടുത്തേണ്ടതുണ്ട്. കേരളത്തിന്റെ മത സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ത്തെറിയുന്നതോടൊപ്പം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യത്തെക്കൂടിയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ഇത് ഭരണഘടനാപരമായിത്തന്നെ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്. ഈ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്തിട്ടില്ലെങ്കില്‍ സ്വേഷ്ടപ്രകാരം യഥാര്‍ത്ഥ ദൈവത്തെ അന്വേഷിച്ചുപോകുന്ന പലര്‍ക്കും ഫൈസ്വലിന്റെ അനുഭവമുണ്ടാകും. സൗഹൃദത്തിന്റെ ഈ ഭൂമിയില്‍ അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ സംഭവങ്ങള്‍ക്കിടയില്‍ മാതൃഭൂമിയും മനോരമയും കാട്ടിയ തോന്നിവാസമാണ് ആരെയും ഞെട്ടിപ്പിക്കുന്ന മറ്റൊരു നീച വൃത്തി. സംഘികള്‍ക്ക് വളം വെച്ചുനല്‍കുന്ന ഈ പത്രങ്ങളാണ് കേരളത്തിലെ ഹിന്ദു മുസ്‌ലിം സൗഹാര്‍ദാന്തരീക്ഷത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത്. വിവിധ തരം മുഖം മൂടി ധരിച്ച വര്‍ഗീയ വിധ്വംസക കൂട്ടായ്മകളെ മാറ്റിനിര്‍ത്തി മൂലക്കിരുത്തുമ്പോള്‍ മാത്രമേ ഫൈസ്വല്‍ വധം പോലെയുള് സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. മലപ്പുറത്തിന്റെ സൗഹൃദ പാരമ്പര്യം അണയാതെ മുന്നോട്ടുപോവുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter