വ്രതം ഹൃദയരോഗങ്ങളെ തടയുന്നു: പഠനം

 width=വ്രതം ഹൃദയാഘാതത്തില്‍നിന്നും മറ്റു രോഗങ്ങളില്‍നിന്നും മനുഷ്യനൊരു രക്ഷാകവചമായി വര്‍ത്തിക്കുന്നുവെന്ന് പഠനം. കഴിഞ്ഞ വര്‍ഷം യു.എ.ഇയിലെ ചില തൊഴിലാളികളെ മുന്നിര്‍ത്തി നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്. റമദാനില്‍ വ്രതമനുഷ്ഠിക്കുന്ന ആളുകളുടെ ആരോഗ്യം പുഷ്ടിപ്പെടുകയാണെന്നും ഹൃദയാഘാതം പോലെയുള്ള അത്യാഹിതങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയെ അത് കുറക്കുന്നുവെന്നുമായിരുന്നു കണ്ടെത്തല്‍.

ദുബൈ അമേരിക്കന്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ഉമര്‍ കാമില്‍ ഹല്ലാഖിന്റെ നേതൃത്വത്തില്‍ 37 തൊഴിലാളികളിലായിരുന്നു പഠനം. റമദാന്‍ മാസം തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമായി മൂന്നു തവണ അവരില്‍നിന്നും രക്ത സാമ്പിളുകള്‍ സ്വീകരിച്ചാണ് അദ്ദേഹം പരീക്ഷണം നടത്തിയത്. ഇത് ആദ്യമായാണ് നോമ്പിന് ഹൃദയവുമായുള്ള ബന്ധം വ്യക്തമാകുന്നതെന്ന് അഞ്ചോളം  ഗവേഷണ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അദ്ദേഹം പറഞ്ഞു. ഒരു ദിവസം പതിനാലോളം മണിക്കൂര്‍ ഭക്ഷണത്തില്‍നിന്നും അകന്നു നില്‍ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ബ്ലഡ് പ്രഷര്‍, ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് തുടങ്ങിയവയിലും മിതത്വം കൈവരുമെന്ന് പഠനം തെളിയിച്ചു. 'മനുഷ്യ ശരീരത്തില്‍ ലിപോകൊളസ്‌ട്രോളും ട്രൈഗ്ലിസെറൈഡ്‌സും കുറഞ്ഞുവരുമ്പോല്‍ നല്ല കൊളസ്‌ട്രോളിന് ആവശ്യത്തിനനുസൃതമായ വളര്‍ച്ച ഉണ്ടാവുകയും അത് അവനെ ഹൃദയ രോഗങ്ങള്‍ ബാധിക്കുന്നതില്‍നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.' ഡോ. ഹല്ലാഖ് പറഞ്ഞു.

ഇവ്വിഷയകമായ അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിസള്‍ട്ടില്‍ ഇതുവരെ എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് എമിറേറ്റ്‌സ് കാര്‍ഡിയാക് സൊസൈറ്റി അംഗംകൂടിയായ ഡോക്ടര്‍ വ്യക്തമാക്കി. 2012  ഏപ്രിലില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് കാര്‍ഡിയോളജി പ്രോഗ്രാമിലാണ് അമേരിക്കയില്‍നിന്നും ട്രൈനിംഗ് നേടിയ ഡോ. ഹല്ലാഖ് തന്റെ കണ്ടെത്തലുകള്‍ വിശദീകരിച്ചത്. ഈയിടെയായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലിലും ഇത് പ്രസിദ്ധീകരിച്ചുവന്നു. ഹല്ലാഖിന്റെ പഠനത്തെ തുടര്‍ന്ന് ഈയിടെ  അമേരിക്കയിലെ വാര്‍ദ്ധക്യത്തെക്കുറിച്ച് പഠനം നടത്തുന്ന നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലൂം സമാനമായൊരു പഠനം നടക്കുകയുണ്ടായി. നിരന്തരമായി നോമ്പനുഷ്ടിക്കുന്ന ഒരാളുടെ മസ്തിഷ്‌കം അള്‍ഷിമേഴ്‌സ്, പാര്‍കിന്‍സണ്‍ പോലെയുള്ള രോഗങ്ങള്‍ ബാധിക്കുന്നതില്‍നിന്നും മുക്തമായിരിക്കുമെന്ന് ഈ പഠനം കണ്ടെത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter