ഇന്ത്യന്‍ എക്കണോമിക്, സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വീസുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു
ഇന്ത്യയുടെ സാമ്പത്തിക നയരൂപ വത്ക്കരണത്തില്‍ ഭാഗഭാക്കാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി ഇന്ത്യന്‍ എക്കണോമിക് സര്‍വ്വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത നേടുന്നവര്‍ക്ക് ആസൂത്രണ കമ്മീഷന്‍, ആസൂത്രണ ബോര്‍ഡ്, ദേശീയ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ജൂനിയര്‍ ടൈം സ്‌കെയില്‍ അഥവാ ഗ്രേഡ് നാല് ഓഫീസര്‍മാരായിട്ടാകും ആദ്യ നിയമനം. മികവ് തെളിയിക്കുന്നവര്‍ക്ക് ഐക്യരാഷ്ട്ര സഭ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ ഡെപ്യൂട്ടേഷനും അവസരം ലഭിക്കും. ഐ.ഇ.എസിന് എക്കണോമിക്‌സ്, അപ്ലൈഡ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് എന്നിവയിലും ഐ.എസ്.എസിന് സ്റ്റാറ്റിസ്റ്റിക്‌സ്, എക്കണോമിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലും ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഐ.ഇ.എസില്‍ 15 ഒഴിവുകളും ഐ.എസ്.എസില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത മൂന്ന് സീറ്റുള്‍പ്പെടെ 23 ഒഴിവുകളുമാണുള്ളത്. 21നും 30നും മദ്ധ്യേയാണ് അപേക്ഷകന്‍റെ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. എസ്.സി. എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച്, ഒ.ബി.സിക്ക് മൂന്ന്, ശാരീരിക വൈകല്യമുള്ളവര്‍ക്ക് പത്ത്, വിമുക്ത ഭടന്മാര്‍ക്ക് അഞ്ച് എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുകളുണ്ടായിരിക്കും. മൊത്തം 1000 മാര്‍ക്ക് വീതമുള്ള ആറ് പേപ്പറുകളാണ് ഇരു വിഭാഗക്കാര്‍ക്കും ഉണ്ടാവുക. ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ് എന്നിവക്ക് പുറമെ ഇന്ത്യന്‍ എക്കണോമിക്‌സിന്‍റെ ഒരു പേപ്പറും ജനറല്‍ എക്കണോമിക്‌സിന്‍റെ മൂന്ന് പേപ്പറും ഐ.ഇ.എസുകാര്‍ക്കും സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ നാല് പേപ്പറുകള്‍ ഐ.എസ്.എസുകാര്‍ക്കും ഉണ്ടാവും. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന എഴുത്തു പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് അഭിമുഖവും ഉണ്ടാവും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. കേരളക്കാര്‍ക്ക് മറ്റ് സമീപ കേന്ദ്രങ്ങള്‍ ചെന്നൈയും ബാംഗ്ലൂരുമാണ്. സ്ത്രീകള്‍, എസ്.സി, എസ്.ടി, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവരല്ലാത്തവര്‍ക്ക് 200 രൂപ അപേക്ഷാ ഫീസ് അടക്കണം. എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ പണമായോ ഓണ്‍ലൈനായോ ഇത് അടക്കാവുന്നതാണ്. അപേക്ഷകള്‍ യു.പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാര്‍ച്ച് പത്താണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter