ഫാഷിസ്റ്റ് അടിച്ചമര്‍ത്തലിനെതിരെ തലസ്ഥാനത്ത് വിദ്യാര്‍ത്ഥി മാര്‍ച്ച്
2016_2ന്യൂഡല്‍ഹി: പോരാട്ട ചരിത്രത്തില്‍ സംഘബോധത്തിന്റെയും ആവേശത്തിന്റെയും പുത്തനധ്യായം കുറിച്ച് ജാതിവാദത്തിനും ഫാഷിസ്റ്റ് അടിച്ചമര്‍ത്തലിനുമെതിരെ തലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ഉജ്ജ്വല മാര്‍ച്ച്. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ജാതിവാദികള്‍ വേട്ടയാടിക്കൊന്ന ഗവേഷകന്‍ രോഹിത് വെമുലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ചലോ ദില്ലി മാര്‍ച്ച് ഡല്‍ഹിയിലത്തെിയപ്പോള്‍ വിവിധ സര്‍വകലാശാലകളില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഒപ്പം ചേര്‍ന്നത്. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ദേശദ്രോഹ മുദ്ര ചാര്‍ത്തലിനെതിരായ പ്രതിഷേധപ്രകടനം കൂടിയായ മാര്‍ച്ചിലും പൊതുസമ്മേളനത്തിലും പ്രമുഖ രാഷ്ട്രീയ നേതാക്കളും പൗരാവകാശ പ്രവര്‍ത്തകരും പങ്കുകൊണ്ടു. സമീപകാലത്തൊന്നും പ്രകടമാവാത്ത ഐക്യബോധത്തോടെ സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനകളൊഴികെ മുഴുവന്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും അണിനിരന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, ആം ആദ്മി വിദ്യാര്‍ഥി സംഘടന, ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ കൊടി നിറം മറന്ന് ജയ് ഭീം വിളികളും ഫാഷിസ വിരുദ്ധ മുദ്രാവാക്യങ്ങളുമായി അംബേദ്കര്‍ ഭവന്‍ പരിസരത്തുനിന്ന് ജന്തര്‍മന്തറിലേക്കാണ് മാര്‍ച്ച് ചെയ്തത്. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലയില്‍നിന്നുള്ള അധ്യാപകരും രോഹിതിന്റെ മാതാവ് രാധിക, സി.പി.എം നേതാവ് വൃന്ദ കാരാട്ട്, ശബ്‌നം ഹഷ്മി, ആം ആദ്മി നേതാക്കളായ അശുതോഷ്, സോംനാഥ് ഭാരതി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ റാലിയിലുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter