ഹൈദരാബാദ് വി.സിയെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രമേയം
downloadഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. അപ്പാ റാവുവിന്റെ രാജി ആവശ്യപ്പെട്ട് സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്റെ പ്രമേയം. ഇന്നലെ ചേര്‍ന്ന യൂനിവേഴ്സിറ്റി ജനറല്‍ ബോഡി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. 949 വിദ്യാര്‍ഥികള്‍ പങ്കെടുത്ത യോഗത്തില്‍ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ടു മറ്റ് അഞ്ചു പ്രമേയങ്ങളും പാസാക്കി. കഴിഞ്ഞ ജനുവരിയിലാണ് രോഹിത് വെമുല സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്നു രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയും വി.സി താല്‍ക്കാലികമായി പദവിയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അപ്പാ റാവു പദവിയിലേക്കു തിരിച്ചെത്തിയതോടെ വിദ്യാര്‍ഥി പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. യോഗത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് സുഹൈല്‍ കെ.പി അധ്യക്ഷനായി. അപ്പാ റാവുവിന്റെ രാജി ആവശ്യപ്പെട്ട് യോഗത്തില്‍ വച്ച പ്രമേയം ഒന്നിനെതിരേ 948 വോട്ടുകള്‍ക്കാണു പാസാക്കിയത്. ഒരാള്‍ പ്രമേയത്തെ എതിര്‍ത്തു. സര്‍വകലാശാല സൈനികവല്‍കരിക്കുന്നതിനും പുറത്തു നിന്നുള്ളവരെ അകത്തു പ്രവേശിക്കുന്നതിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുമെതിരേയുള്ള പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പാര്‍ട്ടികളടക്കം ഒരു സംഘടനയെയും സര്‍വകലാശാലയ്ക്കകത്തു പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കരുതെന്നു കഴിഞ്ഞ ദിവസം ഹൈദരാബാദ് ഹൈകോടതി സര്‍വകലാശാലാ രജിസ്ട്രാറോടും സൈബരാബാദ് പൊലിസ് കമ്മിഷണറോടും നിര്‍ദേശിച്ചിരുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter