അബ്ദു റഹ്മാൻ അൽ സുമെയ്ത്- ആധുനിക കാലത്ത് ആഫ്രിക്ക കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി

പാതിരിമാരും ബിഷപ്പുമാരുമടക്കം ഏഴ് ദശലക്ഷത്തോളം ആഫ്രിക്കരെ ഇസ്ലാമിലേക്ക് വഴിനടത്തി, 860 ഓളം സ്കൂളുകളും 4 യൂണിവേഴ്സിറ്റികളും നൂറ് കണക്കിന് ഇസ്‍ലാമിക് സെന്ററുകളും വനിതകള്‍ക്കായി പരിശീലന കേന്ദ്രങ്ങളും ആഫ്രിക്കയിലുടനീളം സ്ഥാപിച്ചു, 5700 പള്ളികൾ നിർമിച്ചു, ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠന ചെലവ് ഏറ്റെടുത്തു, പതിനായിരക്കണക്കിന് അനാഥരെ എറ്റെടുത്ത് വളർത്തി. സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ഈ നേട്ടങ്ങൾ കൈവരിച്ചത് ഒരു രാജ്യമോ അന്താരാഷ്ട്ര കൂട്ടായ്മയോ സംഘടനകളോ അല്ല, മറിച്ച് ഹ്യദയവിശാലത കൊണ്ടും മനസ്സുകൊണ്ടും സമ്പന്നനും വിശ്വാസം കൊണ്ട് അതിശക്തനുമായിരുന്ന അബ്ദു റഹ്മാൻ അൽ സുമൈത് എന്ന മനുഷ്യനാണ്. ആ മഹാത്മാവിനെ ഒന്ന് പരിചയപ്പെടാം.

1947-ൽ കുവൈത്തിൽ ജനിച്ച അബ്ദു റഹ്മാൻ അൽ സുമൈത് ചെറുപ്പത്തിൽ തന്നെ പഠനത്തിൽ വളരെയധികം മികവ് പുലർത്തിയിരുന്നു. അസ്റ് നമസ്കാരം കയിഞ്ഞാൽ മറ്റു കുട്ടികളെല്ലാം കളിക്കാൻ പോകുന്ന സമയത്ത് സുമൈത് ഒരു കൊള്ളിക്കമ്പും എടുത്ത് മരുഭൂമിയിലൂടെ പാമ്പുകളെ പിടിക്കാൻ ഇറങ്ങുമായിരുന്നുവത്രെ. ചുട്ടുപൊള്ളുന്ന വെയിലിനെയും അപകടകാരികളായ പാമ്പുകളെയും അവൻ കാര്യമാക്കിയിരുന്നില്ല. പുസ്തകങ്ങളിലും കാർട്ടൂണുകളിലും മാത്രം കണ്ടു പരിചയിച്ച കാടുകളും വന്യമൃഗങ്ങളും വേട്ടക്കാരും കൊണ്ട് അലങ്കരിച്ച ആഫ്രിക്കയെ ഭാവനയിൽ പ്രതിഷ്ഠിച്ച് മഗ്‍രിബ് വാങ്ക് കൊടുക്കുന്നത് വരെ മരുഭൂമിയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആ ചെറുപ്പക്കാരന്‍ അന്നേ കൂട്ടുകാര്‍ക്ക് അല്‍ഭുതമായിരുന്നു.

ചെറുപ്പത്തിൽ തന്നെ മതപരമായ ചിട്ടകൾ കൃത്യമായി അദ്ദേഹം പാലിച്ചു പോന്നു. പ്രവാചകരും അനുയായികളും മത പ്രചാരണത്തിനായി, കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി ദേശാന്തരങ്ങളിലേക്ക് സഞ്ചരിച്ച കഥകൾ സുമൈതിനെ വല്ലാതെ ആകർഷിച്ചിരുന്നു.

വിദ്യാഭ്യാസം

പഠനത്തിൽ വളരെയധികം മിടുക്കനായിരുന്ന സുമൈത് ഇറാഖിലെയും ബ്രിട്ടനിലെയും കാനഡയിലെയും വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി മെഡിസിനിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും കരസ്ഥമാക്കി. വായനാതൽപ്പരനായിരുന്ന അൽസുമൈത് യൂണിവേഴ്സിറ്റികളിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന ധനസഹായങ്ങളെല്ലാം ഇസ്‍ലാമിക് പുസ്തകങ്ങർ വാങ്ങുന്നതിന് വേണ്ടിയായിരുന്നു ചെലവഴിച്ചിരുന്നത്.

പഠനത്തിന് ശേഷം തന്റെ ജന്മനാടായ കുവൈത്തിലേക്ക് ജോലി ചെയ്യുന്നതിനായി അദ്ദേഹം മടങ്ങി. പ്രയാസമേതുമില്ലാതെ എളുപ്പത്തിൽ ചെലവഴിക്കാമായിരുന്ന തന്റെ ജീവിതത്തെ കഠിനവും എന്നാൽ പാവനവുമായ മറ്റൊരു ദശാസന്ധിയിലേക് എത്തിച്ചത് അദ്ദേഹത്തിന്റെ പ്രിയ പത്നിയായിരുന്നു. ദുൻയാവിന്റെ ആഢംബരങ്ങളെല്ലാം ത്യജിച്ചുകൊണ്ട് പരലോകമോക്ഷം മാത്രം ലക്ഷ്യം വെച്ച് മത പ്രബോധനത്തിന്റെ പാത സ്വീകരിക്കാൻ  തന്റെ പത്നിയായിരുന്ന ഉമ്മു ശുഹൈബാണ് സുമയ്ത്തിനെ പ്രേരിപ്പിച്ചത്. തുടർന്നാണ് അൽ സുമൈതും ഭാര്യയും പ്രബോധനത്തിന്റെ മാർഗത്തിലേക്ക് പ്രവേശിക്കുന്നതും ദാരിദ്ര്യത്താലും പട്ടിണിയാലും വലഞ്ഞു കൊണ്ടിരുന്ന ആഫ്രിക്കയെ  പ്രബോധനത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി തങ്ങളുടെ കർമ മണ്ഡലമായി തിരഞ്ഞെടുക്കുന്നതും. ഈ മഹത്തായ പദ്ധതിക്ക് തുടക്കം കുറിക്കാൻ വേണ്ടി അവർ തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വത്തുകൾ പൂർണമായും വിൽക്കുകയുണ്ടായി. കല്ലും മുള്ളും നിറഞ്ഞ കടുത്ത പാതയെയാണ് തങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെ അൽ സുമൈത് ആഫ്രിക്കൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേദനകളെ മനസ്സിലാക്കുകയും അതിനുള്ള പരിഹാരങ്ങൾ ആവിഷ്കരിക്കുന്നതില്‍ പൂർണമായും വ്യാപ്രതനാവുകയും ചെയ്തു.

പ്രവചകന്റെയും അനുയായികളുടെയും കാലത്ത് തന്നെ ഇസ്‍ലാമിനെ അനുഭവിച്ചറിഞ്ഞിട്ടുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അധിക രാജ്യങ്ങളിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ, പ്രധാന മതമായി ഇസ്‍ലാം മാറിയിരുന്നു. എന്നാൽ അധികപേർക്കും ഇസ്‍ലാമിനെ കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു എന്നതായിരുന്നു സത്യം. വുളു അടക്കമുള്ള പ്രാഥമിക അനുഷ്ഠാനങ്ങൾ വരെ എങ്ങനെ നിർവഹിക്കണമെന്ന അറിവ് അധിക പേർക്കും അന്യമായിരുന്നു. കൂടാതെ മുൻഗാമികളെ ആരാധിക്കലും അവരുടെ ശവകുടീരങ്ങളെ ആരാധനകേന്ദ്രങ്ങളാക്കുന്നതുമടക്കം, വ്യത്യസ്ത രൂപഭാവങ്ങളിലായി ബിദ്അത്തും ശിർക്കുമെല്ലാം ആഫ്രിക്കൻ സമൂഹത്തിൽ വളരെ വേഗത്തിൽ തഴച്ചു വളർന്നിരുന്നു.

മറുഭാഗത്ത് അധിനിവേശ ചൂഷണത്താൽ സമ്പൂർണമായി താറുമാറായ ആഫ്രിക്കൻ മണ്ണിൻ ക്ഷാമവും വരൾച്ചയും രോഗങ്ങളും നിത്യവാര്‍ത്തയായിരുന്നു. മരുന്നും ആരോഗ്യപരിചരണവും വെള്ളവുമെല്ലാം കിട്ടാക്കനിയായി മാറി. പല സമ്പന്ന രാജ്യങ്ങളും ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു. ആഫ്രിക്കയുടെ ദയനീയാവസ്ഥ കണ്ട് ഹൃദയം തകർന്ന അൽ സുമയ്ത് ആഫ്രിക്കരെ ദുരിതക്കയത്തിൽ നിന്ന് രക്ഷിക്കുവാൻ ക്ഷമയും ദൈവഭക്തിയും കൈമുതലാക്കി ശാരീരികമായും മാനസികമായും ആത്മീയമായുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചു. 
1980-ൽ അബ്ദുറഹ്മാൻ അൽ സുമയ്ത് ഡയറക്ട്ട് എയ്ഡ് എന്ന സംഘടന രൂപീകരിച്ചു. സംഘടനയുടെ ലക്ഷ്യമായി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, "ലോകം മറന്നുപോവുകയും അവഗണിക്കുകയും ചെയ്ത ഒരു സമൂഹത്തിനെ സഹായിക്കലും അവരുടെ പുരോഗതിയുമാണ് ഞങ്ങളുടെ ലക്ഷ്യം. അതിലേക്കുള്ള ഏറ്റവും വലിയ പടിയാവട്ടെ വിദ്യാഭ്യാസവും". ഡയറക്റ്റ് എയ്ഡിന് കീഴിൽ അബ്ദു റഹ്മാൻ അൽ സുമൈത്തിന്റെ കർമികത്വത്തിൽ ആഫ്രിക്കയിലെ വ്യത്യസ്ത രാജ്യങ്ങളിലും ദേശങ്ങളിലുമായി സ്കൂളുകളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും കിണറുകളും പള്ളികളും നിർമിച്ചു. കൂടാതെ അനാഥരായ കുട്ടികളെ ഏറ്റെടുത്ത് ബിരുദം കരസ്ഥമാക്കുന്നത് വരെ അവർക്കാവശ്യമായ വിദ്യാഭ്യാസവും സഹായങ്ങളും നൽകി പോന്നു.

മുസ്‍ലിംകൾ ജനസംഖ്യാനുപാതികമായി ഭൂരിപക്ഷമുള്ള പല രാജ്യങ്ങളിലും ഭരണകർത്താക്കൾ ക്രിസ്ത്യാനികളാവാനുള്ള കാരണം മുസ്‍ലിംകളിലെ വിദ്യാഭ്യാസ ക്കുറവാണെന്ന് മനസ്സിലാക്കിയ അൽ സുമൈത് ടാൻസാനിയയിലും സാൻജിബാറിലും കെനിയയിലുമെല്ലാം യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു. ഇതിലൂടെ പഠിച്ചു വന്ന പലരും പിന്നീട് പല രാജ്യങളിലെയും രാഷ്ട്രതല തലവന്മാരായി മാറി.

ആഫ്രിക്കയിലെ പട്ടിണിയെയും ദാരിദ്ര്യത്തെയും  ചൂഷണം ചെയ്ത് ഭക്ഷണവും വെള്ളവും നൽകി ക്രിസ്ത്യൻ മിഷണറിമാർ അവരെ കൂട്ടത്തോടെ മതം മാറ്റം നടത്തി പോന്നിരുന്നു. പല ഗ്രാമങ്ങളും ഇത്തരത്തില്‍ മതം മാറിയിരുന്നു. ഇതിനിടയിലേക്കാണ് അബ്ദു റഹ്മാൻ സുമയ്ത് കടന്നുചെല്ലുന്നത്. അവരെ തങ്ങളുടെ സ്വന്തം ഭാഷയും സംസ്കാരവും കലകളും പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതേ സമയം തന്നെ, പ്രവാചകനെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും വിവേചനങ്ങൾക്കും പക്ഷപാതിത്വങ്ങള്‍ക്കുമുള്ള ഏക പരിഹാരം ഇസ്‍ലാമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

നാല് ദശാബ്ദങ്ങൾ കൊണ്ട് ആഫ്രിക്കയിലെ നാൽപതോളം രാജ്യങ്ങളിൽ ഡയറക്റ്റ് എയ്ഡിന്റെ സേവനം വ്യാപിക്കുകയുണ്ടായി. ആഫ്രിക്കയിൽ ചെലവഴിച്ച മുപ്പത് വർഷത്തിനിടെ കടുത്ത രോഗങ്ങളും പട്ടിണിയും കൊലശ്രമങ്ങളും ജയിൽ വാസവുമെല്ലാം അതിജീവിച്ചാണ് ഭൂമിയിലെ ഏറ്റവും പരമദരിദ്രമായ ഗ്രാമങ്ങളിലും സമുദയങ്ങളിലും അവരുടെ വേദനകളെയും യാതനകളെയും ശമിപ്പിച്ചു കൊണ്ട് അൽ സുമൈത് ഇസ്‍ലാമിക സന്ദേശത്തിന്റെ വാഹകനായി മാറിയത്. 

2013-ൽ തന്റെ അറുപത്തിയാറാം വയസ്സിൽ അൽ സുമൈത് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ഈ ലോകത്തോട് വിട പറഞ്ഞു. നാഥന്‍ അദ്ദേഹത്തിന്റെ കര്‍മ്മങ്ങളെല്ലാം സ്വീകരിക്കട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter