അബ്ദുൽ ഹമീദ് ഒന്നാമന്‍: ഓട്ടോമന്‍ സാമ്രാജ്യത്തെ തിരിച്ച് നടത്തിയ സുല്‍ത്താൻ

പതിമൂന്നാം നൂറ്റാണ്ടിൽ, അന്നത്തെ അങ്കാറയുടെ വടക്കു തെക്കായി പരന്നു കിടന്നിരുന്ന തുർക്കിവംശത്തിലെ ഗോത്രനേതാവായ ഉസ്മാൻഖാൻ പടുത്തുയർത്തിയ സാമ്രാജ്യം. ഉസ്മാൻ തന്റെ സ്വപ്നത്തിൽ കാണാനിടയായ ചന്ദ്രകലാകൃതിയിലെ പടുകൂറ്റൻ വൃക്ഷം തന്റെ പിന്‍ഗാമികളിലൂടെ വന്‍കരകളാകമാനം പടർന്നിറങ്ങിയ ഓട്ടോമൻ സമ്രാജ്യമാണെന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. ലോകമാകമാനം പരന്നു പന്തലിച്ച ആ ധീര രക്ത പരമ്പയിൽ അനേകം രാജാധിപന്മാർ കടന്നു പോയിട്ടുണ്ട്. ഇന്നും ചരിത്ര കുതുകികള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഓട്ടോമൻ ചരിത്രത്തിലെ മായ്ക്കപ്പെടാത്ത പാഠഭാഗമാണ്, ഓട്ടോമൻ രാജ്യ പാരമ്പയിലെ ഇരുപത്തിയെഴാമത്തെ കണ്ണിയായ സുൽത്താൻ അബ്ദുൽ ഹമീദ് ഒന്നാമന്‍.

മഹാനായ സുൽത്താൻ സുലയ്മാന് ശേഷം മാറിമാറിവന്ന ഭരണാധികാരികള്‍ ഓട്ടോമൻ സാമ്രാജ്യത്തെ പിടിവിടാത്ത ഒരു നുരുമ്പിയ കയറുകണക്കെ വലിച്ചുകെട്ടുമ്പോഴാണ്, 1725 മാർച്ച് ഇരുപതിന് സുൽത്താൻ അഹമ്മദ് മൂന്നാമന്റെയും അദ്ദേഹത്തിന്റെ പ്രിയ പത്നി റാബിയ ഷെർമി കാദിന്റെയും മകനായി കോണ്സ്റ്റിനോപ്പിളിൽ അബ്ദുല്‍ ഹമീദ് ജനിക്കുന്നത്. 

സുൽത്താൻ അഹമ്മദ് മൂന്നാമ്മന് ശേഷം, രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ അധികാരത്തിലേറിയ മുസ്തഫ സ്വേച്ഛാധിപത്യത്തിന് വിത്ത് വിതച്ച് തുടങ്ങി. തന്റെ അധികാരത്തിന് തടസ്സമാവരുത് എന്ന ചിന്തയോടെ സഹോദരന്‍ അബ്ദുല്‍ ഹമീദിനെ അദ്ദേഹം ജയിലിലടച്ചു. 1767 വരെ ജയിൽവാസമനുഭവിച്ച അദ്ദേഹം ജയിലിൽ നിന്നായിരുന്നു തന്റെ മാതാവായ റാബിയ ഷെർമിയില്‍ നിന്നും ചരിത്രവും കാലിഗ്രഫി കലയും സ്വയത്തമാക്കിയത്. 

സുൽത്താൻ മുസ്തഫയുടെ മരണത്തോടെ മോചിതനായ അദ്ദേഹം തിരിച്ച് വന്നത് അധികാര കസേരയിലേക്കായിരുന്നു, അതോടെ ഓട്ടോമന്‍ സാമ്രാജ്യം പഴയ പ്രതാപത്തിലേക്കും തിരിച്ചു നടക്കുകയായിരുന്നു. ഇസ്താൻബുളിലെ മസ്ജിദ് സുൽത്താനിൽ നിന്ന്, ഉസ്മാൻഖാന്റെ വാളെടുത്തു ഔദ്യോഗികമായി അധികാരം ഏറ്റെടുത്തായിരുന്നു ആ തുടക്കം.

തന്റെ സഹോദരൻ തുടക്കം കുറിച്ച സ്വേഛാധിപത്യത്തെയും മതവിരുദ്ധ നീക്കങ്ങളെയും നിഷ്കാസനം ചെയ്ത് കൊണ്ടായിരുന്നു സുല്‍താന്‍ അബ്ദുല്‍ ഹമീദിന്റെ തുടക്കം. പൂര്‍വ്വസൂരികളെ പോലെ, ഖുർആനും ഹദീസുമായിരുന്നു അദ്ദേഹത്തിന്റെ നിയമാവലി. അതിനായി പണ്ഡിതമാരടങ്ങുന്ന ഒരു വലിയ സംഘം ഉപദേശകരായി കൂടെയുണ്ടായിരുന്നു. ഒഴിവുദിനങ്ങളിൽ മക്കൾക്കും ഭാര്യമാർക്കുമിടയിൽ സമയം ചിലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഇന്നും തുർകിയിൽ സ്ത്രീകൾ അദ്ദേഹത്തിന്റെ മകളായ എസ്മ സുൽത്താന്റെ വസ്‌ത്രശൈലി പിന്തുടരന്നുണ്ട്. പതിനൊന്നു ആൺ മക്കളും പതിനാറു പെണ്മക്കളുമടങ്ങുന്ന ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

അദ്ദേഹത്തിന്റെ അധികാര കാലയളവിലെ മായ്ക്കപ്പെടാത്ത സംഭാവനകളാണ് സൈനിക വികസനവും നാവിക സേനയും. നാവിക സേനക്കായി അദ്ദേഹം ഒരു വിദ്യാകേന്ദ്രം തന്നെ പണിതിരുന്നു. കഴിവുറ്റ നാവിക ക്യാപ്റ്റൻമാരെ വെച്ച് അദ്ദേഹം ഒരു വലിയ നാവിക സേന തന്നെ രൂപീകരിച്ചു. അന്ന് ഇന്ത്യയിലെ മൈസൂർ അധികാരിയായ ടിപ്പുസുൽതാൻ 1789 കളിൽ നാവിക സഹായമവശ്യപ്പെട്ടത് സുല്‍താന്‍ അബ്ദുല്‍ ഹമീദിനോടായിരുന്നു. പക്ഷെ, തുർക്കിയും റഷ്യയും തമ്മിലുണ്ടായിരുന്ന യുദ്ധ കാര്‍മേഘങ്ങള്‍ കാരണം, സൈന്യത്തെ അയക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അംബാസിഡർ ടിപ്പുസുൽത്താനെ അറിയിച്ചുവെന്നാണ് ചരിത്രം.

റഷ്യയും തുർക്കിയും തമ്മിലുണ്ടായ യുദ്ധമാണ് അബ്ദുൽ ഹമീദ് ഒന്നാമന്റെ കാലത്തെ പ്രധാന സംഭവവികാസം. തുടർച്ചയായി നേരിട്ട റഷ്യൻ അതിനിവേശത്തെ തടയാനായി 1787 യിൽ തുർക്കി യുദ്ധം പ്രഖ്യാപിച്ചു. റഷ്യയും സഖ്യകക്ഷിയായ ഓസ്ട്രിയയും തുർക്കിയും 1788 ഡിസംബർ 6നു നടന്ന യുദ്ധത്തിൽ അരങ്ങേറിയ കൂട്ടക്കൊല സുല്‍താനെ വല്ലാതെ വേദനിപ്പിച്ചു. ആ തീവ്ര ദുഖമാണ് പിന്നീട് മരണത്തിനു വരെ കാരണമായത് എന്നും പറയപ്പെടുന്നു. 

റഷ്യൻ യുദ്ധത്തിന് ശേഷം അനേകം ആഭ്യന്തര കലഹങ്ങൾ പൊട്ടിപുറപ്പെട്ടെങ്കിലും അദ്ദേഹം എല്ലാം അടിച്ചമർത്തി. 1789 ഏപ്രിൽ 7 നു തന്റെ അറുപത്തി നാലാം വയസ്സിൽ ഇസ്താൻബുളിൽ വെച്ചു ഹൃദയാഘാതം മൂലം സുല്‍താന്‍ മരണപ്പെടുകയായിരുന്നു. അദ്ദേഹം തന്നെ നിർമിച്ച സ്‌തൂപത്തിനു കീഴിലായി ഇസ്താമ്പൂളില്‍ അദ്ദേഹം ഇന്നും അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter