നഷ്ട പ്രതാപങ്ങളുടെ കഥ പറയുന്ന സിസിലി- ഭാഗം 02

സിസിലിയിലെ സ്വതന്ത്ര ഭരണം (965–1091)

948-ൽ ഫാത്തിമി ഖലീഫ ഇസ്മായിൽ അൽ-മൻസൂർ, അൽ-ഹസൻ ഇബ്ൻ അലി അൽ-കൽബിയെ ദ്വീപിന്റെ അമീറായി നിയമിച്ചു. അദ്ദേഹത്തിന്റെ എമിറേറ്റ് ആഫ്രിക്കൻ ഭരണകൂടങ്ങളിൽ നിന്ന് യഥാർത്ഥത്തിൽ സ്വതന്ത്രമായിരുന്നു. 950-ൽ തെക്കൻ ഇറ്റലിയിലെ ബൈസന്റൈനുകൾക്കെതിരെ ഹസ്സൻ യുദ്ധം ചെയ്തു. ജെറേസ്, കാസാനോ അലോ അയോനിയോ എന്നിവിടങ്ങളിലേക്ക് അദ്ദേഹം സൈന്യവുമായി മാർച്ച് ചെയ്തു. 952-ലെ രണ്ടാമത്തെ കാലാബ്രിയൻ യുദ്ധത്തിൽ ബൈസന്റൈൻ സൈന്യം പരാജയത്തിൽ കലാശിച്ചു. ജെറേസ് വീണ്ടും ഉപരോധിക്കപ്പെട്ടു. അവസാനം കോൺസ്റ്റന്റൈൻ ഏഴാമൻ കാലാബ്രിയൻ നഗരങ്ങൾ മുസ്‍ലിംകൾക്ക് വിട്ടുക്കൊടുക്കാൻ നിർബന്ധിതനായി.

956-ൽ ബൈസന്റൈൻസ് റെജിയോ കീഴടക്കുകയും സിസിലി ആക്രമിക്കുകയും ചെയ്തു. 960-ൽ ഇരുവിഭാഗവും ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. രണ്ട് വർഷത്തിന് ശേഷം ടോർമിനയില്‍ പൊട്ടിപ്പുറപ്പെട്ട ഒരു കലാപം രക്തരൂക്ഷിതമായെങ്കിലും അടിച്ചമർത്തപ്പെട്ടു. 

പുതിയ അമീർ അബുൽ ഖാസിം അലിയ്യു ബ്നു അൽ ഹസൻ അൽ-കൽബി (964-982) 970-കളിൽ കാലാബ്രിയയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ വ്യക്തിയാണ്. അതേസമയം അദ്ദേഹത്തിന്റെ സഹോദരന്റെ കീഴിലുള്ള സൈന്യം അപുലിയയിലെ അഡ്രിയാറ്റിക് തീരങ്ങൾ ആക്രമിച്ച് ചില ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്തു. ബൾഗേറിയൻ സാമ്രാജ്യം ഭാഗികമായി പിടിച്ചടക്കിയതോടെ സിറിയയിലെ ഫാത്തിമികൾക്കെതിരെ ബൈസന്റൈൻസ് യുദ്ധത്തിലായതിനാൽ ജർമ്മൻ ചക്രവർത്തി ഓട്ടോ രണ്ടാമൻ ഇടപെടാൻ തീരുമാനിച്ചു. സഖ്യകക്ഷികളായ ജർമ്മൻ-ലോംബാർഡ് സൈന്യം 982-ൽ സ്റ്റിലോ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ചക്രവർത്തിയും പിൻവാങ്ങി. അബുൽ ഖാസിം കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മകൻ ജാബിർ അൽ-കൽബി വിജയം മുതലെടുക്കാതെ വിവേകപൂർവ്വം സിസിലിയിലേക്ക് പിൻവാങ്ങി.

കലയിൽ പ്രശസ്തനായ ജഅ്ഫർ (983-985), യൂസഫ് അൽ-കൽബി (990-998) എന്നിവരുടെ കീഴിൽ എമിറേറ്റ് അതിന്റെ സാംസ്കാരിക ഉന്നതിയിലെത്തി. പിന്നീ‌ട് വന്ന മകൻ ജഅ്ഫർ ക്രൂരനും അക്രമാസക്തനുമായ ഒരു ഭരണാധികാരിയായിരുന്നു. അമീറിനെതിരെ 1019-ൽ പലേർമോയിൽ നടന്ന പ്രക്ഷോഭം വിജയിച്ചു. ജഅ്ഫറിനെ ആഫ്രിക്കയിലേക്ക് നാടുകടത്തി. പകരം അദ്ദേഹത്തിന്റെ സഹോദരൻ അൽ-അഖൽ (1019-1037) നിയമിതനായി.

ഫാത്തിമികളുടെ പിന്തുണയോടെ 1026-ലും 1031-ലും രണ്ട് ബൈസന്റൈൻ സൈനികനീക്കങ്ങളെ അൽ-അഖൽ പരാജയപ്പെടുത്തി. തന്റെ കൂലിപ്പടയാളികൾക്ക് നൽകാനായി നികുതി ഉയർത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ആഭ്യന്തരയുദ്ധത്തിന് കാരണമായി. വിമതരുടെ നേതാവായ സഹോദരൻ അബു-ഹഫ്സ്, ആഫ്രിക്കയിലെ സിരിദ് അമീറായ അൽ-മുയിസ് ഇബ്ൻ ബാദിസിൽ നിന്ന് സൈന്യത്തെ സ്വീകരിച്ചപ്പോൾ അൽ-അഖൽ ബൈസന്റൈൻസിനോട് പിന്തുണ അഭ്യർത്ഥിച്ചു.

മുസ്‍ലിംകൾ കീഴടക്കിയ പ്രദേങ്ങളിലെ ജനസംഖ്യയിൽ കൂടുതലും ഗ്രീക്ക് സംസാരിക്കുന്ന ബൈസന്റൈൻ ക്രിസ്ത്യാനികളും ജൂതന്മാരും ആയിരുന്നു. കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുസ്‍ലിംകളുടെ കീഴിൽ ദിമ്മി (സംരക്ഷിത ജനത) എന്ന നിലയിൽ മതസ്വാതന്ത്ര്യം നൽകിയിരുന്നു. മുസ്‍ലിംകളില്‍നിന്ന് സകാതും, ദിമ്മികളില്‍ നിന്ന് ജിസ്‌യ (വ്യക്തി നികുതി), ഖറാജ് (ഭൂനികുതി) എന്നിവയും ഈടാക്കിയിരുന്നു. അറബ് ഭരണത്തിന് കീഴിൽ ജിസ്‌യ അടയ്ക്കുന്നവരുടെ വിവിധ വിഭാഗങ്ങളുണ്ടായിരുന്നു. എന്നാൽ വൈദേശികവും ആഭ്യന്തരവുമായ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് പകരമായി മുസ്‍ലിം ഭരണത്തോടുള്ള വിധേയത്വത്തിന്റെ അടയാളമായി ജിസ്‌യ നൽകുന്നതായിരുന്നു അവരിലെ പൊതുവിഭാഗം.. തദ്ദേശീയരായ പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, 100 വർഷത്തെ ഇസ്‍ലാമിക ഭരണത്തിന് ശേഷവും, ഗ്രീക്ക് സംസാരിക്കുന്ന നിരവധി ക്രിസ്ത്യൻ സമൂഹങ്ങൾ, പ്രത്യേകിച്ച് വടക്ക്-കിഴക്കൻ സിസിലിയിൽ, ദിമ്മികളായി വളരെ സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്നു. 

തകർച്ചയും നോർമൻകാരുടെ തിരിച്ചുവരവും (1061 –1091)

1038-ൽ ജോർജ്ജ് മാനിയസസിന്റെ കീഴിൽ ബൈസന്റൈൻ സൈന്യം മെസീന കടലിടുക്ക് കടന്നു. മെസീനയിൽ നിന്നുള്ള മുസ്‍ലിംകൾക്കെതിരായ ആദ്യ ഏറ്റുമുട്ടലിൽ നോർമൻമാരുടെ ഒരു സേനയും ചേർന്നു. ടാൻക്രെഡിന്റെ മകൻ നോർമൻ റോബർട്ട് ഗിസ്‌കാർഡ് 1060-ൽ സിസിലി ആക്രമിച്ചു. അപ്പോഴേക്കും ദ്വീപ് മൂന്ന് അറബ് അമീറുകൾക്കിടയിൽ വിഭജിക്കപ്പെട്ടിരുന്നു. സഹികെട്ട സിസിലിയൻ ജനത ഭരിക്കുന്ന മുസ്‍ലിംകൾക്കെതിരെ തിരിഞ്ഞു. ഒരു വർഷത്തിനുശേഷം മെസീന ക്രിസ്‍ത്യാനികൾ കീഴടക്കി. 1072-ൽ മുസ്‍ലിം തലസ്ഥാനമായ പലേർമോയെ നോർമൻമാർ പിടിച്ചടക്കി. ദ്വീപിലെ മുസ്‍ലിം അധീശത്വത്തിന് ഇത് കനത്ത പ്രഹരമേല്പിച്ചു. 1091-ൽ സിസിലിയുടെ തെക്കേ അറ്റത്തുള്ള നോട്ടോയും അവസാന അറബ് ശക്തികേന്ദ്രങ്ങളായ മാൾട്ട ദ്വീപും ക്രിസ്ത്യാനികൾക്ക് കീഴടങ്ങി. പതിനൊന്നാം നൂറ്റാണ്ടോടെ മെഡിറ്ററേനിയനിലെ മുസ്‍ലിം ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു.

സ്വാബിയൻ ഭരണം (1194-1250)

1194-ൽ ഹെൻറി ആറാമൻ ദ്വീപിന്റെ സിംഹാസനത്തിലെത്തിയത് മുതൽ 1266-ൽ അഞ്ജൗവിലെ ചാൾസ് ഒന്നാമനാൽ സിസിലിയിലെ മാൻഫ്രെഡ് പരാജയപ്പെടുത്തപ്പെടുന്നത് വരെയുള്ള ഹോഹെൻസ്റ്റൗഫെൻ രാജവംശം ഭരിച്ചിരുന്ന സിസിലിയുടെ ചരിത്രത്തിലെ കാലഘട്ടത്തെ സ്വാബിയൻ സിസിലി എന്നാണ് പറയപ്പെടുന്നത്. നോർമൻ കീഴടക്കലിനുശേഷം നിരവധി മുസ്‍ലിംകൾ സിസിലി വിടാനും പ്രവാസത്തിലേക്ക് പോകാനും തീരുമാനിച്ചു. അതിലുണ്ടായിരുന്ന അബുൽ ഹസൻ അൽ ബൽനൂബി, ഇബ്നു ഹംദീസ് എന്നിവരെ പോലുള്ള പ്രശസ്ത കവികളും അവരുടെ പ്രവാസത്തെക്കുറിച്ച് കവിതകൾ എഴുതിയിട്ടുണ്ട്. 

Read More: നഷ്ട പ്രതാപങ്ങളുടെ കഥ പറയുന്ന സിസിലി- ഭാഗം 01

അപ്പോഴും ചില മുസ്‍ലിംകൾ ദ്വീപിൽ തുടർന്നു. പക്ഷേ അവർ പടിഞ്ഞാറൻ സിസിലിയുടെ ഉൾപ്രദേശമായ പലേർമോ മുതൽ അഗ്രിജെന്റോ വരെയുള്ള പ്രദേശങ്ങളിൽ ഒതുങ്ങിക്കൂടിയിരുന്നു. ഹെൻട്രി ആറാമന്റെയും അദ്ദേഹത്തിന്റെ മകൻ ഫ്രെഡറിക് രണ്ടാമന്റെയും കീഴിലുള്ള സിസിലിയിലെ ഹോഹെൻസ്റ്റൗഫെൻ ഭരണകാലത്ത് മുസ്‍ലിംകളുടെ നിലനിൽപ്പ് പ്രയാസകരമായിരുന്നു. മാർപ്പാപ്പ ഭരണകൂടത്തോട് ചേർന്നിരുന്ന അവർ ഇസ്‍ലാമിനെ ഭയപ്പെട്ടിരുന്ന മാർപ്പാപ്പമാരെ പ്രീതിപ്പെടുത്താൻ നിരവധി അടിച്ചമർത്തൽ നടപടികൾ കൊണ്ടുവന്നു. ഇത് സിസിലിയൻ മുസ്‍ലിംകളുടെ കലാപത്തിൽ കലാശിച്ചു. ഇത് സംഘടിത ചെറുത്തുനിൽപ്പിനും വ്യവസ്ഥാപിതമായ പ്രതികാര നടപടികൾക്കും കാരണമായി. ഇത് സിസിലിയിലെ ഇസ്‍ലാമിന്റെ അവസാന അധ്യായമായി അടയാളപ്പെടുത്തപ്പെടുന്നു. 

ഫ്രെഡറിക് ഭരണത്തിൻ കീഴിൽ, സിസിലിയില്‍നിന്ന് മുസ്‍ലിംകളെ വൻതോതിൽ നാടുകടത്തി ഉന്മൂലനം ചെയ്യപ്പെട്ടു. സിസിലിയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്‍ലിംകളുടെ എണ്ണം ഏകദേശം 60,000 ആണെന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. അതായത് ദ്വീപിലെ അന്നത്തെ മുസ്‍ലിം ജനസംഖ്യ തന്നെ. മിക്കവരും വടക്കേ ആഫ്രിക്കയിലേക്കാണ് പോയത്. മറ്റുള്ളവരെ ഇറ്റലിയിലെ ലൂസെറ, ഗിരിഫാൽകോ, അസെറൻസ, സ്റ്റോർനാര, കാസൽ മോണ്ടെ സരസെനോ, കാസ്റ്റൽ സരസെനോ എന്നിവിടങ്ങളിലേക്കും നാടുകടത്തി. 1224 മുതൽ 1239 വരെ ഈ മുസ്‍ലിംകളിൽ ചിലർ സിസിലിയിലേക്ക് മടങ്ങാൻ ശ്രമിച്ചു. എന്നാൽ 1239-ൽ ഫ്രെഡറിക് ശേഷിച്ചവരെയും ലൂസെറയിലേക്ക് നാടുകടത്തുകയും 1240-കളുടെ അവസാനത്തോടെ സിസിലിയിലെ മുസ്‍ലിം ഉന്മൂലനം പൂർത്തിയാവുകയും ചെയ്തു.

സ്പാനിഷ് ഭരണം (1516–1713)

സ്പാനിഷ് ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ നിരവധി മുസ്‍ലിംകളെ സിസിലിയിൽ അടിമകളായി തടവിലാക്കപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഐബീരിയൻ ഉപദ്വീപിലെ മോറിസ്കോസിന്റെ സ്പാനിഷ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ മുസ്‍ലിംകൾ ക്രിസ്ത്യനിറ്റിയിലേക്ക് മതം മാറി. ക്രിസ്ത്യാനികളാകാനും അതനുസരിച്ച് ജീവിക്കാനും അവർ ആഗ്രഹിക്കുന്നിടത്തോളം കാലം മുസ്‍ലിംകളെ അടിമകളാക്കുകയില്ല എന്ന് സ്പാനിഷ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ഈ മതം മാറ്റത്തെ തുടർന്നുള്ള രണ്ട് നൂറ്റാണ്ടുകളിൽ അറബി കലയും ശാസ്ത്രവും സിസിലിയൻ നാഗരികതയിൽ ഏറെ സ്വാധീനം ചെലുത്തി. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിശുദ്ധ റോമൻ ചക്രവർത്തിയും സിസിലി രാജാവുമായ ഫ്രെഡറിക് രണ്ടാമന്‍ അറബി സംസാരിക്കാൻ പ്രാപ്തനായിരുന്നുവെന്നും അദ്ദേഹത്തിന് നിരവധി മുസ്‍ലിം മന്ത്രിമാരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അറബി ഭാഷയുടെ പൈതൃകം ഇപ്പോഴും അവിടെ ശേഷിക്കുന്നതായും സിസിലിയൻ ഭാഷയിൽ നിരവധി അറബി പദങ്ങള്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നതായും കാണാം. മുസ്‍ലിം ഭരണത്തിന്റെ മറ്റൊരു പാരമ്പര്യം അറബി വംശജരായ ചില സിസിലിയൻ സ്ഥലനാമങ്ങളിലും നിലനില്‍ക്കുന്നു. ഉദാഹരണത്തിന് കോട്ട എന്നതിന് കെൽറ്റ എന്നാണ് സിസിലയന്‍ ഭാഷയില്‍ ഉപയോഗിക്കുന്നത്. ഇത് അറബി പദമായ ഖല്‍അയില്‍നിന്ന് ലോപിച്ചതാണെന്ന് പറയപ്പെടുന്നു. 

ഇന്ന് സിസിലിയില്‍ വീണ്ടും ഇസ്‍ലാമിക ചലനങ്ങളും സാന്നിധ്യവും സജീവമായിക്കൊണ്ടിരിക്കുന്നുണ്ട. പലേർമോയിലുള്ള വിയാ റോമയിലെ ഇസ്‍ലാമിക് കൾച്ചറൽ സെന്ററും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആൻ പാരായണം പരിശീലിക്കുന്ന പ്രത്യേക കേന്ദ്രങ്ങളുമടക്കം ഇസ്‍ലാമിക മുന്നേറ്റങ്ങള്‍ കാണാനാവുന്നത് ആശാവഹമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter