ഒരു ദര്‍വീശിന്റെ ഡയറിക്കുറിപ്പുകള്‍ - 17 സ്വപ്നത്തിലെത്തിയ ചിനാഷ് മരം ഒരു സാമ്രാജ്യമായി വളര്‍ന്നപ്പോള്‍...

അദ്ദേഹം എർതുഗ്റുലിന്റ മകനായിരുന്നു
ഓഗുസ് തുർക്കികളിൽ നിന്ന്
അവൻ അല്ലാഹുവിന്റെ ഒരു പ്രത്യേക ദാസനായിരുന്നു
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി
അവൻ പൂന്തോട്ടത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു

ഉസ്മാനിയ്യാ ഖിലാഫത് എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല. ആറ് നൂറ്റാണ്ടിലേറെ കാലം ഏറെ പ്രതാപത്തോടെ നിലനിന്ന അതിന്, ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നാണ്  തിരശീല വീഴുന്നത്. ആ വലിയ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്‍മാന്‍ ഗാസിയുടെ നാട്ടിലൂടെ നടക്കുമ്പോള്‍, അവിടത്തെ പക്ഷികള്‍ പോലും മേല്‍വരികള്‍ മൂളുന്നതായി തോന്നും.

നീതിമാനും ഊർജ്ജസ്വലനുമായ ഗോത്ര നേതാവും സൈനിക മേധാവിയുമായിരുന്നു ഉസ്മാൻ ഓഗ്ലു എർതുഗ്രുല്‍ എന്ന ഉസ്മാന്‍ ഗാസി. തന്റെ ചെറിയ കായി ഗോത്രത്തെ മുസ്‍ലിം ലോകം അടക്കിഭരിക്കുന്ന സാമ്രാജ്യമായി വളര്‍ത്തിയത്, മല പോലെ വന്ന ബൈസാന്റ്യൻ-മംഗോളിയൻ സൈന്യങ്ങളെയെല്ലാം മുട്ടുകുത്തിച്ചാണ്. അതോടെ കിസിൽ എൽമ (ഓഗുസ് തുർക്കികളുടെ പ്രതീകമായ ചുവന്ന ആപ്പിൾ) ലോകത്തിന് പരിചതമാവുകയായിരുന്നു.

ശൈഖ് എദബാലിയുടെ ശിഷ്യത്വത്തിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു സ്വൂഫിയുമായിരുന്നു എന്ന് വേണം പറയാന്‍. അത് കൊണ്ട് തന്നെയാണ്, ആത്മീയതയിൽ നിറഞ്ഞു നിന്ന ആ ഭരണം തുർക്കികളിലും ഇതര മതസ്ഥരിലും ഒരു പോലെ സ്വീകാര്യമായതും. ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന അദ്ദേഹം ആ ഭരണകൂടത്തിന്റെ ആദ്യ സുൽത്താൻ കൂടിയായിരുന്നു. 

1258ൽ ആധുനിക തുർക്കിയുടെ വടക്കു പടിഞ്ഞാറൻ ബിലെച്ചിക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന, ബൈസന്റൈന്‍ സാമ്രാജ്യത്തോട് ചേര്‍ന്ന സോഗുത് പട്ടണത്തിലാണ് അദ്ദേഹം ജനിക്കുന്നത്. മംഗോളിയൻ സൈന്യം അബ്ബാസി ഭരണകൂടത്തെ തകർത്ത അതേ വർഷം തന്നെ അദ്ദേഹം ജനിച്ചുവെന്നത് ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ചരിത്രത്തിന്റെ ഒരു യാദൃഛികതയായിരുന്നു. എർതുഗ്രുൽ ഗാസിയുടെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-16 ശൈഖ് എദബാലിയും അഹിലാറും...

ചെറുപ്പം മുതലേ പിതാവിനൊപ്പം അദ്ദേഹം യുദ്ധങ്ങളിൽ പങ്കെടുക്കകയും പലപ്പോഴും സൈനിക മേധാവിയായി വിജയം വരിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് "ഗാസി" എന്ന പദവി ലഭിച്ചത്. കൊൻയയിലെ റോമൻ സൽജൂഖ് സുൽത്താന്റെ അടുത്തേക്ക് പ്രതിനിധിയായി നിയോഗിക്കപ്പെട്ട  അദ്ദേഹം, ആ അവസരം മൗലവി ത്വരീഖത്തിലെ പണ്ഡിതന്മാരായ സൂഫികളെ സന്ദർശിക്കാന്‍ കൂടി ഉപയോഗപ്പെടുത്തി.

ഒരു സ്വപ്നത്തോടെയായിരുന്നു ഉസ്മാന്റെ അറുന്നൂറ് വർഷത്തിന്റെ ചരിത്ര പശ്ചാത്തലം തുടങ്ങുന്നത്. ചെറുപ്രായത്തിലേ പിതാവിനൊപ്പം, പ്രസിദ്ധ സ്വൂഫിയായ ശൈഖ് എദബാലിയുടെ സന്ദർശകനായിരുന്നു ഉസ്മാന്‍. ഒരു സന്ദർശത്തിനിടയിൽ ശൈഖിന്റെ മകൾ റാബിയ ബാലാ ഖാതൂനെ അവിചാരിതമായി കാണുകയും അഗാധമായ പ്രണയത്തിലാവുകയും ചെയ്തു. പക്ഷെ, ശൈഖിനോട് അത് തുറന്ന് പറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല.

ഒരു രാത്രി ശൈഖിന്റെ വസതിയിൽ കഴിഞ്ഞ അദ്ദേഹം, കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഹൃദയം കവർന്ന ബാലാ ഖാതൂനെ കുറിച്ച് ചിന്തിച്ച് കിടന്നു. ഉറക്കം വരാതെ, അലമാരയിൽ നിന്ന് വിശുദ്ധ ഖുർആൻ എടുത്ത് സൂറത്തുകൾ മാറി മാറി പാരയണം ചെയ്തു. ഏറെ നേരം അത് തുടര്‍ന്ന് അവസാനം, സുബ്ഹി വാങ്കിന് അല്പം മുമ്പ്, ഉറക്കത്തിലേക്ക് വീണു. അതില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു. അതിങ്ങനെയായിരുന്നു: 

"ഉസ്മാൻ ശൈഖിനോട് ചേർന്നു കിടക്കുകയാണ്. ശൈഖിന്റെ നെഞ്ചിൽ നിന്ന് ഒരു പൂർണ്ണ ചന്ദ്രൻ ഉയർന്ന്, ഉസ്മാന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി മറഞ്ഞു. പിന്നെ, ഒരു ചിനാഷ് മരം മുളച്ച് വന്നു, അത് തഴച്ചുവളർന്ന് വലുതായി, ലോകത്തിന്റെ മൂന്ന് ഭൂഖണ്ഡങ്ങളെയും മുഴുവൻ ചക്രവാളത്തെയും ആവരണം ചെയ്ത് വലിയൊരു തണല്‍ മരമായി അങ്ങനെ നിന്നു."
"മരത്തിന്റെ വിശാലമായ മേലാപ്പിന് താഴെയായി അദ്ദേഹം കോക്കസ്, അറ്റ്ലസ്, ടോറസ്, ബാൽക്കൻ പർവത നിരകള്‍ കാണാമായിരുന്നു. മരത്തിന്റെ വേരുകളിൽ നിന്ന് ടൈഗ്രീസ്, യൂഫ്രട്ടീസ്, നൈൽ, ഡാന്യൂബ് എന്നീ വലിയ നദികൾ പൊട്ടിപ്പുറപ്പെട്ടു, അവയിലെ ജലം എല്ലാത്തരം കപ്പലുകളാലും വയലുകൾ പാകമായ വിളകളാലും നിറഞ്ഞിരുന്നു. പർവതങ്ങൾ കാടുകളാൽ മൂടപ്പെട്ടിരുന്നു, ഭൂമി പച്ചപ്പ് നിറഞ്ഞതായിരുന്നു, വാനം തിളങ്ങുന്ന നീല നിറത്തിലായിരുന്നു. ഈ സമൃദ്ധിയില്‍ സൈപ്രസ്സിലെ റോസാപ്പൂ തോട്ടത്തിലൂടെ ഒഴുകുന്ന അരുവികളിൽ നീരുറവകൾ പൊട്ടിപ്പുറപ്പെട്ടു. താഴ്വാരങ്ങളിൽ വാസ്തുവിദ്യയാൽ മിന്നുന്ന നഗരങ്ങൾ നിറഞ്ഞ് നിന്നു."

"മുസ്‍ലിം പള്ളികളുടെ സ്വർണ്ണ താഴികക്കുടങ്ങളും അവയുടെ അഗ്രങ്ങളിൽ തിളങ്ങുന്ന സ്വർണ്ണ ചന്ദ്രക്കലകളും ഉയർന്ന മിനാരങ്ങളും വാങ്ക് വിളിക്കുന്ന മുഅദ്ദിനുകളാൽ തിളങ്ങി. എല്ലാ തരം പാട്ടു പാടുന്ന പക്ഷികളും ആ മരത്തിലുണ്ടായിരുന്നു, അവയുടെ ഇലകൾ വാളിന്റെ ആകൃതിയിലായിരുന്നു, ആ പക്ഷികളുടെ ഈണങ്ങൾ വാങ്കിന്റെ ശബ്ദവുമായി ഇടകലർന്നിരുന്നു.  പെട്ടെന്ന് ഒരു വലിയ കാറ്റ് വീശാൻ തുടങ്ങി, അത് ആ വാള്‍ ഇലകളെ ലോകത്തിന്റെ മഹാനഗരങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു, പ്രത്യേകിച്ചും കോൺസ്റ്റാന്റിനോപ്പിളിലേക്കായിരുന്നു അത് പറന്നത്. രണ്ട് കടലുകൾക്കും (ബ്ലാക്ക് കടൽ, മർമറാ കടൽ) രണ്ട് ഭൂഖണ്ഡങ്ങൾക്കും ഏഷ്യ, യൂറോപ്പ്) ഇടയിൽ സ്ഥാപിച്ചിരുന്ന വജ്രം പോലെയായിരുന്നു ആ നഗരം. ഒരു വലിയ സാമ്രാജ്യത്തിന്റെ മോതിരത്തിലെ ഏറ്റവും വിലയേറിയ രത്നമായിരുന്നു അത്. ഉണർന്നപ്പോൾ തന്റെ കൈവിരലിലെ മോതിരത്തിലാണ് ഉസ്മാന്റെ കണ്ണ് പതിഞ്ഞത്. "

അത്ഭുത സ്തബ്ധനായി എഴുന്നേറ്റ ഉസ്മാൻ തന്റെ സ്വപ്നം ശൈഖ് എദബാലിയോട് വിവരിച്ചു. അത് ഉസ്മാന്റെ ജീവിതത്തിലെ വഴിത്തിരിവാകുമെന്ന ശുഭസൂചന ശൈഖ് ഉസ്മാനെ അറിയിച്ചു. സ്വപ്നത്തിൽ കണ്ട ചന്ദ്രൻ തന്റെ മകൾ റാബിയ ബാല ഖാതൂനാണെന്നും അവരെ നിങ്ങൾ വിവാഹ കഴിക്കുമെന്നും മഹാൻ പറഞ്ഞു. നെഞ്ചിൽ പ്രത്യക്ഷപ്പെട്ട മരം പരമാധികാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ലോകമൊട്ടാകെ അടക്കിവാഴുന്ന ഒരു സാമ്രാജ്യം നിങ്ങൾ സ്ഥാപിക്കുമെന്നും നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും അല്ലാഹു അധികാരം നൽകുമെന്നും ശൈഖ് ഉസ്മാനോട് പറഞ്ഞു. മരങ്ങൾ തുർക്കി സംസ്കാരത്തിൽ വളരെ പ്രധാന്യമർഹിക്കുന്നതാണ്. ചിനാഷ് മരം, അതിലെ പ്രധാനപ്പെട്ട ഒന്നാണ്.

1281ൽ എർതുഗ്റുൽ ഗാസിയുടെ മരണശേഷം, ചെറുപ്പമായിരുന്നിട്ടും സൈനിക മേധാവികളും ഗോത്ര നേതാക്കളും ചേർന്ന് ഉസ്മാൻ ഗാസിയെ അധികാരത്തിൽ കൊണ്ടുവന്നു. സല്‍ജൂഖ് സുല്‍ത്വാന്‍ അത് അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പിതാവിന്റെ ദൗത്യം തുടരുകയും തന്റെ പ്രവിശ്യയുടെ അയൽവാസികളായ പ്രഭൂക്കന്മാരായും തെക്ഫൂറുമാരായ ഗവർണർമാരുമായും നന്നായി ഇടപഴകുകയും ചെയ്തിരുന്നു‌. 

1288ലെ എകിസെ യുദ്ധത്തിലൂടെ കരാജൈസാർ കോട്ട കീഴടക്കുകയും ഇനഗോൾ തെക്ഫൂർമാരുടെ ഗൂഢാലോചനയെ പരാജയപ്പെടുത്തുകയും ചെയ്ത ഉസ്മാൻ പ്രബലനായി മാറി. ഈ യുദ്ധത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ സാവ്ജി രക്തസാക്ഷിയാവുകയും, എസ്കിഷെഹിറിനെ ഉസ്മാൻ അവരുടെ അധീനതയിലാക്കുകയും ചെയ്തു. ഈ യുദ്ധത്തിന് ശേഷം ഉസ്മാൻ സ്വന്തമായി പതാക രൂപീകരിച്ച് സ്വയംഭരണ പ്രഖ്യാപനം നടത്തി. അപ്പോഴും സുല്‍ത്വാനോട് ചേര്‍ന്ന് നില്ക്കുകയും, സൈനിക പ്രദര്‍ശനത്തിനിടയില്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തോടുള്ള ബഹുമാനം തുടരുകയും ചെയ്തു. ഈ പാരമ്പര്യം സുൽത്താൻ മുഹമ്മദ് അൽഫാത്തിഹിന്റെ കാലം വരെ തുടർന്നു പോന്നിരുന്നു. 

താന്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ഒരു ഖാദിയെ നിയമിക്കുകയും, വെള്ളിയാഴ്ച്ച പ്രഭാഷണങ്ങളിൽ അബ്ബാസി ഖലീഫക്കും സൽജൂഖ് സുൽത്താനുമൊപ്പം ഉസ്മാൻ ഗാസിയുടെ പേരും പരാമർശിക്കാൻ തുടങ്ങുകയും ചെയ്തു. 

ബിലെച്ചിക്കിലെയും യാർഹിസാറിലെയും തെക്ഫൂറുമാരായിരുന്നു ആദ്യ ഘട്ടത്തിലെ പ്രധാന എതിരാളികള്‍. അവര്‍ ഉസ്മാന്‍ ഗാസിക്കെതിരെ വിവിധ ഗൂഢാലോചനകള്‍ നടത്തിയെങ്കിലും അതെല്ലാം അദ്ദേഹം തന്ത്രപരമായി പരാജയപ്പെടുത്തി. മകളുടെ വിവാഹത്തിന് പ്രത്യേകം ക്ഷണിച്ച് കൊണ്ട് വരെ, അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷെ, ആ ഗൂഢാലോചനയെകുറിച്ചുള്ള വിവരം കിട്ടിയ ഉസ്‍മാന്‍ ഗാസി, ചരക്കുകൾക്ക് പകരം കുതിര വണ്ടികളിൽ ആയുധങ്ങളും സ്ത്രീവേഷം ധരിച്ച നാൽപ്പത് സൈനികരെയും കൂട്ടിച്ചെന്ന് അവരുടെ കോട്ട തന്നെ പിടിച്ചെടുക്കുകയാണ് ചെയ്തത്. ബിലെച്ചിക്, യാർഹിസർ, ഇനഗോൾ, യെനിസെഹിർ എന്നിവയെല്ലാം ക്രമേണ അദ്ദേഹം കീഴടക്കുകയും യെനിസെഹിര്‍ പട്ടണം തന്റെ രാഷ്ട്രതലസ്ഥാനമാക്കുകയും ചെയ്തു. കീഴടക്കിയ ഭൂപ്രദേശങ്ങള്‍, യുദ്ധസേവനത്തിന് പ്രതിഫലമായും സൈനികരുടെ കുടുംബത്തിനും കമാൻഡർമാർക്കും പതിച്ച് നല്കിയതിലൂടെ, അത് ഒട്ടോമൻ രാജാക്കന്മാരുടെ ആദ്യത്തെ ഭൂനിയമമായി ചരിത്രത്തില്‍ ഇടം പിടിച്ചു. 

തെക്ഫൂറുമാരോടും ബൈസന്റൈന്‍ സാമ്രാജ്യത്തോടുമെല്ലാം നിരന്തരം യുദ്ധങ്ങള്‍ നടത്തിയാണ് ഉസ്‍മാന്‍ ഗാസി തന്റെ രാഷ്ട്രം പടുത്തുയര്‍ത്തിയത്. ശത്രുക്കളോട് കൂറ് കാണിക്കുന്നവരെയെല്ലാം അദ്ദേഹം മാതൃകാപരമായി ശിക്ഷിച്ചു. അതേ സമയം, സന്ധി സംഭാഷണങ്ങള്‍ക്ക് പരമാവധി ശ്രമിക്കുകയും ചെയ്ത കരാറുകള്‍ പാലിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. 1306ൽ തെക്ഫൂറുമാരോട് ഉണ്ടാക്കിയ സൈനിക ഉടമ്പടി അതിന്റെ മികച്ച ഉദാഹരണമായിരുന്നു. 

ഓരോ പ്രദേശങ്ങളായി തന്റെ കീഴിലാക്കി അദ്ദേഹം 1307ല്‍ തീരദേശമായ മർമറ വരെയെത്തുകയും ഇമ്രാലി ദ്വീപിൽ ഒരു നാവിക താവളം സ്ഥാപിക്കുകയും ചെയ്തു. ബൈസാന്റൈൻ രാജാക്കന്മാരുടെ അക്രമ ഭരണത്തില്‍ പൊറുതി മുട്ടിയ സാധാരണക്കാര്‍ ഉസ്മാൻ ഗാസിയുടെ ഭരണത്തെ സസന്തോഷം സ്വീകരിക്കുകയാണ് ചെയ്തത്. അവരിൽ പലരും ഇസ്ലാം സ്വീകരിക്കുകയും തുർക്കി വംശത്തോട് ചേരുകയും ചെയ്തു. ഹർമാൻക്യ കോട്ടയിലെ തെക്ഫൂറായ മിഖേയേൽ കോസസ് പോലും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളില്‍ ആകൃഷ്ടനായി ഇസ്‍ലാം സ്വീരിക്കുകയും ഉസ്മാനോടൊപ്പം നിരവധി സൈനിക നടപടികളിൽ പങ്കെടുക്കുകയും ചെയ്തു.

1317 മുതൽ, ഉസ്മാൻ പ്രധാനമായും തന്റെ മകൻ ഊർഹാൻ ബൈയെയും "ആൽപ്" എന്ന് വിളിക്കപ്പെടുന്ന കമാൻഡർമാരെയുമാണ് സൈനിക നടപടികള്‍ക്ക് നിയോഗിച്ചത്. അക്കാലത്തെ അതിമനോഹരമായ നഗരമായിരുന്ന ബുർസ അദ്ദേഹം കീഴടക്കിയത്, അവിടത്തുകാരായ നിവാസികളുടെ മനസ്സ് കീഴടക്കിയായിരുന്നു. 

അവസാന വര്‍ഷങ്ങളില്‍ സന്ധിവാതം ബാധിച്ച അദ്ദേഹം, തന്റെ അറുപത്തിയാറാം വയസ്സില്‍ 1324ലാണ് മരണപ്പെടുന്നത്. 43 വർഷം ഭരണം നടത്തിയ അദ്ദേഹം, നീതിയും ധര്‍മ്മവും നിറഞ്ഞുനില്‍ക്കുന്ന ഒരു മാതൃകാ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തി. ബുർസ കീഴടക്കിയ ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം ഇൗ നഗരത്തിലെ ഒരു കുന്നിൻ മുകളിൽ അടക്കം ചെയ്തു.
ഉസാമാൻ ഗാസി നീതിമാനും ഏറെ ഉദാരമതിയമുമായിരുന്നു. മൂന്ന് ദിവസത്തിലൊരിക്കൽ തന്റെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് പാവപ്പെട്ടവർക്കും വിധവകൾക്കും അനാഥർക്കും വിതരണം ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. സമ്പത്തിനോട്  ഒട്ടും താല്‍പര്യമില്ലാതിരുന്ന അദ്ദേഹം, അല്ലാഹുവിന്റെ പ്രീതിയും ജനങ്ങളുടെ പ്രാർത്ഥനുയുമാണ് ആഗ്രഹിച്ചിരുന്നത്. മരണപ്പെടുമ്പോള്‍, കുറച്ച് അറേബ്യൻ കുതിരകളും വാളുകളും കവചങ്ങളും കുറച്ച് കാളകളും ആടുകളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ അനന്തരസ്വത്ത്.

പലരും പറയും പോലെ ഉസ്മാൻ ഗാസി ഒരു സാധാരണ മധ്യകാല ഭരണാധികാരിയായിരുന്നില്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു. അനോട്ടോളിയൻ പ്രദേശങ്ങളിലെ ഏറ്റവും ചെറുതായിരുന്ന ആ രാഷ്ട്രം,  ഒന്നര നൂറ്റാണ്ടിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായി മാറിയത് തന്നെ അതിന്റെ തെളിവാണ്. 
പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 4,800 ചതുരശ്ര കീലോമീറ്റർ ഉസ്മാൻ ഗാസിയുടെ രാഷ്ട്രം 
അദ്ദേഹം അന്തരിച്ചപ്പോഴേക്കും 16,000 ചതുരശ്ര കീലോമീറ്ററായി വളർന്നിരുന്നു. 
ഉസ്മാൻ ഗാസി തന്റെ മകന് നൽകിയ വസ്വിയ്യത്ത് അദ്ദേഹത്തിന്റെ മതബോധവും ദൈവഭക്തിയും വിളിച്ചോതുന്നുണ്ട്. ഉസ്മാനിയ്യാ സാമ്രാജ്യത്തിന്റെ അടിത്തറയും അത് തന്നെയായിരുന്നു. അതിങ്ങനെ വായിക്കാം, 

"മോനേ, എല്ലാവരുടെയും അവസാനം മരണത്തിലേക്കാണ്. മതത്തെ സേവിക്കുന്നതല്ലാതെ മറ്റൊരു ലക്ഷ്യവും നമുക്കുണ്ടാവരുത്. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിക്കുകുയും അവന്റെ മതം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാവണം നമ്മുടെ ലക്ഷ്യം. രാജ്യത്ത് നീതി നടപ്പാക്കാനാണ് നാം ഭരണം നടത്തേണ്ടത്. ശരീഅത്തിനെ അംഗീകരിക്കുക, പണ്ഡിതന്മാരെ ബഹുമാനിക്കുക, സൈനികരുടെയും സ്വത്തുക്കളുടെയും സമൃദ്ധിയിൽ ഒരിക്കലും അഭിരമിക്കാതിരിക്കുക. മതത്തിനും രാജ്യത്തിനും എതിരായ ഒന്നും ചെയ്യാതിരിക്കുക, എല്ലാവരോടും ദയയോടെ പെരുമാറുക, ആളുകളെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി രാവും പകലും പ്രവർത്തിക്കുക, ഇങ്ങനെയായൽ അല്ലാഹുവിന്റെ അനുഗ്രഹം നമ്മുടെ കൂടെയുണ്ടാവും. അല്ലാത്ത പക്ഷം അവന്റെ കോപമായിരിക്കും ഫലം" 

ഈ വാക്കുകളും അവയിലൂന്നിയുള്ള ജീവിതവും തന്നെയാണ്, ഉസ്മാനിയ്യാ ഖിലാഫതിനെ ഇത്രമേല്‍ വിജയകരവും സ്വീകാര്യവുമാക്കിയതും. പണ്ഡിതന്മാരെയും സൂഫികളെയും കൂടെ നിര്‍ത്തി, പാരമ്പര്യമായി ലഭിച്ച ആ വിശുദ്ധ ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരുന്നു ശേഷം സുല്‍ത്വാന്മാരും ഖലീഫമാരുമെല്ലാം നടത്തിയത്. അതോടെ, ഇസ്‍ലാമിക ലോകത്തിന്റെ തന്നെ അച്ചുതണ്ടായി തുര്‍ക്കി മാറിയതാണ് ഒരൂ നൂറ്റാണ്ട് മുമ്പ് വരെ നാം കണ്ടത്. ഇന്നും നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകളിലേക്ക് തുര്‍ക്കി തിരിച്ച് നടക്കുന്നതും ആ സുകൃതങ്ങളുടെ ബാക്കി പത്രങ്ങള്‍ തന്നെയായിരിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter