കേരളത്തില്‍നിന്ന് ബീഹാറിലേക്ക് പ്രവഹിച്ച പ്രാര്‍ത്ഥനകള്‍

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയില്‍ പെട്ട വിശേഷങ്ങളില്‍ മനസ്സില്‍ ഏറ്റവും ഉടക്കി നിന്നത് ഒരു ചെറുപ്പക്കാരന്റെ മരണവും അതേ തുടര്‍ന്നുള്ള പ്രതികരണങ്ങളുമായിരുന്നു. ആരും അറിയാതെ പോകുമായിരുന്ന ബീഹാറിലെ ഒരു സാധാരണ മനുഷ്യന് വേണ്ടി, ഇങ്ങ് കേരളത്തിലെ ആയിരക്കണക്കിന് പണ്ഡിതരും വിദ്യാര്‍ത്ഥികളും ആര്‍ദ്രമായി ദുആ ചെയ്തത് ആ മനുഷ്യന്റെ ഭാഗ്യമെന്നല്ലാതെ എന്ത് പറയാന്‍. കേരളത്തില്‍ ഏറ്റവും തിരക്കുപിടിച്ച വ്യക്തിത്വങ്ങളിലൊന്നായ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ആ മരണവിവരം അറിഞ്ഞ ഉടന്‍ ബീഹാറിലേക്ക് വിമാനം കയറിയതും ആ ഖബ്റിന്നരികിലെത്തി ദുആ ചെയ്തതും ആര്‍ക്കാണം ഹരം പകരാതിരിക്കുക. ആ ചെറുപ്പക്കാരന്‍ ബാക്കി വെച്ചതാവട്ടെ ഇന്നത്തെ ഡയറി.

അബ്സാര്‍ ആലം സിദ്ധീഖി... കേരളക്കാരായ നമുക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ ഏതോ വലിയ പണ്ഡിതനാണെന്നേ തോന്നൂ. എന്നാല്‍ കേരളം വിട്ടാല്‍ വിശിഷ്യാ ഉത്തരേന്ത്യയില്‍ ഏത് സാധാരണക്കാനും ഇതോ ഇതിലും സുന്ദരമോ ആയ പേരുകളായിരിക്കും ഉണ്ടാവുക. എന്നാല്‍, അവരുടെ നിത്യജീവിതത്തിലേക്കും കര്‍മ്മരംഗത്തേക്കും നോക്കുമ്പോഴാണ്, ആ പേരും അവയും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് നമുക്ക് മനസ്സിലാവുക. 

അത്തരം ഒരു സാധാരണക്കാരനായിരുന്നു ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലക്കാരനായ നമ്മുടെ കഥാപാത്രവും. മുസ്‍ലിംകള്‍ തിങ്ങിത്താമസിക്കുന്ന കിഷന്‍ഗഞ്ചില്‍ ഇത് പോലെ ധാരാളം പേരുണ്ടായിരുന്നു. പക്ഷേ, ചുറ്റുമുള്ളവരില്‍നിന്ന് അബ്സാറിന് ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. കാര്യമായ വിദ്യാഭ്യാസമോ സാമ്പത്തിക സൌകര്യങ്ങളോ ഒന്നുമില്ലായിരുന്നെങ്കിലും, തന്റെ സമുദായം ഇനിയും ഇങ്ങനെ തുടരരുതെന്നും വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്നോട്ട് കുതിക്കണമെന്നും ആ ചെറുപ്പക്കാരന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളായി പോലും ആ ചിന്തകള്‍ കടന്നുവന്നിരുന്നു എന്ന് പറയുന്നതാവും ശരി.

അങ്ങനെയിരിക്കെയാണ്, 2017 ൽ  ചെമ്മാട് ദാറുൽ ഹുദാ സനദ് ദാന സമ്മേളനത്തിൽ നാഷണൽ ഡെലിഗേറ്റ്സ് മീറ്റിൽ ഒരു പ്രതിനിധിയായി അദ്ദേഹമെത്തുന്നത്. കേരളത്തിലെ മതചലനങ്ങള്‍ നേരില്‍ കണ്ട അദ്ദേഹം, ഇത് തന്റെ നാട്ടിലും വേണമെന്ന് ഉറച്ചാണ് തിരിച്ച് പോയത്. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം തന്നെ അതിനായി ഉഴിഞ്ഞ് വെക്കുകയും ചെയ്തുവത്രെ. അതിന്റെ സദ്ഫലങ്ങളാണ്, ഇന്ന് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞ് കിഷന്‍ഗഞ്ച് ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റ്യൂട്ടും കിഷന്‍ഗഞ്ച് സമഗ്ര പദ്ധതിയുമെല്ലാം. 

തന്റെ അതേ ചിന്തകളിലേക്ക് കൂടുതല്‍ പേരെ കൂടെ കൂട്ടാനായി പലരെയും അദ്ദേഹം കേരളത്തില്‍ കൊണ്ട് വന്ന് എല്ലാം കാണിച്ച് കൊടുത്തു. അതില്‍ എം.എല്‍.എമാരും പഞ്ചായത്ത് പ്രതിനിധികളുമെല്ലാമുണ്ടായിരുന്നു. പരമാവധി ആളുകളെ കൂടെ കൂട്ടി നല്ല കാഴ്ചപ്പാടും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുമുള്ള ഉമ്മതിനെ സ്നേഹിക്കുന്ന ഒരു പണ്ഡിത വ്യൂഹത്തെ കേരളത്തില്‍നിന്ന് കിഷന്‍ഗഞ്ചില്‍ കൊണ്ട് പോയി കുടിയിരുത്തിയതും അബ്സാര്‍ തന്നെയായിരുന്നു. പിന്നീടങ്ങോട്ട്, ഏറ്റവും ഉചിതമായ സ്ഥലം കണ്ടെത്തുന്നത് മുതല്‍ പതിമൂന്ന് ഏകര്‍ സ്ഥലം റെജിസ്റ്റര്‍ ചെയ്തതും അവസാന നിമിഷം വരെ കൂടെ നിന്നതും അദ്ദേഹം തന്നെ. ഗ്രാമവീഥികളിലൂടെയുള്ള നിരന്തര യാത്രകൾ, ചെറുതും വലുതുമായ യോഗങ്ങള്‍, പരിചയപ്പെടുത്തലുകള്‍, തദ്ദേശീയരുടെ പിന്തുണ ഉറപ്പ് വരുത്തല്‍, എല്ലാറ്റിനും മുൻകയ്യെടുത്തത് അബ്സാർ ആയിരുന്നു. 

പദ്ധതിയുടെ ഭാഗമായി, ബീഹാറിലെ ഗ്രാമങ്ങളായ ചക്ല, ഗാംഗി, ലോച്ച, രാംപൂർ, ബായ്സി, മജ്ഗമ, സീമൽബാരി, ബംഗർദ്വാരി, ദൗലത്പൂർ, ചാട്ടിബാരി, കുമാർടോലി എന്നിവിടങ്ങളില്‍ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.  അതോടൊപ്പം, തന്റെ പഞ്ചായത്ത് ആയ മജ്ഗമ ഒരു മാതൃകാ പഞ്ചായത്ത് ആക്കുന്നതിന് ആവശ്യമായതും അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു.

ചുരുക്കത്തില്‍, പ്രവര്‍ത്തന നിരതമായ ജീവിതമായിരുന്നു അബ്സാറിന്റേത് എന്ന് പറയാം. ഏത് സങ്കീര്‍ണ്ണ സാഹചര്യത്തിലും പരാതികള്‍ പറഞ്ഞിരിക്കാതെ, തന്നെക്കൊണ്ടാവുന്നത് ചെയ്യുക എന്നതാണ് അബ്സാര്‍ നമുക്ക് നല്കുന്ന സന്ദേശം. ആവുന്നത് ചെയ്യുക എന്നതാണ് സൃഷ്ടികളായ നമ്മോടുള്ള തേട്ടം. അത് നാം നിര്‍വ്വഹിച്ചാല്‍ ബാക്കി സ്രഷ്ടാവ് നോക്കും എന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അബ്സാര്‍. ആ മരണവാര്‍ത്ത കേട്ടതോടെ, ഇത്രമാത്രം പ്രാര്‍ത്ഥനകളും കേരളത്തിലെ കടലുണ്ടിപ്പുഴയോരത്ത് നിന്ന് പാണക്കാട്ടെ സയ്യിദവര്‍കളും ആ സന്നിധിയിലെത്തിയത് അതാണ് നമ്മോട് വീണ്ടും വീണ്ടും ഉണര്‍ത്തുന്നത്. 

നാഥന്‍ അദ്ദേഹത്തിന്റെ കര്‍മ്മങ്ങളെല്ലാം സ്വീകരിക്കട്ടെ. ഉമ്മതിന്റെ പുരോപ്രയാണത്തില്‍ നല്ല പകരക്കാരെ നല്കുകയും ചെയ്യട്ടെ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter