മുഹ്‍യിദ്ധീൻ പീരി: പതിനാറാം നൂറ്റാണ്ടിലെ നാവികരുടെ വഴികാട്ടി

പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമൻ പടയോട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു നാവികനുണ്ടായിരുന്നു. മദ്ധ്യധരണിയാഴി സുരക്ഷിതമാക്കി, പാശ്ചാത്യരുടെ ഉറക്കം കെടുത്തുകയും അശരണരായ അന്തുലുസ് മുസ്‍ലിംകള്‍ക്ക് സുരക്ഷ തീര്‍ക്കുകയും ചെയ്ത മുഹയുദ്ധീൻ പീരി റഈസായിരുന്നു അത്. 

ഒട്ടോമൻ ഭരണകേന്ദ്രങ്ങൾക്ക് പീരി റഈസിന്‍റെ വീരചരിതങ്ങൾ ആവോളം ശക്തി പകർന്നു. മെഡിറ്റേറിയൻ കടലിലെ പ്രധാന ദ്വീപുകളേയും തുറമുഖങ്ങളേയും നഗരങ്ങളേയും വിവരിക്കുന്ന ആദ്യകാല സഞ്ചാരപാതകളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുള്‍പ്പെടുത്തി, അവയുടെ സമയവ്യത്യാസങ്ങളെ പോലും താരതമ്യേന കൃത്യമാക്കി ചാർട്ടുകളായും പുസ്തകങ്ങളായും ലോകത്തിന് ആദ്യമായി സമ്മാനിച്ചത് ഈ പണ്ഡിത മഹോന്നതനാണ്.

1465നും 1470നും ഇടയിൽ ഓട്ടോമൻ തുർക്കിയുടെ ഈജിയൻ(Aegean) തീരത്തുള്ള ഗല്ലിപോളിയയിലാണ് പീരിയുടെ ജനനമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും അവരുടെ മാസ്റ്റർപീസ് ഗ്രന്ഥമായ കിതാബേ ബഹരിയിൽ നിന്നാണ് ജീവചരിത്രങ്ങൾ ലഭിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലും പീരി റഈസിന്‍റെ ഒട്ടോമൻ ഭൂപടത്തിലെ അമേരിക്കയുടെ സാന്നിധ്യമായിരുന്നു ഏറ്റവും ആശ്ചര്യകരമായ വശം. ആധുനിക ലോകത്തെ കാണിക്കുന്ന ഏറ്റവും പഴയ ഒട്ടോമൻ ഭൂപടവും ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന അമേരിക്കയുടെ ഏറ്റവും പഴയ ഭൂപടങ്ങളിലൊന്നും ഇത് തന്നെയാണ്. 

ഈ ഗ്രന്ഥത്തിൽ നിന്നും ശേഖരിച്ച ലോക ഭൂപടങ്ങളിലൂടെയും ചാർട്ടുകളിലൂടെയുമാണ് പീരി റഈസ് ഇന്നും ജനകീയ സംസ്കാരങ്ങളിലും പണ്ഡിത വൃത്തങ്ങളിലും അറിയപ്പെടുന്നത്. പീരിയുടെ ഭൂപടത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ വശം ഭൂഖണ്ഡങ്ങളുടെ (പ്രത്യേകിച്ച് ആഫ്രിക്കയും തെക്കേ അമേരിക്കയും തമ്മിലുള്ള ബന്ധം) സ്ഥാന നിർണയത്തിലെ കൃത്യതയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം വരച്ച ഭൂപടങ്ങളിൽ പോലും ഇത്രയും കൃത്യമായ സ്ഥാന നിർണ്ണയവും അനുപാതവും ഉണ്ടായിരുന്നില്ല. മറ്റൊരു അത്ഭുതപ്പെടുത്തുന്ന സത്യം ഇദ്ദേഹത്തിന്‍റെ ഭൂപടം ട്രോപിക് ഓഫ് കാൻസറിന്‍റെ അക്ഷാശം സഹാറയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ്. ആധുനിക ശാസ്ത്രം പോലും ഈ കൃത്യതയില്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. 

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ അക്കാലത്തെ അറിയപ്പെടുന്ന നാവികനും ഓട്ടോമൻ അഡ്മിറലുമായ അമ്മാവൻ കമാൽ റഈസിന്‍റെ നേതൃത്ത്വത്തിലാണ് പീരി നാവിക ജീവിതം ആരംഭിക്കുന്നത്. ഒരു നാവികനായി മാറിയ അദ്ദേഹം രാഷ്ട്രത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പായി അമ്മാവനൊപ്പം ചില സ്വകാര്യ ബിസിനസ്സുകളുൽ ഏർപ്പെടുകയും മെഡിറ്റേറിയൻ കടലിന്‍റെ ഒരുപാട് തീരങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. 

കിതാബേ ബഹരിയിൽ അദ്ദേഹം എഴുതിയ ചില വരികളിൽ ഇങ്ങനെ കാണാം. തന്‍റെ അമ്മാവനൊപ്പം ഉത്തരാഫ്രിക്കയിലുള്ള പല ഭരണകർത്താക്കളെയും അവരുടെ വസതിയിൽ പോയി സന്ദർശിച്ചിരുന്നു. ഇത് ആ പ്രദേശങ്ങളേയും തീരങ്ങളേയും ഭൂപ്രകൃതിയേയും കുറിച്ച് നല്ലവണ്ണം മനസ്സിലാക്കാൻ സഹായിച്ചു. ഈ യാത്രകളുടെ ബാഹ്യോദ്ദോശം കച്ചവടവും നയതന്ത്ര ഇടപെടലുകളുമായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ദൃഷ്ടി അവിടങ്ങളിലെ കണികകളെപ്പോലും സ്പർശിച്ചിരുന്നു. ഈ യാത്രകളാണ് അദ്ദേഹത്തെ കരുത്തുറ്റ നാവികനും ചരിത്രം എന്നെന്നും ഓര്‍ത്തുവെക്കുന്ന സൃഷ്ടികളുടെ രചിതാവുമാക്കി മാറ്റിയത്.

ക്രിസ്ത്യൻ കീഴടക്കലുകളെത്തുടർന്ന് സ്പെയിനിൽ നിന്ന് പുറത്താക്കപ്പെട്ട അന്തുലുസ് മുസ്‍ലിംകളും ജൂതരുമടങ്ങുന്ന അഭയാർത്ഥികളെ രക്ഷിച്ചതിലൂടെ പീരി റഈസും അമ്മാവൻ കമാൽ റഈസും ജന മനസ്സുകളിൽ നായകരായി മാറി. അതിന്ന് പുറമെ, മുസ്‍ലിം വ്യാപാരികളുടെയും ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ അഭയം തേടിയ മറ്റു കച്ചവടക്കാരുടേയും നേരയുള്ള കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിചതും അവരായിരുന്നു. 

ഒരിക്കൽ ഫ്രഞ്ച് തുറമുഖമായ ടോളോണിൽ (Toulon) നിന്ന് മൂന്ന് കൊള്ളക്കപ്പലുകൾ കീഴ്പ്പെടുത്തുകയും അവയെല്ലാം ടുണീഷ്യയുൽ കൊണ്ട് വന്ന് വിൽക്കുകയും ആ പണം കൊണ്ട് മെഡിറ്റേറിയൻ ദ്വീപായ മലോർക്കിൽ (Mallorca) ഒരു വ്യാപാര കോട്ട തുറക്കുകയും ചെയ്തു. ഇതിലൂടെ അവർ ബിസിനസ്സ് സിസിലിയിലേക്കും മറ്റു സ്പാനിഷ് തീരങ്ങളിലേക്കും വിപുലീകരിച്ചു. 1495- ഓടെ അമ്മാവനൊപ്പമുള്ള ബിസിനസ്സ് അവസാനിപ്പിച്ച് സുൽത്താൻ മുഹമ്മദ് രണ്ടാമന്‍റെ മകനായ സുൽത്താൻ ബായസീദ് രണ്ടാമന്‍റെ ക്ഷണപ്രകാരം ഇരുവരും ഇസ്താംമ്പൂളിലേക്ക് തിരിച്ചു. സുൽത്താനുമായുള്ള കൂടിക്കാഴ്ച്ചയിൽ പീരി റഈസും അമ്മാവനൊപ്പം അനുഗമിച്ചിരുന്നു. സുൽത്താന്‍റെ കൽപ്പനപ്രകാരം കമാൽ റഈസ് ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ നാവികപ്പടയുടെ അഡ്മിറലും പീരി ആ കപ്പൽ വ്യൂഹത്തിലെ തന്നെ ഒരു കപ്പലിന്‍റെ ക്യാപ്റ്റനുമായി. 

പിന്നീട് അങ്ങോട്ട് പടയോട്ടങ്ങളുടേയും പിടിച്ചടക്കലുകളുടേയും പരമ്പര തന്നെയാണ്. റോദോസിലേയും ലാപ്പന്‍റോയിലേയും മോതോണിലേയും പൈലോസിലേയും ക്രിസ്ത്യൻ കടൽക്കൊള്ളക്കാർക്കെതിരെ നിരന്തരം അക്രമണങ്ങൾ അഴിച്ചുവിട്ടു. മോറയിലെ അനേകം കോട്ടകളിൽ ഇരുവരും ചേർന്ന് ഒട്ടോമൻ പതാക പുതപ്പിച്ചു. 

മുസ്‍ലിം വ്യാപാരികളുടെ കടലിലെ സുരക്ഷ ഉറപ്പുവരുത്തന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് വേണ്ടി സുൽത്താൻ സലീം ഒന്നാമൻ മംലൂക്ക് സുൽത്താനിലേക്ക് അയച്ച നയതന്ത്ര സംഘത്തിലെ പ്രമുഖരിൽ പീരി റഈസും ഉൾപ്പെട്ടിരുന്നു. 1504-ൽ റോദോസ് സൈന്യത്തിന്‍റെ കയ്യിൽ അകപ്പെട്ട മുസ്‍ലിം തടവുകാരെ മോചിപ്പിച്ച് കൊണ്ടുവന്നതോടെ സുൽത്താന്‍റെ പ്രശംസ ലഭിക്കുകയും ചെയ്തു. 

1510-ൽ കമാൽ റഈസ് മരണപ്പെട്ടു. ഒരുപാട് കാലം തനിക്ക് മാർഗ്ഗദർശിയും സംരക്ഷകനും പ്രചോദകനുമായിരുന്ന അമ്മാവന്‍റെ മരണം അദ്ദേഹത്തെ വളരെ ദുഖത്തിലാഴ്ത്തി. ഇതിന്ന് ശേഷമുള്ള ദിനങ്ങൾ പീരി റഈസിന്‍റെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി. അദ്ദേഹം നാവിക ജീവിതം അവസാനിപ്പിച്ച് ജന്മ നാടായ ഗല്ലിപോളിലേക്ക് മടങ്ങി. ഈ വിശ്രമ ദിനങ്ങളിലാണ് ചരിത്രത്തിലിടം പിടിച്ച ഭൂപടങ്ങളും പുസ്തകങ്ങളും ജനിക്കുന്നത്. വർഷങ്ങളോളം നീണ്ടുനിന്ന കടൽ ജീവിതത്തേയും അനുഭവങ്ങളേയും കാഴ്ച്ചപ്പാടുകളേയും അറിവുകളേയും കടലാസ് തുണ്ടുകളില്‍ പകര്‍ത്തി വെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

1513-ൽ ആദ്യത്തെ ലോകഭൂപടം പൂർത്തിയാക്കി, 1517- ൽ അന്നത്തെ സുൽത്താൻ സലീം ഒന്നാമന്ന് സമ്മാനിച്ചു. ഇതിലൂടെ പല യൂറോപ്പ്യൻ ഭരണാധികാരികൾക്കും മുമ്പേ അദ്ദേഹം ഒട്ടോമൻസിന് അമേരിക്കയെ കുറിച്ചുള്ള കൃത്യമായ വിവരണവും ആഫ്രിക്കയെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങളും നൽകിയിട്ടുണ്ടെന്ന് പറയാം. ഈ ആദ്യഭൂപടമാണ് അക്ഷാംശം സഹാറയില്‍ കേന്ദ്രീകരിച്ചതും പുരാതന അമേരിക്കയുടെ ഭൂപ്രദേശങ്ങളെ സൂചിപ്പിക്കുന്നതും. ഇതിന്‍റെയൊരു ഭാഗം 1929- ഇസ്താമ്പൂളിലെ ടോപ്കാപ്പി കൊട്ടാരത്തിൽ നിന്നും കണ്ടെടുത്തു. മെഡിറ്ററേനിയൻ തീരം, ദ്വീപുകൾ, ചുരങ്ങൾ എന്നിവയെ കുറിച്ച് നല്ല അറിവ് നൽകുന്നതിന് നാവികർക്കുള്ള നോട്ടിക്കൽ നിർദേശങ്ങളുടെ മാന്വലുകളാണെന്നാണ് കിതാബേ ബഹരിയെക്കുറിച്ചും പീരിയുടെ ഭൂപടങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രജ്ഞൻ ഹെസ്സ് വിലയിരുത്തിയത്.  

1516-ആയപ്പോഴേക്കും ഒരു ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും ഒട്ടോമൻ നാവിക ക്യാപ്റ്റനായി തന്നെ തിരികെ വന്ന് 1516-1517 വർഷങ്ങളിൽ ഈജിപ്തിന്‍റെ മേൽ നടന്ന ഒട്ടോമൻ അധിനിവേശത്തിന്‍റെ നേതൃനിരയിൽ അണിനിരന്നു. 
കിതാബേ ബഹരി, അഥവാ, കടലിന്‍റെ പുസ്തകം എന്നാണ് അര്‍ത്ഥമാക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും പ്രശസ്തമായ നാവിക പുസ്തകങ്ങളിൽ ഒന്നാണ് ഇത്. കടല്‍ യാത്രികര്‍ക്ക് സഹായകമായ വിശദ വിവരങ്ങളും മെഡിറ്റേറിയൻ കടലിലെ പ്രധാനപ്പെട്ട തുറമുഖങ്ങളേയും വിവരിക്കുന്ന വളരെ കൃത്യമായ ചാർട്ടുകളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രധാന തുറമുഖങ്ങൾ, ഉൾക്കടലുകൾ, മുനമ്പുകൾ, ദ്വീപുകൾ, ഉപദ്വീപുകൾ, കടലിടുക്കുകൾ, മെഡിറ്റേറിയൻ കടലിലെ സുരക്ഷിതമായി നങ്കൂരമിടാൻ സാധിക്കുന്ന പ്രദേശങ്ങൾ എന്നിവയെ കുറിച്ചെല്ലാം വിശദമായ വിവരങ്ങളാൽ സമ്പന്നമായ ഇത് നാവിഗേശൻ സാങ്കേതികതകളും ജ്യോതിശാസ്ത്രത്തെ അവലംബിച്ചുള്ള സഞ്ചാര പാതകളും നിറഞ്ഞതാണ്. 

ഓരോ രാജ്യത്തേയും നഗരങ്ങളിലേയും പ്രാദേശിക ജനതയെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ സംസ്കാരത്തിന്‍റെ കൌതുകകരമായ വശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം യഥാർത്തത്തിൽ 1522 നും 1524നും ഇടയിലാണ് എഴുതിയത്. 1524ൽ അദ്ദേഹം ഒട്ടോമൻ പ്രമുഖ മന്ത്രി മഖ്ബൂൽ ഇബ്രാഹീം പാഷയെ ഈജിപ്തിലേക്ക് കൊണ്ടുപോയ കപ്പലിന്‍റെ ക്യാപ്റ്റനായിരുന്നു. മന്ത്രിയുടെ ഉപദേശമനുസരിച്ച് അദ്ദേഹം തന്‍റെ കടലിന്‍റെ പുസ്തകം കൂടുതൽ വിവരങ്ങളും മികച്ച രീതിയിൽ തയ്യാറാക്കിയ ചാർട്ടുകളും ഉപയോഗിച്ച് പരിഷ്കരിച്ചു. 1525-ൽ യൂറോപ്പ്യർ മഹാനെന്ന് വിളിച്ച സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിസെനിന് ഇത് സമ്മാനമായി നൽകി. പുതുക്കിയ പതിപ്പില്‍ ആകെ 434 പേജുകളും 290 ഭൂപടങ്ങളുമുണ്ടായിരുന്നു. ആദ്യപതിപ്പില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഈ രണ്ടാം പതിപ്പ്. ആദ്യപതിപ്പ് പ്രാഥമികമായി നാവികരെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ രണ്ടാമത്തേത് സുൽത്താന് സമ്മാനമായി നല്‍കാനാണെന്ന ലക്ഷ്യത്തില്‍ എഴുതപ്പെട്ടത് കൊണ്ട് തന്നെ, എല്ലാം കൊണ്ടും പ്രൌഢമായിരുന്നു. കരകൌശല ഡിസൈനുകൾ, പ്രമുഖ കാലിഗ്രാഫർമാരെ കൊണ്ട് വരപ്പിച്ച ഭൂപടങ്ങൾ എന്നിവയാൽ ഇത് അലങ്കരിക്കപ്പെട്ടിരുന്നു. വാചകങ്ങളും ഭൂപടങ്ങളും പരസ്പരം പൂരകമായി വർത്തിച്ചു എന്നുള്ളത് അദ്ദേഹത്തിന്‍റെ പുസ്തകത്തിന് ഭംഗി കൂട്ടുന്നത്.

1528-ൽ പീരി റഈസ് രണ്ടാമത്തെ ലോകഭൂപടം രൂപകൽപ്പന ചെയ്യുകയും വരക്കുകയും ചെയ്തു. ഇതില്‍ തന്‍റെ കാലത്ത് ലോകത്തിലെ തന്നെ അറിയപ്പെടുന്ന അറബിക്, സ്പാനിഷ്, പോർച്ചുഗീസ്, ചൈനീസ്, ഇന്ത്യൻ, പുരാതന ഗ്രീക്ക് ഉത്ഭവങ്ങളുടെ ഇരുപതിലധികം ഭൂപടങ്ങൾ ആദ്ദേഹം സമാഹരിച്ചു. 1513-ലെ ആദ്യ ലോകഭൂപടത്തിൽ അദ്ദേഹം, ഈ ദേശങ്ങളും ദ്വീപുകളും കൊളമ്പസിന്‍റെ ഭൂപടത്തിൽ നിന്ന് അവലംഭിച്ചതാണ്, എന്ന് പറഞ്ഞതായി കാണാം. 

1528-മുതൽ വര്‍ഷങ്ങളോളം അദ്ദേഹം ഒട്ടോമൻ നാവികപ്പടയുടെ നേതൃസ്ഥാനത്ത് സജീവമായി തുടർന്നു. 1547 ഓട് കൂടി പീരി റഈസ് ഒട്ടോമൻ നാവിക സേനയിലെ അഡ്മിറൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ വ്യൂഹത്തിന്‍റെ കമാന്‍ററും, സൂയിസ് ആസ്ഥാനമായുള്ള ഈജിപ്തിലെ കപ്പൽ പടയുടെ അഡ്മിറലുമായിരുന്നു അദ്ദേഹം. 1548 ഫെബ്രുവരി 26-ന്ന് അദ്ദേഹം പോർച്ചുഗീസുകാരിൽനിന്ന് ഏഡൻ തിരിച്ചുപിടിച്ചു. തുടർന്ന് 1552-ൽ നാൽപ്പതോളം വർഷം പോർച്ചുഗീസ് അധീനതയലായിരുന്ന മസ്കറ്റും തന്ത്ര പ്രധാന ദ്വീപായ കീഷും പിടിച്ചെടുത്തു. കുറച്ചൽപ്പം കിഴക്കോട്ട് തിരിഞ്ഞ് ഹോർമുസ് കടലിടുക്കിലെ ഹോർമുസ് ദ്വീപ് പിടിച്ചെടുത്തതോടു കൂടി പേർഷ്യൻ ഗൾഫിലേക്കുള്ള വാതായനങ്ങൾ അദ്ദേഹത്തിന് മുമ്പ് മലർക്കെ തുറന്നു. പോർച്ചുഗീസുകാർ അറേബ്യൻ ഗൾഫിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ അറേബ്യൻ തീരത്ത് പോർച്ചുഗീസുകാർക്ക് അനുയോജ്യമായ താവളങ്ങൾ നഷ്ടപ്പെടുത്താൻ പീരി റഈസ് ഖത്തർ ഉപദ്വീപും ബഹ്റൈനും കൈവശപ്പെടുത്തി. 
നിരന്തരമായ യുദ്ധങ്ങൾ ഒട്ടോമൻ പടയെ ക്ഷയിപ്പിച്ചിട്ടുണ്ടെന്നും അത് ഗുണം ചെയ്യില്ലെന്നും മനസ്സിലാക്കിയ അദ്ദേഹം ബസറയിലേക്ക് പിൻവലിഞ്ഞു. ഒരിക്കലും ഈയൊരു തീരുമാനം സുൽത്താനോ രാഷ്ട്രത്തിന്‍റെ ഉയർന്ന തസ്തികകളിലെ ഉദ്ദ്യോഗസ്ഥർക്കോ ഉൾക്കൊള്ളാന്‍ സാധിച്ചില്ല. പീരി റഈസ് ഒരിക്കലും തന്‍റെ സൈന്യത്തെ യുദ്ധമുഖത്ത് തനിച്ചാക്കി പിന്തിരിഞ്ഞോടാൻ തയ്യാറല്ലായിരുന്നു. ഈയൊരു വിഷയത്തിൽ അദ്ദേഹത്തെ കൈറോയിലേക്ക് വിളിപ്പിച്ച് വിചാരണ ചെയ്യുക വരെ ചെയ്തു. ബാഹ്യമായ തെളിവുകൾ അദ്ദേഹത്തിന് എതിരായിരുന്നതിനാല്‍ വിധിയും പ്രതികൂലമായാണ് വന്നത്. 

1554- ഒട്ടോമൻ ചരിത്രത്തിലെ കറുത്ത ദിനം. ബാഹ്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഒട്ടോമൻ പരമോന്നത നീതി പീഠം പീരി റഈസിന്ന് തൂക്കു കയർ വിധിച്ചു. സൃഷ്ടിച്ച് പരിപാലിച്ച പടച്ച തമ്പുരാനറിയാം, താൻ ന്യായമേ പ്രവർത്തിച്ചിട്ടുള്ളുവെന്ന ഉറച്ച വിശ്വാസത്തോടെ രാഷ്ട്രത്തിന്‍റെ വിധിയിൽ അദ്ദേഹം തൃപ്തിപ്പെട്ടു. 

നൂറ്റാണ്ടുകൾക്കിപ്പുറം ജനങ്ങളുടെ മനസ്സുകളിൽ അദ്ദേഹം ഇന്നും ജീവിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഭൂപടങ്ങളും കൃതികളും പാശ്ചാത്യ ലോകത്ത് പഠനങ്ങൾക്ക് വിധേയമാവുകയാണ്. അദ്ദേഹത്തിന്‍റെ തോരാചരിതങ്ങൾ മദ്ധ്യധരണിയാഴിയുടെ ഉൾക്കടലുകളെ ഇപ്പോഴും പ്രകമ്പനം കൊള്ളിച്ചു കൊണ്ടേയിരിക്കുകയാണ്.

Read more: യൂറോപ്പിന്റെ ആദ്യ ഭൌമശാസ്ത്രഗ്രന്ഥം എഴുതിയ ലിയോ മുസ്‍ലിമായിരുന്നു, അദ്ദേഹത്തിന്റെ പേര് ഹസന്‍ എന്നും

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter