ഐൻ ജാലൂത്: ഒരു പുനര്‍ജന്മത്തിന്റെ കഥ

റമദാൻ 25 മുസ്‌ലിം ലോകത്തിന് പുതുജീവിതം കൈവന്ന ദിവസമാണ്. പതിമൂന്നാം നൂറ്റാണ്ടിലെ നാഗരികതകളിൽ സംഹാര താണ്ഡവമാടിയിരുന്ന അപരാജിതരെന്ന് ലോകം വിധിയെഴുതിയ മംഗോളിയരെ തങ്ങളുടെ വിശ്വാസ ദൃഢത കൊണ്ട് തളച്ചു നിർത്താനാവുമെന്ന് തെളിയിച്ച മംലൂക്കുകളുടെ ഐൻ ജാലൂത് യുദ്ധവിജയത്തിൻ്റെ സ്മരണകളുറങ്ങുന്ന ദിവസമാണ് റമദാന്‍ 25.

എട്ടാം നൂറ്റാണ്ടു മുതൽ മുസ്‌ലിം ലോകത്തിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതൃത്വമായിരുന്ന അബ്ബാസി ഖിലാഫത്തിനെ 1258ൽ ബാഗ്ദാദ് നഗരം കൈയ്യേറി അഗണ്യനാശം വിതച്ച് പരാജയപ്പെടുത്തിയതോടെ മംഗോളിയർ മുസ്‌ലിം-കൃസ്ത്യൻ നാഗരികതകൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരുന്നു. അബ്ബാസി ഖിലാഫത്തിനെ പരാജയപ്പെടുത്തിയ ഹുലാഗു ഖാൻ്റെ നേതൃത്വത്തിലുള്ള മംഗോൾ സൈന്യം ഇസ്‌ലാമിക ഭരണകൂടങ്ങളെ പാടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പല ചരിത്ര നഗരങ്ങളും തകർത്തു. നരാരധമൻമാരായ മംഗോളിയരുടെ അക്രമണങ്ങളിൽ ഭയന്ന് പല മുസ്‌ലിം രാജാക്കന്മാരും അവർക്ക് കീഴിൽ അഭയം തേടിത്തുടങ്ങി. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഇസ്‌ലാം പൂർണമായും ലോകത്തു നിന്ന് ഇല്ലാതാകുമെന്ന് പലരും വിധിയെഴുതി. 

പാടെ പ്രതീക്ഷയറ്റ മുസ്‌ലിം ജന സമൂഹത്തിനെ പഴയ പ്രതാപങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആ സമയത്ത് രണ്ടുപേർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന ശക്തമായ മുസ്‌ലിം ഭരണകൂടമായ മംലൂക്കുകളുടെ രാജാവായ സുൽത്താൻ സൈഫുദ്ദീന്‍ ഖുഥ്സും അദ്ദേഹത്തിൻറെ ശക്തനായ സേനാ നായകൻ റുക്നുദ്ദീൻ ബൈബാർസുമായിരുന്നു അവർ.

ഈജിപ്തിനെ ലക്ഷ്യം വക്കുന്ന മംഗോളിയർ

ഭരണകൂടങ്ങളെ ഓരോന്നായി കീഴടക്കി ഫലസ്തീൻ വരെ എത്തിനിൽക്കുകയാണ് മംഗോളിയർ. ഇനി തൊട്ടടുത്തുള്ളത് ഈജിപ്താണ്. അവശേഷിക്കുന്ന മുസ്‌ലിം ഭരണകൂടങ്ങളിൽ ഏറ്റവും ശക്തരായ സാമ്രാജ്യമാണ് ഈജിപ്തിലെ മംലൂക്കുകൾ. അതിനാൽ തന്നെ ഈജിപ്ത് കീഴടക്കുന്നതോടെ മംഗോളിയർ മുസ്‌ലിം സൈന്യത്തിന് കീഴ്പ്പെടുത്താനാവാത്ത ഒരു മഹാ ശക്തിയാണെന്ന് തെളിയിക്കാനാവുമെന്നായിരുന്നു ഹുലാഗു ഖാൻ്റെ ഈജിപ്ത് അധിനിവേശത്തിന് പിന്നിലെ ലക്ഷ്യം. മാത്രമല്ല, തങ്ങൾ മുമ്പ് കീഴടക്കിയ 'ഖവാറസം' പോലെയുള്ള ഒട്ടനേകം മുസ്‌ലിം ഭരണകൂടങ്ങളിൽ നിന്ന് രക്ഷപ്പെട്ട പലരും ഓടിയെത്തി അഭയം പ്രാപിച്ചതും ഈജിപ്തിലായിരുന്നു. ഈജിപ്ത് കീഴടക്കുന്നതോടെ നോർത്ത് ആഫ്രിക്കയിലുള്ള 'മുവഹിദൂൻ' ഭരണകൂടത്തിൻ്റെ തകർച്ചക്ക് ശേഷം ചെറുകിട ഭരണകൂടങ്ങളായി ഛിന്നഭിന്നമായ മുസ്‌ലിംകളെയും എളുപ്പത്തിൽ നാമാവശേഷമാക്കാനാകുമെന്നും ഹുലാഗു ഖാൻ കണക്കുകൂട്ടി.

സൈഫുദ്ദീൻ ഖുഥുസ് എന്ന അതിസാമർഥനായ നേതാവ്

അലിയ്യു ബ്നു മുഇസ്സ് ഐബക് എന്ന പതിനഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രണ്ടാം മംലൂക്കി സുൽത്താന് മംഗോൾ അധിനിവേശത്തെ നേരിടാനാവില്ല എന്ന് മനസ്സിലാക്കി സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടാണ് സൈഫുദ്ദീൻ ഖുഥുസ് മംലൂക്കി സുൽത്താനായി അവരോധിതനാവുന്നത്. സ്ഥാനം ഏറ്റെടുത്തയുടനെ അവിശ്വസ്തരായ നേതാക്കന്മാരെയും മന്ത്രിമാരെയും നീക്കിക്കൊണ്ടും സൈന്യത്തെ പുനക്രമീകരിച്ചുകൊണ്ടും അദ്ദേഹം മംഗോളിയരെ നേരിടാൻ സജ്ജമായി. പൊരുതാൻ പുറത്തുനിന്ന് ഒരു ശത്രുവിനെ ലഭിച്ചില്ലെങ്കിൽ തമ്മിൽ തല്ലുമെന്ന് ഉറപ്പുണ്ടായിരുന്ന തൻറെ പ്രജകളോട് നിരന്തരം മംഗോളിയരോട് യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു.

ശക്തമായ എതിർ സൈന്യത്തെ നേരിടുമ്പോൾ മുസ്‌ലിംകൾക്കിടയിൽ ഐക്യം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിൻ്റെ ഭാഗമായി മുമ്പ് ഈജിപ്തിൽ നിന്ന് നാടുവിട്ട തൻ്റെ പ്രതിയോഗിയായിരുന്ന റുക്നുദ്ദീൻ ബൈബാർസിനെ അദ്ദേഹം തിരിച്ചു വിളിച്ചു. തൻറെ ശത്രുവാണെങ്കിലും യുദ്ധകാര്യങ്ങളിൽ ബയ്ബർസിനുണ്ടായിരുന്ന പ്രാവീണ്യം പരിഗണിച്ച് അദ്ദേഹത്തെ സേനാനായകനായി അവരോധിക്കുകയും ചെയ്തു. 

ശേഷം തൻറെ പരിസരപ്രദേശങ്ങളിലെ ഭരണകൂടങ്ങളിലേക്ക് ഐക്യത്തിന്റെ സന്ദേശവുമായി ദൂതരെ അയച്ചു. ഡമസ്കസ് ഭരിച്ചിരുന്ന അയ്യൂബി ഭരണകൂടത്തിന്റെ നേതാവയിരുന്ന നാസ്വിർ യൂസുഫ് അൽഅയ്യൂബിയെ അദ്ദേഹം സഖ്യത്തിലേക്ക് ക്ഷണിച്ചു. ക്ഷണം നിരസിച്ച അദ്ദേഹം മംഗോളിയർക്കൊപ്പം ചേരുകയും ഒരുവേള ഈജിപ്ത് അക്രമിക്കാൻ വരെ പദ്ധതിയിടുകയും ചെയ്തിരുന്നു. സിറിയയിലെ ഹമായിലെയും ജോർദാനിലെ കിർകിലെയും ഹിംസിലെയും ബാനിയാസിലെയും മുസ്‌ലിം ഭരണാധികാരികളോട് അദ്ദേഹം മംഗോളിയർക്ക് എതിരെയുള്ള സഖ്യത്തിൽ ചേരാനായി അഭ്യർത്ഥിച്ചു. മംഗോളിയരെ ഭയന്ന് പലരും വിട്ടുനിന്നെങ്കിലും ചിലരെങ്കിലും സഖ്യത്തിൽ ചേരുകയും സുൽത്താൻ ഖുഥുസിനൊപ്പം പോരാട്ടത്തിന് സജ്ജമാവുകയും ചെയ്തു. 

അടുത്തതായി അദ്ദേഹം ദൂതരെ അയച്ചത് ക്രിസ്ത്യൻ ഭരണകൂടങ്ങളിലേക്കായിരുന്നു. കൃസ്ത്യൻ അധീനപ്രദേശങ്ങളിൽ പലതിലും മംഗോളിയർ നടത്തിയ കൂട്ടക്കശാപ്പുകളിൽ മനം മടുത്ത് ഒരു പ്രതികാരത്തിന് കൊതിച്ചിരുന്ന അവർ മംഗോളിയക്കെതിരെയുള്ള പോരാട്ടങ്ങളിൽ സുൽത്താനെ സൈന്യം നൽകി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും സുൽത്താൻ അത് നിരസിക്കുകയും അവരോട് നിഷ്പക്ഷരായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. പൂർണ്ണമായും മുസ്‌ലിംകൾ മാത്രമടങ്ങിയ ഒരു സൈന്യവുമായി മംഗോളിയരെ പരാജയപ്പെടുത്തണമെന്നായിരുന്നു സുൽത്താൻ ഖുഥുസിൻ്റെ ആഗ്രഹം.

യുദ്ധത്തിന് ആവശ്യമായ പണം തികയാതെ വന്നപ്പോൾ ഇസ്സുബ്നു അബ്ദുസ്സലാം എന്ന മഹാ പണ്ഡിതന്റെ നിർദ്ദേശപ്രകാരം സുൽത്താന്റെയും മന്ത്രിമാരുടെയും സമ്പാദ്യങ്ങളിൽ നിന്ന് പണം സ്വരൂപിച്ചു കൊണ്ടും തികയാത്തത് പൊതുജനങ്ങളിൽ നിന്നും ചെറിയ രൂപത്തിൽ സമാഹരിച്ചുകൊണ്ടും യുദ്ധം എല്ലാവരുടേതമാണ് എന്നുള്ള ഒരു ധ്വനി സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിനായി.

യുദ്ധ പ്രഖ്യാപനം

മംലൂക്കുകളെയും സുൽത്താൻ ഖുഥുസിനെയും ഭീഷണിപ്പെടുത്തി കൊണ്ടുള്ള മംഗോൾ കമാൻഡർ ഹുലാഗൂഖാന്റെ കത്തുമായി നാലു ദൂതർ സുൽത്താന്റെ കൊട്ടാരത്തിലെത്തി. പൂർണമായും മംഗോളിയർക്ക് വഴിപ്പെട്ട് നികുതി നൽകാൻ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം മറ്റു ഇസ്‌ലാമിക നഗരങ്ങളുടെ വിധി ഈജിപ്തിനും കൈവരുമെന്നുമെല്ലാമായിരുന്നു കത്തിൻ്റെ ഇതിവൃത്തം. പുച്ഛവും അവഹേളനവും അഹങ്കാരവും മുഴങ്ങി നിന്ന ഹുലാഗു ഖാൻ്റെ ആ നീണ്ടകത്ത് വായിച്ചു കേട്ട സുൽത്താൻ കുപിതനായി എഴുന്നേറ്റു. മംഗോളിയരോടുള്ള യുദ്ധപ്രഖ്യാപനമെന്നോണം കത്തുമായി വന്ന ദൂതരെ ശിരച്ഛേദം ചെയ്ത് നഗരകവാടത്തിൽ കെട്ടിത്തൂക്കി.

മംലൂക്കുകളുമായി യുദ്ധം ആരംഭിക്കാനിരിക്കെയാണ് മംഗോൾ രാജാവായ സഹോദരൻ മോങ്കെ ഖാൻ മരണപ്പെട്ടുവെന്നും അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള യോഗങ്ങൾ ആരംഭിക്കാനിരിക്കുകയാണെന്നും അറിയിച്ചുകൊണ്ട് തലസ്ഥാനത്തു (Karakoram) നിന്ന് വന്ന ഒരു ദൂതൻ ഹുലാഗു ഖാനെ സമീപിക്കുന്നത്. 

ഉടനെ പാതി സൈന്യവുമായി ഹുലാഗു ഖാൻ പുറപ്പെട്ടു. തന്റെ ശക്തനായ കമാൻഡർ കിത്ബുഖായെ യുദ്ധത്തിന് നേതൃത്വം നൽകാൻ ഏൽപ്പിച്ചുകൊണ്ടായിരുന്നു മടക്കം. നിരന്തരമായി മുസ്‌ലിം ഭരണകൂടങ്ങളെ പരാജയപ്പെടുത്തി കൊണ്ടിരിക്കുന്നതിനാൽ തന്നെ ഈജിപ്ത് കീഴടക്കാൻ വലിയ സൈന്യത്തിന്റെ ആവശ്യമില്ല എന്ന് ഹുലാഗു മനസ്സിലാക്കിയിരുന്നു. 20,000 പേർ മാത്രമായിരുന്നു കിത്ബുഖായുടെ സൈന്യത്തിന്റെ അംഗബലം. ഹുലാഗു ഖാന്റെ അസാന്നിധ്യം മുതലെടുത്താണ് മുസ്‌ലിം സൈന്യം ഞൊടിയിടയിൽ യുദ്ധത്തിനിറങ്ങിയത്. 

പൈതൃക നഗരങ്ങൾ നശിപ്പിച്ച് മാത്രം ശീലമുള്ള മംഗോളിയരെ കൈറോയിലേക്ക് അടുപ്പിക്കാതിരിക്കുക എന്നതും സുൽത്താൻ ഖുഥുസിന്റെ ലക്ഷ്യമായിരുന്നു. അതിനാലാണ് മംഗോളിയർ ഇങ്ങോട്ട് വരുന്നതിന് മുമ്പായിത്തന്നെ അവരോട് ഈജിപ്തിന് പുറത്ത് വെച്ച് പോരാടാൻ മംലൂക്കുകൾ തീരുമാനിച്ചത്. അതിനായി അന്നത്തെ ഫലസ്തീനിലെ ഐൻ ജാലൂത് പ്രദേശമാണ് അവർ തെരഞ്ഞെടുത്തത്. ക്രിസ്ത്യൻ അധീനപ്രദേശമായിരുന്ന അവിടേക്ക് ആദ്യം ഒരു ചെറു സംഘത്തെ സുൽത്താൻ പറഞ്ഞയച്ചു. റുക്നുദ്ദീൻ ബൈബാർസിന്റെ നേതൃത്വത്തിലുള്ള സൈന്യം അവിടേക്കെത്തുന്നതിന് മുമ്പ് ഗസ്സ കീഴടക്കിവെച്ചിരുന്ന മംഗോളിയരുമായി ഏറ്റുമുട്ടി. ശക്തമായ ഏറ്റുമുട്ടലിൽ ഗസ്സ മുസ്‌ലിംകൾ കീഴടക്കി. ഒരു മംഗോൾ സൈന്യത്തെ മുസ്‌ലിം സൈന്യം ആദ്യമായി തോൽപ്പിച്ചത് യഥാർത്ഥത്തിൽ ഈ യുദ്ധത്തിലാണ്.  

പിന്നീട് ഐൻ ജാലൂത്തിൽ വെച്ചാണ് ഇരു സൈന്യവും ഏറ്റുമുട്ടിയത്. ആൾബലത്തിൽ മുന്നിലായിരുന്ന മംലൂക്കുകൾ തങ്ങളുടെ സൈന്യത്തെ പിൻനിരയെ കുന്നുകൾക്ക് പിറകിൽ നിർത്തി. ബൈബാർസിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരുന്നു മംഗോളിയർക്ക് കാണാൻ കഴിഞ്ഞിരുന്നത്. മുസ്‌ലിംകൾ എണ്ണത്തിൽ കുറവാണെന്ന അമിതാത്മവിശാസത്തിൽ കിത്ബുഖായുടെ നേതൃത്വത്തിലുള്ള സൈന്യം ശക്തമായി മുന്നോട്ടു കുതിച്ചു. തങ്ങൾ പിന്തിരിയുകയാണെന്ന് തോന്നിപ്പിച്ച് ബൈബാർസ് തൻ്റെ സൈന്യത്തെ പിറകോട്ട് വലിച്ചു. മംഗോളിയരെ ഇരുഭാഗത്തുനിന്നും വളയാൻ കഴിയുന്ന ഇടുങ്ങിയ മലയിടുക്കിലേക്ക് അവരെ എത്തിക്കാനുള്ള ബൈബാർസിൻ്റെ തന്ത്രമായിരുന്നു ഇത്. അടുത്തെത്തിയ സമയത്ത് മുസ്‌ലിം സൈന്യം അവരെ വളയുകയും ശക്തമായ പോരാട്ടത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. ഹി.658 റമദാൻ 25 (1260 സെപ്റ്റംബർ)നായിരുന്നു ഈ വിജയം. 

യുദ്ധത്തിനടക്ക് ഇസ്‌ലാമിനെ സംരക്ഷിക്കാനുള്ള ജീവന്മരണപോരാട്ടമാണിതെന്ന കാര്യം സഹ സൈനികരെ ഓർമിപ്പിക്കുന്നതിനായി സുൽത്താൻ സൈഫുദ്ദീൻ ഖുഥുസ് പാറപ്പുറത്ത് കയറി "വാഹ് ഇസ്‌ലാമാഹ്" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. യുദ്ധമുഖത്ത് ശക്തമായി നിലകൊണ്ട സുൽത്താൻ ഖുഥുസ് തൻ്റെ സൈന്യത്തിന് യുദ്ധഭൂമിയിൽ ഉറച്ചുനിൽക്കാനുള്ള വലിയ പ്രചോദനമായിരുന്നു. 

യുദ്ധവിജയത്തിന് ശേഷം മംഗോൾ കമാൻഡർ കിത്ബുഖായെ ബന്ധിയാക്കി വധിക്കുകയും നഗരത്തിലാകെ പ്രദർശിപ്പിക്കുകയും ചെയ്തു. മംഗോളിയർ പരാജയപ്പെട്ടന്ന അപ്രതീക്ഷിതമായിരുന്ന വാർത്ത കാട്ടുതീ പോലെ പരന്നു. മംഗോളിയർക്കെതിരെ പല ഭരണകൂടങ്ങളും വിപ്ലവങ്ങൾ നയിച്ചു തുടങ്ങി. സിറിയയിലെയും ഫലസ്തീനിലെയും പല ഭരണകൂടങ്ങളും തങ്ങളുടെ അധികാരം തിരിച്ചുപിടിച്ചു. 

മുസ്‌ലിം ലോകത്തെ വീണ്ടും ഏറെ വർഷങ്ങളോളം മംലൂക്കുകൾക്കു കീഴിൽ ഐക്യത്തോടെ നിലനിർത്താൻ ഈ യുദ്ധവിജയത്തിനായി. നാമാവശേഷമാകുമെന്ന് പലരും വിധിയെഴുതിയ ഇസ്‌ലാമിക നാഗരികത അതിമനോഹരമായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. 

അവലംബം: 
• അൽമഗൂൽ വ തതാർ, മുഹമ്മദ് അലി അൽ സ്വല്ലാബി
• Ain Jalut, David W. Tschanz (Aramco World Vol.58, No.4)
• Ain Jalut: The Battle That Saved The Islamic World And Crushed The Mongols, Talha Hussain Gulbargavi (The Cognate)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter