ബാബരി മസ്‍ജിദ്: മതേതരത്വത്തിന്റെ മരണമണിയുടെ 31 വര്‍ഷം

1992, ഡിസംബര്‍ 6, ആ കറുത്ത ഞായറാഴ്ചയായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇന്ത്യയുടെ മതേതരത്വം ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നിന്ന ദിനം കൂടിയായിരുന്നു അത്. ചരിത്രത്തിന്റെ ഇന്നലെകളെ നമുക്ക് മറക്കാതിരിക്കാം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും പ്രധാന ഭാഗം ചരിത്രം ഓര്‍ത്തുകൊണ്ടേയിരിക്കലാണ്, ഇതരരെ ഓര്‍മ്മിപ്പിക്കലും.

ബാബരി മസ്ജിദിന്റെ നാള്‍വഴികള്‍

• 1528: മുഗൾ ചക്രവർത്തി ബാബറുടെ നിര്‍ദ്ദേശപ്രകാരം ഗവർണർ ജനറലായിരുന്ന മീർബാഖി പണിത പള്ളിയാണ് ബാബരിമസ്ജിദ്. 
• 1853: പുരാതനമായ രാമക്ഷേത്രം തകർത്താണു മുഗൾ ചക്രവർത്തി ബാബർ പള്ളിപണിതതെന്ന് ആരോപിച്ച് നിർമോഹി എന്ന ഹിന്ദുവിഭാഗം ബാബരിമസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.
• 1853-55: അയോധ്യയിൽ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്‍ലിം സംഘർഷം.
• 1883 മെയ്: ക്ഷേത്രം പുനസ്ഥാപിക്കുന്നതിന് മുസ്‍ലിംകളുടെ എതിർപ്പിനെ തുടർന്ന് ഫൈസാബാദ് പോലീസ് അനുമതി നിഷേധിക്കുന്നു.
• 1885: പുരോഹിതനായ രഘുബീർദാസ് ക്ഷേത്രം പണിയാൻ അനുമതിതേടി കോടതിയിൽ ഹരജി നൽകുന്നു.
• 1886 മാർച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു, അപ്പീൽ തള്ളുന്നു.
• 1870: ബ്രിട്ടീഷുകാരനായ എച്ച്.ആർ. നെവിൽ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിൽ ബാബരിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാൻ-മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശത്ത് തർക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചതായും പരാമർശം.
• 1934: പള്ളിക്കുനേരെ ആക്രമണം നടക്കുന്നു, ഗേറ്റും ഗോപുരവും തകർക്കപ്പെടുന്നു. പ്രദേശത്തെ ഹിന്ദുക്കൾക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സർക്കാർ പള്ളി സർക്കാർ ചെലവിൽ കേടുപാടു തീർത്തു.
• 1949 ഡിസംബർ 22: ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന്, ഹൈന്ദവരും മുസ്‍ലിംകളും പള്ളിയിൽ കടക്കുന്നതു ജില്ലാ ഭരണകൂടം തടയുന്നു.
• 1950 ജനുവരി: ആരാധനാസ്വാതന്ത്ര്യം തേടി ഗോപാൽസിങ് വിശാരദ് കോടതിയിൽ. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു. വിഗ്രഹം നീക്കുന്നതിൽ നിന്നും ആരാധനയ്ക്കു ഭംഗം വരുത്തുന്നതിൽ നിന്നും സർക്കാരിനെയും മുസ്‍ലിംകളെയും തടയണമെന്നു രണ്ടു ഹരജികളിലൂടെ ആവശ്യം.
• 1961: പള്ളിയിൽ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കോടതിയിലെത്തി. 
• 1984 ഒക്ടോബർ: ബാബരിമസ്ജിദ് തർക്കം ദേശീയപ്രശ്നമാക്കുന്നതിന് വി.എച്ച്.പിയുടെ തീരുമാനം.
• 1984 ഒക്ടോബർ 8: ത്രം പുനസ്ഥാപിക്കുക, ഹിന്ദുക്കൾക്കു പൂജയ്ക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളുമായി, അയോധ്യയിൽ നിന്നു ലഖ്നോയിലേക്ക് വി.എച്ച്.പിയുടെ 130 കിലോമീറ്റർ ലോങ് മാർച്ച്.
• 1985: പള്ളിയുടെ പരിസരം ഉപയോഗിക്കാൻ പുരോഹിതർക്ക് പ്രാദേശിക കോടതിയുടെ അനുമതി.
• 1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകൾ തുറന്ന് ഹൈന്ദവർക്കു ദർശനത്തിന് അനുമതി. മുസ്‍ലിംകൾ പ്രശ്നമുണ്ടാക്കരുതെന്ന് യു.പി. വഖ്ഫ് മന്ത്രി.
• 1989 ജൂൺ: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം പാസാക്കുന്നു.
• 1989 നവംബർ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സർക്കാർ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനൽകുന്നു. തർക്കസ്ഥലത്തു നടത്തിയ തറക്കല്ലിടൽ തർക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാൻ ഗൂഢനീക്കം.
• 1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിർമ്മാണം തടയണമെന്നു സ്പെഷ്യൽ ജുഡീഷ്യൽ കോടതി മുമ്പാകെ അപേക്ഷ.
• 1990 ഫെബ്രുവരി 14: ക്ഷേത്രനിർമ്മാണം തുടങ്ങാൻ ശുഭസമയം വി.എച്ച്.പി. പ്രഖ്യാപിക്കുന്നു.
• 1990 ആഗസ്ത്: എൽ.കെ. അഡ്വാനി അയോധ്യയിൽ സമാപിക്കുന്ന പതിനായിരം കിലോമീറ്റർ രഥയാത്ര ആരംഭിക്കുന്നു.
• 1990 ഒക്ടോബർ: അഡ്വാനിയെ ബിഹാറിൽ അറസ്റ്റ് ചെയ്തു. വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിൻവലിച്ചു. അതോടെ, നവംബറില്‍ വി.പി. സിങ് മന്ത്രിസഭ താഴെ വീഴുന്നു.
• 1991: തർക്കപ്രദേശത്തിനുമേലുള്ള ചരിത്രപരവും പുരാവസ്തുഗവേഷണ പഠനപരവുമായ അവകാശവാദങ്ങൾ പരിശോധിക്കുന്നതിനായി നാലു വിദഗ്ദ്ധസംഘങ്ങളെ നിയോഗിക്കാൻ വി.എച്ച്.പിയും ആൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങൾ വി.എച്ച്.പി. നിരാകരിക്കുന്നു.
• 1992 ജൂലൈ: സ്ഥിരം നിർമ്മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയർന്നു. നിർമ്മാണം നിർത്തിവയ്ക്കണമെന്നു യു.പി. സർക്കാരിന് സുപ്രിംകോടതിയുടെ നിർദ്ദേശം.
• 1992 നവംബർ 23: അയോധ്യാ പ്രശ്നത്തിൽ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൗൺസിൽ (എൻ.ഐ.സി.) പ്രധാനമന്ത്രിക്ക് പൂർണ്ണ സമ്മതം നൽകി.
• 1992 ഡിസംബർ 6: കർസേവകർ ബാബരി മസ്ജിദ് തകർത്തു. രാജ്യമെങ്ങും സംഘർഷം. എൽ.കെ. അഡ്വാനിക്കും മറ്റു വി.എച്ച്.പി, ബി.ജെ.പി, നേതാക്കൾക്കും മറ്റും എതിരേ കേസ്.
• 1992 ഡിസംബർ 7: ബാബരി മസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി നരസിംഹ റാവു.
• 1992 ഡിസംബർ 16: ലിബർഹാൻ കമ്മീഷനെ നിയമിച്ചു.
• 1992 ഡിസംബർ 27: പള്ളി തകർത്ത സ്ഥാനത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി.
• 1993: ബാബരി തകർത്തതിനുശേഷം പ്രദേശത്തെ നിലവിലുള്ള അവസ്ഥ തുടരും വിധം പ്രധാനമന്ത്രി റാവുവിന്റെ സർക്കാർ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നു.
• 1993 ജനുവരി: അയോധ്യയിൽ അലഹബാദ് ഹൈക്കോടതി ദർശനം അനുവദിച്ചു.
• 1994 ഒക്ടോബർ 24: പള്ളി നിന്ന സ്ഥലത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി.
• 1997 ഫെബ്രുവരി: സർക്കാർ ഏറ്റെടുത്ത ജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
• 2005-ൽ മന്ദിരം അക്രമിക്കപ്പെടുകയും അക്രമികൾ സുരക്ഷാസേനയുടെ വെടിയേറ്റ്‌ വീഴുകയും ചെയ്തു. ആ സംഭവത്തിൽ 3 സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു.
• 2009 ജൂൺ 30: ലിബർഹാൻ കമ്മീഷൻ റിപോർട്ട് സമർപ്പിച്ചു.
• 2009 നവംബർ 23: ലിബർഹാൻ റിപ്പോർട്ട് ചോർന്നു.
• 2009 നവംബർ 24: ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വച്ചു.
• 2010 സപ്തംബർ 23: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അലഹബാദ് ഹൈക്കോടതി വിധി പറയാൻ ഒരു ദിവസം ശേഷിക്കെ സുപ്രിം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
• 2010 സെപ്റ്റംബർ 30: തർക്കഭൂമി മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി.
• 2011 മെയ് 8 ന് രാജ്യത്തെ പരോമോന്നത കോടതി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.
• 2014 ഡിസംബർ 3 നു ബാബരി മസ്ജിദ് തർക്കകേസിൽ നിന്ന് പിന്മാറുന്നതായി ഹർജിക്കാരിൽ ഒരാളായ ഹാഷിം അൻസാരി പ്രഖ്യാപിച്ചു.
• 40 ദിവസത്തോളം നീണ്ടു നിന്ന വാദം കേട്ടതിനു ശേഷം 2019 നവംബർ 9 ന്‌ രാവിലെ 10:30 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്നത്തിൽ വിധി പറയുകയുണ്ടായി. തർക്ക ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണമായും വിട്ടുകൊടുക്കാൻ കോടതി വിധിച്ചു. തർക്ക ഭൂമിയ്ക്ക് പുറത്ത് അയോധ്യയിൽ 5 ഏക്കർ മസ്ജിദ് നിർമ്മാണത്തിന് കൊടുക്കാനും വിധി. 
• 2020 സെപ്റ്റംബർ 30ന്, ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. ബാബരി മസ്ജിദ്, മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്നായിരുന്നു കോടതിയുടെ ന്യായം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter