ബദർ ചരിത്രവും പാശ്ചാത്തലവും - വേറിട്ടൊരു കൃതി

ചരിത്രത്തിൽ ബദർ ഇന്നും ഒരു വിസ്മയമാണ്. ഖുറൈശി പക്ഷത്തുണ്ടായിരുന്നവർ പിന്നീട് അത്ഭുതപ്പെട്ടതുപോലെ, നിരായുധരായ ചെറു സംഘത്തിനു മുന്നിൽ സായുധരായ വൻ സംഘം വെറുതെ നിന്നു കൊടുക്കുകയായിരുന്നോ!. അതോ ആള്‍ബലത്തേക്കാള്‍ മനോബലമാണ് ശക്തമെന്നും വിശ്വാസദൃഢതയുടെ മൂര്‍ച്ചയില്‍ പ്രവാചകരും സ്വഹാബികളും വരിച്ച വിജയമായിരുന്നോ. അതുമല്ല, അല്ലാഹുവിന്റെ പ്രവാചകരുടെ മറ്റൊരു അമാനുഷികത ആയിരുന്നുവോ ആ വിജയം എന്നെല്ലാം ഇന്നും ചോദ്യങ്ങള്‍ ബാക്കി നില്ക്കുകയാണ്.    
 
ശേഷം, മുസ്‍ലിംകളുടെ ചരിത്രത്തിലുണ്ടായ ധർമ്മസമരങ്ങളിലെല്ലാം ബദർ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബദ്റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായിവർത്തിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. ലോകത്ത് എവിടെയെല്ലാം മുസ്‍ലിംകള്‍ സമര രംഗത്ത് സാന്നിധ്യമുറപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം ബദ്റ് ആവേശം പകരുന്നത് കാണാം. ബദ്റ് ചരിത്രം പറയുന്നതും പാടുന്നതും അവരുടെ ഓര്‍മ്മകള്‍ പുതുക്കുന്നതുമെല്ലാം സമുദായത്തിന്റെ ഭാഗമായതും അത് കൊണ്ട് തന്നെ. 

നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ കേരള മുസ്‍ലിംകളുടെ മതബോധത്തിന്റെ അടയാളമായിരുന്നു, ബദ്ർ യുദ്ധ ചരിത്ര വിവരങ്ങളെന്ന് പറയാം. എണ്ണമറ്റ ബദ്റ് പടപ്പാട്ടുകള്‍ പിറവി കൊണ്ടതും അതില്‍നിന്നായിരുന്നു. മോയിന്‍ കുട്ടി വൈദ്യര്‍, ശുജുഈ മൊയ്തു മുസ്‍ലിയാര്‍, ചാക്കീരി, തുടങ്ങി ബദ്റ് പടപ്പാട്ട് രചിച്ചവരുടെ നിര നീണ്ട് പോകുന്നു. 

യുദ്ധവും സമാധാനവും സംബന്ധിച്ച ഇസ്‍ലാമിക വീക്ഷണങ്ങളുടെ ആമുഖക്കുറിപ്പ് കൂടിയാണ് ബദ്ർ.  ഇസ്‍ലാമിക കാഴ്ചപ്പാടിൽ യുദ്ധം സമാധാനത്തിനു വേണ്ടിയുള്ളതാണെന്ന് ബദ്ർ ചരിത്രം പ്രഖ്യാപിക്കുന്നു. ഇവയെല്ലാം വളരെ ഹ്രസ്വവും കൃത്യവുമായ വരച്ച് കാണിക്കുന്ന ഒരു ലഘു കൃതിയാണ്, യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴയുടെ ബദ്റ്, ചരിത്രവും പശ്ചാത്തലവും.

യുദ്ധരംഗങ്ങളുടെ വർണ്ണനക്ക് പുറമെ, ബദ്റിനെ സംബന്ധിച്ച ആധുനികവും പൗരാണികവുമായ വിശകലനങ്ങളും യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും തതാത്വികമായ പഠനങ്ങളും  ഈ കൃതി ഉൾക്കൊള്ളുന്നു. അറേബ്യൻ ഉപദ്വീപിൽ ബദർ ഉണ്ടാക്കിയ വിപ്ലകരമായ മാറ്റങ്ങളും ചർച്ചക്ക് വരുന്നു. ബദരീങ്ങളുടെ നാമവും ലഘു ജീവചരിത്രവും തെറ്റു തിരുത്തി അറബിയിലും മലയാളത്തിലും ചേർത്തിട്ടുണ്ട്. ബദ്റിനെക്കുറിച്ചു സഹാബി പ്രമുഖർ ആലപിച്ച കവിതകളാണ് ഈ കൃതിയുടെ മറ്റൊരു പ്രമേയം.
ബദ്റിനെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ തിരുത്താന്‍ കൂടി ഇതില്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. 

ചരിത്രപരമായ ആധികാരികത ഉറപ്പ് വരുത്തിയാണ് ഈ കൃതിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്നത്, ഇതിനെ ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാക്കി മാറ്റുന്നു. ചരിത്രത്തിൻറെ മുക്കുമൂലകൾ ആവുന്നത്ര അരിച്ചു പെറുക്കാനും പ്രമാണങ്ങളുമായി ഒത്തുനോക്കി വിശ്വാസ്യത ഉറപ്പാക്കാനും ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. അതേ സമയം, ആര്‍ക്കും മനസ്സിലാവുന്ന വിധം വളരെ ലളിതമായ ശൈലിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നതും. 

338 പേജ് അടങ്ങുന്ന ഈ പുസ്തകത്തിൻറെ വില 130 രൂപയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter