നവൈതു 17- ഇന്നായിരുന്നു ആ പോരാട്ടം... 1444 വര്‍ഷം മുമ്പ്

ഇന്ന് റമദാന്‍ 17... ലോക മുസ്‍ലിംകള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം സുവിദിതമാണ് ഈ ദിവസത്തിന്റെ പ്രാധാന്യവും പ്രത്യേകതയും. 

1444 വര്‍ഷം മുമ്പുള്ള ഇതുപോലൊരു ദിനം... അന്ന് അങ്ങ് മദീനയോടടുത്ത ബദ്റ് എന്ന സ്ഥലത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ മുഖാമുഖം പോരാട്ടം നടക്കുകയായിരുന്നു, സത്യവും അസത്യവും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍ ജനിച്ച നാട്ടില്‍ നില്‍ക്കാനാവാതെ സ്വദേശം വിട്ട് പലായനം ചെയ്യേണ്ടിവന്നരായിരുന്നു ഒരു വിഭാഗം. എന്നിട്ടും കലിതീരാതെ, അഭയം തേടി എത്തിയിടത്ത് പോലും അവരെ ദ്രോഹിക്കാനും അവര്‍ക്ക് അവകാശപ്പെട്ടതെല്ലാം നിഷേധിക്കാനും കിണഞ്ഞ് ശ്രമിക്കുന്നവരായിരുന്നു രണ്ടാം വിഭാഗം. ഇവര്‍ തമ്മിലായിരുന്നു ആ പോരാട്ടം. എണ്ണത്തിലും സന്നാഹങ്ങളിലും ആദ്യവിഭാഗം ബഹുദൂരം പിന്നിലായിരുന്നുവെങ്കില്‍, അവയെല്ലാം മറികടക്കാന്‍ മാത്രം ശക്തമായ വിശ്വാസവും അതിസുദൃഢമായ ഒരു ആദര്‍ശവും അവര്‍ക്കുണ്ടായിരുന്നു, അത് തന്നെയായിരുന്നു അവരുടെ ശക്തിയും.

അതോടൊപ്പം, അത് കേവലം അവരുടെ നിലനില്‍പ്പിന് വേണ്ടിയോ അവകാശ സംരക്ഷണത്തിന് വേണ്ടിയോ ആയിരുന്നില്ല. മറിച്ച്, അന്ത്യനാള്‍ ഈ ഭൂമുഖത്ത് വരാനിരിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഈ സത്യസന്ദേശം ബാക്കിയാവാന്‍ വേണ്ടിയായിരുന്നു അത്. ആ പകലിന്റെ തൊട്ട് മുമ്പുള്ള രാത്രിയില്‍ പ്രവാചകരുടെ പ്രാര്‍ത്ഥനാവചസ്സുകളിലേക്ക് ശ്രദ്ധിച്ചാല്‍ അവിടുന്ന് ഇങ്ങനെ പറയുന്നതായി കാണാം, നാഥാ, സത്യ മതത്തിന് വേണ്ടി നിലകൊള്ളുന്ന ഈ വിഭാഗം ഇവിടെ പരാജയപ്പെട്ടാല്‍, പിന്നീട് ഒരു പക്ഷേ, ഭൂമിയില്‍ നിന്നെ ആരാധിക്കാന്‍ തന്നെ ആരും ശേഷിക്കണമെന്നില്ല.

ഉള്ളുരുകിയ ആ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. അതോടൊപ്പം, നാഥന്റെ സഹായാഗമനത്തിന് തടസ്സമാവുന്ന ഒന്നും തന്നെ ആ വിഭാഗത്തിന്റെ പക്ഷത്ത് നിന്ന് ഉണ്ടായിട്ടുമില്ല. അതേ സമയം, അപ്പുറത്ത് അണി നിരന്നിരിക്കുന്നത്, അല്ലാഹുവിന്റെ കോപത്തിന് പാത്രമായവരും. 

Read More: 16- ഹിജ്റ രണ്ടാം വര്‍ഷം ഈ രാത്രിയില്‍ പ്രവാചകര്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു

അത് കൊണ്ട് തന്നെ, ആ പോരാട്ടത്തിലെ അന്തിമ വിജയം സത്യത്തിന്റെ കാവലാളുകള്‍ക്ക് തന്നെയായിരുന്നു. സാഹചര്യങ്ങളെല്ലാം പാകമായതോടെ സഹായഹസ്തവുമായി വാനലോകത്ത് മാലാഖമാര്‍ തന്നെ നിയോഗിക്കപ്പെട്ടു. അസത്യത്തിന്റെ തലതൊട്ടപ്പന്മാര്‍ ഓരോരുത്തരായി നിലം പതിച്ചു. ഈ വിഭാഗത്തെ അങ്ങനെയങ്ങ് നുള്ളിക്കളയാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതോടെ ആ ദിനം സത്യവും അസത്യവും വേര്‍തിരിഞ്ഞ യൗമുല്‍ഫുര്‍ഖാന്‍ ആയി ചരിത്രത്തില്‍ രേഖപ്പെടുകയും ചെയ്തു. 

ബദ്ര്‍ പ്രതീക്ഷയാണ്... അല്ലാഹുവിന്റെ സഹായം നമ്മെയും തേടി എത്താതിരിക്കില്ല. പക്ഷേ, ആ ആഗമനത്തിന് ബദ്‍രീങ്ങളെപ്പോലെ വാക്കിലും നോക്കിലും പ്രവൃത്തിയിലും കര്‍മ്മങ്ങളിലും സര്‍വ്വോപരി വിശ്വാസദാര്‍ഢ്യത്തിലും നാമും ആയിത്തീരണമെന്ന് മാത്രം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter