ബിൽക്കീസ് ബാനു: ഇന്ന് അത് ധീരതയുടെ പര്യായമാണ്, തന്റേടത്തിന്റെയും

"We have no order to save you" 
വെട്ടിനുറുക്കിയും വീടിന് തീയിട്ടും കൊന്ന് കൊലവിളിക്കുന്ന ആയുധധാരികളായ കലാപകാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം സർക്കാർ സ്ഥാപനങ്ങളിലേക്ക് ഓടിച്ചെന്ന ഇരകളോട് ഉദ്യോഗസ്ഥവൃന്ദം പറഞ്ഞ ഈ വാക്കുകൾ ഗുജറാത്ത് വംശഹത്യയുടെ ഇരുണ്ട ഏടുകളിലിപ്പോഴും മായാതെ കിടപ്പുണ്ട്. വംശഹത്യാനന്തരം ഗുജറാത്തിലെ ബീച്ചാരാജി ക്ഷേത്രത്തിന്റെ  അങ്കണത്തിൽ വച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നടത്തിയ പ്രഭാഷണം രാജ്യത്തിൻറെ മതേതരമനസ്സ് തലകുനിച്ചിരുന്നാണ് കേട്ടത്. "നാം അഞ്ച്, നമുക്ക് 25 എന്ന ചിന്താഗതിയുള്ള ആളുകളെക്കൊണ്ട് നാട് നന്നാവുമോ? മനുഷ്യരെ ഉത്പാദിപ്പിക്കുന്ന ഫാമുകൾ വികസിപ്പിക്കുകയാണോ നാം ചെയ്യേണ്ടിയിരുന്നത്?" 

അന്നത്തെ ഗുജറാത്ത്  ഡിജിപി ആർ ബി ശ്രീകുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും  സാമൂഹിക പ്രവർത്തക ടീസ്റ്റാ സെതൽവാദും നിരന്തരം വേട്ടയാടപ്പെട്ടത് ഇന്നത്തെ ദേശീയമാധ്യമങ്ങളും സംഘപരിവാർ പ്രൊഫൈലുകളും "ഹീറോ ഓഫ് അവർ ക്ലാസ്" എന്ന്  കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന ആ 'അധികാരി'യെ ജനാധിപത്യപരമായി വിചാരണ ചെയ്യാൻ നിയമപോരാട്ടം നടത്തിയതിന്റെ പേരിലായിരുന്നു. 

ഇങ്ങനെ എല്ലാവിധ നിയമസംവിധാനങ്ങളെയും അട്ടിമറിക്കാൻ അധികാരം  ദുർവിനിയോഗം ചെയ്യുന്ന ഒരു പാർട്ടി രാജ്യം ഭരിക്കുമ്പോഴാണ്,  അന്ന് തെരുവിൽ ചുട്ടെരിക്കപ്പെട്ട ആയിരങ്ങളുടെ നിസ്സഹായ നിലവിളികൾക്ക് ചെറിയൊരാശ്വാസം പകരുന്ന വിധിപ്രസ്താവം പരമോന്നത നീതിപീഠത്തിൽ  കഴിഞ്ഞദിവസം പുറത്തുവന്നത്.  പറഞ്ഞുവരുന്നത്, 2002 ഗുജറാത്തിൽ അരങ്ങേറിയ സ്റ്റേറ്റ് സ്പോൺസേർഡ് വംശഹത്യയിലെ ഒരു ഇര മാത്രമായ ബിൽക്കീസ് ബാനു എന്ന വനിതയുടെ നിയമപോരാട്ടത്തെയും സുപ്രീം കോടതിയിൽ നിന്ന് അതിന് ലഭിച്ച സ്വീകാര്യതയെയും കുറിച്ചാണ്. ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിയെ റദ്ദ് ചെയ്തു കൊണ്ട് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ  എന്നിവരടങ്ങിയ ബെഞ്ചാണ് ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം പകരുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഗുജറാത്ത് സംസ്ഥാനസർക്കാറിന്റെ നടപടി നിയമവ്യവസ്ഥയെ അട്ടിമറിക്കലാണെന്നും സർക്കാരും പ്രതികളും ഒത്തുകളിക്കുകയാണെന്നും നിരീക്ഷിച്ച സുപ്രീംകോടതി പ്രതികളോട് രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഞ്ചുമാസം ഗർഭിണിയായ ബില്‍ക്കീസ് ബാനു എന്ന 21 വയസ്സ് കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുടുംബവുമൊത്ത് രക്ഷപ്പെടാൻ ഒരുങ്ങവേ മൂന്നു വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയടക്കം പതിനാല് പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത നടുക്കുന്ന ക്രൂരകൃത്യമായിരുന്നു കോടതിക്കുമുന്നിലെത്തിയ ബിൽക്കീസ് ബാനു കേസ്. കൂട്ട ബലാത്സംഗത്തിനിരയായ ബിൽക്കീസ് കുടുംബവുമൊത്ത് രക്ഷപ്പെടുന്നതിനിടെ ചപ്പർവാഡയിലെത്തിയപ്പോഴേക്കും അവരെ അക്രമികൾ വളയുകയും  പറക്കുമുറ്റാത്ത മക്കളെയടക്കം നിലത്തടിച്ച് കൊല്ലുകയുമായിരുന്നു. മരിച്ചു എന്ന് കരുതി ബിൽക്കീസിനെയും തെരുവിൽ ഉപേക്ഷിച്ച് പോയതായിരുന്നു അവര്‍. പക്ഷേ ആക്രമികൾ അറിയാതെ അന്ന് ആ കുടുംബത്തിൽ അവശേഷിച്ച ജീവന്റെ തുടിപ്പ് രാജ്യം ഒരിക്കലും മറക്കാത്ത ക്രൂരകൃത്യത്തെ പുറംലോകത്തേക്കെത്തിച്ചു. 

തീർത്തും ഒറ്റപ്പെട്ട ബിൽക്കീസ് ശത്രുക്കളിനിന്ന് അഭയം തേടി ശേഷിച്ച ജീവന്റെ തുടിപ്പുമായി കാട്ടിൽ മറഞ്ഞിരിക്കുകയായിരുന്നു. ഒരു ആദിവാസി യുവതിയാണ് അവർക്ക് വസ്ത്രം നൽകിയത്. പിന്നീട് മൊഴിയെടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചതുമുതൽ തുടങ്ങുന്നു ആ യുവതിയോട് ചെയ്ത നിയമപാലകരുടെയും ഭരണാധികാരികളുടെയും നീതി നിഷേധത്തിന്റെ കഥകൾ. മൊഴിയെഴുതുന്നതായി നടിച്ച ഹെഡ് കോൺസ്റ്റബിൾ സോമഭായി ഗോരി പ്രതികളുടെ പേരുകൾ വിട്ടുകളഞ്ഞു.  സമ്പൂർണമല്ലാത്ത കുറ്റപത്രം കോടതി തള്ളുകയും ചെയ്തു. അവിടുന്നങ്ങോട്ട് തുടങ്ങുന്ന ഇരുപത്തിരണ്ട് വർഷത്തെ നീണ്ട നിയമപോരാട്ടങ്ങളുടെ ചരിത്രം ഇങ്ങനെ ചുരുക്കി വായിക്കാം.

2003 ഡിസംബറിൽ കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് വരുന്നു. പിന്നീട് 2008 ജനുവരി 21  സിബിഐ പ്രത്യേക കോടതി കേസിലെ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷവിധിക്കുകയും ചെയ്തു. 2016 ഡിസംബറിൽ ശിക്ഷാവിധിക്കെതിരെ പ്രതികൾ ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയും കോടതി വിധിപ്രസ്താവം മാറ്റിവെക്കുകയും ചെയ്തു. 2019 ഏപ്രിലിലാണ് പിന്നീട് കോടതി കേസ്  പരിഗണിക്കുന്നത്. അന്ന് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ശരിയാണെന്ന് കോടതി വ്യക്തമാക്കി. അതിനിടെ  ഏപ്രിൽ 23ന് ബിൽക്കീസ് ബാനുവിന് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാവുന്നു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്ന് ഗുജറാത്ത് സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു. 

പിന്നീട് 2022 മെയ് 13നാണ് ശിക്ഷയിൽ ഇളവ് നൽകണമെന്ന് കേസിലെ പ്രതികളിൽ ഒരാളായ രാധേശ്യാം ഷായുടെ ആവശ്യം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെടുന്നത്. ഈ കോടതി വിധിയുടെ പഴുതിലൂടെയാണ് പ്രതികൾ പിന്നീട് ജയിൽ മോചിതരാവുന്നത്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ വന്ന ചെറിയ അപാകത മുതലെടുത്ത് ഗുജറാത്ത് സർക്കാർ 11 പ്രതികളെയും മോചിപ്പിക്കുന്നതങ്ങനെയാണ്. ഇപ്പോൾ പുറത്തുവന്ന 56 മിനിറ്റ് നീണ്ടുനിന്ന വിധിപ്രസ്താവത്തിൽ കോടതി തന്നെ ഗുജറാത്ത് സർക്കാരിന് വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകിയ വിധിയിലെ അപാകത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. 

വാസ്തവത്തിൽ കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ഭയന്നാണ് സിബിഐ കോടതി തന്നെ ബിൽക്കീസ് ബാനുവിന്റെ ആവശ്യപ്രകാരം വിചാരണ ഗുജറാത്തിൽ നടത്താതെ മഹാരാഷ്ട്രയിൽവെച്ച് നടത്തിയത്. വിചാരണ നടന്നത് ഏത് സംസ്ഥാനത്താണോ ആ സംസ്ഥാനത്തിന് മാത്രമേ ശിക്ഷായിളവ് അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരമുള്ളൂ എന്ന് 1973ലെ നടപടിചട്ടം 432 (7) A വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സംസ്ഥാന സർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും നിയമസംവിധാനത്തെ അട്ടിമറിക്കുകയാണെന്നും കോടതി പറഞ്ഞത്. പ്രതി വസ്തുതകൾ മറച്ചുവെച്ചും കോടതിയെ കബളിപ്പിച്ചുമാണ് അന്ന് പ്രസ്തുത വിധി സമ്പാദിച്ചത് എന്ന് ജസ്റ്റിസ് ബീവി നഗരത്ന അഭിപ്രായപ്പെടുകയും ചെയ്തു. 2022 നവംബർ 30ന് കേസിലെ 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത്  ബിൽക്കീസ് ബാനു കോടതിയെ സമീപിച്ചെങ്കിലും ഡിസംബർ 17 ന്ആ ഹരജി കോടതി തള്ളി. പിന്നീട് 2023 മാർച്ച് 27ന് ബാനു വീണ്ടും സുപ്രീംകോടതിയിൽ സമർപ്പിക്കുകയും കേന്ദ്രസർക്കാറിനും ഗുജറാത്ത് സർക്കാറിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ആഗസ്റ്റ് ഏഴിന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരന്റെ തീരുമാനം ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതി അന്തിമ വാദമാരംഭിച്ചു. ബിൽക്കീസ് ബാനുവിനൊപ്പം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും സിപിഎം നേതാവ് സുഭാഷിണി അലി എന്നിവരും സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഒക്ടോബർ 12ന് ഹരജികളിൽ വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചു. പിന്നീട് ജനുവരി എട്ടിനാണ് സുപ്രീംകോടതിയുടെ അന്തിമവിധി പുറത്തുവന്നത്. 

ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയ പ്രതികളെ വലിയ ആഘോഷത്തോടുകൂടിയാണ് ഹിന്ദുത്വഭീകരര്‍ സ്വീകരിച്ചത്. "അവർ കേസിൽ അകപ്പെട്ടുപോയതായിരിക്കു"മെന്നാണ് പ്രതികളെ വിട്ടയച്ച സർക്കാർ നടപടിയെ ബിജെപി എംഎൽഎ സി കെ റൗൾജി ന്യായീകരിച്ചത്. പ്രതികൾ പുറത്തുവന്നശേഷം അമിത് ഷാ ഒരു വേദിയിൽ പ്രസംഗിച്ചത് ഇങ്ങനെ:  "നമ്മൾഎല്ലാ ക്രിമിനലുകളെയും അക്രമികളെയും ഇല്ലാതാക്കി."  അന്ന് ഗുജറാത്തിൽ നടന്ന കൂട്ടബലാത്സംഗങ്ങളും വംശീയ ഉന്മൂലനവും ആരുടെ പദ്ധതിയായിരുന്നു എന്നറിയാൻ ഇതില്‍ കൂടുതൽ തെളിവുകളാവശ്യമില്ല. അന്ന് അതിന് സൗകര്യമൊരുക്കിയവർ രാജ്യം ഭരിക്കുകയും നിയമസംവിധാനങ്ങളെ കയ്യിലെടുക്കുകയും ചെയ്യുന്ന കാലത്താണ് ബിൽക്കീസ് ബാനു സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി നേടിയത് എന്നത് ചെറിയ ഒരു നിയമ പോരാട്ടമല്ല അവർ നടത്തിയത് എന്നതിന്റെ വ്യക്തമായ തെളിവാണ്. ന്യൂനപക്ഷങ്ങൾക്ക് ഫാഷിസ്റ്റ് കാലത്ത് ധീരമായി മുന്നോട്ടുപോവാനുള്ള വലിയ ഊർജവും കൂടിയാണ് ബിൽക്കീസ്ബാനു ഇതിലൂടെ സമ്മാനിച്ചത്. ബാബരി ധ്വംസനമടക്കം പലസുപ്രധാന വിഷയങ്ങളിലും പരമോന്നത നീതിപീഠത്തിൽ നിന്ന് വിശ്വാസം നഷ്ടപ്പെട്ട ജനാധിപത്യ മതേതരത്വ വിശ്വാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് അവരുടെ നിയമ പോരാട്ടവും പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പുകളും. 

തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയുടെ മുഖം മിനുക്കാൻ ആർഎസ്എസും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്ന ക്ലസ്റ്റർ ബോംബിങ്ങുകൾ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ഓർമകൾ മായിച്ചുകളയുമ്പോഴും ഇത്തരത്തിലുള്ള നിയമപോരാട്ടങ്ങൾ  ഗുജറാത്തിൽ നിന്ന് രക്തം പുരണ്ട കൈകളെ വീണ്ടും രാജ്യത്തിന്റെ ഓർമകളിലേക്ക് എഴുന്നള്ളിക്കാൻ പോന്നതാണ്.  വധഭീഷണി പോലും നേരിട്ടുകൊണ്ട് ഇപ്പോഴും സ്വസ്ഥമായി ജീവിക്കാൻ കഴിയാതിരുന്നിട്ടുപോലും നിയമപോരാട്ടത്തിന്റെ വഴിയിൽ ധീരമായി ഉറച്ചുനിന്ന ഒരിന്ത്യൻ വനിതയുടെ പേരാണ് ഇന്ന് ബിൽക്കീസ് ബാനു. പൗരത്വ നിയമമടക്കമുള്ള ഒരു പിടി വെല്ലുവിളികള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ന്യൂനപക്ഷത്തിന് അവര്‍ നല്കുന്നത് വലിയ സന്ദേശമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter