അബ്ബാസീ കാലഘട്ടത്തിലെ മഹാമാരികള്‍

ഹിജ്റ 132 ന് ശേഷം ആദ്യ വര്‍ഷങ്ങള്‍ മഹാമാരികളൊന്നും തന്നെയുണ്ടായില്ല. ഇത് അബ്ബാസികള്‍ ഭരണമാറ്റത്തിന്റെ ശുഭസൂചകമായി പ്രചരിപ്പിച്ചെങ്കിലും, അധികം വൈകാതെ തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. 
അബ്ബാസി ഭരണ കാലത്തെ വലിയ മഹാമാരിയുണ്ടാവുന്നത് ഹിജ്റ 346ലാണ്. ധാരാളം പേര്‍ അതില്‍ മരണപ്പെട്ടുവെന്നാണ് ചരിത്രം. സ്ഥലം ഖാദി തന്റെ സദസ്സിലേക്ക് പോവാനായി തയ്യാറാവുന്നതിനിടെ, രണ്ടാം ചെരുപ്പ് ധരിക്കുന്നതിന് മുമ്പെ മരണപ്പെട്ട് വീണ സംഭവം, ഇതിന്റെ ആഘാതം എത്രത്തോളമായിരുന്നു എന്ന് കാണിക്കുന്നുണ്ട്. 449ല്‍ ബുഖാറയിലുണ്ടായ മഹാമാരിയില്‍ പതിനാറ് ലക്ഷം ആളുകള്‍ ഇത് വരെ മരിച്ച് കഴിഞ്ഞുവെന്ന്, ഖലീഫക്ക് വന്ന ഒരു കത്തില്‍ പരാമര്‍ശിച്ചിരുന്നു. അത് പ്രധാനമായും ബാധിച്ചിരുന്നത് സ്ത്രീകളെയും കുട്ടികളെയുമായിരുന്നുവത്രെ.

452ല്‍ ഹിജാസ്, യമന്‍ പ്രവിശ്യകളെ പിടിച്ചുകുലുക്കിയ മറ്റൊരു മഹാമാരിയും ഉണ്ടായി. അതേ തുടര്‍ന്ന് അവിടങ്ങളിലെ പല ഗ്രാമങ്ങളും ആളൊഴിഞ്ഞ് കാലിയാവുകയും പോയി നോക്കുന്നവര്‍ പോലും തല്‍ക്ഷണം മരിച്ച് വീഴുകയും ചെയ്തിരുന്നുവത്രെ.
ഹിജ്റ 469ല്‍ ഡമസ്കസിലുണ്ടായ മറ്റൊരു മഹാമാരിയില്‍, അവിടെയുണ്ടായിരുന്ന 5 ലക്ഷം ആളുകളില്‍ മുപ്പതിനായിരം പേര്‍ മാത്രമാണത്രെ ബാക്കിയായത്. 478ല്‍ ഇറാഖില്‍ പൊട്ടിപ്പുറപ്പെട്ട മഹാമാരി പല രാജ്യങ്ങളിലേക്കും വ്യാപിച്ചതായും പല നാടുകളും നിവാസികളെല്ലാം മരണമടഞ്ഞ് കാലിയായതായും ചരിത്രത്തില്‍ കാണാം.

മംലൂകികളുടെ കാലത്തും മഹാമാരികള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. ഹലബും അലക്സാണ്ട്രിയയുമായിരുന്നു പലപ്പോഴും ഇക്കാലത്തെ മഹാമാരികളുടെ പ്രഭവ കേന്ദ്രം. യൂറോപ്യരോടടക്കം കച്ചവടം നടത്തുന്ന, അന്താരാഷ്ട്ര വാണിജ്യകേന്ദ്രങ്ങളായതിനാലാവാം അതെന്ന് കരുതപ്പെടുന്നു. 749ലെ മഹാമാരിയുടെ ഉല്‍ഭവവും വളര്‍ച്ചയുമെല്ലാം പ്രസിദ്ധ കവി ഇബ്നുല്‍വര്‍ദീ തന്റെ കവിതയില്‍ വിശദീകരിക്കുന്നുണ്ട്. ധിക്കാരികളായ ഭരണകര്‍ത്താക്കളെ ആക്ഷേപിക്കുക കൂടി ചെയ്യുന്ന കവിത അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, ഓരോ ദിവസവും ഞങ്ങളെ ഭരിക്കാനെത്തുന്നവര്‍ തന്നെ വലിയ വലിയ മഹാമാരികളാണ്. അത്തരം ഒരു നാട്ടില്‍ പ്രകൃതിയുടെ ഈ മഹാമാരിക്ക് ഇനി എന്താണ് ചെയ്യാന്‍ ബാക്കിയുള്ളത്.

Also Read:മഹാമാരികളുടെ ഇന്നലെകള്‍, ഒരു കണക്കെടുപ്പ്

833ലുണ്ടായ അതിഭീകരമായ ഒരു മഹാമാരിയെ കുറിച്ച് പല ഗ്രന്ഥങ്ങളിലും കാണാം. മുമ്പുണ്ടായ മഹാമാരികളേക്കാളെല്ലാം അതിദാരുണമായിരുന്നുവത്രെ അതിന്റെ ഫലങ്ങള്‍. മുമ്പുണ്ടായ പല മഹാമാരികളിലും ബാധിച്ചവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെങ്കില്‍, ഇത് ബാധിച്ചവര്‍ പൂര്‍ണ്ണ ബോധത്തോടെയായിരുന്നു മരണം പുല്‍കിയിരുന്നത്. 

വൈദ്യശാസ്ത്രത്തിന്റെ നിലപാട്

അബ്ബാസീ കാലഘട്ടത്തില്‍ ഇസ്‍ലാമിക വൈദ്യശാസ്ത്രം ഏറെ വളര്‍ച്ച പ്രാപിച്ചിരുന്നെങ്കിലും മഹാമാരികളെ തടയാന്‍ അവക്കുമായില്ല എന്നതാണ് സത്യം. വായു ശുദ്ധീകരണം, ഭക്ഷണ ക്രമീകരണം, പരിപൂര്‍ണ്ണവിശ്രമം, രക്തം മാറ്റുന്ന രീതി തുടങ്ങിയവയെല്ലാം പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വേണ്ട വിധം ഫലം കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ, അക്കാലത്തെ പല പണ്ഡിതരും അവരെ വിമര്‍ശിച്ചതായും കാണാം. നാം എന്ത് ചെയ്തിട്ടും കാര്യമില്ല, മഹാമാരികളെ സൃഷ്ടിച്ചവനല്ലാതെ അവയെ നിയന്ത്രിക്കാനുമാവില്ലെന്ന പ്രഖ്യാപനത്തിലേക്ക് പല പണ്ഡിതരെയും എത്തിച്ചതും അത് തന്നെയായിരുന്നു.

അതേസമയം, അംവാസ് മഹാമാരിയില്‍ അംറുബ്നുല്‍ ആസ് (റ) പരീക്ഷിച്ച, രോഗികളെ മാറ്റിനിര്‍ത്തുന്ന രീതി (ക്വാരന്റൈന്‍)യോട് ഈ കാലഘട്ടത്തിലെ പലര്‍ക്കും യോജിക്കാനായില്ലെന്നതും കൂട്ടിവായിക്കേണ്ടതാണ്. അവരെ മാറ്റി നിര്‍ത്തുന്നതും ബാധിക്കാത്തവര്‍ മാറി നില്‍ക്കുന്നതും, മഹാമാരിയില്‍നിന്ന് ഓടരുതെന്ന ഹദീസിന് വിരുദ്ധമാണെന്ന് വരെ പലരും വിശ്വസിച്ചു. 
മേല്‍പറഞ്ഞവയില്‍ പലതും, സമാന കാലത്ത് ലോക തലത്തില്‍ തന്നെ പ്രചരിച്ച മഹാമാരികളുടെ ഭാഗം തന്നെയാവാം. ക്രിസ്തുവര്‍ഷം 1300ല്‍ പല രാജ്യങ്ങളെയും ബാധിച്ച ബ്ലാക് ഡെത്ത് എന്ന പേരിലറിയപ്പെട്ട ബ്യൂബോണിക് പ്ലാഗില്‍ മരണപ്പെട്ടത് 200 ദശലക്ഷം ആളുകളാണെന്നാണ് കണക്ക്. 

ശേഷം ലോകത്തെ പിടിച്ചുകുലുക്കിയ സുപ്രധാന മഹാമാരികളെ ഇങ്ങനെ സംഗ്രഹിക്കാം. (വര്‍ഷം, പേര്, മരണസംഖ്യ)
• 1520 - സ്മോള്‍പോക്സ് - 56 മില്യണ്‍
• 1600 – മഹാപ്ലാഗ് (1) – 3 മില്യണ്‍
• 1700 – മഹാപ്ലാഗ് (2) – 6 ലക്ഷം
• 1817 – 1923 – കോളറ – പത്ത് ലക്ഷം
• 1855 – മഹാപ്ലാഗ് (3) – 12 മില്യണ്‍
• 1918 -  സ്പാനിഷ് പനി – 50 മില്യണ്‍
• 1981 – എയ്ഡ്സ് – 35 മില്യണ്‍
• 2002 – സാര്‍സ് – 7.7 ലക്ഷം
• 2009 – പന്നിപ്പനി – 2 ലക്ഷം
• 2014 – എബോള – 11,300
.       2019 – കോവിഡ് 19 – 5.5 മില്യണ്‍ (ഇത് വരെ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter