അബ്സാര്‍ ദ മുസ്‍ലിം കാര്‍ട്ടൂണിസ്റ്റ്: രണ്ട്

ആത്മീയമായ ഉദ്‌ബോധനത്തിലും സമകാലിക വിഷങ്ങളിലും ഹാസ്യം കടത്തിക്കൊണ്ടുവരുന്ന താങ്കളുടെ രീതി എനിക്ക് ഇഷ്ടമാണ്. മൊത്തത്തില്‍, താങ്കളുടെ ഹാസ്യപരമ്പരകള്‍ സര്‍വസ്വീകാര്യത ലഭിക്കാന്‍ കൂടൂതല്‍ സഹായകമായ എന്തു ശൈലിയാണ്, തന്ത്രമാണ്, മാധ്യമമാണ് താങ്കള്‍ സ്വീകരിക്കുന്നത്?

ഹാസ്യം ഒരു ഘടകം തന്നെയാണ്. എന്നാലും, അഹ്മദ് ഫാമിലി പോസ്റ്റ് അത്രയും വൈറലാകാനുളള കാരണം വായനക്കാരന് വളരെ പെട്ടെന്ന് താദാത്മ്യപ്പെടാവുന്ന അതിന്റെ കഥാതന്തുവാണ്. അടുത്തിടയായി ഞാന്‍ ചെയ്‌തൊരു കോമഡി, അബ്ദുല്ല(ജമാലിന്റെ പിതാവ്) വലീദിന്‍രെ വീട്ടില്‍ സദ്യക്ക് പോയതാണ്. മുസ്‍ലിം രാജ്യങ്ങളിലെ അഥിതി സല്‍ക്കാരങ്ങളിലൊക്കെ പൊതുവെ കണ്ടുവരുന്ന പോലെ, വീണ്ടും വീണ്ടും ഭക്ഷണം വിളമ്പിക്കൊടുത്ത് വലീദ് അബ്ദുല്ലയെ കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അപ്പുറത്ത്, അബ്ദുല്ലയുടെ ‘അയ്യോ മതീ’ എന്ന യാചനയൊന്നും അവന്‍ ശ്രദ്ധിക്കുന്നില്ല.അവസാനം വലീദ് ക്ഷോഭ്യനായി, എന്താ പറഞ്ഞത് കേള്‍ക്കാത്തത് എന്ന് വലീദിനോട് ചോദിക്കുന്നു. വലീദ് പറഞ്ഞ മറുപടി, ഒരു കൊലച്ചിരിയായിരുന്നു. എന്നിട്ട് പറഞ്ഞു: നേരത്തെ നിന്റെ വീട്ടില്‍ വന്നപ്പോഴും ഇതുപോലെ എന്നെ നീ ബുദ്ധിമുട്ടിച്ചിരുന്നു. അതിനുള്ള പ്രതികാരമാണ് ഇത്! വായനക്കാര്‍ ഇത് ഇഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. നേരത്തെ തന്നെ മുസ്‍ലിം അഥിതി സല്‍ക്കാരങ്ങളിലൂടെ നാമെല്ലാം അത് പരിചയപ്പെട്ടുവെന്നതു തന്നെ കാരണം. ആ സമയത്ത്, അവസരം കിട്ടട്ടെ ഇതിനൊന്ന് പ്രതികാരമെടുക്കാനെന്ന് എല്ലാവരും സ്വകാര്യമായി ആഗ്രഹിച്ചിട്ടുണ്ട്.

അഹ്മദ് കുടുംബം ജീവിക്കുന്നത്, വ്യത്യസ്ത ദേശക്കാരും മതക്കാരും വംശക്കാരും സംസ്‌കാരക്കാരുമടങ്ങുന്ന ചെറിയൊരു നഗരത്തിലാണ്. കുറച്ചുകൂടി സഹിഷ്ണുതയും പരസ്പര തിരിച്ചറിവുമുള്ള ഒരു സമൂഹത്തെ അല്ലെങ്കില് സമുദായത്തെ സൃഷ്ടിക്കാന്‍ എന്താണ് നമുക്കിനി ചെയ്യാനാകുക?

ബഹുസ്വരസമൂഹത്തില്‍ കഴിയുന്ന ഒട്ടുവളരെ മുസ്‍ലിം കുടുംബങ്ങളിലും ഞാന്‍ കണ്ട പ്രശ്‌നം, അയല്‍ക്കാരോടോ സുഹൃത്തുക്കളോടോ ഇടപെടാതെ താന്താങ്ങളില്‍ തന്നെ ഒതുങ്ങിക്കഴിയുന്നുവെന്നതാണ്. പരസ്പരം ഇടപെടുമ്പോള്‍ അവര്‍ മതം സംസാരിക്കുകയൊന്നും വേണ്ടിവരില്ല. ഈ പ്രവണത, ഇസ്‍ലാമിനെ കുറിച്ച് ആശങ്കയും സംശയം തന്നെ സൃഷ്ടിക്കാന്‍ കാരണമാകുമെന്നുറപ്പാണ്. നമ്മുടെ മതത്തില്‍ നമുക്ക് അഭിമാനം വേണം. അയല്‍ക്കാരുമായി നല്ല ബന്ധങ്ങള്‍ സൂക്ഷിക്കണം. വല്ലപ്പോഴുമൊക്കെ നമ്മുടെ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും സംസാരിക്കുക. റമദാന്‍ വേളയില്‍ ഒരിക്കല്‍ ഇഫ്താര്‍ ഭക്ഷണങ്ങള്‍ നല്‍കുക അവര്‍ക്ക്. പെരുന്നാളിന് പെരുന്നാളാഘോഷത്തെ കുറിച്ചും അതിന്റെ അടിസ്ഥാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുക. അപ്പോള്‍ അമുസ്‍ലിം സുഹൃത്തുക്കള്‍ കൃതജ്ഞതയുള്ളവരായിത്തീരും. ഒരുപക്ഷെ, അയല്‍ക്കാരോടുള്ള ശ്രദ്ധക്കും പരിഗണനക്കും വൃത്തിക്കും അച്ചടക്കത്തിനും ദൈവാരാധനക്കും ഇസ്‍ലാം നല്‍കുന്ന പ്രോത്സാഹനത്തില്‍ ആകര്‍ഷകരാകുക വരെ ചെയ്‌തേക്കാം അവര്‍. സഹിഷ്ണുത വളര്‍ത്താന്‍ മറ്റെന്തു നല്ല വഴി?

ചില കാര്‍ട്ടൂണുകളില്‍ ഇസ്‍ലാമിക തനിമയില്‍ ഭക്ഷണം കഴിക്കുന്നതിന്‍രെയും പ്രാര്‍ഥനനിര്‍വഹിക്കുന്നതിന്റെയും ചിട്ടവട്ടങ്ങളെ കുറിച്ച് താങ്കള്‍ ചിത്രീകരിക്കുന്നുണ്ട്. എല്ലാ തരം മതവിശ്വാസികളെയും ബാധിക്കുന്ന സാര്‍വലൗകികമായ സന്ദേശം താങ്കളുടെ ഹാസ്യരചനകള്‍ക്ക് മുന്നോട്ടുവെക്കാനായിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?

ചെറിയൊരു ശതമാനം കാര്‍ട്ടൂണുകള്‍ കൃത്യമായി മുസ്‍ലിംകളെ മാത്രം സംവദിക്കുന്നതാണ്. സംശയമില്ല. എന്നിരുന്നാളും അത്തരം സാധനങ്ങള്‍ ചെയ്യുമ്പോള്‍ മറ്റു വിശ്വാസക്കാര്‍ക്ക് അതില്‍ നിന്ന് എന്ത് ഉപകാരം ലഭിക്കുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഉദാഹരണത്തിന് ജമാലിന്‍രെ സ്‌കൂളിലെ കച്ചറപ്പിള്ളേരെ അല്ലെങ്കില്‍, മറ്റുളളവര്‍ ചെയ്ത ഹോംവര്‍ക്കുകള്‍ കട്ടെഴുതുന്ന പിള്ളേരെ കുറിച്ച് ചില കോമിക്കുകളുണ്ട്. സ്‌കൂളില്‍ പോകുന്ന ഏതൊരു കുട്ടിക്കും അല്ലെങ്കില്‍ അവന്റെ രക്ഷിതാക്കള്‍ക്ക് ജാതിവ്യത്യാസമില്ലാതെ ഈ കഥകള്‍ ബോധിക്കും. അതുപോലെത്തന്നെ, കുറച്ചു മുമ്പ് ഹിജാബുമായി ബന്ധപ്പെട്ടൊരു എപ്പിസോഡുണ്ടായിരുന്നു. ജമാലിന്റെ മാതാവ് ഫാതിമ തന്റെ അമുസ്‍ലിം സുഹൃത്തായ ലൂസിക്ക് ഹിജാബിന്റെ യുക്തി വിശദീകരിച്ചുകൊടുക്കുന്നതാണ് അത്. ഈ ഹാസ്യകഥകള്‍ മുസ്‍ലിംകള്‍ക്കും മറ്റു വിശ്വാസക്കാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അല്‍ഹംദുലില്ലാഹ്. ചില കോമിക്കുകള്‍ തനി ഹാസ്യാത്മകമായിട്ടുമുണ്ട്. മതവുമായി പുല ബന്ധവുമില്ലാത്തത്. പക്ഷെ, അത് സാര്‍വര്‍ക്കും ഉപകാരപ്പെടുന്നതാണ്. താങ്കളുടെ യാത്രകളെ കുറിച്ച്? അവ താങ്കള്‍ക്ക് നല്‍കിയ പ്രതികരണങ്ങളും അനുഭവങ്ങളും എന്തൊക്കെയാണ്? യാത്രകള്‍ മൊത്തത്തില്‍ പ്രയോജനകരമാണ്. കിട്ടിയ പ്രതികരണങ്ങളില്‍ 99 ശതമാനവും പൂര്‍ണമായും പോസിറ്റീവാണ്. ചിലപ്പോള്‍ ചെറിയ പിള്ളേര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വരെ എനിക്കെഴുതാറുണ്ട്, അവരുടെ ചിത്രങ്ങള്‍ അയച്ചും ചിത്രരചനാ മേഖലിയില്‍ മുന്നോട്ടുള്ള ഉപദേശങ്ങള്‍ തേടിയും. ചിലപ്പോള്‍, ഒരേ സമയം അനുവദനീയവും എന്നാല്‍ ഹാസ്യാത്മകവുമായ സൃഷ്ടികളുമായി പതിവ് കോമഡികള്‍ക്ക് ബദല്‍ ആസ്വാദനം നിര്‍മിച്ചതിന് നന്ദിപറഞ്ഞ് രക്ഷിതാക്കള്‍ വരെ എനിക്കെഴുതാറുണ്ട്. ലോകത്തെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ആളുകളിപ്പോള്‍ അവരുടെ ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യുകയും അവരുടെ നാടുകളില്‍ അതിന് പ്രചാരം നല്‍കുകയും ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ടു വരുന്നുണ്ട്. ഒരു ലാത്‍വിയന്‍ സഹോദരി അഹ്മദ് ഫാമിലി ലാത്‍വിയനിലേക്ക് മൊഴിമാറ്റം ചെയ്തുകഴിഞ്ഞിരിക്കുന്നു. മറ്റു ചില ബ്രസീലിയന്‍ സഹോദരിമാര്‍ പോര്‍ച്ചുഗീസിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. ഇനി കുട്ടികള്‍ക്ക് മാത്രമായി വേറെയൊരു അഹ്മദ് ഫാമിലി പരിചയപ്പടുത്താന്‍ പോകുകയാണ്. ചിത്ര, കളര്‍ ആക്ടിവിറ്റി പുസ്തകങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയുമൊക്കെയായി. നമ്മുടെ പ്രവര്‍ത്തനങ്ങളൊക്കെ അല്ലാഹു സ്വീകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

ഭാവിയില്‍ എന്താണ് ലക്ഷ്യം കാണുന്നത്? വല്ല മികച്ച സൃഷ്ടികളും നാം പ്രതീക്ഷിക്കണോ?

നല്ല ചോദ്യം. Life with Ahmad's Family വഴി ഇസ്‍ലാമിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമെന്ന് ആത്മാര്ഥമായി പ്രതീക്ഷിക്കുകയാണ്. സമൂഹത്തെ നല്ലനിലക്ക് മാറ്റിമറിക്കാനുതകുന്ന ധാര്‍മിക, മൂല്യബദ്ധ സംഹിതയായിട്ട് ഇസ്‍ലാമിനെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുകയാണെങ്കില്‍, അല്‍ഹംദുലില്ലാഹ്, നമ്മുടെ ഉത്തരവാദിത്തവും പൂര്‍ത്തിയായിരിക്കുന്നു. ഭാവിയില്‍, ഇന്‍ഷാ അല്ലാഹ്, അവയുടെ പ്രിന്റ്കോപി പുറത്തിറക്കാനിരിക്കുകയാണ്. അതോടെ പ്രായമുള്ളവര്‍ക്കും പുതിയ തലമുറക്കും സൗകര്യപൂര്‍വം മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങി ആയാസരഹിതമായി വായിക്കുകയും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പകര്‍ന്നു കൊടുക്കുകയും ചെയ്യാനാകും. ഈ വര്‍ഷാവസാനം ആദ്യത്തെ ഹാസ്യപുസ്തകം പുറത്തിറങ്ങും. Jamal's Bad Day, ഐ.ഐ.പി.എച്ച് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങാനിരിക്കുന്ന പുസ്തകങ്ങളുടെ ചിത്രം നിങ്ങള്‍ക്കെന്റെ ബ്ലോഗില്‍നിന്ന് ലഭിക്കും. അഭിമുഖത്തിന്റെ ഒന്നാം ഭാഗം

 

തയ്യാറാക്കിയത്: മുഹമ്മദ് ശഹീര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter