യൂറോപ്, തൊലിപ്പുറം വെളുപ്പെങ്കിലും മനസ്സ് ഇപ്പോഴും കറുപ്പ് തന്നെ

പൗരസ്ത്യ രാഷ്ട്രങ്ങളെ അപേക്ഷിച്ച്   യൂറോപ്പ് സാമൂഹികമായും സാംസ്കാരികമായും സാങ്കേതികമായും വളർച്ച കൈവരിച്ചവരാണെന്നാണ് പൊതുധാരണ. എന്നാല്‍ യൂറോപ്പിലെ വൻകിട രാജ്യങ്ങളായ ഫ്രാൻസ്, സ്പെയ്ൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സമീപകാലത്ത് കേട്ട് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആ കാഴ്ചപ്പാടുകളെ പാടെ തകിടം മറിക്കുന്നതാണ്. കാലം ഏറെ പുരോഗമിച്ചിട്ടും ശാസ്ത്രനേട്ടങ്ങളുടെ നെറുകയിലെത്തിയിട്ടും  സവർണ്ണ ബോധത്തിൽ നിന്ന് ഉടലെടുത്ത വർണവെറിയുടേയും വംശീയതയുടേയും വൈകൃത മനോഭാവം വെള്ളക്കാരന്റെ മസ്തിഷ്കങ്ങളിലിപ്പോഴും കുടിയിരിക്കുന്നുണ്ട് എന്നതാണ് സത്യം.

ഏതാനും മാസങ്ങൾക്കു മുമ്പ് ലാലീഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും വംശീയ അധിക്ഷേപത്തിന്റെ വേദിയായി ഫുട്ബോൾ മൈതാനങ്ങൾ മാറുന്നത് നാം കണ്ടതാണ്. പ്രത്യേകിച്ച് ഫുട്ബോളിന്റെ മക്കയായ സ്പെയ്നിലും ഇംഗ്ലണ്ടിലും മറ്റു യുറോപ്യൻ രാജ്യങ്ങളിലും ഏത് നിമിഷവും ആളിക്കത്താവുന്ന  ഉഗ്രശേഷിയുള്ള തീകനലായി വംശീയ ബോധവും വർഗ്ഗവെറിയും മാറിയിട്ടുണ്ട്. അത് കൊണ്ടാണ് കളി ആരവങ്ങളാലും ആർപ്പുവിളികളാലും ആവേശം തീർക്കേണ്ട പുൽമൈതാനങ്ങളിൽ വംശീയതയുടെ വിഷപ്പുക പലപ്പോഴും പടർന്ന് പന്തലിക്കുന്നത്.

കറുത്ത വർഗ്ഗക്കാർ പന്തുമായി മുന്നേറിയാലോ, വല കുലുക്കിയാലോ, കിക്കെടുക്കാൻ കോർണർലൈനിലേക്ക് നീങ്ങിയാലോ ഗ്യാലറിയിൽ നിന്നുയരുന്ന പരിഹാസവാക്കുകളും കുരങ്ങു വിളികളും താരങ്ങളെ ഉന്നം വെച്ച് എറിയുന്ന കുപ്പികളും ലോകം വളർച്ച കൈവരിച്ച ഈ കാലത്തും വംശമഹിമയും വർഗ്ഗവർണ്ണ ബോധവും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ നേർചിത്രങ്ങളാണ്.

സമാനമായ കാരണങ്ങളാൽ തന്നെയാണ്   സ്ട്രീറ്റ് സമരങ്ങൾക്ക് പേരുകേട്ട രാജ്യമായ ഫ്രാൻസ് ഇടക്കിടക്ക് കലാപമുഖരിതമായ രംഗങ്ങൾക്ക് സാക്ഷിയാകുന്നതും. ട്രാഫിക് നിയമം ലംഘിച്ചതിനെ ചൊല്ലി നിഹാൽ എന്ന കൗമാരക്കാരനെ ഫ്രഞ്ച് പോലീസ് വെടിവെച്ച് കൊന്നതിനെ തുടർന്ന് രാജ്യമൊട്ടുക്കും പൊട്ടി പുറപ്പെട്ട പ്രതിഷേധ ജ്വാലകൾക്കും ശക്തമായ സമരങ്ങൾക്കും പിന്നിൽ ഇതേ വംശീയ വിരുദ്ധ വികാരം സ്വാധീനം ചെലുത്തിയതായി സൂക്ഷ്മമായി വിലയിരുത്തിയാൽ നമുക്ക് കാണാൻ കഴിയും.

വലിയ വാഹനങ്ങൾ സഞ്ചരിക്കേണ്ട വഴിയിലൂടെ കാർ ഓടിച്ചതിനാൽ നിറുത്താൻ ആവശ്യപ്പെട്ടിട്ടും അതു വകവെക്കാതെ മുന്നോട്ട് പോയപ്പോഴാണ് ഡെലിവറി ബോയിയായ നിഹാലിനെ വെടിവെച്ചതെന്ന് പോലിസ് ആദ്യമൊക്കെ അവകാശപ്പെട്ടെങ്കിലും പിന്നീട് പുറത്തു വന്ന സംഭവത്തിന്റെ വിഷ്വൽ വീഡിയോസ് ആ വാദങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതും യാതൊരു പ്രകോപനവുമില്ലാതെ കൗമാരക്കാരന്റെ ഇടനെഞ്ചിൽ വെടിയുതിർത്തുവെന്ന ഭീകര സത്യമായിരുന്നു. ഇതോടെ, അറബ് - ആഫ്രിക്കൻ വിരോധം വെച്ച് പുലർത്തുന്ന വെളുത്ത വർഗ്ഗക്കാരന്റെ വംശീയ മനോഗതി തന്നെയാണ് ഇവിടെയും പത്തിവിടര്‍ത്തിയത് എന്ന് ലോകം നേരില്‍ കണ്ടു. അതോടെ, മണിക്കൂറുകൾക്കകം ഫ്രാൻസ് കലാപഭൂമിയായി, ഒറ്റ രാത്രി കൊണ്ട് നാൽപതിലേറെ നിയമപാലകർക്ക് പരിക്കേറ്റു, നിരവധി പോലീസ് സ്റ്റേഷനുകളും ബിസിനസ്സ് സ്ഥാപനങ്ങളും പ്രക്ഷോഭകാരികൾ തകർത്തു, 577 വാഹനങ്ങൾ അഗ്നിക്കിരയായി, പൊതു നിരത്തിൽ മാത്രം 2000 ത്തിലേറെ തീവെപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 

കൗമാരക്കാരനായ നിഹാലിനു നേരെ വെടിയുതിർത്ത പോലീസുകാരനെതിരിൽ ഫ്രഞ്ച് ഭരണകൂടം നരഹത്യ കുറ്റം ചുമത്തി കേസെടുത്ത് കലാപാഗ്നി തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങൾക്കും തീ പന്തമായി മാറിയ സമരങ്ങൾക്കും ഒട്ടും അയവ് വന്നില്ല. മാത്രമല്ല പ്രതിഷേധിക്കാനായി തെരുവിലിറങ്ങിയവരിൽ എഴുപതു ശതമാനവും പതിമൂന്നിനും പതിനെട്ടിനുമിടക്കുള്ള കൗമാരക്കാരായിരുന്നുവെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ഫ്രഞ്ച് ഭരണകൂടത്തിന്റെയും വിലയിരുത്തലും വംശീയതയും വർണ്ണവെറിയും വെച്ചു പുലർത്താനാഗ്രഹിക്കാത്ത ഒരു നവ തലമുറ ഫ്രാൻസിലും ഉദയം ചെയ്യുന്നുണ്ടെന്ന പ്രത്യാശ കൂടിയാണ് നല്കുന്നത്.

ഫ്രാൻസിൽ അരങ്ങേറി കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയെ യുഎന്നിന്റെ കീഴിലുള്ള വിവേചന വിരുദ്ധ സമിതി പോലും വിലയിരുത്തിയത്, രാജ്യമൊട്ടാകെ കത്തി പടർന്ന ഈ കലാപാഗ്നി ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരവും വർണ്ണവിവേചനത്തിനും വംശീയതക്കുമെതിരെ കണ്ണു തുറപ്പിക്കാനും പുനർവിചിന്തനം നടത്താനും അവസരം നൽകുന്നതുമാണെന്നാണ്.

പ്രസ്തുത പരാമർശത്തിൽനിന്നൊരു കാര്യം സുവ്യക്തമാണ്. പുരോഗമനത്തിന്റെ അപ്പോസ്തലരെന്ന് ഊറ്റം കൊള്ളുന്ന യൂറോപ്പിൽ അപരിഷ്കൃത സമൂഹം പ്രാചീന കാലങ്ങളിൽ വെച്ച് പുലർത്തിയിരുന്ന വർണ്ണവെറിയുടേയും വംശീയതയുടേയും വിവേചനത്തിന്റേയും മനുഷ്യത്വരഹിതമായ സംസ്കാരങ്ങൾ വെള്ളക്കാരന്റെ സിരകളിലിപ്പോഴും ശേഷിക്കുന്നുണ്ട് എന്നത് തന്നെ.

2020 ൽ വ്യാജ കറൻസി കൈവശമെന്നാരോപിച്ച്  ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ പോലീസ് അതിനിഷ്ഠൂരമായി വെടിവെച്ച് കൊന്നതിനെതുടർന്ന് അമേരിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പൊടുന്നനെ കത്തിപ്പടർന്ന കലാപത്തോടാണ് ലോക മാധ്യമങ്ങൾ ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വാഹനം നിറുത്താത്തതിന്റെ പേരിൽ നിർദാക്ഷണ്യം കൊല ചെയ്യപ്പെടുന്ന പതിനേഴാമത്തെ ആഫ്രിക്കൻ വംശജനാണ് നിഹാൽ. അത് കൊണ്ടാണ് യാദൃശ്ചികമായി സംഭവിച്ച ഒന്നായി നിഹാലിന്റെ മരണത്തെ ഫ്രാൻസിലെ കൗമാരം അംഗീകരിക്കാൻ വിസമ്മതിക്കുന്നതും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വാക്കിന് ചെവികൊടുക്കാതെ ജനരോഷം ആളിക്കത്തുന്നതും.

2005 ലും ഇതിനു സമാനമായ ഒരു കലാപം ഫ്രാൻസിൽ നടമാടിയിട്ടുണ്ട്. അന്നും പ്രതിസ്ഥാനത്ത് നിയമപാലകരായിരുന്നു. പോലീസിനെ ഭയന്ന്  ആഫ്രിക്കൻ വംശജരായ രണ്ട് കൗമാരക്കാർ വൈദ്യുതി സബ്സ്റ്റേഷനിൽ ഒളിക്കുകയും വൈദ്യുതി ആഘാതമേറ്റ് തത്ക്ഷണം മരിക്കുകയും ചെയ്തതായിരുന്നു അത്. ഇതിനെ തുടർന്ന് ആഴ്ചയോളം നീണ്ട് നിന്ന കലാപഭൂമിയായി ഫ്രാൻസ്മാറുകയും ഒടുവിൽ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തിരുന്നു.

എന്ത് കൊണ്ടാണ് ഫ്രാൻസിൽ കറുത്ത വർഗ്ഗക്കാർക്കെതിരിലുള്ള വംശീയ അധിക്ഷേപവും അക്രമവും അനിയന്ത്രിതമായി തുടരുന്നത്? രാഷ്ട്രീയ പരമായും സാംസ്കാരികമായും പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ബ്രിട്ടനെപ്പോലെ ലോകത്തിലെ ഏറ്റവും വലിയ കോളനി ഭരണം നടത്തിയ മറ്റൊരു രാജ്യമാണ് ഫ്രാൻസ്. ആഫ്രിക്കൻ രാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളും കയ്യടക്കി സർവ്വതും കൊള്ളയടിച്ചു സാമ്രാജ്യത്വ ശകതിയായി വിലസിയ ഒരു ഭൂതകാലം ഫ്രാൻസിനുണ്ട്. വർഷങ്ങളോളം അൾജീരിയയിലും കോങ്കോയിലും മാലിയിലും അധിനിവേശം നടത്തി നിഷ്ഠൂരമായ ഭരണം നടത്തിയവരാണവർ. ഇതിന്റെ മറവിൽ ലക്ഷക്കണക്കിന് മനുഷ്യരെ അവർ കൊന്ന് തള്ളിയിട്ടുമുണ്ട്. മർദക ഭരണ കൂടമായ ഫ്രാൻസിന്റെ രാക്ഷസതുല്യമായ ഭീകര ഭരണത്തിൽ മനം മടുത്ത് അൾജീരിയൻ വിമോചന സമരത്തിനിറങ്ങിയ പത്ത് ലക്ഷം അൾജീരിയക്കാരെ  ഒരു ദയാവായ്പും കൂടാതെ വധിച്ച പാരമ്പര്യം കൂടി ഫ്രാൻസിനുണ്ട്. 

ഇത്തരത്തിൽ അൾജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കൊള്ളയും കൊലയും നടത്തി പട്ടിണിയുടെയും ദാരിദ്രത്തിന്റേയും തൊഴിലില്ലായ്മയുടേയും നിലയില്ലാകയങ്ങളിലേക്ക് അവരെ തള്ളിവിട്ടതു മൂലം അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടി സ്വരാജ്യം വിട്ട് ചേക്കേറിയവരാണ് ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റക്കാരായി ഇന്ന് മുദ്രകുത്തപ്പെടുന്നത് എന്നതാണ് നഗ്നയാഥാർത്ഥ്യം. 

ഇത്തരത്തിൽ കുടിയേറി പാർത്ത അൾജീരിയൻ വംശജരായ ആഫ്രിക്ക കാരുടെ നാലമത്തേയോ അഞ്ചാമത്തേയോ തലമുറയാണ്  നിഹാലിന്റെ മരണത്തെത്തുടർന്ന് തെരുവിൽ പോലീസിന്റെ വംശീയ വെറിക്കെതിരെ ഇപ്പോൾ പ്രക്ഷോഭം നയിക്കുന്നവർ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ  ഫ്രാൻസിൽ തന്നെ ജനിച്ച് വളർന്ന അൾജീരിയൻ വംശപാരമ്പര്യമുള്ള ഫ്രഞ്ച് പൗരൻമാർ. ഇവർക്കെതിരിലാണ് 2017ൽ ഭേദഗതി ചെയ്യപ്പെട്ട ഒരു ട്രാഫിക് നിയമത്തിന്റെ പിൻബലത്തിൽ ഫ്രാൻസിലെ തന്നെ പോലീസ് മനുഷ്യത്വരഹിതമായി പെരുമാറുന്നതും മൃഗീയമായ നടപടികൾ കൈകൊള്ളുന്നതും.

എന്നാൽ  നിഹാലിനുവേണ്ടി തെരുവിലിറങ്ങിയ വ്യത്യസ്ത വംശപാരമ്പര്യമുള്ള ആയിരക്കണക്കിന് കൗമാരം ഒരു കാര്യം ലോകത്തോട് വിളിച്ചു പറയുന്നുണ്ട്, വർഗ്ഗ-വർണ്ണ ദേശ -ഭാഷകൾക്കതീതമായി പരസ്പരം സ്നേഹിക്കാനും സൗഹൃദം പുലർത്താനും മനുഷ്യരൊന്നടങ്കം സന്നദ്ധമാകണം, അപര മതവിദ്വേഷവും വൈര്യവും കയ്യൊഴിഞ്ഞ് മനുഷ്യരായി ജീവിക്കാൻ നാം ഓരോരുത്തരും മനസ്സുവെക്കണം, വൈവിധ്യങ്ങളേയും വൈജാത്യങ്ങളേയും ഉൾക്കൊള്ളാൻ കഴിയാതെ പരസ്പരം തമ്മിലടിക്കുന്ന പോരാട്ട ഭൂമിയായി ഇവിടം മാറിക്കൂടാ. വെറുപ്പിന്റെ ആക്രോശങ്ങൾക്കു പകരം സൗഹൃദത്തിന്റെ കരഘോഷം മുഴങ്ങണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. 

അതിനാൽ വെള്ളക്കാരന്റെ മസ്തിഷ്കത്തിലും മനോമുകുരങ്ങളിലും ദീർഘകാലമായി സന്നിവേശിപ്പിക്കപ്പെട്ട ഔന്നത്യ ബോധത്തിന്റെ വിഷക്കുമിളകളെ തകർത്തെറിഞ്ഞാൽ മാത്രമേ അത്തരം ആനന്ദദായകമായ  സാഹചര്യം സമാഗതമാകൂ. ലോകം ഏറെ മുന്നേറിയ ഇക്കാലത്തും, വൈറ്റ് മെന്‍സ് ബേഡന്‍ (വെള്ളക്കാരന്റെ അധികഭാരം) എന്ന വംശീയ ചിന്തയുമായി നടക്കുന്ന യൂറോപ്യര്‍ ഇപ്പോഴും പഴയ അന്ധകാരത്തില്‍ തന്നെയാണെന്ന് പറയാതെ വയ്യ. വെളുത്ത തൊലിക്കുള്ളില്‍ കുടിയിരിക്കുന്നത് ഇപ്പോഴും ആ കറുത്ത മനസ്സ് തന്നെയാണ് എന്നര്‍ത്ഥം.

നിലവിൽ ഫ്രാൻസിന്റെനിരത്തുകളിൽ ആളിപ്പടരുന്ന ഈ ജനരോഷം,   വംശീയ വിദ്വേഷം വിളമ്പുന്ന അപരിഷ്കൃത സംസ്കാരത്തെ കയ്യൊഴിഞ്ഞ് മാനവിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന മനുഷ്യത്വ സംസ്കാരത്തെ പുണരാൻ ഇനിയെങ്കിലും ഫ്രഞ്ച് ഭരണ കൂടത്തിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter