ഹന്‍ളലയുമായി ഫ്രീഡം ഫ്ലോട്ടില വീണ്ടും

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക ശ്രദ്ധയാകര്‍ഷിക്കന്ന ഫ്രീഡം ഫ്ലോട്ടിലാ, ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അടുത്ത ദൗത്യവുമായി രംഗത്ത് വന്നിരിക്കുന്നു. ഗസ്സയിലെ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ശബ്ദിക്കുന്ന ഈ ദൗത്യത്തിന് ഹന്‍ളല എന്നാണ് പേരിട്ടിരിക്കുന്നത്. 

യൂറോപ്പിലെ വിവിധ തുറമുഖങ്ങളില്‍ സന്ദര്‍ശനം നടത്തിയ കപ്പല്‍ ഇന്ന് ഇറ്റലിയിലെ സിസിലിയില്‍നിന്ന് ഗസ്സയിലേക്ക് പ്രയാണം ആരംഭിക്കുകയാണ്. മാഡ്‍ലിന്‍ കപ്പലിനെതിരെ ഇസ്റാഈല്‍ നടത്തിയ അക്രമണങ്ങള്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കകമാണ് പുതിയ ദൗത്യം. 18 വര്‍ഷത്തിലേറെയായി വിവിധ ഉപരോധങ്ങളില്‍പെട്ട് പ്രയാസപ്പെടുന്ന ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുക എന്നതോടൊപ്പം അവിടെ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക ശ്രദ്ധ തിരിക്കുക എന്നത് കൂടിയാണ് ലക്ഷ്യം.

ഗസ്സയിലെ കുട്ടികള്‍ക്ക് വേണ്ടി എന്ന പേരിലാണ് ഈ ദൗത്യം യാത്ര തിരിക്കുന്നത്. ഒക്ടോബര്‍ 7ലെ അക്രമണത്തിന് ശേഷം മാത്രം 50,000 കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേറ്റ് ആവശ്യമായ പരിചരണം ലഭിക്കാതെ മരണം അഭിമുഖീകരിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ വീടുകളില്ലാതെ അഭയാര്‍ത്ഥികളായിരിക്കുകയുമാണ്. ഉപരോധം ഭേദിക്കുന്നതിനായി ഏതാനും ചില സഹായ വസ്തുക്കളുമായാണ് കപ്പല്‍ പുറപ്പെടുന്നത്. 

ദൗത്യത്തിലെ അംഗമായ ഹുവൈദ അറാഫ് പറഞ്ഞത് ഇങ്ങനെയാണ്, നമ്മുടെ കണ്‍മുന്നില്‍ മാസങ്ങളായി നടമാടിക്കൊണ്ടിരിക്കുന്ന ഈ ക്രൂരതകളോട്, വിശിഷ്യാ ഒന്നുമറിയാത്ത നിഷ്കളങ്കരായ കുട്ടികള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങളോട് മൗനം അവലംബിക്കാന്‍ മനുഷ്യത്വമുള്ള ആര്‍ക്കും സാധിക്കില്ല. ഭൂമിയിലുള്ള ഓരോ മനുഷ്യനും സ്വതന്ത്രനായി ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം ഏതൊരു ഫലസ്തീനിക്കുമുണ്ട്. അത് അംഗീകരിച്ചുകൊടുത്തേ പറ്റൂ. ഗസ്സ ഒന്നടങ്കം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ മൂടപ്പെടുന്നതും അവിടത്തെ കുട്ടികള്‍ വിശപ്പും ദാഹവും സഹിക്കാനാവാതെ, ആവശ്യമായ ചികില്‍സ ലഭിക്കാതെ മരിച്ച് വീഴുന്നതും കണ്ട് നില്ക്കാനാവില്ല. 

ഫലസ്തീനി കലാകാരനായിരുന്ന നാജി അല്‍അലിയുടെ, ഫലസ്തീനിന്റെ വേദനകള്‍ പ്രസരിപ്പിക്കുന്ന പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം ഹന്‍ളലയുടെ പേര് ഈ ദൗത്യത്തിന് തെരഞ്ഞെടുത്തതും പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നു. തങ്ങള്‍ നേരിടേണ്ടിവരുന്ന അനീതികളില്‍ മനം മടുത്ത് ലോകത്തോട് തന്നെ പുറം തിരിഞ്ഞ് നില്ക്കുന്നതാണ് ഹന്‍ളല എന്ന കഥാപാത്രം. ഇതിലൂടെയെങ്കിലും ലോകത്തിന്റെയും വിശിഷ്യാ അറബ് നേതാക്കളുടെയും ശ്രദ്ധ ഫലസ്തീനിലേക്ക് തിരിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter