ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും ഭക്ഷണപ്പൊതിയിലൊളിപ്പിച്ച മരണക്കെണികളും
ഒരു നൂറ്റാണ്ടിന്റെ ഉപരോധത്തിൽ പൊറുതിമുട്ടിനിൽക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് മേൽ ആദ്യം നിറയൊഴിക്കുക, പിന്നെ അവരെ സഹായിക്കുന്ന ഐക്യ രാഷ്ട്രസഭയുടെയും മറ്റു അന്താരാഷ്ട്ര ഏജൻസികളുടെയും ചാരിറ്റി പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്തുകയോ തുരത്തിയോടിക്കുകയോ ചെയ്യുക, എന്നിട്ട് സഹായത്തിന്റെ മാലാഖമാരായി സ്വയം പ്രച്ഛന്ന വേഷം ധരിച്ച് മരണക്കെണികളൊരുക്കിയ ഭക്ഷണപ്പൊതികളും അവശ്യ സാധനങ്ങളും പ്രഹസനമെന്നോണം വെച്ച് നീട്ടുക, അപ്പോൾ പിന്നെ സ്വാഭാവികമായും ഭക്ഷണം കിട്ടാത്ത ഒരു കൂട്ടം ആളുകളുടെ പ്രതികരണം ആ ഭക്ഷണപ്പൊതികൾക്കും വെള്ളക്കുപ്പികൾക്കും വേണ്ടി തിക്കും തിരക്കും കൂട്ടുക എന്നതാവും. 80 ശതമാനം ആളുകളും പട്ടിണിയുടെയും പരിവട്ടത്തിന്റെയും വക്കിലെത്തി നിൽക്കുന്ന ഒരു ജനതയുടെ കാര്യമാവുമ്പോൾ പിന്നെ സ്ഥിതി അതിദയനീയവും രൂക്ഷവുമായിത്തത്തീരും എന്നതും തികച്ചും സ്വാഭാവികം.
ഒടുവിൽ ഒരു തുള്ളി വെള്ളത്തിന്, ഒരു കഷ്ണം റൊട്ടിക്ക്, ഒരു ക്യാപ്സൂൾ മരുന്നിന് വേണ്ടി കൈ നീട്ടി യാചിക്കുന്നവർക്ക് നേരെ നിഷ്കരുണം നിറയൊഴിക്കുക. എന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനെന്ന പ്രഹേളികയും. അല്ലെങ്കിലും ആര് ചോദിച്ചാൽ എന്ത് എന്ന നിലയിലാണല്ലോ കാര്യങ്ങളുടെ പോക്ക്. ഒരു നൂറ്റാണ്ടായി പട്ടിണിയിലായിട്ട് തിരിഞ്ഞ് നോക്കാത്ത ലോകത്ത് ഇതൊന്നും വാർത്താ പ്രാധാന്യമുണ്ടാവണമെന്ന് പറയുന്നതും ശരിയല്ലായിരിക്കാം.
ഇതാണ് ജി.എച്ച്.എഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അമേരിക്കൻ-ഇസ്രായേൽ സ്പോൺസർഷിപ്പിൽ നടക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ലക്ഷ്യവും പ്രവർത്തനവും.
2025 ഫെബ്രുവരിയിലാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് സംയുക്തമായി ഈ സംഘടനക്ക് രൂപം കൊടുക്കുന്നത്. ഇതിന്റെ മറവില്‍ ഗാസയിൽ ഹമാസിന്റെ രാഷ്ട്രീയ സാമൂഹിക സൈനിക നിയന്ത്രണം ഇല്ലാതാക്കുക, ഞങ്ങൾ അത്ര കരുണയില്ലാത്തവരല്ല എന്നുള്ള മുഖം മൂടി അണിയുക എന്നതൊക്കെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. മാത്രമല്ല ആദ്യമാദ്യം ഈ സംഘടനയുടെ ഇസ്രായേൽ ബന്ധം പ്രധാനമന്ത്രി നെതന്യാഹു നിഷേധിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസം പാർലമെൻറിൽ പ്രതിപക്ഷ നേതാവ് നിരന്തരം ചോദ്യം ചെയ്തതോടെ നെതന്യാഹുവിന് അത് സമ്മതിക്കേണ്ടി വന്നതും ലോകം കണ്ടതാണ്.
അധിനിവേശ പരമ്പരയുടെ ഈ ഇടക്കാല അധ്യായത്തിന്റെ തുടക്കത്തിൽ വടക്കൻ ഗസ്സയിലുള്ള ആളുകളോട് അവിടെ നിന്നൊഴിഞ്ഞ് തെക്കൻ ഗസ്സയിലേക്ക് പോവണമെന്ന് ഇസ്രായേൽ പറഞ്ഞത് ഈ സഹായക്കെണിക്ക് വേണ്ടിയാണെന്ന സംശയവും ഹമാസ് നേരത്തെ ഉന്നയിച്ചിരുന്നു. തെക്കൻ ഗസ്സയിലേക്ക് ആളുകളെ ഭക്ഷണം കാണിച്ച് ആകർഷിക്കുകയും അത് വഴി ബാക്കിയുള്ള പ്രദേശത്തെ ജനങ്ങളെയെല്ലാം അനായാസകരമായി ഒഴിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇസ്രായേലിന് അവരുടെ സ്ഥാപിത ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയുമെന്നും ഇക്കഴിഞ്ഞ കൂട്ടക്കുരുതികളേക്കാൾ ക്രൂരമായ മനുഷ്യഹത്യകൾക്ക് എളുപ്പം സാധിക്കുമെന്നും നിരീക്ഷിക്കുന്നവരുമുണ്ട്. അതോടൊപ്പം തന്നെ ഹമാസും ഗസ്സയിലെ പൊതുജനങ്ങളുമെല്ലാം 'വഞ്ചകനായി' കണക്കാക്കുന്ന യാസർ അബൂ ഷബാബെന്ന ഗസ്സയിലെ ക്രിമിനലിന് ആയുധവും സാമ്പത്തിക സഹായവും നൽകുകയും അതുവഴി ഹമാസിനെ തകർക്കാനും ഗസ്സ ഓപ്പറേഷന്റെ ഭാഗമെന്നോണം ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ഹമാസിന് സമാന്തരമായ മറ്റൊരു മിലീഷ്യയെ വളർത്തിക്കൊണ്ടുവരാനുമുള്ള ഗൂഢതന്ത്രവും അധിനിവേശ സൈനികരും സയണിസ്റ്റ് ഭരണകൂടവും ചെയ്ത് വരുന്നുണ്ടെന്നതും യാഥാർഥ്യമാണ്.
നാല്പത് കിലോമീറ്റർ കടൽത്തീരമുള്ള ഗസ്സയിൽ മീൻ പിടിക്കാൻ പോവാൻ അനുവാദമുള്ളത് വെറും നാല് നോട്ടിക്കല്‍ മൈല്‍ ദൂരപരിധിക്കുള്ളിൽ മാത്രമാണ്. കടല്‍ വഴി ഗ്രീസിലേക്കും സൈപ്രസിലേക്കും മറ്റു യൂറോപ്യൻ പ്രദേശങ്ങളിലേക്കും പോവാൻ കഴിയുമെന്നതിനാല്‍, അത് തടയുന്നതിനായി ആ ചുരുങ്ങിയ പരിധിക്കപ്പുറത്തേക്ക് പോയാൽ വെടിവെച്ചിടുകയെന്നതാണ് ഇസ്രേൽ സൈന്യത്തിന്റെ നിലവിലുള്ള നിലപാട്. മാത്രമല്ല അത്രയും നാൾ ഗസ്സയിൽ ഏറ്റവും കൂടുതൽ റിലീഫ് പ്രവർത്തനങ്ങൾക്കും സന്നദ്ധസഹായങ്ങൾക്കും നേതൃത്വം കൊടുത്തിരുന്ന യുഎൻ ഏജൻസിയായ ഉനര്‍വയെ (UNRWA) യെ ഭീകര സംഘടനയായി ഇസ്രായേൽ പ്രഖ്യാപിച്ചതും ലോകത്തിന് മുന്നിൽ ഏതുവിധേനയും ജി.എച്ച്.എഫിനെയും അതിന്റെ പ്രവർത്തനങ്ങളെയും വെള്ളപൂശാൻ വേണ്ടി തന്നെയാണെന്നതും ഇതിനോട് ചേർത്തുവായിക്കണം.
ചുരുക്കത്തിൽ മെയ് 27ന് ജി.എച്ച്.എഫിന്റെ പ്രവർത്തനം തുടങ്ങിയത് മുതൽ ഇന്ന് വരെയുള്ള കണക്കുകളെടുത്താൽ ഏകദേശം 500ന് അടുത്ത് ആളുകളാണ് ഭക്ഷണത്തിന് ക്യൂ നിന്നപ്പോൾ മാത്രം വെടിയേറ്റ് മരിച്ചത്. ഗസ്സയിലെ ഡെത്ത് ട്രാഫിക് ക്രിമിനലായ യാസർ അബൂ ശബാബിന് ഞങ്ങളാണ് ആയുധം നൽകുന്നതെന്ന് പറഞ്ഞതും ഇസ്റായേൽ അധികൃതർ തന്നെയാണ്. ഇതേ യാസർ അബൂ ശബാബ് മുൻ ഐ.എസ് പ്രവർത്തകനായിരുന്നുവെന്ന് സമ്മതിച്ചതും ഇസ്രയേലിന്റെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന അവിക് ദോർ ലിബർമാൻ തന്നെയാണ്.
വീട്ടിൽ മാവില്ലാത്തത് കൊണ്ട്, കരയുന്ന കുഞ്ഞുങ്ങളുടെ പശി അടക്കാനായി ഒരു പിടി മാവ് വാങ്ങാന്‍ തെരുവിൽ കൈനീട്ടി വരുന്നവരെ പോലെും, ഇസ്രായേൽ കൊന്നുകൊണ്ടേയിരിക്കും. അതൊരുപക്ഷേ ഭക്ഷണം കൊടുത്തും വെള്ളം തളിച്ചും ആയിരിക്കാം. എന്തിരുന്നാലും ഒട്ടിയ വയറുകളിൽ കല്ലുകൾ കെട്ടിയാണെങ്കിലും ഗസ്സയിലെ ഓരോ നവജാത ശിശുവും പറഞ്ഞുകൊണ്ടേയിരിക്കും, ഇൻതിഫാദ ഇൻക്വിലാബ്, ഫലസ്തീൻ സിന്ദാബാദ്. ലോകം അതിനെതിരെ എത്ര തന്നെ കണ്ണടച്ചാലും ആ മുദ്രാവാക്യങ്ങള്‍ അലയടിച്ചുകൊണ്ടേയിരിക്കും, തീര്‍ച്ച.
Leave A Comment