ഇന്ത്യന്‍ മുസ്‍ലിം നവോത്ഥാനം യുവാക്കളിലൂടെ

ഇന്ത്യന്‍ മുസ്‍‌ലിംകളുടെ സാമൂഹിക സാമ്പത്തിക ഉത്ഥാനം സാധ്യമാവുന്നത് ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടുകളിലൂടെയാണ്. എങ്കില്‍ പോലും അതിന് മുന്നോടിയായി നമ്മുടെ 'അവസരം' മനസ്സിലാക്കുക, 'വിഭവ സമാഹരണം നടത്തുക, കഴിവുകള്‍ ആര്‍ജിക്കുക എന്ന അടിസ്ഥാന കാര്യങ്ങള്‍ സംഘടിതവും ആസൂത്രിതവുമായി നടപ്പില്‍ വരുത്തേണ്ടതുണ്ട്.

ഇന്ത്യന്‍ മുസ്‍ലിംകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ആവശ്യമായ എട്ടിന കര്‍മ പദ്ധതിയാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്.

1. മുസ്‍ലിംകളെ ഇപ്പോഴുള്ള സാമൂഹിക സാമ്പത്തിക ദാരുണാവസ്ഥയില്‍ നിന്നും പിടിച്ചുയര്‍ത്താന്‍ രാഷ്ട്രീയ ഇടപെടല്‍ അത്യാവശ്യമാണ്. ഇന്ത്യന്‍ മുസ്‍ലിംകള്‍ നേരിടുന്ന വെല്ലു വിളികള്‍ അടിസ്ഥാന പരമായി രാഷ്ട്രീയപരം തന്നെയാണ്. അതിനെ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് മാത്രമേ നേരിടാനാവൂ.

 2. രാഷ്ട്രീയ അധികാരത്തിന്റെ ഇടനാഴിയില്‍ വ്യക്തമായ മേല്‍ക്കോയ്മ ഉറപ്പിച്ചാല്‍ മാത്രമേ ഫലവത്തായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഒരു സമൂഹത്തിന് സാധ്യമാവൂ. രാഷ്ട്രീയ അധികാരം സമൂഹത്തെ 'വിലപേശല്‍ ശക്തി'യാക്കി മാറ്റും, അതിലൂടെ രാഷ്ട്രീയ സഖ്യത്തിനുള്ള ചര്‍ച്ചകള്‍ സാധ്യവുമാണ്.

3. രാഷ്ട്രീയ അധികാരം സൃഷ്ടിച്ചെടുക്കാന്‍ ശക്തമായ രാഷ്ട്രീയ വീക്ഷണം അത്യാവശ്യമാണ്. പൊതുവ്യവഹാരങ്ങളില്ലാതെ രാഷ്ട്രീയാധികാരം സ്ഥാപിക്കല്‍ അസാധ്യമാണ്. അതിനായി നാം ഭരണഘടനാധിഷ്ടിതവും സമൂഹത്തിന്റെ ഉന്നമനത്തിലൂന്നിയതുമായ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍മിച്ചെടുത്ത് ജനകീയമാക്കേണ്ടതുണ്ട്. വര്‍ത്തമാനത്തില്‍ നിന്ന് കൊണ്ട് ഭൂതകാലത്തെ പുനര്‍വായനക്ക് വിധേയമാക്കുകയും സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയിലൂന്നി ഭാവി വിഭാവനം ചെയ്യുകയും ചെയ്യുന്നതിലൂടെ നമുക്ക് പൊതു സ്വീകാര്യമായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ സൃഷ്ടിക്കാനാവും.

4. ചരിത്രം, സാമൂഹ ശാസ്ത്രം, നരവംശ ശാസ്ത്രം, രാഷ്ട്ര മീമാംസ തുടങ്ങിയ മേഖലകളില്‍ പുതു രചനകള്‍ നടത്താന്‍ കഴിവുറ്റ പണ്ഡിതരും ബുദ്ധി ജീവികളും ഉണ്ടെങ്കില്‍ മാത്രമേ ശക്തമായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ സാധ്യമാവൂ. ഈ വിഷയങ്ങളെ നമ്മുടെ വീക്ഷണ കോണില്‍ നിന്ന് എഴുതാനും നമ്മുടേതായ രാഷ്ട്രീയ സ്ഥാനം നിര്‍മിച്ചെടുക്കാനും അവര്‍ക്ക് സാധിക്കണം. ഒരു ജനാധിപത്യ രാജ്യത്ത് നമ്മുടെ സ്ഥാനം എവിടെയാണെന്ന് അന്വേഷിക്കുന്ന സമഗ്രമായ ഒരു ലോക വീക്ഷണം വളര്‍ത്തിയെടുത്ത് ജനകീയ വല്‍കരിക്കാന്‍ അവര്‍ക്ക് അതിലൂടെ സാധിക്കും.

Also Read:ഇന്ത്യയിലെ മുസ്‌ലിം സ്വാധീനത്തിന്റെ സ്രോതസ്സുകള്‍

5. ഇത്തരം കഴിവുകളുള്ള പണ്ഡിതരെ നമ്മള്‍ തന്നെ വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്. അതിനായി ഫൈന്‍ ആര്‍ട്‌സ്, മത വിഷയങ്ങള്‍, തത്വചിന്ത, ദൈവ ശാസ്ത്രം, രാഷ്ട്ര മീമാംസ, നരവംശ ശാസ്ത്രം, സമൂഹ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ജേണലിസം, നിയമം, ചരിത്രം തുടങ്ങിയ മേഖലകളിലെ ഉന്നത കലാലയങ്ങള്‍ നമ്മള്‍ സ്ഥാപിക്കണം.

6. ഈ ഉന്നത കലാലയങ്ങള്‍ സ്ഥാപിച്ചെടുക്കല്‍ സാമൂഹ്യ വികസനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനുള്ള വ്യക്തമായ 'അവസരമാണെന്നും' നാം മനസ്സിലാക്കണം. മുസ്‍ലിം യുവതയടക്കമുള്ള കഴിവും പ്രാപ്തിയുമുള്ള ആളുകള്‍ ഈ ഒരു 'അവസരത്തെ' കുറിച്ച് ചിന്തിക്കാതെ തങ്ങളുടെ പതിതാവസ്ഥയെ കുറിച്ചുള്ള നിരൂപണങ്ങളില്‍ മുഴുകിയിരിക്കുന്നത് ദുഃഖകരമാണ്. നമ്മുടെ പിന്നാക്കാവസ്ഥയെ ഉന്നതിയിലേക്ക് കുതിക്കാനുള്ള ക്രിയാത്മക അവസരമായി കണ്ടാല്‍ ചിതറിക്കിടക്കുന്ന ഇത്തരം ശ്രമങ്ങളെ ഏകോപിപ്പിക്കാന്‍ നമുക്ക് സാധിക്കും.

7. ഈ 'അവസരങ്ങളെ' സക്രിയമായി ഉപയോഗിക്കണമെങ്കില്‍ നമ്മുടെ കയ്യിലുള്ള വിഭവങ്ങളെ ഏകീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, നമ്മള്‍ സ്ഥാപിക്കാനാഗ്രഹിക്കുന്ന ഉന്നത കലാലയങ്ങള്‍ക്ക് വലിയ പണച്ചെലവ് വരും. ഇങ്ങനെ നമ്മള്‍ ഏകീകരിച്ച് നടത്തുന്ന സ്ഥാപനങ്ങളിലൂടെ മുസ്‍ലിം ബുദ്ധിജീവികളെ വളര്‍ത്താന്‍ നമുക്കാവും.

8. മേല്‍ പറഞ്ഞ രീതിയില്‍ വിഭവ സമാഹരണത്തിനും  സ്ഥാപനങ്ങള്‍ നടത്തുന്നതിനും മാര്‍ക്കറ്റ് അധിഷ്ടിത സാങ്കേതിക-ബിസിനസ് കഴിവുകള്‍ നമുക്ക് ഉണ്ടാവേണ്ടതുണ്ട്. വിദ്യാസമ്പന്നരായ യുവാക്കള്‍ തങ്ങളുടെ ടാലന്റിനെ സാമൂഹികോന്നമനത്തിന് ഉപയോഗിക്കുന്നവരാവണം. 

എന്നാല്‍, ദുഃഖകരമെന്ന് പറയട്ടെ, അഭ്യസ്ത വിദ്യരായ യുവാക്കള്‍ സമൂഹ നന്മ ലക്ഷ്യം വെക്കുന്നതിന് പകരം സ്വന്തം താല്‍പര്യ സംരക്ഷണത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്.
സമുദായ വികസനത്തിനായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടന്നിട്ടുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ അനാസ്ഥയുടെ ചുവപ്പ് നാടയില്‍ കുടുങ്ങി ഇല്ലാതായിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോഴുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജയിച്ച് മുന്നേറാന്‍ നമുക്ക് സാധിക്കും, തീര്‍ച്ച.

(http://muslimmirror.com/eng/ ല്‍  ആരിസ് ഇമാം എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം.

വിവ:ഷഹിന്‍ഷാ ഹുദവി ഏമങ്ങാട്.)

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter