ഇന്ത്യയിലെ മുസ്‌ലിം സ്വാധീനത്തിന്റെ സ്രോതസ്സുകള്‍

ബഹുമത സമൂഹങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമകേന്ദ്രമായ ഇന്ത്യയുമായുള്ള ഇസ്‌ലാമിക സമ്പര്‍ക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.  പ്രധാനമായും അറബികള്‍, തുര്‍ക്കികള്‍, മംഗോളിയര്‍ എന്നീ മൂവര്‍ സംഘങ്ങളുമായാണ് ഇന്ത്യ നാഗരികമായി ഇടപഴകിയത്. എന്നാല്‍, ഈ ഇടപെടലുകള്‍ക്ക് ആധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും മുഖം മാത്രം നല്‍കുന്നത് ശരിയാവില്ല. അങ്ങനെയുള്ളവയെ ഇസ്‌ലാമികമെന്ന് വിശേഷിപ്പിക്കുന്നത് തീര്‍ത്തും അനുചിതവുമാണ്. പ്രവാചക കാലത്തുതന്നെ ദക്ഷിണേന്ത്യയിലും ശേഷം അമവിയ്യ ഭരണകാലത്ത് ഉത്തരേന്ത്യയിലും പരിശുദ്ധ ഇസ്‌ലാമിന്റെ പ്രഭ പരന്നിട്ടുണ്ടെന്നതാണ് ആദ്യന്തിക അപഗ്രഥനത്തില്‍ വ്യക്തമാകുന്നത്.


ഇന്ത്യയിലെ മുസ്‌ലിം ആഗമനം പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് അരങ്ങേറുന്നത്. പ്രവാചക കാലത്തുതന്നെ കച്ചവടക്കാരായ അറബികളിലൂടെയും മറ്റും ദക്ഷിണേന്ത്യയില്‍ മുസ്‌ലിംകള്‍ നടത്തിയ പ്രബോധന ഘട്ടമാണതിലൊന്ന്. മറ്റൊന്ന് എ.ഡി. 712-ല്‍ മുഹമ്മദ് ബനീ ഖാസിമിലൂടെ ഉത്തരേന്ത്യയില്‍ തുടക്കംകുറിച്ച മുസ്‌ലിം ആഗമനവും ഇസ്‌ലാമിക പ്രബോധനവുമാണ്. ഇബ്‌നുഖാസിമിന്റെ സിന്ധാക്രമണത്തിന് മതാധിഷ്ഠിത പടയോട്ടത്തിന്റെ നിറം ചാര്‍ത്താന്‍ പലരും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും ന്യായവും അനിവാര്യവുമായിരുന്ന പടയോട്ടമാണ് ഇബ്‌നു ഖാസിം നടത്തിയത്.
ഇബ്‌നു ഖാസിമിന്റെ ആക്രമണത്തിന്റെ പശ്ചാത്തലവും സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളൊന്നും ചികയാതെ കാടിളക്കി വെടിവെക്കുന്ന നയമാണ് ചരിത്രമെഴുത്തുകാരിലധികവും സ്വീകരിച്ചത്. ബലാദുരി പറയുന്നു: ”അറേബ്യയിലെ സിന്ധാക്രമണത്തിന്റെ കാരണം ബസറയിലെ അന്നത്തെ ഗവര്‍ണ്ണറായിരുന്ന ഹജ്ജാജിന് സിലോണിലെ രാജാവ് ഒരു കപ്പല്‍ നിറയെ വിലപ്പെട്ട സമ്മാനങ്ങളും അവിടെവെച്ച് മൃതിയടഞ്ഞ അറബി വ്യാപാരികളുടെ വിധവകളെയും കുട്ടികളെയും വസ്തുവഹകളും കൊടുത്തയച്ചിരുന്നത് സിന്ധ് രാജാവ് ദാഹിറിന്റെ കടല്‍കൊള്ളക്കാര്‍ കൊള്ളയടിച്ചതിന്റെ പ്രതികാരമായിട്ടാണ് നടന്നതെന്നാണല്ലോ. നഷ്ടപരിഹാരം ആവശ്യപ്പെട്ട ദാഹിര്‍ നല്‍കാത്തതിന്റെ പേരിലായിരുന്നു സിന്ധാക്രണമം നടന്നത്.”
ശരീഅത്തിനനുസരിച്ചുള്ള മാതൃകാ ഭരണമാണ് ഖാസിം സിന്ധില്‍ നടപ്പാക്കിയത്. എല്ലാ മതക്കാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കി. ബ്രാഹ്മണരേയും ബുദ്ധമതക്കാരേയും ഭരണത്തില്‍ സഹായികളാക്കി. ഹിന്ദുവായ കാക്‌സ ആയിരുന്നു ഖാസിമിന്റെ പ്രധാന ഭരണസഹായി. ചിലര്‍ പറയും പോലെ ഏകപക്ഷീയമായ സമീപനമായിരുന്നില്ല ഖാസിമിന്റേത്. സിന്ധാക്രമണം പൂര്‍ണമായും വിജയത്തിലെത്തിയത് പരിസരവാസികളുടെയും നാട്ടുകാരുടെയും പിന്തുണയോടെയായിരുന്നുവെന്നതിന് ഇബ്‌നുഖാസിമിന്റെ ഉദ്ദേശ്യശുദ്ധി വായിച്ചെടുക്കാവുന്നതാണ്. ഇബ്‌നു ഖാസിമിനെക്കുറിച്ച് ഏലിയട്ട് പറയുന്നു: ”അദ്ദേഹം ബ്രാഹ്മണരില്‍ വിശ്വാസം അര്‍പിച്ചുകൊണ്ട് രാജ്യത്തിന്റെ സമാധാനം പുനഃസ്ഥാപിക്കാന്‍ അവരെ നിയോഗിച്ചു. അവരുടെ ക്ഷേത്രങ്ങള്‍ നന്നാക്കുവാനും പഴയത് പോലെ അവരുടെ മതസംഹിത പിന്തുടരുവാനും അദ്ദേഹം അനുവദിച്ചു. നികുതി പിരിവും അവരെ ഏല്‍പിച്ചു. തദ്ദേശ ഭരണത്തിന്റെ പരമ്പരാഗതമായ വ്യവസ്ഥ നിലനിറുത്താന്‍ അവരെ നിയോഗിച്ചു.”
മുസ്‌ലിം ഭരണാധികാരികള്‍
ഇന്ത്യയിലെ ഇസ്‌ലാമിക മുന്നേറ്റം ഭരണാധികാരികളുടെ ഉരുക്കുമുഷ്ടികൊണ്ട് സാധ്യമായതാണെന്ന നിരീക്ഷണം പലരും നടത്തിയിട്ടുണ്ട്. ഇന്ത്യ എട്ട് നൂറ്റാണ്ടോളം മുസ്‌ലിം ഭരണാധിപരുടെ കീഴിലായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ ഇന്ത്യയിലെ ഇസ്‌ലാമിക മുന്നേറ്റം ഭരണാധികാരികളുടെ അടിച്ചമര്‍ത്തലുകള്‍കൊണ്ടോ ബലപ്രയോഗം കൊണ്ടോ നടന്നതല്ല എന്നതാണ് വസ്തുത.
ഇസ്‌ലാമിക പ്രചരണം ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുമായി  ചേര്‍ത്ത് വായിക്കുന്നതിനെ സര്‍തോമസ് അര്‍നോള്‍ഡ് വിമര്‍ശിക്കുന്നുണ്ട്. ഇന്നേവരെ ആരും ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രചരണചരിത്രം അതിന്റെ അനുയായികളുടെ സൈനികവും ഭരണപരവുമായ മാറ്റങ്ങളെ മാറ്റിനര്‍ത്തിക്കൊണ്ട് രേഖപ്പെടുത്തിവെക്കാന്‍ മുതിര്‍ന്നിട്ടില്ല.” ഇന്ത്യയിലെവിടെയും ശരീഅത്തിനനുസൃതമായ ഒരു ഭരണം നടന്നിട്ടില്ല. കുറേകാലം മുസ്‌ലിംകള്‍ ഭരിച്ചു. അവരില്‍തന്നെ ഇസ്‌ലാമിനോട് ആഭിമുഖ്യമുള്ളവരും ഇല്ലാത്തവരുമുണ്ട്. പിന്നെങ്ങനെ മുസ്‌ലിം ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാനാവും?
മുസ്‌ലിം ഭരണാധികാരികളില്‍ ചിലര്‍ സാമ്രാജ്യത്വമോഹികളും രാജഭരണ തല്‍പരരുമായിരുന്നു. ചിലര്‍ ഇസ്‌ലാമിനെ ഭരണനേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷേ, അധീശത്വ താല്‍പര്യങ്ങള്‍ക്കായ് നിലകൊള്ളുമ്പോഴും പല മുസ്‌ലിം സുല്‍ത്താന്‍മാരും കുറെ പുരോഗമനാത്മകമായ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. എന്നാലൊക്കെയുംതന്നെ ഒരു ഭരണാധികാരിയും മതാധിഷ്ഠിതമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭരണത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഡോ. രാജേന്ദ്രപ്രസാദ് നിരീക്ഷിക്കുന്നു: ”ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങള്‍ ഇസ്‌ലാംമതം പ്രചരിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു എന്ന് പറയാനാകില്ല. മറ്റെല്ലാ ഭിഗ്വി ജയങ്ങളിലുമെന്നപോലെ മതാസക്തിയെന്നതിനേക്കള്‍ ഭൗതികവും ലൗകികവുമായ ലക്ഷ്യങ്ങളാല്‍ പ്രേരിതമാവുകയായിരുന്നു അവര്‍.”10
ഇന്ത്യയിലെ ഇസ്‌ലാമിക മുന്നേറ്റത്തിന് ഏറെ സഹായകമായത് ഇസ്‌ലാമിന്റെ ദാര്‍ശനിക മേന്‍മയും സമത്വത്തിലധിഷ്ഠിതമായ സാമൂഹിക വീക്ഷണങ്ങളുമാണ്. ജവഹര്‍ലാല്‍ നെഹ്‌റു എഴുതുന്നു: ”ഇസ്‌ലാമിന്റെ സാഹോദര്യ കാഴ്ചപ്പാടും ആ മതത്തിന്റെ അനുയായികളുടെ സൈദ്ധാന്തിക സമത്വവീക്ഷണവും തുല്യമായ പെരുമാറ്റത്തില്‍ ഒരല്‍പം പോലും ലഭ്യമാവാതിരുന്നത് ഹിന്ദു സമൂഹത്തില്‍ പ്രത്യേകിച്ച് ശക്തമായ സ്വാധീനം സൃഷ്ടിച്ചു.” ഇസ്‌ലാമിന്റെ ദാര്‍ശനിക മഹത്വം ജനങ്ങളിലേക്കെത്തിച്ചത് മഹത്തുക്കളായ സൂഫിയാക്കളാണ്. സൂഫിയാക്കളുടെ കറപുരളാത്ത ജീവിതമാണ് ഭരണാധിപരേക്കാളുമൊക്കെ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമൊക്കെ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ചാലക ശക്തികളായി നിലകൊണ്ടത്.


സൂഫീസ്വാധീനത്തിന്റെകേന്ദ്രങ്ങള്‍
സ്വദേശികളും വിദേശികളുമായ ഒട്ടനവധി മഹാത്മാക്കളും ഔലിയാക്കളും ഇന്ത്യയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറിയുടെ കാലത്ത് (എഡി. 1178) ഇന്ത്യയിലേക്ക് വരുന്നതോടെയാണ് ഈ ശൃംഖലക്ക് തുടക്കം കുറിക്കപ്പെടുന്നത്. പ്രമുഖ ചരിത്രകാരന്‍ സി.കെ. കരീമും പറയുന്നു: മധ്യകാല നൂറ്റാണ്ടില്‍ ബുഖാറയും സമര്‍ഖന്തും മംഗോള്‍ ആക്രമണത്തിനിരയായി ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ നാശോന്മുഖമായപ്പോള്‍ അവിടെനിന്ന് പണ്ഡിതന്മാരും സൂഫീവര്യരുമെല്ലാം പ്രാണരക്ഷാര്‍ത്ഥം അഭയംകണ്ടെത്തിയത് ഇന്ത്യയിലായിരുന്നു. അങ്ങനെ അജ്മീറും ഡല്‍ഹിയും മുള്‍ത്താനും മുസ്‌ലിം പണ്ഡിതന്മാരുടെ ആവാസകേന്ദ്രമായി. ലൗകിക ആര്‍ഭാടങ്ങള്‍ക്കതീതമായി പരിശുദ്ധ ജീവിതം നയിച്ചിരുന്ന സൂഫികളും പണ്ഡിതന്മാരുമാണ് ഇസ്‌ലാമിക ജീവവായു ഇന്ത്യക്ക് നല്‍കിയത്. ജീവരക്ഷാര്‍ത്ഥം ഓടിപ്പോന്ന ഈ സൂഫികളും പണ്ഡിതന്മാരുമാണ് ഇന്ത്യയില്‍ ഇസ്‌ലാമികപ്രചരണവും സാംസ്‌കാരികാധിനിവേശവും നടത്തിയത്.
ഖുറാസാന്‍ പ്രദേശത്തെ സന്‍ജര്‍ ഗ്രാമത്തിലാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങള്‍ ജനിച്ചത്. നബിപുത്രി ഫാത്വിമ(റ)ലെത്തുന്നതാണ് അവിടുത്തെ പരമ്പര. ഡമസ്‌കസ്, ശാദമാന്‍, ബല്‍ഖ, ബുഖാറ, ഗിസനീല്‍, മുല്‍ത്താന്‍, ലാഹോര്‍ വഴി ഇന്ത്യയിലെത്തിയ മഹാന്‍ ഡല്‍ഹിയില്‍ നിന്നും അജ്മീറിലേക്ക് പോവുകയും അത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ സുപ്രധാന കേന്ദ്രമായിരുന്നു അന്ന് അജ്മീര്‍. മതപ്രബോധനത്തിലും വിജ്ഞാന പ്രചരണത്തിലുമായി കഴിഞ്ഞുകൂടിയ മഹാന്‍ മുഖേന നിരവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. ഹിജ്‌റ 537 റജബ് 14-ന് ജനിച്ച മഹാന്‍ ഹിജ്‌റ 632 റജബ് 6-ന് വഫാത്തായി.
13-ാം നൂറ്റാണ്ടില്‍ ഇന്ദ്രപ്രസ്ഥത്തിലിരുന്ന് ഇന്ത്യയുടെ ആത്മീയ നവോത്ഥാനത്തിന്റെ ചുക്കാന്‍ പിടിച്ചവരായിരുന്നു മഹാനായ നിസാമുദ്ദീന്‍ ഔലിയ(റ). എ.ഡി. 1238-ല്‍ ഉത്തര്‍പ്രദേശിലെ സോത് നദിയുടെ കിഴക്കുതീരത്ത്  ബുദൗനില്‍ ജനിച്ചു. അറേബ്യയില്‍ നിന്നും മധ്യേഷ്യയിലെത്തി മതപ്രബോധനം നടത്തിയവരായിരുന്നു മഹാന്റെ മുന്‍ഗാമികള്‍. സുല്‍ത്താന്‍മാരുടെ അതിക്രമം കാരണം മതത്തെ തെറ്റിദ്ധരിച്ച ആളുകളും മറുവശത്ത് ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ട അവസരത്തിലാണ് മഹാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയത്. ഔലിയായുടെ കാലത്ത് ഏഴു സുല്‍ത്താന്മാര്‍ ഡല്‍ഹി ഭരിച്ചിട്ടുണ്ട്. ഇസ്‌ലാമിക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശക്തവും യുക്തവുമായ പ്രവര്‍ത്തനങ്ങള്‍ മഹാന്‍ കാഴ്ചവെച്ചിട്ടുണ്ട്. ഗിയാസുദ്ദീന്‍ ബാല്‍ബന്റെ ഭരണകാലത്ത് സൂഫികള്‍ ആത്മീയാനന്ദത്തിനായി സംഗീതസദസ്സുകള്‍ സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ വിശദീകരണം മഹാന്‍ നല്‍കുകയുണ്ടായി. സംഗീതത്തെ ഹലാല്‍, മുബാഹ്, മക്‌റൂഹ്, ഹറാം എന്നിങ്ങനെ നാലായി തരം തിരിക്കുകയും അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാനിലെ പാക്പത്തനില്‍ അന്തിയുറങ്ങുന്ന മഹാനാണ് ബാബാ ഫരീദ് ഖന്‍ജേശ്കര്‍. ചിശ്തി പ്രസ്ഥാനത്തെ രാജ്യത്തെങ്ങും വ്യാപിപ്പിക്കുന്നതില്‍ അളവറ്റ പങ്കുവഹിച്ചു. ഗോറികള്‍ ആര്യാവര്‍ത്തം കീഴടക്കുകയും ഗസ്‌നവികള്‍ പഞ്ചാബില്‍ തകര്‍ച്ച നേരിടുകയും ചെയ്ത കാലത്താണ് മഹാന്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.


മധ്യകാല നൂറ്റാണ്ടുകള്‍
മുഗള്‍ ഭരണകാലത്തും മുമ്പുള്ള ഡല്‍ഹി സല്‍ത്തനത്തിന്റെ ഭരണത്തിലും രാജാക്കന്മാര്‍ പൊതുവെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആലസ്യം പ്രകടിപ്പിച്ചവരായിരുന്നു. മാത്രമല്ല ഇസ്‌ലാമിനോട് ചെറിയതോതിലുള്ള ചായ്‌വ് മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ബീന്‍ പാണ്‌ഢെ പറയുന്നത് കാണുക: ”മധ്യകാല നൂറ്റാണ്ടില്‍ ഇന്ത്യയുടെ രാഷ്ട്രത്തലവന്മാര്‍ മുസ്‌ലിംകളായിരുന്നുവെങ്കിലും രാഷ്ട്രം ഇസ്‌ലാമികമായിരുന്നില്ല. ഖുര്‍ആനിലും ഹദീസിലും പറഞ്ഞ കാര്യങ്ങളൊന്നും രാഷ്ട്രം പിന്തുടരുകയോ നാലു വിഭാഗങ്ങളായി തിരിച്ച കര്‍മശാസ്ത്രമനുസരിച്ചുള്ള നിയമങ്ങള്‍ ആവിഷ്‌കരിക്കുകയോ ചെയ്തിരുന്നില്ല.” കൊട്ടാരപണ്ഡിതന്മാര്‍ പൊതുവെ സുല്‍ത്താന്‍മാരുടെ സ്തുതിപാഠകരായിരുന്നു. അവരുടെ പ്രീതി ലഭിക്കാന്‍വേണ്ടി രാജാക്കന്മാര്‍ നടത്തുന്ന പോരാട്ടങ്ങളെ ഇസ്‌ലാമിലെ പരിശുദ്ധ ജിഹാദായി വ്യാഖ്യാനിക്കാന്‍പോലും അവര്‍ മടികാണിച്ചിരുന്നില്ല. അല്‍ബിറൂനി, അബ്ദുല്‍ ഖാദര്‍ ബദയുനി തുടങ്ങി ഏതാനും ചിലയാളുകള്‍ മാത്രമേ സത്യസന്ധമായി കാര്യങ്ങള്‍ രേഖപ്പെടുത്താനും ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ രാജാക്കന്മാരെ ഉപദേശിക്കാനും തുനിഞ്ഞിരുന്നുള്ളൂ. തന്റെ താരീഖുല്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ കൊട്ടാര പണ്ഡിതന്മാര്‍ എഴുതിയതിനെതിരായി പല സത്യങ്ങളും തുറന്നു പറയുന്നുണ്ട് അദ്ദേഹം.
ഇങ്ങനെയൊക്കെയാണെങ്കിലും പലമേഖലകളിലും മുസ്‌ലിം രാജാക്കന്മാര്‍ക്ക് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്ക രീതിയിലൂടെ ഇരു സംസ്‌കാരങ്ങളും പരസ്പരം ഒരുപാട് ആചാരങ്ങള്‍ കൈമാറ്റം ചെയ്തു. ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസമടങ്ങുന്ന തത്വസംഹിതകളും ചരിത്ര സാഹിത്യം എന്നിവയടങ്ങുന്ന കലാ സാഹിത്യ ഉപാധികളും സംസ്‌കാരത്തിന്റെ പ്രകടനമായ വസ്ത്രധാരണരീതിയും പേര്‍ഷ്യന്‍ നിര്‍മ്മാണമാതൃകകളും ഇന്ത്യയില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തി.


വിദ്യാഭ്യാസവും
വാസ്തുശില്‍പ കലയും

പതിനൊന്നാം നൂറ്റാണ്ടു മുതല്‍ ഇസ്‌ലാമിക സ്ഥാപനങ്ങളും സമ്പ്രദായങ്ങളും ഇന്ത്യയിലെത്തി. സല്‍ജുന സുല്‍ത്താന്‍ അല്‍ഫ അര്‍സലാന്റെ (1063 – 72) മന്ത്രി നിളാമുദ്ദീന്‍ മുല്‍ക് ബാഗ്ദാദില്‍ നിളാമിയ്യ കോളേജ് സ്ഥാപിക്കുകയും പുതിയ പാഠ്യപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. ഗസ്‌നി സുല്‍ത്താന്മാരുടെ കാലത്ത് ഗസ്‌നിയിലും ലാഹോറിലും സ്ഥാപിതമായ കോളേജുകളില്‍ ഈ പാഠ്യപദ്ധതിയാണ് സ്വീകരിച്ചത്. താമസിയാതെ ഇന്ത്യയുടെ മറ്റിടങ്ങളിലേക്കും അതു വ്യാപിച്ചു. ഡല്‍ഹിയിലെ ആദ്യ മുസ്‌ലിംവിദ്യാ കേന്ദ്രം സുല്‍ത്താന്‍ ഇല്‍തുമിഷ് (1236) സ്ഥാപിച്ച ഖുവ്വത്തുല്‍ ഇസ്‌ലാമാണ്. എ.ഡി. 1517ല്‍ മരിച്ച സിക്കന്ദര്‍ ലോദി പല ഭാഗങ്ങളിലും വിദ്യാകേന്ദ്രങ്ങള്‍ തുറന്നു. മാത്രമല്ല സഹോദരന്‍മാരായ ശൈഖ് അബ്ദുല്ല, ശൈഖ് അസീസുല്ല എന്നിവരുടെ കീഴില്‍ ശാസ്ത്രപഠനം പോഷിപ്പിക്കുകയും ചെയ്തു. മീര്‍ഫത്ഹുല്ലാ ഗീലാനി, ഹകീം അലി ജീലാനി എന്നിവര്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തെ പേരുകേട്ട ശാസ്ത്രജ്ഞന്മാരാണ്. 1258-ല്‍ ബാഗ്ദാദിന്റെ പതനത്തെ തുടര്‍ന്ന് പലായനം ചെയ്ത മുസ്‌ലിം പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും സംരക്ഷണം തേടിയെത്തിയത് ഇന്ത്യയിലായിരുന്നു.
ഇന്തോ പേര്‍ഷ്യന്‍ നിര്‍മ്മാണ ചാരുതക്ക് തുടക്കംകുറിച്ചത് മുസ്‌ലിംകളായിരുന്നു. മഹമൂദ് ഗസ്‌നി നൂറുക്കണക്കിന് വിദഗ്ധന്മാരെ ശില്‍പകലാവശ്യങ്ങള്‍ക്കായി കൂടെ കൂട്ടിയിരുന്നു. കൂടാതെ മധ്യേഷ്യയിലെ രാജധാനികളിലേക്ക് അവരെ അയച്ച് ഇന്ത്യന്‍ നിര്‍മ്മാണ രീതിക്ക് വ്യാപനം നല്‍കുകയും ചെയ്തു. പേര്‍ഷ്യന്‍ നിര്‍മ്മാണ ചാരുതയും ഇന്ത്യന്‍ ശില്‍പമാതൃകയും സമ്മേളിച്ച ഒട്ടനവധി സ്തംഭങ്ങളും സ്തൂപങ്ങളും ഇന്ത്യയിലിന്ന് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അക്ബര്‍ സ്ഥാപിച്ച ഫത്തേപൂര്‍ സിക്രിയും താജ്മഹലും ഖുതബ്മീനാറും ചെങ്കോട്ടയും ബാബ്‌രി മസ്ജിദുമെല്ലാം നിര്‍മ്മാണരംഗത്തെ കിടയറ്റ മാതൃകകളാണ്.
അറബിഭാഷ ഇന്ത്യന്‍
ഭാഷകളിലും സംസ്‌കാരത്തിലും

പുരോഗതി പ്രാപിച്ച ഒരു ഭാഷക്ക് ഇതര ഭാഷകളില്‍ സ്വാധീനമുണ്ടാവുകയെന്നത് സ്വാഭാവികമാണ്. ഉറുദു ഭാഷയുടെ അവഗണിക്കാന്‍ കഴിയാത്ത ഒരു ഭാഗമാണ് അറബി. പേര്‍ഷ്യന്‍, അറബി, തുര്‍ക്കി ഭാഷകളുടെ സങ്കരമാണ് ഉറുദു. ആ ഭാഷയിലെ അറബി പദങ്ങള്‍ ഇന്നും അതേരൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഉറുദുവിലെ ഭാവ് (ചിലവ്) കര്‍ഹമില്‍ നിന്നും പിടിക്കപ്പെട്ടതാണ്. കറന്‍സി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഖീറാന്‍ത് അറബിയില്‍നിന്നും മാറിവന്നതാണ്. തമാശ എന്ന പദം തമാശി കൂടെ നടക്കുക എന്ന അറബിവാക്കില്‍ നിന്നും രൂപപ്പെട്ടതാണ്. തുടങ്ങി, ഉറുദുവിലുള്ള ഒരുപാട് പദങ്ങള്‍ അറബി ഭാഷയില്‍ നിന്നും രൂപപ്പെട്ടവയാണ്. (അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ് – അലീമിയാന്‍) അറബി ഭാഷ ഇന്ത്യന്‍ സംസ്‌കാരത്തെ പലവിധേനെയും സ്വാധീനിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ മാധ്യമമെന്ന നിലക്കും ഖുര്‍ആന്റെ ഭാഷയെന്ന നിലക്കും മുസ്‌ലിംകള്‍ക്ക് മുഴുവന്‍ അറബിയോട് ബന്ധമുണ്ടായിരുന്നു. മതപ്രബോധകര്‍ അറബി മാധ്യമമാക്കി പ്രബോധനം സാധ്യമല്ലെന്ന് കണ്ടപ്പോള്‍ പ്രാദേശിക ഭാഷകള്‍ക്ക് അറബി ലിപി നല്‍കുന്ന രീതി ആവിഷ്‌കരിച്ചു. ഇതു നല്ല ഫലം ചെയ്യുകയും ചെയ്തു. അറബി സിന്ധിയും അറബി തമിഴും അറബി മലയാളവും ഇങ്ങനെ രൂപംകൊണ്ടതാണ്.
ദക്ഷിണേന്ത്യന്‍
പരിഷ്‌കര്‍ത്താക്കള്‍

പ്രവാചക തിരുമുഖത്ത്‌നിന്ന് ഇസ്‌ലാം പഠിച്ച പുണ്യ പുരുഷന്മാര്‍ മലയാളമണ്ണിലുയര്‍ത്തിയ നവോത്ഥാനത്തിന്റെ ദീപശിഖ അണയാതെ സൂക്ഷിച്ച സൂഫികളുടെയും ഔലിയാക്കളുടെയും പുതിയ മുഖം നല്‍കിയ മഖ്ദൂമികള്‍ കേരള ചരിത്രത്തില്‍ എന്നും ഒന്നാം നിരയില്‍ നില്‍ക്കുന്നു. യമനിലെ വഅ്ബര്‍ ദേശത്ത് നിന്ന്  ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലേക്ക് വന്ന മഖ്ദൂമി കുടുംബം കാലത്തിന് മുമ്പേ നടന്ന പരിഷ്‌കര്‍ത്താക്കളായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ സ്ഥാപിച്ച പൊന്നാനിയിലെ വിജ്ഞാന കേന്ദ്രത്തില്‍ ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, അറേബിയ, ഈജിപ്ത്, സിറിയ, ഇറാഖ് മുതലായ രാജ്യങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. പള്ളിയില്‍ കഴിഞ്ഞുകൂടുന്നതിനപ്പുറം മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കാവശ്യമായ  സര്‍വ്വമേഖലകളില്‍ ഈ കുടുംബം ക്രിയാത്മകമായി ഇടപെട്ടിരുന്നു. കൂടാതെ മുസ്‌ലിം കൈരളിക്ക് തുഹ്ഫതുല്‍ മുജാഹിദീനടക്കമുള്ള ചരിത്രഗ്രന്ഥങ്ങളും നിരവധി കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും രചിക്കുകയും ചെയ്തിട്ടുണ്ട്. ജിഫ്‌രി കുടുംബം, മമ്പുറം കുടുംബം, മൗലാനാ ചാലിലകത്ത് തുടങ്ങിയ ഒട്ടേറെ പരിഷ്‌കര്‍ത്താക്കളും മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അനല്‍പമായ പങ്കുകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കടന്നുവന്ന വൈദേശിക ശക്തികളെ കെട്ട് കെട്ടിക്കുന്നതിലെ അവരുടെ നിസ്സീമമായ പങ്കിനെ ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍, അവിഭക്ത ഭാരത ചരിത്രം വിളിച്ചുപറയുന്നത് മുസ്‌ലിം സമൂഹത്തിന്റേയും ഇന്ത്യയിലെ മറ്റിതര സമൂഹങ്ങളുടെയും നാനോന്മുഖ പുരോഗതിയില്‍ ഇസ്‌ലാം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ്. രാജാക്കന്മാരേക്കാള്‍ ഉപരി സൂഫികളും പണ്ഡിതന്മാരും ത്വരീഖത്തുകളുമാണ് ഇതില്‍ മുഖ്യമായ പങ്ക് വഹിച്ചത് എന്നും.

റഫറന്‍സ്
1. ഇസ്‌ലാമും ലോകവും / പു. 90
2. ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക് / എം.എന്‍. റോയ്.
3. ഹാലിബതുത്ത്വറബ് ബിഹല്ലി ജാലിബത്തില്‍ അറബ് / അഹ്മദ് കോയ ശാലിയാത്തി പു. 33
4. കേരളത്തിലെ സ്വഹാബാക്കള്‍ / വി.എ. അഹ്മദ് കബീര്‍ / 1992 പു. 69
5. സാക്ഷി. കടമേരി റഹ്മാനിയ്യ 30-ാം വാര്‍ഷിക ഉപഹാരം പു. 24
6. പ്രാചീന കേരളവും മുസ്‌ലിം ആവിര്‍ഭാവവും / ഡോ. സി.കെ. കരീം
7. കേരളത്തിലെ മാപ്പിളമാര്‍ / സി. കുഞ്ഞിരാമമേനോന്‍- കനകകൗമുദി ലേഖനം
8. ഫുതൂഹുല്‍ ബുല്‍ദാന്‍ / അഹ്മദ് ബ്‌നു യഹ്‌യ ബ്‌നു ജാബിര്‍ അല്‍ ബലാദുരി
9. ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക് / പു. 13
10. ഇന്ത്യ ഡിവൈഡഡ് -രാജേന്ദ്ര പ്രസാദ്, പു. 39
11. Discovery of India -Nehru, P. 225
12. അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ് / പു. 122

(അബ്ബാസ് മാവൂര്‍, അബ്ദുല്‍ ബസ്വീര്‍ അരീക്കോട്‌)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter