വിദ്വേഷവും വര്‍ഗീയ അക്രമവും: മാറുന്ന ശരീര ഘടന

ഈ വര്‍ഷത്തെ രാമനവമിയിലും പിന്നീട് ഹനുമാന്‍ ജയന്തിയിലും ഉണ്ടായ സംഭവങ്ങള്‍ വളരെ അലോസരപ്പെടുന്നതായിരുന്നു. രാമനവമി നാളില്‍ നമ്മെ നടുക്കിയ പ്രധാന സംഭവങ്ങള്‍ ഗുജ്‌റാത്തിലെ ഖംബതയിലും ഹിമ്മത് നഗറിലും മധ്യപ്രദേശിലെ  ഖാര്‍ഗോണിലും കര്‍ണാടകയിലെ  ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍,കോലാര്‍ എന്നിവിടങ്ങളിലും യു.പിയിലെ സീതാപൂരിലും ഗോവയിലെ ഇസ്‌ലാംപുരയിലേതുമാണ്.രാജ്യവ്യാപകമായി വ്യാപിച്ച സംഭവങ്ങളില്‍ വളരെ കുറവ് മാത്രമാണിത്. 

ന്യൂനപക്ഷ സമുദായത്തിന്റെ ഏതാണ്ട് 51 കെട്ടിടങ്ങള്‍ (കടകളും വസതികളും) തകര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ഞെട്ടിക്കുന്ന നടപടിയായാണ് ഖാര്‍ഗോണ്‍ സംഭവം വേറിട്ട്‌നില്‍ക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിന്ന് കല്ലെറിഞ്ഞുവെന്നായിരുന്നു ആരോപണം;അതിനാല്‍ ആഭ്യന്തര മന്ത്രിയുടെ ഭാഷയില്‍ ഇവിടെ കല്ലുകളാക്കി മാറ്റേണ്ടി വന്നുവെന്നാണ്. അതിനിടെ ഹിന്ദുക്ഷേത്രങ്ങള്‍ക്കടുത്തും ഹിന്ദു മേളകളിലും മുസ്‌ലിം വ്യാപാരികളെ പ്രവേശിപ്പിക്കില്ല എന്ന മുസ്‌ലിം സമുദായത്തിന്റെ നട്ടെല്ല് തകര്‍ക്കാനുള്ള പുതിയ ന്യായവും ഉയര്‍ന്നുവന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹനുമാന്‍ ജയന്തി ആഘോഷിച്ചു. ഘോഷയാത്രകള്‍ ഉച്ചത്തിലുള്ള സംഗീതം മുഴക്കിക്കൊണ്ടിരുന്നു,ആയുധങ്ങളുമായി മുസ്‌ലിം വിരുദ്ധ മുദ്രാവ്യാക്യങ്ങള്‍ വിളിച്ച് നൃത്തം ചെയ്യുകയായിരുന്നു. ഘോഷയാത്രകള്‍ക്ക് ഒരു പൊതു ലക്ഷ്യസ്ഥാനം ഉണ്ടായിരുന്നു, പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ അടുത്തുള്ള പള്ളികളായിരുന്നു അത്. പ്രകോപനമായ മുദ്രാവാക്യങ്ങളും കല്ലേറുകളും അക്രമവും തുടര്‍ന്നു. ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രത്യേകിച്ചും വേറിട്ടുനിന്നു. ഇവിടെ കല്ലേറിന് ശേഷം ആദ്യ ഘട്ടത്തില്‍ തന്നെ 14 മുസ്‌ലിംകള്‍ അറസ്റ്റിലായി. 

ചുറ്റും ഉച്ചത്തിലുള്ള ഉന്മാദങ്ങള്‍ തെരുവുകളില്‍ അലയടിച്ചു, ഇതുകൊണ്ടൊക്കെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മോശം യുഗത്തിലാണ് നാം ജീവിക്കുന്നതെന്ന് പറയാന്‍ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പ്രേരിപ്പച്ചത്. ഇതുകൊണ്ടാണ് കോണ്‍ഗ്രസ്,എന്‍സി.പി, ടി.എം.സി, ഡി.എം.കെ തുടങ്ങി 13 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ഒരു പ്രസ്താവന ഇറക്കാന്‍ പ്രേരിപ്പിച്ചത്.  'ഭക്ഷണം, വസ്ത്രധാരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞങ്ങള്‍ അങ്ങേയറ്റം വേദനിക്കുന്നു. ഭക്ഷണവും ഉത്സവങ്ങളും ഭാഷയും നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാന്‍ ഭരണ സ്ഥാപനങ്ങള്‍ ബോധപൂര്‍വം ഉപയോഗിക്കുന്നു. ഔദ്യോഗിക രക്ഷാകര്‍തൃത്വമുള്ളവരെന്ന് തോന്നിക്കുന്നവര്‍ പോലും അവര്‍ക്കെതിരെ ശക്തമായ ഒരുനടപടിയും സ്വീകരിക്കാത്തതിലും രാജ്യത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ സംഭവങ്ങളിലും ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്.'.

ധരംസന്‍സദിലെ (യതി നരസിംഹാനന്ദും ബജ്‌റഗ് മുനിയും കൂട്ടരും) കാവിവസ്ത്രധാരികളില്‍ നിന്നും മതേതര ജനാധിപത്യ ഇന്ത്യയില്‍ ഹന്ദുരാഷ്ട്രം അടിച്ചേല്‍പ്പിക്കാന്‍ വെമ്പുന്നവരില്‍ നിന്നുമുള്ള ഏറ്റവും നിന്ദ്യമായ വിദ്വേഷ പ്രസംഗത്തിലൂടെയും മതപരമായ ഘോഷയാത്രകളിലൂടെയുമാണ് വിദ്വേഷവും വെറുപ്പും പരത്തുന്നത്. 13 പാര്‍ട്ടികളുടെ കത്തിന് മറുപടിയായി ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞ് അക്രമത്തിന്റെ ഇടം കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയതന്ത്രമാണെന്ന് കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഗാന്ധിയെ കൊല്ലുമ്പോള്‍ ഗോഡ്‌സെ ഉയര്‍ത്തിയ അതേ പ്രീണനവാദമാണ് അവിടെ ഉയര്‍ത്തിയത്.

Also Read:ഡല്‍ഹി ഇടിച്ചുനിരത്തല്‍: മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള ഭരണനടപടികള്‍ ഇന്ത്യന്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്?

സമൂഹത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. ഭിന്നിപ്പിന്റെ ഉറവിടം വിദ്വേഷമാണെന്ന് നമുക്കറിയാം, ഇത് വാട്‌സപ്പ് യൂണിവേഴ്‌സിറ്റിയിലൂടെയാണ് വരുന്നതെന്നും 'ഞാന്‍ ഒരു ട്രോളായിരുന്നു' എന്ന സ്വാതി ചതുര്‍വേദിയുടെ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള സംവിധാനങ്ങളിലൂടെയും മറ്റ് നിരവധി രീതികളിലൂടെയും ഇത് ഫലപ്രദമായി പ്രചരിക്കുകയും ചെയ്യുന്നു. 

സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്‌ലിം വര്‍ഗീയതയും ഹിന്ദു വര്‍ഗീയതും സമാന്തരമായുണ്ടായിരുന്നപ്പോള്‍ മസ്ജിദുകള്‍ക്ക് മുമ്പില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുകയെന്നത് അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒരു വിദ്യയായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഹൈന്ദവ ഉത്സവങ്ങളുടെയും ഘോഷയാത്രകളുടെയും ആഘോഷങ്ങള്‍ ഡി.ജെകളും ഉച്ചത്തിലുള്ള സംഗീതവും മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ഉള്‍പ്പെടുത്തി അത് വര്‍ധിപ്പിച്ചു.ഈ ഘോഷയാത്രകള്‍ക്ക് മുസ്ലിം പള്ളികള്‍ എന്ന ലക്ഷ്യസ്ഥാനമുണ്ട്, അവിടെ അവര്‍ ഉച്ചത്തിലുള്ള സംഗീതത്തില്‍  നൃത്തം ചെയ്യുകയും ന്യൂനപക്ഷ സമുദായങ്ങളെ  പ്രകോപിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്യുന്നു. തുടര്‍ന്നാണ് കല്ലെറിയാനുള്ള പ്രവണത അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

നീതിന്യായ പ്രക്രിയയില്‍ ചെറിയ മാറ്റമുണ്ടായി, എക്‌സിക്യൂട്ടീവായ ഗവണ്‍മെന്റ് കുറ്റവാളികള്‍ ആരെന്ന് ഉടനടി തീരുമാനിക്കുകയും ന്യൂനപക്ഷ സമുദായത്തിന്റെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ (2020) കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്ക് ശേഷം ഉമര്‍ഖാലിദിനെ പോലെ സമാധാനം പറയുന്നവരെ അറസ്റ്റ് ചെയ്യുകയും അനുരാഗ് ഠാക്കൂരിനെ പോലുള്ളയവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുകയാണുണ്ടായത്. ഏറ്റവും പുതിയ അക്രമം നടന്ന ജാഗിറാബാദിലെ സ്ഥിതിയും മോശമല്ല, അന്തരീക്ഷം ഇളക്കിവിട്ട് അക്രമത്തിന് പ്രേരിപ്പിച്ചവര്‍ സുരക്ഷിതമായി വീടുകളില്‍ കഴിയുന്നു, അതേസമയം ആംഗ്യങ്ങളുയര്‍ത്തിയവരെയും മുദ്രാവാക്യം വിളിച്ചവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

«

സാമുദായിക സംഭവങ്ങളുടെ പിന്നിലെ സത്യത്തിന്റെ ചുരുളഴിക്കാന്‍ നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്. യു.പി പോലീസ് മുന്‍ ഡി.ഐ.ജി ഡോ. വിഭൂതി നാരായണ്‍ റായ്,തന്റെ ഡോക്ടറല്‍ ഗവേഷണത്തില്‍ നമ്മോട് പറയുന്നത്, ന്യൂനപക്ഷ സമുദായം വേറെ രക്ഷമാര്‍ഗം ഇല്ലാതെ വരുമ്പോള്‍ ഒടുവില്‍ കല്ലെറിയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുവെന്നാണ്.പോലീസ് സേനയില്‍ ആഴത്തിലുള്ള മുസ്‌ലിം വിരുദ്ധതയും പക്ഷപാതിത്വവും ഉണ്ടെന്നും അദ്ധേഹം ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ മിക്കവാറും ന്യൂനപക്ഷങ്ങളെയാണ് തടങ്കലില്‍ വെക്കുന്നതും സംഭവത്തിന് ശേഷം കൂടുതല്‍ അറസ്റ്റിലാക്കുകയും ചെയ്യുന്നത്. ഇതുപോലെയുള്ള അക്രമസംഭവങ്ങള്‍ക്ക് ശേഷം ബി.ജെ.പി ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും യാലെ യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങള്‍ പറയുന്നു. »

ഭാവിയില്‍ എന്തെങ്കിലും പ്രതീക്ഷയുണ്ടോ? ന്യൂനപക്ഷ സമുദായത്തിലെ മുതിര്‍ന്നവര്‍ക്കും വിവേകശാലികള്‍ക്കും അവരുടെ ചെറുപ്പാക്കാര്‍ പ്രകോപിതരാകാതിരിക്കാന്‍ കഴിയുമോ? നിര്‍ബന്ധിത ആചാരമെന്ന നിലയില്‍ മതപരമായ ഘോഷയാത്രകള്‍ പള്ളികള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയില്ലെന്ന പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മിക്ക പ്രദേശങ്ങളിലും സമാധാന സമിതികള്‍ രൂപീകരിക്കാന്‍ കഴിയുമോ? ഈ ഇരുണ്ട സമയത്തും ഒരാള്‍ക്ക് ശോഭയുള്ള കിരണങ്ങള്‍ കാണാന്‍ കഴിയുന്നുവെന്നത് സന്തോഷകരമാണ്. ബനസ്‌കന്തയിലെ പുരാതന ഹിന്ദു ക്ഷേത്രം മുസ് ലിംകളെ ഇഫ്താറിന് ക്ഷണിച്ചു. യു.പിയിലെ ചില സ്ഥലങ്ങളില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രത്തില്‍ മുസ്‌ലിംകള്‍ പുഷ്പങ്ങള്‍ ചൊരിഞ്ഞു. സമുദായങ്ങളെ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കപ്പെടുകയും വിദ്വേഷം പടര്‍ത്തുകയും അക്രമം പ്രേരിപ്പിക്കുകയും ചെയ്യുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളെ നിയമപ്രകാരം ശിക്ഷിക്കുകയും വേണം.

വിദ്വേഷം പരത്തുന്നവരെ ഭരണകൂടം നന്നായി പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു, സമൂഹത്തില്‍ അവരുടെ നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുവെന്നതാണ് സമീപകാലങ്ങളില്‍ കാണാന്‍ കഴിയുന്നത്. വിദ്വേഷ പ്രസംഗങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഘോഷയാത്രകളും നിയന്ത്രിക്കുന്നതിന് പൗരസമൂഹവും രാഷ്ട്രീയ സംഘടനകളും മുന്‍ഗണന നല്‍കേണ്ട സമയമാണിത്. 

വിവര്‍ത്തനം: അബ്ദുല്‍ ഹഖ് മുളയങ്കാവ്

കടപ്പാട്:ക്ലാരിയോണ്‍ഇന്ത്യ.നെറ്റ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter