ഹയ്യുബ്നു യഖ്ളാൻ; ഒരു ദാർശനിക നോവല്‍

പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെടുകയും അറബി ഭാഷയിലെ പ്രഥമ നോവൽ എന്ന പേരിൽ വിശ്രുതി നേടുകയും ചെയ്ത ശ്രദ്ധേയ കൃതിയാണ് പ്രമുഖ മുസ്‍ലിം തത്വചിന്തകനായിരുന്ന ഇബ്നു തുഫൈൽ (1105-1185) രചിച്ച "ഹയ്യ് ബ്നു യഖ്ളാൻ". നോവലിലൂടെ കൈമാറപ്പെടുന്ന ദാർശനിക ചിന്തകളുടെ വ്യത്യസ്തത കൊണ്ടാണ് ഈയൊരു രചന ഏറെ സ്വാധീനിക്കപ്പെട്ടത്. തത്വജ്ഞാനപരമായ നിരവധി ആശയങ്ങളാണ് മുഖ്യ കഥാപാത്രമായ ഹയ്യിന്റെ ജീവിത പരിവർത്തന കഥകളിലൂടെ ഇബ്നു തുഫൈൽ അവതരിപ്പിച്ചിരിക്കുന്നത്.

കഥയിലെ നായകന്റെ പേരാണ് ഹയ്യു ബ്നു യഖ്ളാൻ. ഒരു വിജനമായ ദ്വീപിലെ ഏക മനുഷ്യ ജീവിയായി വളരുന്ന ഹയ്യുബ്നു യഖ്ളാന്റെ ജീവിതം കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. സമീപപ്രദേശത്ത് തന്നെ നിലനിൽക്കുന്ന ജനവാസമുള്ള ഒരു ദ്വീപിൽ ജനിച്ച ഹയ്യിനെ ചില കാരണങ്ങളാൽ മാതാവ് പെട്ടിയിലാക്കി പുഴയിൽ നിക്ഷേപിക്കുകയായിരുന്നു. അങ്ങനെ മനുഷ്യവാസമില്ലാത്ത വിജന ദ്വീപിൽ എത്തിയ അവനെ ഒരു മാൻപേടയാണ് സംരക്ഷിക്കുകയും വളർത്തുകയും ചെയ്തത്. മാനുഷിക വിശേഷണങ്ങൾ ഒന്നും തന്നെ പരിചയമില്ലാതെ ഒരു മൃഗീയ ശൈലിയിലാണ് ഹയ്യ് വളരുന്നത്.

പുസ്തകത്തിന്റെ മുഖവുരയ്ക്കുശേഷം ഏഴു വർഷങ്ങളായി വിഭജിക്കപ്പെടുന്ന വ്യത്യസ്ത ഘട്ടങ്ങളിലായി പരിവർത്തിച്ചു കൊണ്ടിരിക്കുന്ന ഹയ്യിന്റെ ജീവിതമാണ് നോവല്‍ ചർച്ചചെയ്യുന്നത്. ഹയ്യിന്റെ ഏഴാം വയസ്സിൽ തന്റെ മാതാവായ മാൻപേട മരിച്ചു പോയപ്പോഴാണ് അവന്റെ ചിന്തകളിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്. മാൻപേടയുടെ വിയോഗത്തിൽ ദുഃഖിതനായ അവൻ, തന്റെ മാതാവിന്റെ മരണകാരണങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഇതിനായി നടത്തിയ പരീക്ഷണങ്ങളുടെ ഫലം എന്നോണം മറ്റു ജീവികളിൽ നിന്ന് വ്യതിരക്തമായ ഒരു ജീവിയാണ് താനെന്ന് ഹയ്യ് മനസ്സിലാക്കുന്നു. അതിനിടയിൽ സന്തോഷം, ദുഃഖം, ലജ്ജ തുടങ്ങിയ അടിസ്ഥാന വികാരങ്ങൾ അവൻ അനുഭവിച്ചു തുടങ്ങുകയും മറ്റു മൃഗങ്ങളിൽ നിന്ന് സ്വയം സുരക്ഷിതത്വം ഉറപ്പുവരുത്താൻ പഠിക്കുകയും ചെയ്തു.

ഇരുപത്തിയൊന്നാം വയസ്സ് വരെയുള്ള ജീവിതഘട്ടത്തിൽ അവൻ മറ്റു മൃഗങ്ങളിൽ നിന്ന് വിഭിന്നമായി  ഇലകളും പക്ഷിത്തോലുകളും ഉപയോഗിച്ച് തന്റെ നഗ്നത മറക്കാൻ ശ്രമിച്ചു തുടങ്ങി. അതോടെ തന്റെ ചുറ്റിലും ഉള്ള ലോകത്തെ പഠിച്ചെടുക്കാനും പ്രകൃതിയിലെ വസ്തുക്കളെ തന്റെ ആവശ്യങ്ങൾക്കായി മാറ്റിയെടുക്കാനും അവൻ പഠിച്ചു. ഇങ്ങനെയാണ് യഥാർത്ഥ പ്രാപഞ്ചിക സത്യങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള ഹയ്യിന്റെ പ്രയാണം ആരംഭിക്കുന്നത്. തുടർന്നങ്ങോട്ടുള്ള ജീവിതത്തിൽ അവന്റെ അന്വേഷണങ്ങളുടെ ഫലമായി വിവിധ ഘട്ടങ്ങളിലായി സംഭവിക്കുന്ന പരിവർത്തനങ്ങളാണ് കഥയുടെ ചുരുക്കം.

രൂപങ്ങളെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളാണ് ഹയ്യിന് ആത്മീയ ലോകത്തേക്ക് പ്രവേശിക്കാനുള്ള ആദ്യപടിയായി മാറിയത്. ഈയൊരു ഘട്ടത്തിൽ തന്റെ ചുറ്റുപാടുകളിൽ നടക്കുന്ന ഏതൊരു സംഭവത്തിനും ഒരു കാരണമുണ്ടെന്ന് അവൻ മനസ്സിലാക്കി. വാന ഗോളങ്ങളിൽ നടത്തിയ നിരീക്ഷണങ്ങൾ ഹയ്യിന് നിരവധി ദാർശനിക വിചാരങ്ങൾ സമ്മാനിക്കാൻ കാരണമായി. അവയിലെല്ലാം നിലനിൽക്കുന്ന പരിമിതത്വം യുക്തിപൂർവ്വം തിരിച്ചറിഞ്ഞപ്പോൾ ഈ മഹാവിസ്മയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ഒരു സ്രഷ്ടാവിന്റെ സാന്നിധ്യത്തെ കുറിച്ച് അവൻ മനസ്സിലാക്കുന്നു. അങ്ങനെ ദിവ്യ സൗന്ദര്യത്തിന്റെ മാധുര്യമനുഭവിച്ച് തുടങ്ങുന്ന ഹയ്യ് ഒടുവിൽ ഒരു ദൈവാനുരാഗിയായി മാറുന്നുണ്ട്. അവസാന ഘട്ടം എത്തുമ്പോഴേക്കും തന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച അവൻ സദാ ദൈവ ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന ഒരാളായി പരിവർത്തിക്കുന്നു.

അങ്ങനെയിരിക്കെയാണ് അബ്സൽ എന്ന പേരുള്ള ഒരു വ്യക്തി ഹയ്യിന്റെ ദ്വീപിൽ എത്തിച്ചേരുന്നത്. മതവിശ്വാസികളായ മനുഷ്യ സമൂഹം വസിക്കുന്ന ഒരു സമീപ ദ്വീപിൽ നിന്നും ഏകാകിതയാവാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് അബ്സൽ ഹയ്യിന്റെ ദ്വീപിലെത്തുന്നത്. ഒരു അത്ഭുത ജീവിയെ കണ്ട് അമ്പരന്ന ഹയ്യ് അബ്സലിന്റെ അടുത്തെത്തുകയും അവനെ നിരീക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ തമ്മിൽ ഇടപഴകാനുള്ള ശ്രമങ്ങൾ നടന്നു. മാനുഷിക ഭാഷകൾ പരിചയമില്ലാതിരുന്ന ഹയ്യിനെ അബ്സൽ തന്റെ സംസാരഭാഷ പഠിപ്പിച്ചു. അതിനുശേഷം അവർക്കിടയിൽ ആഴത്തിലുള്ള ദാർശനിക ചർച്ചകൾ അരങ്ങേറുകയും ചെയ്തു. അങ്ങനെ യഥാർത്ഥ ദൈവിക വിശ്വാസങ്ങൾ പഠിക്കാൻ ഹയ്യിന് അവസരമുണ്ടായി. അതിനു ശേഷം ഹയ്യ് അബ്സലിന്റെ ഗ്രാമത്തിൽ പോകുകയും അവിടുത്തെ ജനങ്ങളുമായി ആത്മീയ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. അവസാനം ഏകാന്തവാസ തൽപരരായി ഇരുവരും ദ്വീപിലേക്ക് തിരിച്ചെത്തുകയും മരണംവരെ ആരാധനകളിൽ മുഴുകി ജീവിക്കുകയും ചെയ്യന്നതാണ് കഥ.

ദാർശനികമായി എങ്ങനെയാണ് ദൈവിക സാന്നിധ്യം മനസ്സിലാക്കുന്നത് എന്നതാണ് ഇബ്നു തുഫൈലിന്റെ നോവലിലൂടെ സമർപിക്കപ്പെടുന്ന മുഖ്യ പ്രമേയം. ഹയ്യിന്റെ ജീവിതത്തിൽ ദൈവിക സ്വാമീപ്യം സംഭവിച്ചത് എത്തരത്തിൽ എന്ന് നോവൽ കൃത്യമായി സമർപ്പിക്കുന്നുണ്ട്. മനുഷ്യകുലത്തിന്റെ പ്രതിനിധി ആയിട്ടാണ് ഹയ്യ് ബ്നു യഖ്ളാൻ ചിത്രീകരിക്കപ്പെടുന്നത്. വ്യത്യസ്ത നിരീക്ഷണങ്ങളുടെ ഫലമായി അവനിൽ സംഭവിക്കുന്ന ആത്മീയ വികാസമാണ് രചനയുടെ ആകെത്തുക.

ചുരുക്കത്തിൽ തത്വചിന്താപരമായ നിരവധി ആശയങ്ങൾ സമർപ്പിക്കുകയും ഒട്ടനേകം ദർശനിക കാഴ്ചപ്പാടുൾ ഉൾക്കൊള്ളിക്കുകയും ചെയ്യുന്ന വ്യത്യസ്ത പ്രമേയം കൊണ്ട് ശ്രദ്ധേയമാണ് ഇബ്നു തുഫൈലിന്റെ കഥാഖ്യാനം. റുഡ്യാഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക്, എഡ്ഗാർ റൈസ്ബറോയുടെ ടാർസൻ പരമ്പരകൾ, മാർട്ടലിന്റെ ലൈഫ് ഓഫ് പൈ തുടങ്ങിയവയിലെല്ലാം ഇബ്നു തുഫൈലിന്റെ ഈ ക്ലാസിക് കൃതിയുടെ സാദൃശ്യതകൾ ഉള്ളതായി കാണാനാവും. ഇവയെല്ലാം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇതുപോലെ നിരവധി തത്വ ശാസ്ത്ര ഗ്രന്ഥങ്ങൾക്കും ഇംഗ്ലീഷിലെ പ്രഥമ നോവൽ "റോബിൻസൺ ക്രൂസോ" യടക്കം മറ്റനവധി നോവലുകൾക്കും പ്രചോദനമായി ഹയ്യ് ബ്നു യഖ്ളാൻ മാറിയിട്ടിണ്ട് എന്നാണ് പറയപ്പെടുന്നത്.

ഇബ്നു തുഫൈൽ (1105-1185)

അബൂബക്കർ മുഹമ്മദ് ബ്ൻ അബ്ദുൽമലിക് ബ്ൻ മുഹമ്മദ്‌ ബ്ൻ തുഫൈൽ അൽ ഖൈസി എന്നാണ് ഇബ്നു തുഫൈലിന്റെ യഥാർത്ഥ നാമം. ഇബ്നു തുഫൈൽ എന്ന നാമത്തിൽ വിശ്രുതി നേടിയ അദ്ദേഹം സ്പെയിനിൽ നിന്നുള്ള പ്രശസ്ത മുസ്‍ലിം തത്വചിന്തകനും കവിയും വൈദ്യനും ശാസ്ത്രജ്ഞനുമാണ്. സ്പെയിനിലെ ഗുവാദിക്സ് എന്ന ചെറു നഗരത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അദ്ദേഹം ജനിക്കുന്നത്.

ഗ്രാനഡയിൽ നിന്ന് വൈദ്യം പഠിച്ച അദ്ദേഹം മുവഹ്ഹിദ് ഭരണാധികാരിയായിരുന്ന അബൂയഅ്ഖൂബ് യൂസുഫിന്റെ മുഖ്യ ചികിത്സകനായിരുന്നു. തുടർന്ന് ഇരുപത് വർഷം അദ്ദേഹത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഇബ്നു തുഫൈൽ സാമ്രാജ്യത്തിലെ ഒരു മന്ത്രിയായി മാറുകയും ചെയ്തു. അതിപ്രശസ്ത മുസ്‍ലിം തത്വചിന്തകൻ ഇബ്നു റുശ്ദ് ആയിരുന്നു ഇബ്നു തുഫൈലിന്റെ പിൻഗാമി. സുപ്രസിദ്ധ ധാർഷനിക നോവലായ ഹയ്യ് ബ്നു യഖ്ളാന്റെ രചയിതാവ് എന്ന നിലക്കാണ് ഇബ്നു തുഫൈൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിനുപുറമേ വേറെയും കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1185ൽ മറാക്കീഷിൽ വെച്ചാണ് ഇബ്നു തുഫൈൽ വഫാത്താകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter