പര്‍വ്വത നിരകളിലെ മിനാരങ്ങള്‍: താരിഖ് ഹുസൈന്‍ മുസ്‍ലിം യൂറോപ്പിനെ കണ്ടെത്തുന്നു

പതിനേഴാം നൂറ്റാണ്ടിലെ ഓട്ടോമൻ പര്യവേഷകനായ എവ്‍ലിയ ശലബിയുടെ കാൽപ്പാടുകളെ പിന്തുടരുകയാണ്, സഞ്ചാരസാഹിത്യകാരനായ താരിഖ് ഹുസൈൻ തന്റെ പുതിയ പുസ്തകമായ പര്‍വ്വത നിരകളിലെ മിനാരങ്ങള്‍ (മിനാരറ്റ്സ് ഇൻ ദ മൗണ്ടെയിന്‍) എന്ന കൃതിയിലൂടെ. 

യൂറോപ്പിന് ഇസ്‍ലാമുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ ആ ബന്ധം പലപ്പോഴും വേണ്ടത്ര പൊതുജന സമക്ഷം സമര്‍പ്പിക്കപ്പെടുന്നില്ലെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. പതിനാല് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടായിട്ടും, യൂറോപ്പിലെ മുസ്‍ലിംകള്‍ ഇന്നും അപരരായാണ് ഗണിക്കപ്പെടുന്നത്. മുസ്‍ലിം സ്വാധീനം ഏറെ പ്രകടമായ ബാൽക്കനെ യൂറോപ്പിന്റെ ഭാഗമായി അംഗീകരിക്കാൻ വിമുഖതയുള്ളവരുണ്ട്. 

അതേ സമയം, ഭൂമിശാസ്ത്രപരമായി ബാൽക്കണിന്റെ ഭാഗമായ ഗ്രീസിനെ, ഏറെ അഭിമാനത്തോടെ യൂറോപ്പിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. എങ്കിലേ, ഗ്രീക്ക്, ഹെല്ലനിക് പൈതൃകത്തെ പാശ്ചാത്യ നാഗരികതയുടെ അടിത്തറയായി പറയാനാവൂ എന്നതാണ് ഇതിന് കാരണം. അവർക്ക് പ്ലേറ്റോയെ വേണം, അരിസ്റ്റോട്ടിലിനെ വേണം, ഹിപ്പോക്രാറ്റസിനെ വേണം, 
എന്നാല്‍ അവരുടെ അതേ പ്രദേശത്തുകാരായ സുൽത്താൻ സുലൈമാനോടോ മെഹമ്മദ് സോകൊല്ലു പാഷയോടോ അവര്‍ക്ക്  താൽപര്യമില്ല. യഥാര്‍ത്ഥത്തില്‍ അവരായിരുന്നു ആധുനിക യൂറോപ്പിനെ രൂപപ്പെടുത്തിയത് എന്നതാണ് സത്യം. 1300 കളുടെ അവസാനത്തില്‍, ഓട്ടോമൻ സാമ്രാജ്യമാണ് ബാൽക്കണിൽ ഇസ്‍ലാമിനെ എത്തിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും ഏറെ  ശക്തവും സമ്പന്നവുമായിരുന്നു ഓട്ടോമന്‍ സാമ്രാജ്യം. മറുവശത്ത്, പാശ്ചാത്യ ശക്തികൾ ദുർബലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പുരോഗതി കുറഞ്ഞവരുമായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചുവടുപിടിച്ചാണ് യൂറോപ്പ് പുരോഗതിയിലേക്ക് പിച്ച വെക്കുന്നത് തന്നെ. ഈ തമസ്കരണ ശ്രമങ്ങള്‍ക്കുള്ള പ്രതിരോധമാണ് തന്റെ പുതിയ ഗ്രന്ഥമെന്ന് കൂടി താരിക് ഹുസൈന്‍ വ്യക്തമാക്കുന്നു.

മുസ്‌ലിം ഭൂരിപക്ഷമുള്ള ബോസ്‌നിയ, കൊസോവോ, അൽബേനിയ എന്നീ പ്രദേശങ്ങളിലെ മുസ്‍ലിം സ്വാധീനം വളരെ പ്രകടമാണ്. എന്നാല്‍, യൂറോപ്പിന്റെ മറ്റു പ്രദേശങ്ങളിലൂടെയും യാത്ര നടത്തുന്ന താരിക്, അവിടങ്ങളിലെ വ്യക്തമായ മുസ്‌ലിം സാന്നിധ്യത്തെ അനാവരണം ചെയ്യുന്നുണ്ട്. ഇസ്‍ലാമുമായി കാര്യമായി ബന്ധമില്ലെന്ന് തോന്നുന്ന ബൾഗേറിയ, സെർബിയ, നോർത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിൽ പോലും ചരിത്രപരമായ ഒട്ടേറെ സ്വാധീനങ്ങളുണ്ടെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. 
16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ഒട്ടോമൻ വാസ്തുശില്പിയായ മിമർ സിനാന്‍ രൂപകല്‍പന ചെയ്ത പള്ളികളും അവകളിലെ വാസ്തുവിദ്യയും ഇന്നും നിലനിൽക്കുന്നു. സ്ഥലങ്ങളുടെ പേരുകൾ, പാചകരീതികൾ, മുസ്‍ലിം ആതിഥ്യമര്യാദ, സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന രീതി തുടങ്ങി ഇസ്‍ലാമിക സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളാണ് ഇന്നും ഇവിടങ്ങളില്‍ കാണപ്പെടുന്നത്. ഉസ്മാനികളുടെ മറ്റൊരു പാരമ്പര്യമായ സ്വൂഫി പൈതൃകവും ഈ ദേശങ്ങളിലുണ്ട്.

Also Read:ഇസ്ലാമിക നാഗരികതയും യൂറോപ്പ് കടമെടുത്തതും

മസ്ജിദുകൾ തകർത്ത്, ചരിത്രം തിരുത്തിയെഴുതി, വംശഹത്യപോലും നടത്തി മുസ്‍ലിം പൈതൃകം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍  പല യൂറോപ്യന്‍ രാജ്യങ്ങളിലും അരങ്ങേറിയിട്ടുണ്ടെങ്കിലും, എവ്‍ലിയ തന്റെ പുസ്തകത്തിൽ വിവരിച്ച പല പൈതൃക സ്ഥലങ്ങളും ഇപ്പോഴും പലയിടത്തുമുണ്ട് എന്നത് താരിഖിനെ അമ്പരപ്പിക്കുന്നുണ്ട്. ചില പൈതൃകങ്ങൾ നശിപ്പിക്കപ്പെട്ടെങ്കിലും, തുർക്കി ചരിത്രം സംരക്ഷിക്കാൻ താൽപ്പര്യമുള്ള പ്രാദേശിക സമൂഹങ്ങളും ടർക്കിഷ് കോ-ഓപ്പറേഷൻ ആൻഡ് കോർഡിനേഷൻ ഏജൻസിയും (ടിക) ഇവയൊക്കെ പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളില്‍ തന്നെയാണ്.

'തുർക്കികൾ', 'മുസ്‍ലിംകൾ' എന്നിവരോടുള്ള നിഷേധാത്മക മനോഭാവം പടിഞ്ഞാറൻ രാജ്യങ്ങളിൽ നിലനില്‍ക്കുമ്പോഴും, യൂറോപ്യന്‍ ഇസ്‍ലാം എന്നോ മുസ്‍ലിം യൂറോപ്പ് എന്നോ പറയാവുന്ന വലിയൊരു ചരിത്ര സത്യം ഇന്നും ബാക്കിയുണ്ട്. ഇസ്‌ലാമോഫോബിയ നൂറ്റാണ്ടുകളായി ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി പാശ്ചാത്യ മനസ്സിലും സംസ്‌കാരത്തിലും ഇസ്‍ലാം വിദ്വേഷം ദൃഢീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. യൂറോപ്പിന് ഇസ്‍ലാമിനോടുള്ള പൊക്കിള്‍കൊടി ബന്ധവും യൂറോപ്യന്‍ മുസ്‍ലിംകളുടെ ചരിത്രങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. അതിലൂടെ, യൂറോപിന് ഇസ്‍ലാം അന്യമല്ലെന്നും മുസ്‍ലിംകള്‍ അപരരല്ലെന്നും മനസ്സിലാക്കി കൊടുക്കാനാവണം. അതാണ് തന്റെ പുസ്തകത്തിലൂടെയും ലക്ഷ്യം വെക്കുന്നത്, താരിഖ് വിശദീകരിക്കുന്നു. 

പാശ്ചാത്യ രാജ്യങ്ങൾ മുസ്‌ലിംകളെ അംഗീകരിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കാം. എന്നാല്‍, സ്വന്തം ചരിത്രവും സ്വദേശവുമായുള്ള തങ്ങളുടെ മതത്തിന്റെ ബന്ധവും അവരെങ്കിലും അറിയേണ്ടത് പ്രധാനമാണ്. ഇതിനായുള്ള വിവിധ പദ്ധതികളാണ് താരിഖും സംഘവും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മിനാരറ്റ്സ് ഇൻ ദ മൗണ്ടെയിൻ എന്ന പുസ്തകം പോലും രചിക്കപ്പെട്ടിരിക്കുന്നത്. 2021 ജൂലൈ 15നാണ് ഇത് പ്രസിദ്ധീകൃതമാവുന്നത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter