ഹിദായതുൽ അദ്കിയാ: ആത്മജ്‌ഞാനിയുടെ ഉള്ളുകവർന്ന കൃതി

പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഇസ്‌ലാമിക ആധ്യാത്മിക ശാസ്ത്രത്തിലെ പ്രമുഖ കാവ്യ കൃതിയാണ് "ഹിദായതുൽ അദ്കിയാ ഇലാ ത്വരീഖിൽ ഔലിയാഅ്". അദ്കിയ എന്ന പേരിൽ പ്രസിദ്ധമായ ഈ കാവ്യം ആത്മസംസ്‌കരണത്തിന്റെ വിവിധ തലങ്ങളെ ലളിതമായി വിശദമാക്കുന്നു. കേരള മുസ്‌ലിം നവോത്ഥാന നായകനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഅ്ബരിയാണ് ഈ കൃതിയുടെ രചയിതാവ്.

1467 ൽ കൊച്ചിയിൽ ജനിച്ച അദ്ദേഹം പൊന്നാനിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കുകയും ശേഷം ഈജിപ്‌തിലെ അൽഅസ്ഹറിലും മക്കയിലും ചെന്ന് ഉന്നത വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്‌തു. തുടർന്ന് പൊന്നാനി കേന്ദ്രമാക്കി, മലബാറിലെ മതപ്രബോധനത്തിനും അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കും നേതൃത്വം നൽകി. അതുല്യനായ പണ്ഡിതനും സൂഫിവര്യനുമായിരുന്നു മഖ്‌ദൂം. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകിയും അറിവിൻറെ പ്രസരണത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചും വലിയ സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ചു. ഖുർആൻ വ്യാകരണം, പാരായണ ശാസ്ത്രം, നബിചര്യ, കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, എന്നിവയിലെല്ലാം മഖ്ദൂം കബീർ നൈപുണ്യം നേടി.

രചനയുടെ പശ്ചാത്തലം

ഹിജ്റ 914 ശഅ്ബാനിലെ ഒരു ബുധനാഴ്‌ചയാണ് മഖ്ദൂം കബീർ അദ്കിയാ രചിക്കാൻ തുടങ്ങുന്നത്. ആത്മീയ വഴിയിൽ സഞ്ചരിച്ചാലേ വിജയിക്കാനാവൂ എന്ന തിരിച്ചറിവും ഉൾവിളിയും അദ്ദേഹത്തിന് ലഭിച്ചതാണ് രചനയുടെ പശ്ചാത്തലം . അദ്‌കിയ കൂടാതെ ധാരാളം സൂഫീ കൃതികളുടെ രചനയും നിർഹിച്ചിട്ടുണ്ട്. മുർശിദുത്തുല്ലാബ്, ശംസുൽ ഹുദാ, സിറാജുൽ ഖുലൂബ് തുടങ്ങിയവ അവയിലുൾപ്പെടുന്നു. മഹത്തുക്കളായ പണ്ഡിതരും മുതഅല്ലിമുകളും ഇന്നും ഓതിപ്പോരുന്ന കിതാബായി മാറാൻ അദ്കിയക്കായി എന്നതു തന്നെ ആ ഗ്രന്ഥത്തിൻറെ മഹത്വം അറിയിക്കുന്നു. ഇന്ത്യക്കു പുറത്ത് ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്നും ഈ ഗ്രന്ഥം ഏറെ സ്വീകാര്യമാണ്.

ഇസ്‌ലാമിന്റെ സാംസ്‌കാരികമൂല്യങ്ങളും ആധ്യാത്മിക ശാസ്ത്രവും അനാവരണം ചെയ്യുന്ന പഠന മേഖലയാണ് തസ്വവുഫ്. ഇമാം ഖുശൈരിയുടെ രിസാലത്തുൽ ഖുശൈരിയ്യ, ഇമാം ഗസ്സാലിയുടെ ഇഹ്‍യാ ഉലൂമിദ്ധീൻ തുടങ്ങി ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രചനകൾ ഒട്ടേറെയുണ്ട്. പലതും ആയിരത്തോളം താളുകളുള്ള വിപുലമായ ഗ്രന്ഥങ്ങളാണ്. എന്നാൽ വെറും 188 വരി കവിതയിലൂടെ ആത്മജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന രചനയാണ് അദ്കിയാ. ഒരുകാലത്ത് കേരളത്തിലെ മദ്രസകളിൽ പഠിപ്പിക്കപ്പെട്ടിരുന്നതും സാധാരണ വിശ്വാസികൾ പോലും ഹൃദിസ്‌ഥമാക്കിയിരുന്നതുമായ അദ്കിയാ ഇസ്‍ലാമിക ആധ്യാത്മിക സാഹിത്യത്തിന് കേരളം നൽകിയ മഹത്തായ സംഭാവനകളിൽ ഒന്നാണ്.

പ്രേത്യേകതകൾ

അറബി കാവ്യവൃത്തമായ 'ബഹ്റുൽ കാമിൽ' ലാണ് അദ്‌കിയയുടെ രചന. വരികളുടെ അന്ത്യാക്ഷര പ്രാസം അലിഫക്ഷരമാണ്. ആത്മജ്‌ഞാനികളിൽ പലരും തങ്ങളുടെ ആത്മീയ യാത്രയുടെ അവലംബമായാണ് അദ്കിയയെ കാണുന്നത്. അറബിയിൽ സാമാന്യ പരിജ്‌ഞാനമുള്ളവർക്ക് എളുപ്പത്തിൽ വായിക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നവിധം ഹൃദ്യവും ലളിതവുമാണ് മഖ്‌ദൂമിന്റെ രചനാശൈലി. നൂറ്റിഎൺപത്തിയെട്ട് വരികളുള്ള ഈ ചെറുകൃതി ആദ്യ പതിനാറു വരിയിൽ ആമുഖമാണ്. ശേഷിക്കുന്ന വരികളെ ഒമ്പത് ഭാഗങ്ങളാക്കി തിരിച്ച് ഇരുപത്തൊന്ന് വ്യത്യസ്‌ത വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മനുഷ്യ മനസ്സുകളെ തെറ്റുകളിൽ നിന്നും മാറ്റി നിർത്തി യഥാർത്ഥ സത്യപന്ഥാവിലേക്ക് കൈപിടിക്കാൻ അദ്കിയയിലെ ആശയങ്ങൾ ധാരാളമാണ്. മനുഷ്യൻറെ ഭൗതികതയോടുള്ള ആർത്തിയാണ് അവൻറെ പ്രയാസങ്ങൾക്കുള്ള പ്രധാന കാരണം. ഭൗതികതയോടുള്ള വിരക്തി മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കുന്നു.

യഥാർത്ഥ മാർഗ്ഗം അത് ശരീഅത്ത്, ഹഖീഖത്ത്, ത്വരീഖത്ത് എന്നിവ കൂടിച്ചേർന്നതാണ്. മൂന്നും പരസ്പര പൂരകങ്ങൾ, ഒന്ന് ഒഴിച്ചു നിർത്തിയാൽ യഥാർത്ഥ മാർഗ്ഗം കരഗതമാക്കാൻ കഴിയില്ല. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് തുടങ്ങി ആത്മജ്‌ഞാനി ഉൾക്കൊള്ളേണ്ട അടിസ്‌ഥാന സംജ്‌ഞകളെ ഉദാഹരണ സഹിതം വിശകലനം ചെയ്യുന്നു. ശരീഅത്ത് ഒരു കപ്പലായും ത്വരീഖത്ത് ഒരു കടലായും ഹഖീഖത്ത് രത്നമായും സൈനുദ്ദീൻ മഖ്ദൂം ഉദാഹരിക്കുന്നുണ്ട്. ശരീഅത്താകുന്ന കപ്പലിൽ സഞ്ചരിച്ച് ത്വരീഖതാകുന്ന കടലിലൂടെ ഹഖീഖത്താകുന്ന മുത്ത് കരസ്ഥമാക്കാം. മത നിയമങ്ങൾ മുറുകെ പിടിച്ച് നന്മ ഉൾക്കൊള്ളുകയും തിന്മ നിരാകരിക്കുകയും ചെയ്യണമെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്. ആഗ്രഹങ്ങളിൽ നിന്ന് മുക്തി നേടി ആത്മനിയന്ത്രണം കൈവരിച്ച് അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ത്വരീഖത്ത്. ഹഖീഖത് ലക്ഷ്യപ്രാപ്തിയാണ്.

പ്രധാന പ്രമേയങ്ങൾ

സൂഫിയുടെ വഴിയിലേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാനായി മഖ്‌ദും ഒൻപത് നിർദേശങ്ങൾ പറഞ്ഞുകൊടുക്കുന്നു. പശ്ചാതാപം (തൗബ), പരിത്യാഗം (സുഹ്‌ദ്), മതവിജ്ഞാനം, നബിചര്യ പിന്തുടരൽ, ഭരമേൽപിക്കൽ (തവക്കുൽ), ആത്മാർഥത (ഇഖ്‌ലാസ്), ഏകാന്തവാസം (ഉസ്‌ലത്), സമയനിഷ്‌ഠ എന്നിവയാണ് ആത്മജ്‌ഞാനി സ്വീകരിക്കേണ്ട നിർദേശങ്ങൾ. അല്ലാഹുവിന്റെ ഇഷ്ടദാസരുടെ മാർഗത്തിൽ പ്രവേശിക്കാനുദ്ദേശിക്കുന്നുവർ, ഈ ഉപദേശങ്ങളെ സൂക്ഷിക്കട്ടെ എന്ന് മഖ്‌ദൂം തുടക്കത്തിൽ തന്നെ പറഞ്ഞുവെക്കുന്നുണ്ട്. സർവ ആരാധനകളുടെയും താക്കോലാണ് പശ്ചാതാപം (തൗബ). പൂർണമായും പാപങ്ങൾ വെടിഞ്ഞ് ചെയ്ത‌ തിന്മയിൽ ഖേദിക്കലാണത്. ആത്മീയ പ്രയാണത്തിൽ പ്രവേശിക്കാനുള്ള വഴിയാണത്. വിശ്വാസി ജീവിതത്തിന്റെ ഒരോ ദിനവും എങ്ങനെ ആകണമെന്ന് വിശദമായി ഇതിൽ പ്രതിപാദിക്കുന്നു. ഹൃദയരോഗത്തിനുള്ള മരുന്ന് അഞ്ചാണ്. അർത്ഥം മനസ്സിലാക്കി ഖുർആൻ ഓതുക, അമിത ഭക്ഷണം കഴിക്കാതിരിക്കുക, രാത്രി നിന്ന് നിസ്കരിക്കുക, അത്താഴ സമയത്ത് ദുആ ചെയ്യുക, ബഹുമാനികളായ സജ്ജനങ്ങളോട് കൂട്ട് കൂടുക എന്നിവയാണവ.

ഖുർആൻ ഓതുന്നവനും മന:പാഠമാക്കുന്നവനും അല്ലാഹുവിന്റെയും പ്രവാചകരുടെയും അടുക്കൽ തൃപ്തികരമായ സൽസ്വഭാവത്തെ പരിപൂർണ്ണമായി ഉൾക്കൊള്ളുന്നവനാകണം. തുടർന്ന് ആ സ്വഭാവ വിശേഷണങ്ങളെയും സ്പഷ്മായി അദ്ദേഹം ആവിഷ്കരിക്കുന്നുണ്ട്. ദുനിയാവിൽ പ്രപഞ്ചത്യാഗിയാവുക, ദുനിയാവിന്റെ സുഖങ്ങൾ പരിമിതമാണെന്ന് മനസ്സിലാക്കി ദുനിയാവിനും അതിന്റെ ആളുകൾക്കും പ്രാധാന്യം കൽപ്പിക്കാതിരിക്കുക, ദാനധർമ്മങ്ങൾ, മറ്റ് നല്ല സ്വഭാവങ്ങൾ, വഞ്ചനയില്ലാത്ത മുഖപ്രസന്നത, സഹനം, ക്ഷമ, ഗാംഭീര്യം, സൂക്ഷ്മത, ഭയഭക്തി, താഴ്മ തുടങ്ങിയവ പരിപൂർണ്ണമായും പിന്തുടരുക, മീശ വെട്ടുക, താടി ചീകുക, നഖം-കക്ഷ രോമം നീക്കുക, മോശപ്പെട്ട വാസന, ചേറ്, നല്ലതല്ലാത്ത വസ്ത്രം എന്നിവ ഒഴിവാക്കുക, ചിരിയുണ്ടാകുന്ന സന്ദർഭങ്ങളെ ഉപേക്ഷിക്കൽ, അധികമായ കളിതമാശകളില്‍നിന്ന് അകന്ന് നിൽക്കൽ, അഹന്ത, ലോകമാന്യം, അസൂയ, മറ്റുള്ളവരെ നിസ്സാരമാക്കുക എന്നിവയെ സൂക്ഷിക്കൽ, ഹദീസിൽ വന്ന ദിക്റ്, ദുആകളെ പതിവാക്കൽ എന്നിങ്ങനെയുള്ളവയാണവ.

പിന്നീട് അറിവ് അഭ്യസിക്കൽ കൊണ്ട് അല്ലാഹുവിനെയും പരലോകത്തെയും ഉദ്ദേശിച്ചവന്റെ അടയാളങ്ങളും ഇൽമ് കൊണ്ട് അല്ലാഹുവിനെയല്ലാതെ ഐഹിക ലക്ഷ്യങ്ങളും സ്ഥാനങ്ങളും ഉദ്ദേശിച്ചവന്റെ അടയാളങ്ങളും പ്രതിപാദിക്കുന്നു. അതിനോടൊപ്പം അവൻ അനുഭവിക്കാൻ പോകുന്ന കഠിനകടോരമായ ശിക്ഷകളെക്കുറിച്ചും പരാമർശിക്കുന്നു.

തീർച്ചയായും അറിവ് കൊണ്ട് ദുനിയാവിനെ ഉദ്ദേശിക്കുന്നവന് ഉന്നതമായ സ്വർഗ്ഗത്തിന്റെ പരിമളം തടയപ്പെടുകയും നരകത്തിന്റെ അടിത്തട്ടിൽ അവൻ വീഴുകയും ചെയ്യും. അന്ത്യനാളിൽ അവനെ നരകത്തിൽ ഇടപ്പെടും. അവനിൽ നിന്ന് ആമാശയം പുറപ്പെടും. ആമാശയുമായി കഴുത ആസുകല്ലിനു ചുറ്റുന്നത് പോലെ അവൻ ചുറ്റി നsക്കും. അപ്പോൾ നരകാവകാശികൾ വന്ന് അവനോട് ചോദിക്കും. നീയല്ലായിരുന്നോ ഞങ്ങളോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നത്? അപ്പോൾ അയാൾ പറയും. എന്റെ ജനങ്ങളേ! ഞാൻ നിങ്ങളോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നു. പക്ഷെ, ആ മഹത്വമേറിയ വിജ്ഞാനമനുസരിച്ച് ഞാൻ പ്രവർത്തിക്കുന്നവനായിരുന്നില്ല.

വ്യാഖ്യാനങ്ങൾ

ഗ്രന്ഥങ്ങളുടെ വ്യാഖ്യാനം ഇസ്‌ലാമിക വിജ്ഞാനലോകത്ത് സവിശേഷവും സാധാരണവുമാണ്. വ്യാഖ്യാനത്തിന്റെ ആധിക്യവും പെരുപ്പവും മൂലഗ്രന്ഥത്തിന്റെ സ്വീകാര്യതയാണ് അടയാളപ്പെടുത്തുന്നത്. ഇത്തരത്തില്‍ അദ്‌കിയക്കും ധാരാളം വ്യാഖ്യാനങ്ങളുണ്ട്. നിരവധി രാജ്യങ്ങളിൽ അദ്കിയ അധ്യാപനം നടത്തുന്നു. ഗ്രന്ഥത്തിന്റെ സ്വീകാര്യതയും ആവശ്യകതയും മനസ്സിലാക്കി പണ്ഡിതർ അതിന് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ആദ്യ വ്യാഖ്യാന ഗ്രന്ഥം അദ്ദേഹത്തിന്റെ മകൻ ശൈഖ് അബ്ദുൽ അസീസ് മഖ്‌ദൂമിന്റേതാണ്. മസ്‌ലകുൽ അദ്‌കിയ ഏന്ന വലിയ വ്യാഖ്യാനവും ഇർഷാദുൽ അലിബ്ബാ എന്ന ചെറിയ വ്യാഖ്യാനവും അദ്ദേഹം രചിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മക്കയിലെ ഇന്തൊനീഷ്യക്കാരനായ ഇസ്‌ലാമിക പണ്ഡിതൻ സയ്യിദ് ബക്‌രി 'കിഫായത്തുൽ അദ്കിയാ ഫീ മിൻഹാജിൽ അസ്‌ഫിയാ' എന്ന പേരില്‍ രചിച്ച വ്യാഖ്യാനമാണ് ഏറെ പ്രശസ്‌തം . ഒരോ വരിയും കൃത്യമായി അപഗ്രഥിക്കുന്ന വ്യാഖ്യാന രീതി സ്വീകരിച്ചതിനാലാകാം ഇത്രയേറെ സ്വീകാര്യത അതിന് ലഭിച്ചത്. ആയത്തും ഹദീസും ചരിത്രങ്ങളും ഉദ്ധരണികളും കൊണ്ട് സമ്പന്നമാണ് ഈ കൃതി.

മറ്റൊരു വ്യാഖ്യാനമാണ് ജാവക്കാരനായ മുഹമ്മദ് നവവിയുടെ "സലാസിമുൽ ഫുളലാഅ്". ഈ ഗ്രന്ഥം ഈജിപ്തിൽ നിന്ന് പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഏറ്റവും ഹൃസ്വമായ വ്യാഖ്യാനമാണിത്. അബ്ദുസ്സലാം ശാമിൽ ഇർഫാനി 'ആത്മജ്‌ഞാനികളുടെ ആഹാര'മെന്ന പേരിൽ ഈ വ്യാഖ്യാനമുൾപ്പെടെ അദ്കിയാ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇയ്യിടെ സമകാലിക പണ്ഡിതന്മാരിൽ പ്രധാനിയായ കോടമ്പുഴ ബാവാ മുസല്യാർ 'രിസ്ഖുൽ അസ്‌ഫിയാ' എന്നപേരിൽ അറബിയിൽ അദ്കിയയുടെ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും പരിഭാഷകൾ രചിക്കപ്പെട്ടിട്ടുണ്ട്. ബാവ മുസ്‌ലിയാരുടെ ആത്മാവിലേക്കുള്ള വാതായനങ്ങൾ മലയാളത്തിലും Adhkiya: Guidance For The Adepts To The Way Of God's Friends എന്ന പേരിൽ ഷമീർ കെ എസ് തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്.

ആധ്യാത്മിക വഴിയിൽ ഇമാം ഗസ്സാലി(റ)ന്റെ വഴിയാണ് രചയിതാവ് പിൻതുടർന്നത്. കേരളീയ പണ്ഡിതരുടെ കർമശാസ്ത്രത്തിലൂന്നിയ നിലപാടുകൾക്കും ശരീഅത്തിനെ മുറുകെ പിടിക്കുന്ന സൂഫിസത്തിലും ഇത് വലിയ സ്വാധീനമുണ്ടാക്കി. അദ്കിയയിൽ ഇഹ്‌യാ ഉലൂമുദ്ദീനെ പ്രശംസിച്ചിട്ടുണ്ട്. തസ്വവ്വുഫിലെ ആധികാരിക ഗ്രന്ഥങ്ങളായ ഇമാം ഗസ്സാലി (റ) യുടെ "ഇഹ്‌യാഉലൂമിദ്ദീൻ", ഇമാം നവവി(റ) യുടെ "അത്തിബിയാൻ ഫി ആദാബി ഹംലത്തിൽ ഖുർആൻ", ഇമാം സുഹ്‌റവർദിയുടെ "അവാരിഫുൽ മആരിഫ്", ഇമാം നവവി(റ) യുടെ തന്നെ "രിയാളുസ്വാലിഹീൻ", ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) യുടെ "രിസാലതുൽ മുദാകറ" തുടങ്ങിയ പൂർവകാല കിതാബുകൾ അടിസ്ഥാനമാക്കിയാണ് അദ്‌കിയയുടെ രചന. തുടർന്ന് തസവുഫിലെ വ്യത്യസ്‌ത ഗ്രന്ഥങ്ങളിലേക്ക് വായനക്കാരെ വഴിനടത്തുന്ന രീതിയും ഈ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും. ഹദീസിൽ നിന്നും സൂഫി വചനങ്ങളിൽ നിന്നും സ്വീകരിച്ച വരികളും അതിൽ ഏറെ കാണാം.

 

റഫറൻസുകൾ

1) ഹിദായത്തുൽ അദ്കിയ: മലയാള പരിഭാഷയും വ്യാഖ്യാനവും, പി. മുഹമ്മദ്,  മേൽമുറി , മലപ്പുറം

2) ആത്മാവിന്റെ വഴി: അദ്കിയ്യയുടെ വ്യാഖ്യാനം, വീരാൻകുട്ടി മൗലവി കെ, കോഴിക്കോട്

3) Zainuddin Makhdum I, Adhkiya: Guidance for the Adepts to the Way of God’s Friends, trans. Shameer K S (Kozhikode: Other Books, 2023)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter