ഹിജാബ് വിവാദം: ആശങ്കയുണര്‍ത്തുന്ന സ്വത്വ പ്രതിസന്ധികള്‍

രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിനു കാരണമായ കര്‍ണാടകയിലെ ഹിജാബ് നിരോധനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുകയാണ്. വിവാദം തുടങ്ങുന്നത് ഫെബ്രുവരി നാലാം തിയ്യതി ദക്ഷിണ കന്നഡ,ഉഡുപ്പി ജില്ലകളില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ഥികളെയും ക്യാമ്പസില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയതോടുകൂടിയാണ് സംഘപരിവാര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ വേണ്ടി കരുക്കള്‍ നീക്കാന്‍ തുടങ്ങുന്നത്. ഇതിനെ അവര്‍ നേരിട്ടത് പൗരത്വ,കര്‍ഷക സമരങ്ങളില്‍ നാം കണ്ടത് പോലെ അതെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ്.  കാവി ഷാളും തലപ്പാവയും ധരിച്ചെത്തിയ ഒരു പറ്റം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചെത്തിയവര്‍ക്കെതിരെ ആക്രോശിച്ച് ജയ് ശ്രീ റാം വിളിക്കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമസമാധാന പ്രശ്‌നമുണ്ട് എന്ന പ്രതീതി സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്തതോടു കൂടി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളുള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കി വിഷയത്തെ ഊതി വീര്‍പ്പിക്കാനാണ് ശ്രമിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് നിഷേധിക്കുന്നതിലൂടെ ലംഘിക്കപ്പെടുന്നത് ആര്‍ട്ടിക്കിള്‍ 14,15,16,25,29 പ്രകാരം ഭരണഘടന നല്‍കുന്ന അവകാശങ്ങളാണ്. മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഹിജാബ് എന്നത് കേവലം മതപരമായ വസ്ത്രം മാത്രമല്ല, തലമുറകളായി നാളിതുവരെ അനുഷ്ഠിച്ച് വരുന്ന തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. പൊതു ക്രമാസമാധാനത്തിനോ സുരക്ഷക്കോ  എതിരാവാത്ത കാലത്തോളം ഇഷ്ടമുള്ള  മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അതനുഷ്ഠിക്കാനുമുള്ള  സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍25 പ്രകാരം ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് നല്കുനല്‍കുമ്പോള്‍, ഹിജാബ് നിരോധനത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത് അവരുടെ സ്വത്വബോധത്തെ കൂടിയാണ്.അതോടൊപ്പം, ഹിജാബ് എന്നത് മുസ്‍ലിം സ്ത്രീക്ക് മതപരമായി തന്നെ നിര്‍ബന്ധമായ അടിസ്ഥാന വസ്ത്രമെന്ന നിലക്ക്, ഇത് നിയമം മൂലം നിരോധിക്കാന്‍, ഭരണഘടനാപരമയി തന്നെ, ഒരു സ്ഥാപനത്തിനും അവകാശമില്ല താനും.

2011ലെ സെന്‍സസ് പ്രകാരം കര്‍ണാടകയിലെ മൊത്തം ജനസംഖ്യയുടെ 13%മാണ് മുസ്ലിംകള്‍ ഇതില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച ഉഡുപ്പി,ദക്ഷിണ കന്നഡ ജില്ലകളില്‍ 20% ത്തോളം വരും. ഈ ജില്ലകളില്‍ പരമ്പരാഗതമായി ചെറിയ തൊഴിലുകള്‍ ചെയ്ത് ജീവിച്ചിരുന്ന മുസ്ലിം സമുദായം 1980 കളുടെ തുടക്കത്തില്‍ തൊഴിലിനുവേണ്ടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയതോടു കൂടിയാണ് സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ മേഘലകളില്‍ കാര്യമായ പുരോഗതി നേടിയെടുക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു ഈ രണ്ടു ജില്ലകള്‍ പൂര്‍ണമായും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയിലൊതുങ്ങുന്നത് 1990ന് ശേഷമാണ്, പ്രത്യേകിച്ച് മുന്നാക്ക സമുദായക്കാരായ ബണ്ടുകളും പിന്നാക്ക സമുദായങ്ങളായ ബില്ലവ,മോഗവീര  സമുദായങ്ങള്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായതോടു കൂടി ഹിന്ദുത്വ വോട്ടുകള്‍ ഏകോപിപ്പിച്ച് ഈ മേഘലകളില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അരക്കെട്ടുറപ്പിക്കാന്‍ സംഘപരിവാറിന് സാധിച്ചു, എന്നാല്‍  കര്‍ണാടകയില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാകുന്നതിന് ബിജെപിയുടെ ഹിന്ദുത്വ രഷ്ട്രീയം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ശക്തമായി വേരൂന്നിയ ജാതി വ്യവസ്ഥയാണ്, ഉദാഹരണത്തിന്  തങ്ങള്‍ പ്രത്യേക മതവിഭാഗങ്ങളാണെന്ന് വിശ്വസിക്കുന്ന ലിങ്കായത്തിലെ തന്നെ പല വിഭാഗങ്ങളിലും  ഹിന്ദുത്വ വികാരം കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല, ഈയൊരു സാഹചര്യത്തിലാണ്  1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ടിനെ മറയാക്കി വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിജാബ് വിഷയം ആളിക്കത്തിച്ച് പരമാവധി ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ സംഘപരിവാര്‍ നടത്തുന്നത്.

Also Read:കര്‍ണാടക: ഹിജാബ് നിരോധം മൗലികാവകാശ ലംഘനമായി മാറുന്നത്

കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്ലിംകളാണ് എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്, ഈ സാഹചര്യത്തെ രമ്യമായി പരിഹരിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല എന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

2015 ലെ അംന ബിന്‍ത് ബഷീര്‍ കേസില്‍ കേരളാ ഹൈകോടതിയുടെ വിധി ഹിജാബ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം സംരക്ഷണം നല്‍കുന്ന മുസ്ലിംസ്ത്രീകളുടെ അടിസ്ഥാനപരമായ ആചാരമായതിനാല്‍ ഹിജാബ് ധരിച്ചു എക്‌സാം ഹാളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളെ തടയാന്‍ പാടില്ല എന്നാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെതായ ഡ്രസ്സ് കോഡ് നിര്‍ദേശിക്കാമെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ യാതൊരു വിവേചനവും പാടില്ല എന്ന് ഭരണഘടന നിര്‍ദേശിക്കുന്നു, ക്ലാസ് റൂമുകളില്‍ മതപരമായ വസ്ത്രധാരണ നിരോധിച്ച് കൊണ്ടുള്ള കര്‍ണാടക ഹൈ കോടതിയുടെ ഇടക്കാല ഉത്തരവ് ന്യുനപക്ഷങ്ങളുടെ അവകാശങ്ങളെ  സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍15,16നു എതിരാണ്. 1954 ശ്രിരുര്‍ മഠവുമായി ബന്ധപ്പെട്ട കേസില്‍ കോടതി പറഞ്ഞത് മതത്തിന്റെ അനിവാര്യ ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് പറയേണ്ടത് അതതു മതത്തിന്റെ പാഠങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കിയാണ്, 1986ലെ ഷാബാനു ബീഗം, ശബരിമല കേസുകളില്‍ മതത്തിന്റെ താല്പര്യങ്ങള്‍ക്കപ്പുറത്ത് സ്ത്രീകള്‍ക്കനുകൂലമായ വിധിയും കാണാന്‍ സാധിക്കും, സ്വാഭാവികമായും ഹിജാബിനോട് താല്പര്യമില്ലാത്തവര്‍ക്ക് ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ തങ്ങളുടെ സ്വത്വബോധത്തിന്റെ ഭാഗമായി കാണുന്നവര്‍ക്ക് അത് ധരിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്, ഇതിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ തടയുന്നത് ആര്‍ട്ടിക്കിള്‍ 21 പ്രകാരം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്.

ഭരണഘടന നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാരും കോടതിയും മുസ്ലിം ന്യുനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ വേട്ടക്കാരനോടൊപ്പം നില്‍ക്കുന്ന സാഹചര്യമാണ് ഈയടുത്തതായി കാണാന്‍ സാധിക്കുന്നത്, രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഭരഘടനാ ശില്‍പികള്‍ സെക്യൂലറിസത്തിന്റെ ഫ്രഞ്ച് വകഭേതത്തില്‍നിന്നും വിഭിന്നമായി മത വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന പോസിറ്റീവ് സെക്യൂലര്‍ നിലപാട് സ്വീകരിച്ചത് രാജ്യത്തെ ന്യുനപക്ഷങ്ങള്‍ക്ക് സുരക്ഷിത ബോധം നല്‍കാനും കൂടിയാണ്. ന്യുനപക്ഷങ്ങളെ ബാധിക്കുന്ന മുത്തലാഖ്,അയോദ്ധ്യ,പൗരത്വനിയമം,ഹിജാബ് പോലെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരും കോടതിയും സ്വീകരിച്ച നിലപാട് ന്യുനപക്ഷങ്ങള്‍ക്കിടയില്‍  വലിയ അരക്ഷിത ബോധം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്, ഈയൊരു നിലപാട് സര്‍ക്കാരും കോടതിയും തുടരുകയാണെങ്കില്‍  എല്ലാ അര്‍ത്ഥത്തിലും പിന്നാക്കം നില്‍ക്കുന്ന ഒരു സമുദായത്തിലെ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്താനാണ് സഹായിക്കുക.

ആര്‍ട്ടിക്കിള്‍ 51(A)  പ്രകാരം ശാസ്ത്ര ബോധം വര്‍ധിപ്പിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഒത്താശയോട് കൂടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്തകള്‍ വിദ്യാര്‍ത്ഥികളില്‍ ഇട്ടുകൊടുക്കുന്നത് ഗൗരവത്തോടു കൂടിയാണ് കാണേണ്ടത്. ന്യുന പക്ഷങ്ങളുടെ വിശ്വാസം പരിഗണിക്കാതെ അവരുടെ ജീവിതത്തിന്റെ സുപ്രധാന ഘടകങ്ങളായി കാണുന്ന പലതിനെയും അധികാരത്തിന്റെ കയ്യൂക്കോട് കൂടി റദ്ദ് ചെയ്യുമ്പോള്‍ ലംഘിക്കപ്പെടുന്നത് ഭരണഘടന അവര്‍ക്ക് നല്‍കുന്ന അവകാശങ്ങളാണ്. കാഷായ വസ്ത്രം ധരിച്ച് രാജ്യത്തെ  ഏറ്റവും വലിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടില്‍  ചില പ്രത്യേക സമുദായങ്ങളെ മാത്രം അവരുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ സംശയത്തോട് കൂടി കാണുന്നത്  രാജ്യത്തിന്റെ മതേതര  ഭാവിക്ക് ഗുണം ചെയ്യുകയില്ല എന്നതില്‍ യാതൊരു സംശയവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter