ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇനിയും എത്ര കാത്തിരിക്കണം

കോവിഡ് പരിപൂര്‍ണമായും ഇല്ലാതാവുന്നത് സ്വപ്‌നം കാണുകയാണ് സര്‍വരും. ദൈനം ദിന ജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വന്ന് സന്തോഷപൂര്‍ണമായ ഒരു സാമൂഹ്യ ജീവിതം സാധ്യമാവണമെങ്കില്‍ ഈ മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടേ തീരൂ. അതു കൊണ്ടാണ്, വ്യക്തിപരമായി എന്ത് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടും സര്‍ക്കാറുകള്‍ കൊണ്ട് വരുന്ന നിയന്ത്രണങ്ങളെ യാതൊരു വിധ എതിര്‍പ്പുകളും കൂടാതെ ജനങ്ങള്‍ അനുസരിക്കുന്നതും സഹകരിക്കുന്നതും. 

എന്നാല്‍, വ്യാപനം കുറയുമ്പോള്‍ കൊണ്ട് വരുന്ന ഇളവുകളുടെ മുന്‍ഗണനാ ക്രമം സര്‍ക്കാറുകള്‍ പരിശോധിക്കേണ്ടതുണ്ട്. പൊതുനിരത്തുകളും ബാറുകളും പൊതുഗതാഗത സംവിധാനങ്ങളും എല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ആരധാനാലയങ്ങള്‍ക്ക് രണ്ടാം സ്ഥാനം മാത്രമാണ് നല്‍കുന്നത്. മതങ്ങള്‍ മനുഷ്യന്റെ സ്വകാര്യ വ്യവഹാരം മാത്രമാണെന്നും സാമൂഹിക ജീവിതത്തില്‍ മതത്തിന് ഒരു പങ്കും നിര്‍വഹിക്കാനില്ലെന്നുമുള്ള ആധുനിക 'മതേതര' സങ്കല്‍പങ്ങളുടെ ബാക്കിപത്രമാണ് പ്രസ്തുത നിലപാട്. ഈ 'മതേതര' 'പൊതുബോധം' സൃഷ്ടിച്ചുവിട്ട ലോക വീക്ഷണത്തില്‍ നിന്നു കൊണ്ടാണ് 'വീട്ടില്‍ നിന്ന് നിസ്‌കരിച്ചാല്‍ പോരേ, നിങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ മുഴുവന്‍ ആരാധനാ കര്‍മങ്ങളും നിര്‍വഹിക്കാറുണ്ടോ' എന്ന് തുടങ്ങുന്ന ചോദ്യങ്ങള്‍ പലരും ചോദിക്കുന്നത്. കുടുംബം, സാമ്പത്തികം, വിദ്യാഭ്യാസം, സ്‌റ്റേറ്റ്, മതം എന്നിവ പ്രാഥമിക സാമൂഹ്യ സ്ഥാപനങ്ങളാണ് എന്നും ഇവക്കെല്ലാം സമൂഹത്തില്‍ ചെറുതല്ലാത്ത റോളുകള്‍ വഹിക്കാന്‍ ഉണ്ടെന്നുമുള്ള സാമൂഹ്യ ശാസ്ത്രത്തിന്റെ ബാലപാഠം പോലും ഇവരറിയാതെ പോവുകയാണ് എന്നതാണ് സത്യം.

സാമ്പത്തിക സുസ്ഥിതി ലക്ഷ്യം വെച്ചാണ് ബാറുകള്‍ അടക്കമുള്ള ഇതര സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കോവിഡ് പ്രോട്ടോകോളുകള്‍ പരിപൂര്‍ണമായും പാലിച്ച് കൊണ്ട് ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് സാധ്യമല്ലെന്നാണ് അനുഭവം. തികഞ്ഞ ബോധത്തോടെയും അച്ചടക്കത്തോടെയും ആരാധനാലയങ്ങളില്‍ വരുന്ന വിശ്വാസികള്‍ ആരാധനാ വേളകളില്‍ പരിപൂര്‍ണ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു. അപ്പോഴും ആരാധനാലയങ്ങള്‍ തുറക്കാന്‍ സമയമായില്ല എന്ന് ലാഘവത്തോടെ പറയാന്‍ സാധിക്കുന്നത് 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന ബോധം മനസ്സില്‍ അന്തര്‍ലീനമായത് കൊണ്ട് തന്നെയാണെന്ന് സംശയിക്കാതെ വയ്യ.

എന്നാല്‍, സമൂഹത്തിലെ 99 ശതമാനവും മതവിശ്വാസികളാണെന്നും യഥാര്‍ത്ഥ വിശ്വാസികളെല്ലാം, അവരുടെ സ്വന്തം ജീവനേക്കാളും പ്രാമുഖ്യം നല്കുന്നത് വിശ്വാസത്തിനാണെന്നും ഭരണകൂടം മനസ്സിലാക്കിയേ പറ്റൂ. 
ഇസ്‍‌ലാമിനെ സംബന്ധിച്ചേടത്തോളം ഭൂമിയില്‍ എവിടെയും ആരാധന സാധ്യമാണ്. പള്ളിയിലെ ആരാധനകള്‍ക്ക് പ്രത്യേക പുണ്യമുണ്ടെന്ന് മാത്രം. അപ്പോഴും പോവാന്‍ പാടില്ലാത്ത സാഹചര്യങ്ങളില്‍ പോവരുത് എന്ന് തന്നെയാണ് നിലപാട്. 
പക്ഷേ സര്‍ക്കാര്‍ അശാസ്ത്രീയമായി ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. അത് ഇനിയും തുടരുന്നത്, ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ക്ഷമയുടെ പരിധികള്‍ അവസാനിച്ചാല്‍, നിരോധനങ്ങള്‍ പോലും വകവെക്കാതെ പള്ളികള്‍ തുറന്നെന്നിരിക്കാം.. അതിന് ഇടവരുത്താതെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് യുക്തമായ തീരുമാനങ്ങളെടുക്കുകയാണ്, പ്രതിബദ്ധതയുള്ള ഭരണകൂടം ചെയ്യേണ്ടത്, ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ ഇമേജ് നിലനിര്‍ത്താനെങ്കിലും അത് ചെയ്യുന്നതാണ് ബുദ്ധി... 
ഇപ്പോഴുള്ളത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്... ഈ തീരുമാനം പുനഃപരിശോധിച്ചേ തീരൂ....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter