ഇബ്നു അത്തിയ്യ: പാണ്ഡിത്യത്തിന്റെ പര്യായം

ഹിജ്‌റ 481 ൽ (ക്രി 1088) സ്പെയിനിലെ ഗ്രാനഡയിൽ ജനിച്ച വിശ്വവിഖ്യാതനായ പണ്ഡിതനും ഗ്രന്ഥരചയിതാവുമാണ് ഇബ്നു അത്തിയ്യ അൽഅന്ദലുസി. അബ്ദുൽഹഖ് ഇബ്‌നു ഗാലിബ് ഇബ്‌ൻ അബ്ദുൽറഹ്മാൻ എന്നാണ് പൂര്‍ണ്ണനാമം. ഗ്രാനഡയിലെ തന്നെ അറിയപ്പെടുന്ന പണ്ഡിതകുടുംബത്തിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. പിന്നീട് അറിവിനായി അദ്ദേഹം കിഴക്കിലേക്ക് സഞ്ചരിക്കുകയും പ്രശസ്‌ത  പണ്ഡിതരിൽ നിന്ന് അറിവ് നുകരുകയും ചെയ്തു.

പഠനാരംഭം 

ഗ്രാനഡയിലെ തന്നെ അറിയപ്പെട്ട പണ്ഡിതനും ഫിഖ്‌ഹിലും ഹദീസിലും പ്രഗല്‍ഭനുമായ ഗാലിബായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പിതാവിന്റെ ശിഷ്യന്മാര്‍ തന്റെ  വീട്ടിലേക്ക് വരുന്നതും പോകുന്നതും കണ്ടാണ് അറിവിനോടുള്ള താല്പര്യം അദ്ദേഹത്തിനുണ്ടാകുന്നത്. വിജ്ഞാനത്തിൽ അഗ്രഗണ്യനായ പിതാവ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ റോൾ മോഡൽ.  തന്റെ മകന് മൂർച്ചയുള്ള ബുദ്ധിശക്തിയുണ്ടെന്ന് അറിയാമായിരുന്ന പിതാവിന്റെ നിരന്തരമായ പ്രോത്സാഹനത്തിൽ നിന്ന് പ്രചോദനം നേടിയ അദ്ദേഹം ഉടൻ തന്നെ പിതാവിന്റെ കീഴിൽ പഠനം ആരംഭിച്ചു.

തുടർന്ന്, ഗ്രാനഡയിലെ തന്നെ പ്രമുഖപണ്ഡിതന്മാരിൽ നിന്നും അദ്ദേഹം അറിവ് നുകർന്നു. സൂക്ഷ്മ പണ്ഡിതനായിരുന്ന ഇബ്നു അത്തിയ്യ ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം കവിത, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളിലെല്ലാം ശ്രദ്ധ ചെലുത്തി. ഇതിലൂടെ ഖുർആൻ വ്യക്തമായി പഠിക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിനായി അദ്ദേഹം ഹദിസും നിയമശാസ്ത്രവും ഭാഷാശാസ്ത്രവും പഠിച്ചു. എന്നും രാത്രി പിതാവ് അദ്ദേഹത്തെ ഉണർത്തി അന്നത്തെ കാര്യങ്ങൾ എഴുതി വെക്കാൻ പറയുമായിരുന്നുവത്രെ. പിതാവിന്റെ  പ്രോത്സാഹനവും  പുത്രന്റെ കഠിനാധ്വാനവും അദ്ദേഹത്തിന്റെ ബുദ്ധികൂർമത  വളർത്തുകയും ഹദീസിലും കവിതയിലും ഭാഷയിലും അഗ്രഗണ്യനാവാൻ സഹായിക്കുകയും ചെയ്തു. പിതാവിന്റെ  അടുത്തുള്ള പഠനത്തിന് ശേഷം അദ്ദേഹം ഗ്രാനഡയിലെ അറിയപ്പെടുന്ന മറ്റു പണ്ഡിതന്മാരിൽ നിന്നും അറിവ് നുകർന്നു. അക്കാലത്ത്  അൽഹാഫിസ് അബൂ അലി അൽഗസ്സാനി, മുഹമ്മദ് ബിൻ അൽഫറജ്, അബുൽഹുസൈൻ യഹ്‌യ ബിൻ അബീസൈദ് അൽമുഖ്രി എന്നിവരുടെ ശിഷ്യനാവാൻ അദ്ദേഹത്തിന്ന് സാധിച്ചു.

അറിവ് തേടി വിദേശങ്ങളിലേക്ക് 

ഗ്രാനഡയിലെ പ്രധാന പണ്ഡിതന്മാരിൽ നിന്നും ശിക്ഷണം സ്വീകരിച്ച അദ്ദേഹം അടുത്തുള്ള ഗ്രാമങ്ങളിലേക്ക്  പോയി പല പണ്ഡിതരിൽ നിന്നും അറിവ് നുകർന്നു. സ്പെയിനിലെ പ്രശസ്തനായ മുഹമ്മദുബ്നു അലിയുടെയും അബൂബെഹ്റ സുഫ്‌യാന്റെയും ശിക്ഷണം സ്വീകരിച്ച് ഏതാനും വർഷത്തെ പഠനത്തിന് ശേഷം ഖുർആൻ പഠിക്കാൻ ഇനിയും ഒരുപാട് അറിവുകൾ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഖുർതുബയിലേക്ക് പോവുകയും ഇസലമിക ലോകത്ത് വളരെ പ്രശസ്തനായ അബുൽ ഖാസിം അൽഖുര്തുബിയുടെ ശിഷ്യനാവുകയും ചെയ്തു. ഇദ്ദേഹത്തിനടുത്തും വർഷങ്ങളോളം പഠിച്ചതിന് ശേഷം അദ്ദേഹം സെവില്ലയിലേക്ക് യാത്ര തിരിച്ചു. സമർഥനായ അദ്ദേഹത്തിന് ഉസ്താദുമാരെ തേടി അധികം അലയേണ്ടി വന്നില്ല. ഇസ്‍ലാമികവും ഭൗതികവുമായ ജ്ഞാനങ്ങളിൽ  അഗാധ പാണ്ഡിത്യമുള്ള ചെറുപ്പക്കാരനെ കണ്ട ഹസൻ ഇബ്നു ഉമറുൽ ഹവാസിനി അദ്ദേഹത്തെ ഒപ്പം കൂട്ടി. പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ മനഃപ്പാഠമാക്കി അദ്ദേഹം തന്റെ സഹപാഠകളെയും ഉസ്താദുമാരെയും അത്ഭുതപ്പെടുത്തി. വളരെ ചുരുങ്ങിയ കാലം കൊണ്ട് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവും വലിയ രീതിയിൽ  സമ്പാദിച്ചിരുന്നു.

വിദ്യാർഥിയിൽ നിന്ന് ഉസ്താദിലേക്ക് 

ഏകദേശം എല്ലാ മേഖലകളിലും കഴിവ് നേടിയതിന് ശേഷം, നേടിയ അറിവുകൾ ലോകത്തിന്റെ പല ഭാഗത്തേക്കും എത്തിക്കാനായി അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. അതിനായി അറിവ് തേടിയെത്തുന്നവർക്ക് തനിക്കറിയാവുന്ന ഇൽമുകളെല്ലാം അദ്ദേഹം പകർന്ന് നൽകി. അറിവിനായി എത്തുന്നവരെ  നിരാശരാക്കാൻ അദ്ദേഹത്തിന് മനസ്സുവന്നില്ല. തന്റെ തഫ്സീറിന്റെ രചനക്കിടയിലും അദ്ദേഹം അറിവ് പ്രചരിപ്പിക്കാനായി  സമയം കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ പ്രശസ്തരായ ഒരുപാട് ശിഷ്യന്മാരെ ഉണ്ടാക്കിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ സാധിച്ചു. അറിവ് നുകരുന്നതിലും അത് പകർന്ന് നൽകുന്നതിലും അദ്ദേഹം മാതൃക കാട്ടി.  അബുല്‍ഖാസിം ബിൻ ഹുബൈഷ് അൽഹാഫിസ്, അബൂ മുഹമ്മദ് ബിൻ ഉബൈദുല്ലാഹ്, അബൂ ജഅ്ഫർ ബിൻ മുദാ, അബ്ദുൽ മൊനീം ബിൻ അൽഫറാസ്, അബൂ ജഅ്ഫർ ബിൻ ഹകം തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരില്‍ ചിലരാണ്.

പിതാവിന്റെ ശിക്ഷണവും ശൈഖുമാരുടെ പൊരുത്തവും അദ്ദേഹത്തെ വിജ്ഞാനരംഗത്ത് പ്രഗത്ഭനായ  പണ്ഡിതനാക്കി മാറ്റി.  അന്ദുലേഷ്യയിലുടനീളം അറിയപ്പെടുന്ന വൈജ്ഞാനിക നിയമകർത്താവായി  അദ്ദേഹം മാറി. ലോകത്തിന്റെ പല ഭാഗത്ത് നിന്നും പ്രശസ്തി അദ്ദേഹത്തെ തേടിയെത്തി.  നിയമ ശാസ്ത്രത്തിൽ  പ്രശസ്തി നേടിയ അദ്ദേഹം വൈകാതെ ഗ്രാനഡയിലെ ജഡ്ജിയായി നിയമിക്കപ്പെട്ടു.  നീതി സ്ഥാപിക്കുന്നതിൽ അതിവേഗം പ്രശസ്‌തി നേടിയ അദ്ദേഹം വൈകാതെ 529 ൽ മുരിയയിലെ ജഡ്ജിയായും നിയമിതനായി.

പടനായകനായി

സ്പെയിനിൽ അവിശ്വാസികളും മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടകാലത്തായിരുന്നു അദ്ദേഹത്തിന്റെ യുവത്വം.  അതിനാൽ തന്നെ ഗ്രന്ഥരചനയോടൊപ്പം ഇസ്‌ലമികപോരാട്ടങ്ങളിലും അദ്ദേഹം പങ്കെടുത്തു. തന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനൊപ്പം  തന്നെ സ്പെയിനിലെ മുസ്‌ലിംകളെ സഹായിക്കേണ്ട ഉത്തരവാദിത്തവും തനിക്കുണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതിനാൽ തന്നെ ഗ്രന്ഥരചനയോടൊപ്പം ആയുധമെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഇസ്‌ലാമിക ഭരണപ്രദേശങ്ങളിൽ പലപ്പോഴും കടന്ന് കയറുകയും മുസ്‍ലിം കൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന അനേകം ശത്രുക്കള്‍ അവിടങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട്  ഖാസി ആയിരുന്ന അദ്ദേഹത്തിന് സ്പെയിനിലെ മുസ്‌ലിംകളുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു. ഈ അശാന്തിയുടെ നേരത്ത്‌  അദ്ദേഹം തന്റെ ഗ്രന്ഥരചനയിൽ നിന്ന് മാറി അമുസ്‌ലിംകളുമായി സംവാദത്തിലേർപ്പെട്ടു. ഒരുപാട് സംവാദങ്ങൾ നടന്നെങ്കിലും യാതൊരു  മാറ്റവും കൊണ്ടുവരാൻ അതിനായില്ല. അതോടെ ഇരുവിഭാഗവും ശക്തമായ പോരിന് തയ്യാറായി. അതോടെ, തന്റെ സമുദായത്തോടൊപ്പം പോർക്കളത്തിൽ യുദ്ധം നയിക്കാനും അദ്ദേഹം  മുൻപന്തിയിൽ നിന്നു. ഇതിലൂടെ സ്പെയിനിലെ വിശ്യവിഖ്യാതനും അവിസ്മരണീയനുമായ പണ്ഡിതനായി അദ്ദേഹം മാറി.

രചനാജീവിതം

തന്റെ  വിജ്ഞാന സാമർഥ്യം കൊണ്ട് നിറഞ്ഞുനിന്ന ഇബ്നു അത്തിയ്യ  പിന്നീട് ഗ്രന്ഥ രചനക്കായി ശിഷ്ട കാലം മാറ്റിവെച്ചു. ഫൈഹ്രസ് ബ്നു അത്തിയ്യ എന്ന കിതാബാണ് അദ്ദേഹം ആദ്യം രചിച്ചതെന്ന് പറയപ്പെടുന്നു. അൽഅൻസാബ് അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്. തന്റെ അധ്യാപകരുടെ ജീവചരിത്രങ്ങൾ ഉൾക്കൊള്ളുന്ന അൽബർനമാജ് എന്ന ഒരു ചെറു ഗ്രന്ധവും അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി ഭാഷയിലുള്ള തന്റെ പരിജ്ഞാനം പ്രതിഫലിപ്പിച്ചുകൊണ്ട് ധാരാളം കവിതകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനവും ബൃഹത്തായതുമായ കൃതി  "അൽമുഹറർ അൽവജീസ്'' എന്ന തഫ്സീർ ഗ്രന്ഥമാണ്. ഈ ഗ്രൻഥം വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ വിശാലമായ അറിവും മികവും തെളിയിക്കുന്നു.

ലഭ്യമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ മികച്ച ഒന്നായിട്ടാണ്   ആധുനിക ലോകത്തും ഈ കൃതി കണക്കാക്കപ്പെടുന്നത്. ഇമാം അൽസമഖ്ശരിയുടെ പ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനവുമായി താരതമ്യപ്പെടുത്തി ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: “ഇബ്‌നു അതിയ്യയുടെ വ്യാഖ്യാനം സമഖ്ശരിയുടെ വ്യാഖ്യാനത്തേക്കാൾ വളരെ മികച്ചതും ഗവേഷണത്തിലും ഉദ്ധരണിയിലും കൂടുതൽ കൃത്യതയുള്ളതുമാണ്. ഒരു പക്ഷേ ഖുർആനിക വ്യാഖ്യാനങ്ങളിൽ തന്നെ ഏറ്റവും വിശ്വസനീയമായതും ഇതുതന്നെയാണ്.” ഇബ്‌നുഅതിയ്യയുടെ പരിശ്രമത്തെ ഇബ്‌നു ഖൽദൂനും തന്റെ കൃതിയില്‍ പ്രശംസിക്കുന്നുണ്ട്: "അദ്ദേഹം എല്ലാ ഖുർആൻ വ്യാഖ്യാനങ്ങളും സംഗ്രഹിക്കുകയും ഏറ്റവും കൃത്യമായത് മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു."

തന്റെ ചെറുപ്പം മുതലേ മനസ്സിൽ കൊണ്ട് നടന്ന ഒരു ആഗ്രഹമായിരുന്നു   ഖുർആനിന് ഒരു വ്യാഖ്യാനം എഴുതുക എന്നത്. ഈ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചപ്പോൾ,  ഈ മഹത്തായ ദൗത്യത്തിനായി താൻ ഒരുപാട് തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. ഇതിനായി വിജ്ഞാനത്തിന്റെ എല്ലാ ശാഖകളും തനിക്ക് പരിചയപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ആഗ്രഹസഫലീകരണത്തിന് ഏതറ്റം വരെ പോകാനും അദ്ദേഹം തയാറായിരുന്നു. അതിനാൽ തന്നെ ഖുർആനുമായി ബന്ധമുള്ള എല്ലാവിഷയങ്ങളിലേക്കും അദ്ദേഹം ആഴത്തിൽ പ്രവേശിക്കുകയും ഓരോ വിഷയത്തിലും ഏറ്റവും വിശ്വസനീയമായ കൃതികൾ മാത്രം  തിരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ഖുർആൻ വ്യാഖ്യാനം, പാരായണ രീതികൾ,  ഫിഖ്ഹ്, അറബി ഭാഷാശാസ്ത്രം, സാഹിത്യം, ദൈവശാസ്ത്രം, ഓരോന്നിന്റെയും യഥാർത്ഥ ഉറവിടങ്ങൾ, തുടങ്ങിയ അദ്ദേഹം വ്യക്തമായി തന്നെ പഠിച്ചു.

ഖുർആനിന്റെ ശൈലിയിലൂടെ തന്നെ വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചു. മറ്റു മതങ്ങളിൽ നിന്ന് പഠിച്ചതോ ഇസ്രാഈലിയ്യത്തുകളോ ഈ വ്യാഖ്യാനത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയില്ല. തന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം ഇത്തരം കാര്യങ്ങൾ ഉദ്ധരിക്കുമ്പോൾ വളരെ വിമർശനാത്മകമായിട്ടാണ് ഉപയോഗിച്ചത്. പലരും പറയുന്നത് പോലെ ഖുർആനിൽ ആർക്കും മനസ്സിലാകാത്ത വാക്കുകൾ ഉണ്ടെന്ന വാദത്തോട് അദ്ദേഹം യോജിക്കുന്നില്ല.

തന്റെ രീതിയെ കുറിച്ച് ഒരിടത്ത് അദ്ദേഹം സ്വയം വിശദീകരിക്കുന്നത് ഇപ്രകാരമാണ്,  "ഈ വ്യാഖ്യാനത്തിൽ  ഞാൻ ഖുർആനിന്റെ ഓരോ വാക്കുകൾക്കും പദങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്. ഓരോ വാക്കിന്റെ അർത്ഥങ്ങളും അതിന്റെ വ്യത്യസ്ത ഉച്ചാരണരീതികളും ഇതിൽ വ്യക്തമാക്കുന്നുണ്ട് ". അങ്ങനെ ഖുർആനിന്റെ ഒരു ഭാഗം മുതൽ മറു ഭാഗം വരെ ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാതെ പൂർത്തീകരിച്ചിരിക്കുന്നു. ഓരോ ആയത്തിന്റെയും ഭാഷപരമായ കാര്യങ്ങൾ വിശദീകരിച്ചതിന് ശേഷമാണ് അദ്ദേഹം അർത്ഥത്തെ കുറിച് സംസാരിക്കുന്നത്. ഈ ഗ്രന്ഥം ഖുർആൻ മനസ്സിലാക്കാനുള്ള ഒരു താക്കോലായിട്ടാണ് പല പണ്ഡിതരും പറയുന്നത്.

About The Author

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, സോഷ്യോളജി ഡിഗ്രി സെക്കന്റ് സെമസ്റ്റർ വിദ്യാർത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter