അറഫാത്തില്ലാത്ത ഫലസ്തീന്ന് പതിനൊന്ന് വയസ്സ് തികയുന്നു
ഫലസ്തീനികളുടെ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടം അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച യാസര്‍ അറഫാത്ത് ഓര്‍മയായിട്ട് പതിനൊന്നു വര്‍ഷം തികയുന്നു. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഫലസ്തീനികള്‍ക്ക് ഊര്‍ജം പകരുകയും നിയമത്തിന്റെ വഴിയിലൂടെ അവസാന ശ്വാസംവരെ രാജ്യത്തിന്റെ സ്വച്ഛന്തമായ അസ്തിത്വത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം പുകയുന്ന ഫലസ്തീന്റെ രക്ഷകനും ഫലസ്തീനികളുടെ മഹാനായ നായകനുമായിരുന്നു. ഉടമ്പടികളിലൂടെ ജൂതന്മാരോട് പോലും മൃതുസമീപനം കാണിച്ച വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങള്‍ വായിക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ നാഷ്ണല്‍ അതോറിറ്റിയുടെയും പി.എല്‍.ഓയുടെയും ചെയര്‍മാനായിട്ടായിരുന്നു അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അബ്ദുര്‍റഊഫ് അറഫാത്ത് എന്ന് പൂര്‍ണ നാമം.
1929 ല്‍ ഈജിപ്തിലെ കൈറോവില്‍ ഫലസ്തീനിയന്‍ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് ഗാസക്കാരനായ അബ്ദുര്‍റഊഫ് അല്‍ ഖുദ്വ അല്‍ ഹുസൈനി. മാതാവ് ജറുസലേം നിവാസിയായ സൗഹ അബ്ദുല്‍ സഊദ്. 1944 ല്‍ ബിരുദ പഠനത്തിനായി കിംഗ് ഫുആദ് സര്‍വകലാശാലയില്‍ ചേര്‍ന്നു. 1950 ല്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ജൂദായിസം, സയണിസം തുടങ്ങിയവയെക്കുറിച്ച് സ്വതന്ത്രമായി പഠനങ്ങള്‍ നടത്തുകയും ചെയ്തു. 1948 ല്‍ ബ്രിട്ടീഷുകാരും സയണിസ്റ്റ് സംഘടനകളും ചേര്‍ന്ന് ഫലസ്തീന്‍ വിഭജിച്ച് ഇസ്രയേല്‍ രൂപീകരിക്കുകയും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ജൂതന്മാരെ അന്നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയാര്‍ത്ഥികളാവുകയും അറബ്-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അറബ് ദേശീയ വാദിയായിരുന്ന അദ്ദേഹം മുസ്‌ലിം ബ്രദര്‍ഹുഡിനോടൊപ്പം ചേര്‍ന്ന് അറബികള്‍ക്കുവേണ്ടി പോരാടി.
യുദ്ധം ഇസ്രയേലിന് അനുകൂലമായപ്പോള്‍ കൈറോയിലേക്കു മടങ്ങുകയും പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. സിവില്‍ എഞ്ചിനിയറായ അറഫാത്ത് 1952 മുതല്‍ 1956 വരെ ജനറല്‍ യൂണിയന്‍ ഓഫ് ഫലസ്തീന്‍ സ്റ്റുഡന്‍സിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1956 ല്‍ പ്രാഗില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഫലസ്തീന്‍ ശിരോവസ്ത്രമണിഞ്ഞ് ധീനരായ സ്വാതന്ത്ര്യ സമര പോരാളിയായി ശക്തമായി രംഗത്തുവരികയും ചെയ്തു. 1959 ല്‍ താന്‍ രൂപീകരിച്ച ഫത്തഹ് പാര്‍ട്ടിയെന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെയാണ് അറഫാത്ത് തന്റെ പോരാട്ടത്തിന് സാമൂഹിക സ്വീകാര്യത സ്വന്തമാക്കുന്നത്. ഇതേതുടര്‍ന്ന് തന്റെ ബാക്കിയുള്ള ജീവിതത്തിന്റെ മുഴു ഭാഗവും ഫലസ്തീന്‍ മോചനത്തിനായുള്ള ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്.
1988 ല്‍ ഇസ്രയേലിന്റെ നിലനില്‍പിനെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് ഐക്യരാഷ്ട്ര സഭയുടെ 242 ാം പ്രമേയം അംഗീകരിച്ചു. 1991 ല്‍ മാഡ്രിഡിലും 1933 ല്‍ ഓസ്‌ലോയിലും 2000 ല്‍ ക്യാമ്പ് ഡേവിഡിലും വെച്ച് ഇസ്രയേലുമായി സമാധാന ചര്‍ച്ചകള്‍ നടന്നു. ഓസ്‌ലോ കരാറിനെ തുടര്‍ന്ന് ഇറ്റ്‌സാക് റബീന്‍, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം അറഫാത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 2002 മുതല്‍ 2004 വരെ റാമല്ലയില്‍ ഇസ്രയേലിന്റെ വീട്ടു തടങ്കലിലായിരുന്നു ജീവിതം. ശേഷം അസുഖ ബാധിതനായതിനെ തുടര്‍ന്ന് പാരീസില്‍ കൊണ്ടുപോവുകയും 2004 നവംബര്‍ 11 ന് മരണപ്പെടുകയും ചെയ്തു. ഇത് സ്വാഭാവിക മരണമല്ല; കൊലപാതകമായിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് 2012 ല്‍ അല്‍ ജസീറ പുറത്തുവിട്ടു. ഇസ്രയേലാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് അവര്‍ ആരോപിക്കുന്നത്.
ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍
1982 ജൂണ്‍ 6: ഇസ്രായേല്‍ ലബനോണ്‍ ആക്രമിച്ച് പി.എല്‍.ഒ.യെ തകര്‍ക്കുന്നു; ബെയ്റൂട്ടിലേക്ക് രക്ഷപ്പെടുന്നു. 1985 ഒക്ടോബര്‍ 1: ടൂണിസിലെ പി.എല്‍.ഒ. ആസ്ഥാനത്ത് നടന്ന ഇസ്രായേലി വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നു 1988 ഡിസംബര്‍ 12: ഇസ്രായേലിന്‍െറ നിലനില്‍പ് അംഗീകരിച്ചു; ഭീകരപ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞു . സമാധാന കാംക്ഷിയായി മാറുന്നു. 1990 ആഗസ്ത് 2: സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിച്ചതിനെ പിന്തുണച്ചു 1991 നവംബര്‍: ഇരുപത്തിയെട്ടുകാരിയായ സുഹാ താവീലിനെ ടൂണിസില്‍ വിവാഹം കഴിച്ചു 1992 ഏപ്രില്‍ 7: മണല്‍ക്കാറ്റില്‍ വിമാനം ലിബിയന്‍ മരുഭൂമിയില്‍ തകര്‍ന്നുവീണെങ്കിലും രക്ഷപ്പെട്ടു; രണ്ടു പൈലറ്റുമാര്‍ മരിച്ചു 1993 സപ്തംബര്‍ 13: നോര്‍വെയിലെ ഓസ്ലോയില്‍ പി.എല്‍.ഒ.യും ഇസ്രായേലും പലസ്തീനിയന്‍ സ്വയംഭരണക്കരാര്‍ ഒപ്പുവെച്ചു. ഗാസ മുനമ്പിന്‍െറ ഭൂരിഭാഗം സ്ഥലത്തും വെസ്റ്റ് ബാങ്കിന്‍െറ 27% സ്ഥലത്തും അറഫാത്തിന് നിയന്ത്രണം 1994 ജൂലായ് 1: ഇരുപത്തിയാറുവര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം പലസ്തീനില്‍ തിരിച്ചെത്തി 1994 ഡിസംബര്‍ 10: ഇസ്രായേല്‍ പ്രധാനമന്ത്രി യിത്സാക്ക് റാബിന്‍, വിദേശമന്ത്രി ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീകരിച്ചു 1995 ജൂലായ് 24: മകള്‍ സഹ്വ പാരീസില്‍ ജനിച്ചു 1995 നവംബര്‍ 9: വധിക്കപ്പെട്ട യിസ്താക്ക് റാബിന്‍െറ പത്നിയെ ആശ്വസിപ്പിക്കാനായി ഇസ്രായേലില്‍ രഹസ്യസന്ദര്‍ശനം 1996 ജനവരി 20: പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്‍റായി 2000 ജൂലായ് 11: യു.എസ്. പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ നേതൃത്വത്തില്‍ നടന്ന അറഫാത്ത് - നെതന്യാഹു സമാധാന ചര്‍ച്ചയായ ക്യാമ്പ് ഡേവിഡ് -2പരാജയപ്പെട്ടു 2002 മാര്‍ച്ച് 29: ഇസ്രായേല്‍ മന്ത്രിസഭ ശത്രുവായി പ്രഖ്യാപിച്ചു 2004 ഒക്ടോബര്‍ 23: അറഫത്ത് രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചു. ഒക്ടോബര്‍29: ചികിത്സയ്ക്കായി പാരീസിലേക്ക് നവംബര്‍ 11: അറാഫത്ത് മരിക്കുന്നു .വിമോചന സമരം അവസാനിപ്പിച്ച് അറാഫത്ത് നിത്യതയിലേക്ക് .
 


            
            
                    
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment