സ്വാതന്ത്യ ദിനം : ചില വിചാരപ്പെടലുകൾ

വെള്ളക്കാരന്റെ കരാള ഹസ്തങ്ങളിൽ നിന്നും  മോചനം കൈവരിച്ചതിന്റെ എഴുപത്തിയഞ്ചാണ്ട് പൂർത്തിയാകുന്നതിന്റെ ആഘോഷങ്ങളുടെ നിറവിലാണ് നമ്മുടെ രാജ്യം നിലകൊള്ളുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയുടെ ബൃഹത്തായ സാമ്പത്തിക സ്രോതസ്സുകളെ കൊള്ളയടിച്ച് നിർലജ്ജം ഊറ്റി കുടിക്കുകയും കയ്യൂക്കിലൂടെ അധികാരം കയ്യടക്കി  ലക്ഷക്കണക്കിന് നിരപരാധികളെ ചൊൽപ്പടിക്ക് നിറുത്തുകയും ചെയ്ത സുശക്തമായ ഒരു സാമ്രാജ്യത്തെ ക്രൂര മർദ്ദനമേറ്റ് പൊറുതിമുട്ടിയ മറ്റൊരു ജനത ഇച്ഛാശക്തി കൊണ്ടും കെട്ടുറപ്പുകൊണ്ടും സ്വരാജ്യ സ്നേഹം കൊണ്ടും എന്നന്നേക്കുമായി കെട്ടുകെട്ടിച്ച സാഹസിക പോരാട്ടത്തിന്റെ സന്ദേശമാണ് ഇന്ത്യൻ സ്വതന്ത്ര്യ ദിനം. അഥിതികളായി കച്ചവടത്തിനു വന്നവർ മെല്ലെ മെല്ലെ ഭരണത്തിന്റെ ഇന്ദ്രപ്രസ്ഥങ്ങളിൽ വലിഞ്ഞു കയറി ആ രാജ്യത്തിന്റെ നാനാ തുറകളിലും പൗരൻമാരുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും മേൽക്കോയ്മ സ്ഥാപിച്ചപ്പോൾ ധീരദേശാഭിമാനികളും രാജ്യ സ്നേഹികളുമായ പരശതം മനുഷ്യർ ജീവൻ ബലികൊടുത്ത് നേടിത്തന്നതാണ് ജനയാത്ത വ്യവസ്ഥിതിയിൽ കെട്ടിപ്പൊക്കിയ സ്വാതന്ത്രമായ നമ്മുടെ രാഷ്ട്രം. ജാതി മത വർണ്ണഭാഷ ഭേദമന്യേ സ്വരാജ്യമെന്ന ഏക വികാരമായിരുന്നു സർവ്വസ്വവും വിസ്മരിച്ച് വൈദേശിക വിരുദ്ധ പോരാട്ടം നടത്തുവാൻ അതിനവരെ  പ്രേരിപ്പിച്ചതും പ്രാപ്തരാക്കിയതും.

മറ്റേതു രാജ്യങ്ങൾക്കും അവകാശപ്പെടാനില്ലാത്ത സവിശേഷമായ ഈ ബഹുസ്വരതയും അഖണ്ഡതയും മതേതര കാഴ്ചപ്പാടുമാണ് മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൗരാവകാശങ്ങൾ വകവെച്ചു കൊടുക്കുന്ന മാതൃകാ രാജ്യമായി തലയുയർത്തി നിൽക്കാൻ സ്വതന്ത്ര്യാനന്തര ഇന്ത്യക്ക് ബലം നൽകിയിരുന്നത്. ഭാരതത്തിന്റെ അഭിമാനവും യശസ്സും വാനോളം ഉയർത്തുന്നതിൽ വേറിട്ട ഈ മഹത് സംസ്കാരവും തകരാതെ  തലമുറകൾ കാത്തു സംരക്ഷിച്ച മഹിതമായ ഈ പൈതൃകവും അനൽപമായ പങ്കുവഹിച്ചതിൽ ആർക്കും സന്ദേഹമേതുമില്ല. 
എന്നാൽ കലുഷിതമായ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ സുന്ദരമായ ആ ബഹുസ്വര സംസ്കാരത്തെ വിസ്മരിച്ച് വർഗ്ഗീയതയുടേയും അപരമത വിദ്വേഷത്തിന്റേയും കനലെരിയുന്ന മാർഗ്ഗങ്ങളിലൂടെ വഴി മാറി സഞ്ചരിക്കുമ്പോൾ, ഇന്നലകളിൽ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനും ആത്മാഭിമാനത്തിനും വേണ്ടി ധീരോദാത്തം കൈമെയ് മറന്ന് പടവെട്ടിയ പൂർവ്വഗാമികളുടെ രക്തം പുരണ്ട ചരിതങ്ങളിലൂടെ ഒരാവൃത്തി  കണ്ണോടിക്കുന്നത് നല്ലതാണ്. മതഭ്രാന്തിൽ നിന്നു മുളച്ചുപൊന്തിയ പുതിയ വികല ചിന്തകളെ കയ്യൊഴിയാനും കൈമോശം വന്ന മത സാഹോദര്യത്തിന്റെ പഴയ കാഴ്ചപ്പാടുകളെ കാത്തുരക്ഷിക്കുവാനും ഒരുപരിധിവരെ അതുപകരിച്ചേക്കും.
മാത്രമല്ല ഏക മത രാഷ്ട്രം പടുത്തുയർത്താനും ഒരൊറ്റ സംസ്കാരം വളർത്താനും നമ്മുടെ നാടിന്റെ ഔന്നത്യമാർന്ന ജനാധിപത്യ മൂല്യങ്ങളെ തേജോവധം ചെയ്ത് ഏകാധിപത്യ ശൈലിയെ പിന്തുടരുന്ന പുതിയ കാലത്തെ തീവ്രദേശീയ വാദികൾക്കും ഹിന്ദുത്വ ശക്തികൾക്കും വീണ്ടുവിചാരത്തിനുള്ള വഴിതുറക്കാൻ  അതൊരു കാരണമാവുകയും ചെയ്തേക്കാം.

1600 കളിൽ ജഹാംഗീറിന്റെ കൊട്ടാര സന്നിധിയിൽ കച്ചവടാർത്ഥം സന്നിഹിതരായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഒരിക്കലും ഇന്ത്യ ഭരിക്കണമെന്ന മോഹമുണ്ടായിരുന്നില്ല. മറിച്ച് ഇന്ത്യയിലും സമീപപ്രദേശങ്ങളിലും കടൽ വ്യാപാരത്തിന്റെ കുത്തക ഊട്ടിയുറപ്പിക്കാനുള്ള ഉദ്ദേശ്യം മാത്രമെ ഉണ്ടായിരുന്നൊള്ളു. അത് കൊണ്ട് തന്നെ കച്ചവട തത്പരനായ ജഹാംഗീർ വ്യാപാരികളായി വന്ന മറ്റൊരു രാജ്യത്തിന്റെ പ്രതിനിധികളായി മാത്രം അവരെ ധരിക്കുകയും സ്വീകരിക്കുകയും അവരുമായി ഊഷ്മള ബന്ധം പുലർത്തുകയും അതിനെത്തുടർന്ന് ഗുജറാത്തിലെ സൂറത്തിൽ ആദ്യ ഫാക്ടറി സ്ഥാപിക്കപ്പെടുകയും ചെയ്തു. അങ്ങനെ ആരാലും ചോദ്യം ചെയ്യപ്പെടാത്ത   അപ്രമാദിത്യം വാണിജ്യ രംഗത്തവർ കയ്യടക്കിയപ്പോൾ, പിന്നീടങ്ങോട്ട് അധികാരത്തിന്റെ ചെങ്കോലുകൾ കീഴടക്കാനുള്ള കരുനീക്കങ്ങൾ ആരംഭിക്കുകയായിരുന്നു.

എന്നാൽ കച്ചവട കണ്ണുമായി കടൽ കടന്നുവന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഇവ്വിധം മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചതിനു പിന്നിൽ മറ്റൊരു പ്രധാന കാരണവും ഉണ്ടായിരുന്നുവെന്ന് ഒരു നിഷ്പക്ഷ ചരിത്രാവലോകനം നടത്തിയാൽ നമുക്ക് ബോധ്യമാകും. അതുവരെ ഇന്ത്യ ഭരിച്ചിരുന്ന മുഗൾ രാജാക്കൻമാരുടെ സമഭാവനയും സമത്വ സുന്ദരക്ഷേമരാജ്യവും കെട്ടുറപ്പും വിശാല മനസ്കതയും അന്യം നിന്നു പോയ പിൻതലമുറക്കാർ ഭരണത്തണലിൽ സുഖിക്കാനും അധികാര കസേരകൾ പിടിക്കാനും പിടിവലികളിലും പടലപിണക്കങ്ങളിലും ഏർപ്പെട്ട് തമ്മിൽ കലഹിച്ചിരുന്ന ശോചനീയ സമയംകൂടിയായിരുന്നു അന്നത്തെ രാഷ്ട്രീയം. അതു കൊണ്ട് തന്നെ ഭരണത്തെ ചൊല്ലിയുള്ള ഈ ഭിന്നത മുതലെടുത്ത് ഒരു ജനതയെ ഒന്നടങ്കം അടക്കിഭരിക്കാനും കച്ചവടം കൊഴുപ്പിക്കുവാനും അതുവഴി കൊള്ളലാഭം കൊയ്യുവാനുമുള്ള ഊഴമായി  ബ്രിട്ടീഷുകാർ അത് ഉപയോഗപ്പെടുത്തുകയായിരുന്നു.

അങ്ങനെയാണ് 1757 ൽ ബംഗാൾ ഭരിച്ചിരുന്ന നവാബ് സിറാജുദ്ധൗലയെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ സഹായിയും സൈനിക മേധാവിയുമായ മീർ ജാഫറിനെ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ വെച്ചു നീട്ടി ബ്രിട്ടീഷുകാർ വിലക്കു വാങ്ങിയതും, വെറും മണിക്കൂറുകൾക്കകം നവാബിനേയും സംഘത്തേയും പ്ലാസി യുദ്ധത്തിൽവെച്ച് കീഴടക്കിയതും ചരിത്രത്തിലാദ്യമായി ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണം വെള്ള ക്കാരന്റെ ബലിഷ്ഠ കരങ്ങളിൽ വന്നുപ്പെട്ടതും പിന്നീടങ്ങോട്ട് രണ്ട് നൂറ്റാണ്ടുകാലം തുടരെ നിഷ്ഠൂര വാഴ്ച്ച നടത്തിയതും.

അതിനാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിമർപ്പിൽ രാജ്യമൊട്ടാകെ വർണ്ണാഭമായ കാഴ്ചകൾ ഒരുക്കി രാജ്യ സ്നേഹം പ്രകടിപ്പിക്കുന്ന ഈ സുദിനത്തിൽ വർത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങളെ കഴിഞ്ഞകാല ചരിത്ര വസ്തുതകളുടെ വെളിച്ചത്തിൽ വിലയിരുത്തുന്നത് ഏറെ അഭികാമ്യമായിരിക്കും. മാത്രമല്ല മതംനോക്കി മാതൃരാജ്യം   തീരുമാനിക്കുകയും അപരമത വിദ്വേഷ പ്രചാരണം അഴിച്ചു വിടുകയും അതുമൂലം മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം കാൽക്കീഴിലൊതുക്കുകയും ചെയ്യുന്ന അഭിനവ ഹിന്ദുത്വ വാദികൾക്കും തീവ്ര ദേശീയ ശക്തികൾക്കും ഭരണം കയ്യടക്കാൻ മനുഷ്യത്വ രഹിതമായ മാർഗ്ഗങ്ങൾ തിരയുന്നതിന്റെ തിക്തഫലങ്ങൾ എന്താകുമെന്നറിയാൻ നല്ലവണ്ണം സഹായിക്കുകയും ചെയ്യും.
അത് കൊണ്ട് വിഷലിപ്തമായ വർഗ്ഗീയ കാഴ്ചപ്പാടുകൾ കൊണ്ട് കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള വിചാരപ്പെടലുകളായി ഈ സ്വതന്ത്ര്യ ചിന്തകൾ മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter